പാലാ വിദ്വേഷ പ്രഭാഷണത്തിൽ നടപടി എടുക്കാത്തത് ആരെ ഭയന്നിട്ടാണ്?;പി.മുജീബ് റഹ്മാൻ

കടപ്പാടിന്റെ പേരില്‍ കിട്ടിയ വോട്ടിനുളള പ്രത്യുപകാരമായി ഇത്തരം വര്‍ഗീയ പ്രചാരണത്തിന് താങ്ങും തണലും നല്‍കലാണ് ഈ മൗനത്തിന് പിന്നിലെങ്കില്‍ ഇടതുസര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും.

Update: 2021-09-13 16:09 GMT
Advertising

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രഭാഷണത്തില്‍ നടപടിയെടുക്കാത്തത് ആരെ ഭയന്നിട്ടാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബുറഹ്‌മാന്‍. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. മതപ്രഭാഷണത്തിന്റെ പേരിലും ലഘുലേഖ കയ്യില്‍ വെച്ചതിന്റെ പേരിലും കേരളത്തിലെ യുവാക്കള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ നിസംഗത പുലര്‍ത്തുന്നത് മലയാളികള്‍ക്ക് മനസ്സിലാവുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലാ വിദ്വേഷ പ്രഭാഷണത്തില്‍ നടപടി എടുക്കാത്തത് ആരെ ഭയന്നിട്ടാണ്?

മലയാളി സമൂഹത്തിന്റെ സൈ്വരജീവിതം തകര്‍ക്കുന്നതും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതും പ്രബല ന്യൂനപക്ഷമായ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷവിത്ത് പാകുന്നതുമായ പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രഭാഷണത്തിനെതിരെ സര്‍ക്കാര്‍ നടപടി വൈകുന്നത് ആരെ ഭയന്നിട്ടാണ്? ആരെയെല്ലാം തൃപ്തിപ്പെടുത്താനാണ്?

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ലേ എന്നാണെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം തീരുന്നതല്ല ബിഷപ്പുയര്‍ത്തിയ പ്രശ്‌നം. മതപ്രഭാഷണത്തിന്റെ പേരിലും ലഘുലേഖ കയ്യില്‍ വെച്ചതിന്റെ പേരിലും കേരളത്തിലെ യുവാക്കള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയ മുഖ്യമന്ത്രിയാണിത്. മാവോയിസത്തിന്റെ പേരില്‍ ആറ് ജീവനെടുത്ത ആഭ്യന്തര വകുപ്പാണ് നമ്മുടേത്. എന്നിട്ടും രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന്റെ വിത്തുപാകിയ ഒരു മതപുരോഹിതന്റെ കാര്യത്തില്‍ കാണിക്കുന്ന നിസ്സംഗതയും അലസതയും ശരാശരി മലയാളിക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. പതിറ്റാണ്ടുകളായി കുടുംബം കണക്കെ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സാഹോദര്യത്തോടെയും

സൗഹൃദത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്ന ഈ മണ്ണിന്റെ സ്വാസ്ഥ്യം തകര്‍ക്കാനുള്ള കുബുദ്ധിയാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.കുറച്ച് കാലമായി ആവര്‍ത്തിച്ചുവരുന്ന നുണബോംബുകളുടെ തുടര്‍ച്ചയാണിത്.വസ്തുതകളുടെ അംശംപോലും കലരാത്ത,യാതൊരു തെളിവും അശേഷമില്ലാത്ത ഈ വിദ്വേഷ വിഷപ്പുക അന്തരീക്ഷത്തിലുയര്‍ത്തുന്നത് കൃത്യമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്.

അതിനാല്‍ കടപ്പാടിന്റെ പേരില്‍ കിട്ടിയ വോട്ടിനുളള പ്രത്യുപകാരമായി ഇത്തരം വര്‍ഗീയ പ്രചാരണത്തിന് താങ്ങും തണലും നല്‍കലാണ് ഈ മൗനത്തിന് പിന്നിലെങ്കില്‍ ഇടതുസര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും. 

ഇരട്ടച്ചങ്കാവാം സര്‍, പക്ഷെ ... ...അത് ഇരട്ടത്താപ്പാകരുത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News