വി.ഡി സതീശന്‍റെ പദവി ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരായ ഹൈക്കമാന്‍ഡിന്‍റെ ശക്തമായ താക്കീത്
കെ.പി.സി.സി.യിലും ഉടനെ അണിച്ചുപണി ഉണ്ടായേക്കും
ഗ്രൂപ്പ് സമ്മർദങ്ങൾക്കുള്ള ശക്തമായ താക്കീതാണ് വി.ഡി സതീശനെ നിയമസഭ കക്ഷി നേതാവാക്കിയുള്ള ഹൈക്കമാന്റ് തീരുമാനം. തലമുറമാറ്റം അനിവാര്യമാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് നിർണായകമായത്.
ഗ്രൂപ്പ് സമ്മർദ്ദത്തെ മറികടന്ന് സമീപകാലത്ത് ഹൈക്കമാന്റ് കൈക്കൊണ്ട ശക്തമായ തീരുമാനമാണ് നിയമസഭ കക്ഷി നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തത്. പുതുമുഖങ്ങളുമായി അധികാര തുടർച്ചയിലെത്തിയ പിണറായി സർക്കാരിനെ നേരിടാന് നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു രാഹുല് ഗാന്ധിയുടെ നിലപാട്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമാന നിലപാട് സ്വീകരിച്ചു.
യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രവർത്തക സമിതി അംഗം എ കെ ആന്റണി രമേശ് ചെന്നിത്തലക്കായി വാദം ശക്തമായതോടെ സമ്മർദ്ദത്തിലായിരുന്നു. തീരുമാനം നേതാക്കളെ നേരിട്ട് വിശദീകരിച്ച് ബോധ്യപ്പെടുത്തണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. എന്നാല്‍ ചർച്ച നീട്ടാതെ എ.ഐ.സി.സി നിരീക്ഷകരായ മല്ലികാർജുന ഖാർഗെയും വൈത്തിലിംഗവും സമർപ്പിച്ച റിപ്പോർട്ട് ശരിവക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
എ, ഐ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കള്‍ ഒറ്റക്കെട്ടായി നിന്ന അസാധാരണ സാഹചര്യം വലിയ ലക്ഷ്യങ്ങള്‍ മുന്നില കണ്ടാണെ.ന്നതും ഹൈക്കമാന്ഡ് കണക്കിലെടുത്തു. ചെന്നിത്തല പ്രതിപക്ഷ നേതാവാകണമെന്നും ആവേശവും ആദർശവും കൊണ്ട് മാത്രം മുന്നോട്ട് പോകാനാകില്ലെന്നും ഉമ്മന്ചാണ്ടി വാദിച്ചെങ്കിലും ഫലം കണ്ടില്ല.
കെ.പി.സി.സി.യിലും ഉടനെ അണിച്ചുപണി ഉണ്ടായേക്കും. അധ്യക്ഷ പദത്തിലേക്ക് കെ സുധാകരനാണ് സാധ്യത. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ അധ്യക്ഷനായ സമിതി ഈ മാസം അവസാനം റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും തുടർനീക്കം.