വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളിൽ പങ്കെടുത്ത 1000 പേരെ തിരിച്ചറിഞ്ഞു; പൊലീസ് അറസ്റ്റ് നടപടികളിലേക്ക്

പ്രതി പട്ടികയിലുള്ളവരുടെ രാഷ്ട്രീയവും പരിശോധിക്കുന്നു

Update: 2022-12-02 05:37 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത് ആയിരം പേരെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളുടെ പട്ടിക തയ്യാറാക്കി. സ്ത്രീകളെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം. അറസ്റ്റിലേക്ക് കടക്കുന്നതിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചു.

വിഴിഞ്ഞത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പോലീസുകാരെ സജ്ജമാക്കി നിർത്തി.പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. വിഴിഞ്ഞത്ത് കൂടുതൽ പോലീസിനെ വിന്യസിക്കും.

വിഴിഞ്ഞം ആക്രമണത്തിൽ വൈദികർക്കും പങ്കുണ്ടെന്ന്  പൊലീസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ  സമര്‍പ്പിച്ച  സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചുവെന്നും പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് പറയുന്നു. വൈദികർ പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും തുടർന്ന് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്ത് എത്തിയെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഫാ.യൂജിൻ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തിൽ 500 ഓളം പേർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവർ കയറിയതെന്നും പറഞ്ഞു. തുറമുഖ ഓഫീസിലെ സിസിടിവി ക്യാമറകളടക്കം ഇവർ അടിച്ചു തകർത്തുവെന്നും ഇതിലൂടെ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി.

 പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും 64 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. 

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഡിജിപി അനിൽ കാന്ത് ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തം അന്വേഷിക്കുമെന്നും ഡിജിപി മലപ്പുറത്ത് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News