പ്രസംഗം കേള്‍ക്കാന്‍ പോയി, വേദിയിലുണ്ടായിരുന്നില്ല: പ്രൊഫ.എം.കെ സാനു
'മുൻ പ്രധാനമന്ത്രിമാർ കൊച്ചിയിൽ എത്തിയപ്പോഴും പ്രസംഗം കേൾക്കാൻ പോകാറുണ്ടായിരുന്നു. ഞാൻ ഒരു പ്രാസംഗികൻ കൂടിയാണ്'
കൊച്ചി: പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടി വേദിയിൽ താൻ ഉണ്ടായിരുന്നില്ലെന്ന് പ്രൊഫസർ എം.കെ സാനു. 'പ്രസംഗം കേൾക്കാൻ പോയി. എന്നാൽ വേദിയിൽ ഉണ്ടായിരുന്നുവെന്ന വാർത്തകൾ തെറ്റാണ്. മുൻ പ്രധാനമന്ത്രിമാർ കൊച്ചിയിൽ എത്തിയപ്പോഴും പ്രസംഗം കേൾക്കാൻ പോകാറുണ്ടായിരുന്നു. ഞാൻ ഒരു പ്രാസംഗികൻ കൂടിയാണ്. മോദിയുടെ പ്രസംഗം എങ്ങനെയാണെന്ന് നേരിട്ട് കേൾക്കാനാണ് പോയത്. എന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് എല്ലാർക്കും അറിയാം. അതിൽ മാറ്റമില്ല. മറ്റു വിവാദങ്ങളിൽ കാര്യമില്ല'. എം.കെ സാനു പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വന്ദേഭാരത്,വാട്ടർ മെട്രോ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ 10.15ഓടെ തലസ്ഥാനത്തെത്തുന്ന നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. അവിടെവെച്ച് കുട്ടികളുമായി സംവദിക്കുന്ന നരേന്ദ്രമോദി 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. വാട്ടർ മെട്രോ,ഡിജിറ്റൽ സർവകലാശാലകളുടെ ഉദ്ഘാടനം എന്നിവ ഇവിടെ വെച്ചാണ് പ്രധാനമന്ത്രി നിർവഹിക്കുക.
വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ് പി ജി കമാൻഡോ സംഘത്തിന് പുറമെ കേരള പൊലീസിലെ 1500 സുരക്ഷാ ഉദ്യോഗസ്ഥരേയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സൂചനകളുണ്ടായാൽ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. രാവിലെ ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ട്. സെൻട്രൽ റെയിൽവെ സ്റ്റേഷൻ, തമ്പാനൂർ കെ.എസ്.ആർ.ടി.സി പരിസരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.