ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മാണം; നടന്‍ ജയസൂര്യ അടക്കം നാലു പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം

ജയസൂര്യക്ക് പുറമെ കോര്‍പ്പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍ ഉണ്ട്

Update: 2022-10-19 05:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: എറണാകുളം ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യ അടക്കം നാലു പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം. ജയസൂര്യക്ക് പുറമെ കോര്‍പ്പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍ ഉണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

3.7 സെന്‍റ് സ്ഥലം നടന്‍ കയ്യേറി എന്നായിരുന്നു കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതി. അന്വേഷണം ആരംഭിച്ച് ആറ് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെയാണ് അന്വേഷണസംഘം കുറ്റപത്രം നല്‍കിയത്. ജയസൂര്യയുടെ കടവന്ത്ര ഭാഗത്തെ വീടിന് സമീപം നിർമിച്ചിരിക്കുന്ന ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയ്യേറി പണിതതാണെന്നാണ് പരാതിക്കാരന്‍റെ ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണയന്നൂർ താലൂക്ക് സർവേയർ ഇത് കണ്ടെത്തുകയും തുടർന്ന് കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിയിൽ ഇതിന്‍റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും തീരദേശ പരിപാലന സംരക്ഷണ നിയമവും ലംഘിച്ച് നടൻ കായലിന് സമീപം അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചുവെന്നും അതിന് കൊച്ചി കോർപറേഷൻ അധികൃതർ സഹായം നൽകി എന്നതായിരുന്നു പരാതി. 2013ൽ നൽകിയ പരാതിയെത്തുടർന്ന് 14 ദിവസത്തിനകം ഈ അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 2014ൽ ജയസൂര്യക്ക് കൊച്ചി കോർപറേഷൻ നോട്ടീസ് അയച്ചിരുന്നു. ഇപ്പോൾ വിജിലൻസ് നൽകിയ കുറ്റപത്രത്തിൽ ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേരാണ് പ്രതികൾ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News