ഒറ്റ രാത്രിയിൽ ഇല്ലാതായ ദേശം; മുണ്ടക്കൈയിൽ ആദ്യദിനം ഇരുൾ വീഴുമ്പോൾ
രാത്രി വൈകിയും ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്
ഇനിയുമെത്ര ജീവിതം മരണത്തിന്റെ നിത്യനിദ്രയിലേക്ക് പിൻവാങ്ങിയെന്ന ഒരു കണക്കുമില്ലാതെ നിൽക്കുകയാണ് മുണ്ടക്കൈ എന്ന വയനാടൻ ഗ്രാമം. ഇന്നലെ വരെ കാഴ്ചയുടെ മോഹഭംഗിയുടുത്ത ഒരു ദേശം ഇരുട്ടിവെളുക്കുമ്പോഴേക്ക് പ്രേതഭൂമിയായി മാറിയിരിക്കുന്നു. ഭൂപടത്തിൽനിന്ന് ആ പ്രദേശം തന്നെ ഇല്ലാതായി. വീടകങ്ങളിൽനിന്ന് ഇന്നലെ കേട്ട കളിചിരികൾ ദൂരെ എവിടെയോ ആരോരുമറിയാത്ത ജീവനില്ലാത്ത ശരീരങ്ങൾ.
ഉറ്റവരെ കാത്തുകിടക്കുന്ന ചേതനയറ്റ ശരീരങ്ങൾ എത്രയെന്നറിയാതെ ഭരണകൂടം പോലും നിസ്സഹായമായി നിൽക്കുന്ന സ്ഥിതി. മുണ്ടക്കൈയിൽ ഒരു കുലുക്കവുമില്ലാതെ ഇപ്പോഴും പെയ്യുന്ന മഴയ്ക്ക് മീതെ മനുഷ്യരുടെ സങ്കടപ്പെരുക്കം. നിസ്സഹായത നിറഞ്ഞ ആർത്തനാദം. പാതിരാവിൽ ജലമേറി വന്ന ഉരുളൻകല്ലുകൾക്കറിയാം മുണ്ടക്കൈയുടെ വിലാപം. ആർത്തലച്ചെത്തിയ അതിവേഗപ്പാച്ചിലിൽ അവർ ആരെയെല്ലാം സഹായത്തിനായി വിളിച്ചിരിക്കണം.
പുലർച്ചെ വിളിച്ചുണർത്തിയ ദുരന്തം
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക്, മുണ്ടക്കൈക്ക് മുകളിൽ പുഞ്ചിരിവട്ടത്തായിരുന്നു ആദ്യത്തെ ഉരുൾപൊട്ടൽ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം രണ്ടായിരം അടി മുകളിലുണ്ടായ ആ ശബ്ദം മുണ്ടക്കൈക്കാർ ശരിക്കും കേട്ടു. താഴ്‌വാരത്തുകൂടെ മലവെള്ളപ്പാച്ചിൽ ഇരച്ചെത്താൻ അധികസമയം വേണ്ടി വന്നില്ല. മുണ്ടക്കൈ പുഴയ്ക്ക് ഉൾക്കൊള്ളാനാകാത്ത വെള്ളം ഗതിമാറിയൊഴുകിയത് മുണ്ടക്കൈ അങ്ങാടിയിലൂടെയാണ്. താഴേക്കുള്ള യാത്രയ്ക്കിടെ കിട്ടാവുന്നതെല്ലാമെടുത്തായിരുന്നു ജലത്തിന്റെ പോക്ക്. വീടും സ്‌കൂളും അമ്പലവും പള്ളിയുമെല്ലാം ആ ഇരമ്പലിൽ നാമാവശേഷമായി. ഞെട്ടിയെണീറ്റ മനുഷ്യർ വെള്ളമെത്താത്ത പ്രദേശത്തേക്ക് ഇരച്ചുകയറി.
ദുരിതത്തിൽ അകപ്പെട്ടവരെ കരകയറ്റുന്ന വേളയിൽ നാലു മണിക്കാണ് അടുത്ത ഉരുൾപൊട്ടൽ. ഇരച്ചെത്തിയ വെള്ളം മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക പാലവും എടുത്ത് കൊണ്ടുപോയി. കടകളും വീടുകളും തകർത്തു. ഉരുൾപൊട്ടലിന്റെ ഞെട്ടലിലേക്ക് ഉണർന്ന നാടിന് മുണ്ടക്കൈ ഒരജ്ഞാത ദേശമായി.
രക്ഷാദൗത്യത്തിന്റെ പകൽ
ഉരുൾപൊട്ടൽ വാർത്ത കാട്ടുതീയായി പടർന്നതിന് പിന്നാലെ ഭരണകൂട-സന്നദ്ധ സംവിധാനങ്ങളെല്ലാം വയനാട്ടിലേക്ക് കാതുകൂർപ്പിച്ചു. മന്ത്രിമാരുടെ സംഘം രക്ഷാദൗത്യം ഏകോപിപ്പിക്കാനായി ജില്ലയിലേക്ക് തിരിച്ചു. പലയിടങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്നവരുടെ ശബ്ദം മാധ്യമങ്ങൾ പുറംലോകത്തെത്തിച്ചു. സംവിധാനങ്ങൾ കൈമെയ് മറന്നു പ്രവർത്തിച്ചതോടെ ചൂരൽമല വരെയെത്തി രക്ഷാദൗത്യം. അതിനിടെ, കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽനിന്ന് കിട്ടിയ മൃതദേഹങ്ങൾ ദുരന്തത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തി.
ചൂരൽമലയ്ക്കടുത്തായിരുന്നു ആദ്യഘട്ട രക്ഷാദൗത്യം. ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും നടത്തിയ ദൗത്യത്തിൽ നിരവധി പേരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ഇവർക്കൊപ്പം എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്‌പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘം വിശ്രമമില്ലാതെ പ്രവർത്തിച്ചു. പാർലമെന്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി വിഷയം ഉന്നയിച്ചതോടെ ദുരന്തം ദേശശ്രദ്ധയുമാകർഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.
അതിനിടെ, കോഴിക്കോട്ടുനിന്നെത്തിയ ഹെലികോപ്ടറുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ പോയത് നിരാശ പടർത്തി. അപ്പോൾ രാവിലെ പത്തു മണി. പകലിന് ഇനിയും തെളിച്ചം വെക്കുമെന്ന പ്രത്യാശയിൽ കേരളം മുമ്പോട്ടുപോയ പകൽ. മരണം അപ്പോഴേക്കും ഇരുപത്തിയഞ്ചിലേക്കെത്തിയിരുന്നു.
മുണ്ടക്കൈയ്ക്കായി പ്രാർത്ഥനയോടെ
ചൂരൽമലയിലെ രക്ഷാദൗത്യം വിജയകരമായി പിന്നിടുന്ന വേളയിലും മുണ്ടക്കൈ ആശങ്കയുടെ ഇരുൾനിലമായി അവശേഷിച്ചു. ഏതാനും പേർ ദൃശ്യമാധ്യമങ്ങളുമായി സംസാരിച്ച വിവരങ്ങൾ അല്ലാതെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ദേശമായി മാറി മുണ്ടക്കൈ. പ്രദേശത്തെ മദ്രസയ്ക്ക് സമീപവും റിസോർട്ടിലുമായി ഇരുനൂറിലേറെ പേർ രക്ഷാകരങ്ങൾ കാത്തുകിടക്കുന്നുണ്ടെന്ന വാർത്ത ഉള്ളുപൊള്ളിച്ചു.
എയർലിഫ്റ്റിങ് നടത്തുകയോ താൽക്കാലിക പാലം നിർമിക്കുകയോ മാത്രമാണ് പോംവഴി എന്ന് അപ്പോഴേക്ക് ഔദ്യോഗിക സംവിധാനങ്ങൾ തീർപ്പിലെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽനിന്ന് നാവികസേനാ സംഘമെത്തുന്നുവെന്ന വിവരമെത്തി. ബംഗളൂരൂവിൽനിന്ന് സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പുമെത്തി. തകർന്ന പാലത്തിന് ബദൽമാർഗം നിർമിക്കാനായിരുന്നു അവരുടെ വരവ്. സംസ്ഥാന പൊലീസ് ഡ്രോൺ ഉപയോഗിച്ചുള്ള രക്ഷാദൗത്യവും ആരംഭിച്ചു.
പുഴയ്ക്കപ്പുറം കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കുകയായിരുന്നു എൻഡിആർഎഫിന്റെ ആദ്യലക്ഷ്യം. വടംകെട്ടിയുണ്ടാക്കി അവർ മുണ്ടക്കൈയിലെത്തുകയും ചെയ്തു. അതിനിടെ, ഉച്ചയോടെ വീണ്ടും ഉരുൾപൊട്ടിയെന്ന വാർത്ത ഭീതി പെരുപ്പിച്ചെങ്കിലും മറ്റൊരു ദുരന്തത്തിലേക്ക് പോയില്ല.
ഉച്ച പിന്നിട്ടതോടെ, പന്ത്രണ്ട് മണിക്കൂറിന് ശേഷം സൈന്യം മുണ്ടക്കൈയിലെ ദുരന്തമേഖലയിലെത്തി. കുടുങ്ങിക്കിടന്ന നൂറു പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. വൈകുന്നേരം പതിവു പോലെയെത്തിയ മൂടൽമഞ്ഞ് രക്ഷാദൗത്യം ദുഷ്‌കരമാക്കി. എന്നാൽ എല്ലാറ്റിനും മുകളിൽ സഹാനുഭൂതി നിറഞ്ഞ മനുഷ്യന്റെ ഇച്ഛാശക്തി ഉയർന്നുനിന്നു.
ഉറ്റവരെ തേടിയുള്ള നെട്ടോട്ടം
പലയിടങ്ങളിൽനിന്ന് കിട്ടിയ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു സമീപത്തെ ആശുപത്രികൾ. മേൽവിലാസമില്ലാതെ വെള്ളപുതച്ചു കിടന്ന മൃതശരീരങ്ങൾക്കിടയിൽ ഉറ്റവരെ തേടി ബന്ധുക്കളുടെ അലച്ചിലായിരുന്നു പിന്നീട്. തോരാതെ പെയ്ത മഴയ്‌ക്കൊപ്പം ഉറ്റവർ നഷ്ടപ്പെട്ട സങ്കടങ്ങൾ ആശുപത്രി മുറ്റത്തു നിറഞ്ഞു. ജീവിതത്തിന്റെ നേരിയ വെളിച്ചമെങ്കിലും ബാക്കിയുണ്ടാകുമെന്ന പ്രതീക്ഷയിൽ സ്ട്രക്ചറുകൾ ഇടതടവില്ലാതെ ഓടി.
126 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 71 പേരുടെ മൃതദേഹം വയനാട്ടിലും 31 പേരുടേത് നിലമ്പൂരിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. 37 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇനിയുമെത്രയോ പേർ മണ്ണിനടിയിൽ പുതഞ്ഞുകിടപ്പുണ്ട്.
രാത്രി വൈകിയും എല്ലാ പ്രതിബദ്ധങ്ങളെയും അവഗണിച്ച് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. താൽക്കാലിക പാലം നിർമിച്ച് ആളുകളെ മറുകരയിലെത്തിക്കുന്നത്. ഹെലികോപ്ടറിൽ എയർലിഫ്റ്റ് ചെയ്ത ആറുപേരെ കരിപ്പൂർ വിമാനത്തവളത്തിലെത്തിച്ച് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്തഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന 50ഓളം പേരെ നാളെ മാത്രമേ മറുകര എത്തിക്കാൻ സാധിക്കൂവെന്ന് മന്ത്രിമാർ അറിയിച്ചു. ഇവർ നിലവിൽ സുരക്ഷിതരാണ്. നാളെ വയനാട്ടിലേക്ക് കൂടുതൽ മെഡിക്കൽ സംഘവും സൈന്യവുമെത്തുന്നുണ്ട്.
കേരള പൊലീസിലെ ഡോഗ് സ്ക്വാഡിലുള്ള മായയും മർഫിയും രാത്രി എത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന ബുധനാഴ്ച രാവിലെ ആരംഭിക്കും.