ഇന്നും മഴ തുടരും; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക്
12 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിലുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. കാലാവർഷം പൂർണമായും പിൻവാങ്ങി തുലാവർഷത്തിലേക്ക് കടന്നതോടെ ഉച്ചക്ക് ശേഷമായിരിക്കും മഴ ശക്തമാകുക.
അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ വൈകിട്ടോടെ മഴ ശക്തമായി. ഒരു സെക്കൻഡിൽ ഡാമിലേക്ക് ഒഴുകി എത്തുന്ന ശരാശരി വെള്ളം 3450 ഘനയടി വെള്ളമാണ്. കൂടുതൽ വെള്ളം കൊണ്ടു പോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചിട്ടില്ല.
അതിനിടെ ഡാമിന്‍റെ സ്ഥിതി വിലയിരുത്താൻ ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. എ.ഡി.എം,ജില്ലാ പൊലീസ് മേധാവി,തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക.