ശൈലജയെ ഒഴിവാക്കിയത് എന്തുകൊണ്ട്; വിശദീകരണവുമായി സിപിഎം

സമർത്ഥമായി വകുപ്പ് കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയിരുന്നെങ്കിൽ 11 പേർക്ക് ഇളവ് നൽകേണ്ടിവരുമായിരുന്നു

Update: 2021-05-27 04:48 GMT
By : Web Desk
Advertising

മന്ത്രിസഭയിൽ നിന്ന് കെ. കെ ശൈലജയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം. മുൻ മന്ത്രിമാരിൽ ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയുമായിരുന്നില്ല. സമർഥമായി വകുപ്പ് കൈകാര്യം ചെയ്തവർക്ക് ഇളവു നൽകിയാൽ 11 പേർക്കും നൽകേണ്ടിവരുമായിരുന്നു. മാത്രമല്ല, അപ്പോള്‍ പുതിയ ആളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടാവും. ഒരാളെ മാറ്റിനിർത്തുമ്പോൾ മാത്രം അവഗണിക്കുന്നു എന്ന തോന്നലുണ്ടാകുന്നത് പാർലമെന്‍ററി വ്യാമോഹം മൂലമാണെന്നും പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു.

രണ്ടു തവണ തുടർച്ചയായി ജയിച്ച്‌ എംഎൽഎമാരായി തുടരുന്നവർ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാരും മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്നും പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനിച്ചത്. മന്ത്രിസഭാ രൂപീകരണഘട്ടത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, എം എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പുതിയ മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന്‌ നിശ്ചയിക്കപ്പെട്ടു. മറ്റൊരാൾ കെ ടി ജലീലാണെന്നും എസ് രാമചന്ദ്രപിള്ള പറയുന്നു.

ഇവര്‍ക്കെല്ലാം പ്രവര്‍ത്തനമികവ് പരിഗണിച്ച് ഇളവ് നല്‍കിയിരുന്നുവെങ്കില്‍ പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എംഎൽഎമാരുടെ ഒരു പുതുനിര കടന്നുവരുമായിരുന്നില്ല. പ്രവർത്തനമികവിന്റെ പേരിൽ എംഎൽഎമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ്‌ അംഗങ്ങളിൽനിന്ന്‌ വേർതിരിച്ച്‌ പരിഗണിക്കാനാകുകയില്ല. അങ്ങനെയുണ്ടായാൽ ചിലരുടെ പ്രവർത്തനങ്ങൾ മാത്രം അംഗീകരിക്കപ്പെട്ടതായി കരുതാനിടയുണ്ട്‌. എല്ലാവരും ഒരുപോലെ സമർഥമായി പ്രവർത്തിച്ച സാഹചര്യത്തിൽ പാർടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർന്നുവരുന്നതിന്‌ അത്തരം സമീപനം ഇടവരുത്താം. സിപിഐ നിലവിലുണ്ടായിരുന്ന എല്ലാ മന്ത്രിമാർക്കും പകരമായി പുതിയ മന്ത്രിമാരെ നിശ്ചയിച്ചതും അതുകൊണ്ടാണ് അദ്ദേഹം തന്‍റെ  ലേഖനത്തില്‍ വിശദീകരിക്കുന്നു.

എസ് രാമചന്ദ്രൻപിള്ളയുടെ ലേഖനം വായിക്കാം:

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌. രണ്ടു തവണ തുടർച്ചയായി ജയിച്ച്‌ എംഎൽഎമാരായി തുടരുന്നവർ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും അവർക്ക്‌ പാർടിയിലെ മറ്റു ചുമതലകൾ നൽകാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സ്ഥാനാർഥി നിർണയം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റിയാണ്‌ ഈ തീരുമാനമെടുത്തത്‌. തെരഞ്ഞെടുപ്പുവിജയത്തെ തുടർന്ന്‌ സ്ഥാനാർഥി നിർണയവിഷയത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റി, മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാരും മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്നും പുതിയ സഖാക്കളെ മന്ത്രിമാരായി നിശ്ചയിക്കണമെന്നും ഏകകണ്‌ഠമായി തീരുമാനിച്ചു.

പാർടിയുടെ നിലവിലുണ്ടായിരുന്ന 59 എംഎൽഎമാരിൽ 26 പേർ രണ്ടുതവണ തുടർച്ചയായി വിജയിച്ച്‌ എംഎൽഎമാരായി തുടരുന്നവരായിരുന്നു. സ്ഥാനാർഥിത്വം വീണ്ടും ലഭിക്കാത്ത ഈ 26 പേരിൽ അഞ്ചു പേർ മന്ത്രിമാരായിരുന്നു. ഒരാൾ സ്‌പീക്കറും. മന്ത്രിമാരായിരുന്ന തോമസ്‌ ഐസക്‌, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവർ പാർടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജി സുധാകരൻ സംസ്ഥാന കമ്മിറ്റി അംഗവും സി രവീന്ദ്രനാഥ്‌ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ്‌. മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം സ്‌പീക്കറായിരുന്ന പി ശ്രീരാമകൃഷ്‌ണനാണ്‌. മന്ത്രിസഭാ രൂപീകരണഘട്ടത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, എം എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പുതിയ മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന്‌ നിശ്ചയിക്കപ്പെട്ടു. മറ്റൊരാൾ കെ ടി ജലീലാണ്‌. ഇപ്രകാരം സ്ഥാനാർഥിനിർണയ ഘട്ടത്തിലും മന്ത്രിസഭാ രൂപീകരണഘട്ടത്തിലും മന്ത്രിസഭയിലെ 13 അംഗങ്ങളിൽ 12 അംഗങ്ങൾക്കും മാറ്റമുണ്ടായി. അവരിൽ നാലുപേർ കേന്ദ്ര കമ്മിറ്റി അംഗങ്ങളും രണ്ടുപേർ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും മൂന്നുപേർ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒരാൾ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും മറ്റൊരാൾ കെ ടി ജലീലുമാണ്‌. മന്ത്രിയായിരുന്ന ജെ മേഴ്‌സിക്കുട്ടി അമ്മ കുണ്ടറ നിയോജക മണ്ഡലത്തിൽനിന്ന്‌ വിജയിച്ചില്ല.

എംഎൽഎമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറെപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽനിന്ന്‌ ഇളവ്‌ നൽകേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ചു. എംഎൽഎമാരായി രണ്ടുതവണ തുടർന്നവരും എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകൾ അതിസമർഥമായി നിർവഹിച്ചവരാണ്‌. ചുമതലകൾ സമർഥമായി കൈകാര്യം ചെയ്‌തവർക്ക്‌ ഇളവ്‌ നൽകിയാൽ 26 എംഎൽഎമാർക്കും 11 മന്ത്രിമാർക്കും ഇളവ്‌ നൽകേണ്ടിവരുമായിരുന്നു. പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എംഎൽഎമാരുടെ ഒരു പുതുനിര കടന്നുവരുമായിരുന്നില്ല. പ്രവർത്തനമികവിന്റെ പേരിൽ എംഎൽഎമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ്‌ അംഗങ്ങളിൽനിന്ന്‌ വേർതിരിച്ച്‌ പരിഗണിക്കാനാകുകയില്ല. അങ്ങനെയുണ്ടായാൽ ചിലരുടെ പ്രവർത്തനങ്ങൾ മാത്രം അംഗീകരിക്കപ്പെട്ടതായി കരുതാനിടയുണ്ട്‌. എല്ലാവരും ഒരുപോലെ സമർഥമായി പ്രവർത്തിച്ച സാഹചര്യത്തിൽ പാർടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർന്നുവരുന്നതിന്‌ അത്തരം സമീപനം ഇടവരുത്താം. സിപിഐ നിലവിലുണ്ടായിരുന്ന എല്ലാ മന്ത്രിമാർക്കും പകരമായി പുതിയ മന്ത്രിമാരെ നിശ്ചയിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ 
പരിഹാരം

ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഉപകരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഇന്ത്യൻ സമൂഹത്തിൽ വരുത്തുകയാണ്‌ സിപിഐ എമ്മിന്റെ ലക്ഷ്യം. കരുത്തുള്ള ബഹുജന വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുത്തുകൊണ്ടു മാത്രമേ സാമൂഹ്യമാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ. അത്തരം ബഹുജന വിപ്ലവപ്രസ്ഥാനം വളർത്തിക്കൊണ്ടുവരാൻ പാർടി, പാർലമെന്ററി പ്രവർത്തനങ്ങളെയും പാർലമെന്റിതര പ്രവർത്തനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. പാർടി പരിപാടി ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു. ഖണ്ഡിക 7.18 ജനകീയ ജനാധിപത്യം സ്ഥാപിക്കുകയും സമാധാനപരമായ മാർഗങ്ങളിലൂടെ സോഷ്യലിസ്റ്റ്‌ പരിവർത്തനം കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ (മാർക്‌സിസ്റ്റ്‌) പാർടി യത്‌നിക്കുന്നു. ശക്തമായ ഒരു ബഹുജന വിപ്ലവപ്രസ്ഥാനം വളർത്തിക്കൊണ്ടും പാർലമെന്ററി, പാർലമെന്റിതര സമരരൂപങ്ങളെ സമന്വയിപ്പിച്ചുകെണ്ടും പിന്തിരിപ്പൻ ശക്തികളുടെ എതിർപ്പിനെ അതിജീവിക്കാനും മേൽപ്പറഞ്ഞ മാറ്റങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ കൈവരിക്കാനും തൊഴിലാളിവർഗവും അതിന്റെ സഖ്യശക്തികളും പരമാവധി ശ്രമിക്കുന്നതായിരിക്കും. പക്ഷേ,, ഭരണവർഗങ്ങൾ ഒരിക്കലും തങ്ങളുടെ അധികാരം സ്വേച്ഛയാ ഉപേക്ഷിക്കുകയില്ലെന്ന കാര്യം എല്ലായ്‌പ്പോഴും ഓർക്കേണ്ടതുണ്ട്‌.

ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ ബഹുജന വിപ്ലവപ്രസ്ഥാനം വളർത്തിക്കൊണ്ടുവരുന്നതിന്‌ പാർലമെന്ററി, പാർലമെന്റിതര മേഖലകളിലെ പ്രവർത്തനങ്ങൾക്ക്‌ പാർടി പ്രവർത്തകരെ മാറിമാറി വിന്യസിക്കേണ്ടിവരും. ഇന്നത്തെ സമൂഹത്തിൽ പാർലമെന്ററി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പാർടി പ്രവർത്തകർക്ക്‌ കൂടുതൽ മാധ്യമശ്രദ്ധയും പ്രസിദ്ധിയും ലഭിക്കുന്നു. അതിലൊട്ടും അസ്വാഭാവികതയില്ല. പാർലമെന്റിലെയോ നിയമസഭകളിലെയോ അംഗങ്ങളെന്ന നിലയിലും സർക്കാരിനെ നയിക്കുന്ന മന്ത്രിമാരെന്ന നിലയിലും ഭരണനിർവഹണത്തിൽ ഇടപെടാനുള്ള അവകാശവും അധികാരവും ലഭിക്കുന്നു എന്നതിലാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഇത്തരം പ്രസിദ്ധിയും മാധ്യമശ്രദ്ധയും ബഹുജനവിപ്ലവ പ്രസ്ഥാനത്തെ വളർത്താനുള്ള പാർടിയുടെ പരിശ്രമങ്ങളെ സഹായിക്കും. അതിനുവേണ്ടി പാർടി അതിനെ ഉപയോഗപ്പെടുത്തുന്നു. പാർലമെന്ററി സ്ഥാനങ്ങളിലേക്ക്‌ നിയോഗിക്കുമ്പോൾ മാത്രമാണ്‌ പരിഗണിക്കുന്നതെന്നും നിയോഗിക്കപ്പെടുന്നില്ലെങ്കിൽ അവഗണിക്കുന്നതായും പാർടിയുടെ ഏതെങ്കിലും പ്രവർത്തകൻ കരുതിയാൽ അത്‌ അവരുടെ പാർടി ബോധത്തിന്റെ താഴ്‌ന്ന നിലവാരത്തെ മാത്രമാണ്‌ സൂചിപ്പിക്കുന്നത്‌. ബൂർഷ്വാ പാർലമെന്ററി വ്യാമോഹങ്ങൾക്ക്‌ കീഴ്‌പ്പെടുന്നതു കൊണ്ടുമാണ്‌. ഇന്നത്തെ ബൂർഷ്വാ സമൂഹവും വിശേഷിച്ച്‌ മാധ്യമങ്ങളും അത്തരം ബോധം വളർത്തിക്കൊണ്ടുവരാൻ ബോധപൂർവം ശ്രമിക്കുന്നു. ബൂർഷ്വാ രാഷ്‌ട്രീയ കക്ഷികളിലെ പ്രവർത്തകരെ നയിക്കുന്നത്‌ ഈ ബോധമാണ്‌. പാർടിക്കുള്ളിൽ വിഭാഗീയത വളരുന്നതിനും ബൂർഷ്വാ പാർലമെന്ററി വ്യാമോഹം കാരണമാകുന്നു. ഇക്കാര്യം പാർടിയുടെ കേന്ദ്ര–-സംസ്ഥാന സമ്മേളനങ്ങളും സംഘടനാ പ്ലീനങ്ങളും പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌. 1995ൽ ചണ്ഡീഗഢിൽ നടന്നിട്ടുള്ള 15–-ാം പാർടി കോൺഗ്രസ്‌ റിപ്പോർട്ടിൽ ഇപ്രകാരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്കുവേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്ററി വ്യാമോഹം പാർടിക്കുള്ളിൽ ശക്തമായി സംസ്ഥാന കമ്മിറ്റികളിലും ദുർബല സംസ്ഥാനങ്ങളിലും വ്യാപകമാണ്‌. ഇത്‌ പാർടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്‌ക്കുമുള്ള ഒരു ഉറവിടംകൂടിയാണ്‌. ഒരേ സ്ഥാനത്ത്‌ ഒരാൾ തന്നെ തുടരുന്നത്‌ പാർടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്‌മ വളർത്തിക്കൊണ്ടുവരുന്നതിന്‌ പ്രയാസങ്ങൾ സൃഷ്ടിക്കും.

സ്ഥാനങ്ങൾ നേടുന്നതിനും ഉറപ്പിക്കുന്നതിനും പാർടിക്കുള്ളിൽ ശ്രമങ്ങളുണ്ടാകാം. ഇത്‌ പാർടിക്കുള്ളിലെ സ്ഥാനങ്ങൾക്കും പാർലമെന്ററി സ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്‌. അതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ (മാർക്‌സിസ്റ്റ്‌) പാർടി ബ്രാഞ്ച്‌ സെക്രട്ടറിമാർ തുടങ്ങി പാർടിയുടെ ജനറൽ സെക്രട്ടറി സ്ഥാനംവരെ വഹിക്കുന്നവർ അതത്‌ സ്ഥാനങ്ങളിൽ തുടരുന്നതിനുള്ള കാലപരിധി നിർണയിച്ചത്‌. മൂന്നുതവണ സെക്രട്ടറിയായി തുടരുന്നവർ മാറി പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ടതാണെന്ന്‌ പാർടി തീരുമാനിച്ചത്‌. ഈ തീരുമാനം പാർടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുന്നതിനും വിഭാഗീയ പ്രവണതകൾ വളർന്നുവരുന്നതിനെ നേരിടുന്നതിനും സഹായിച്ചു. പ്രധാനപ്പെട്ട പാർടി സ്ഥാനങ്ങളിലേക്കും പാർലമെന്ററി സ്ഥാനങ്ങളിലേക്കും കഴിവുള്ളവർക്ക്‌ കടന്നുവരുന്നതിന്‌ പുതിയ അവസരം ലഭിക്കും. പാർടി തുടർച്ചയായി പുതുക്കപ്പെടാൻ ഇത്തരം മാറ്റം സഹായിക്കും.

ബൂർഷ്വാ മാധ്യമ പ്രചാരവേല

രണ്ടുതവണ തുടർച്ചയായി എംഎൽഎമാർ ആയിരുന്നവരെ തെരഞ്ഞെടുപ്പു മത്സരത്തിൽനിന്ന്‌ ഒഴിവാക്കിയാൽ അത്‌ പാർടിയുടെ തെരഞ്ഞെടുപ്പ്‌ വിജയസാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന്‌ ചിലർ കരുതി. തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നുള്ള യുഡിഎഫിന്റെ ആത്മവിശ്വാസം ഈ അടിസ്ഥാനത്തിലുള്ളതായിരുന്നു. ഒരുവിഭാഗം വലതുപക്ഷ മാധ്യമങ്ങളും അത്തരം വിശ്വാസത്തിന്‌ കീഴ്‌പ്പെട്ട്‌ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, കേരളത്തിലെ രാഷ്‌ട്രീയ പ്രബുദ്ധരായ ജനങ്ങൾ പാർടിയുടെ നിലപാടുകൾക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും സർവാത്മനാ പിന്തുണ നൽകി. രണ്ടുതവണ തുടർച്ചയായി ജയിച്ച എംഎൽഎമാരെ ഒഴിവാക്കിയ എല്ലാ നിയമസഭാ മണ്ഡലത്തിലും പാർടിയുടെ പുതിയ സ്ഥാനാർഥികൾ വിജയിച്ചു. രണ്ടു തവണ തുടർച്ചയായി മത്സരിച്ചുജയിച്ച എംഎൽഎമാരെ മാറ്റുക എന്നതിനു പകരം വിജയസാധ്യതയായിരിക്കണം മാനദണ്ഡമായി സ്വീകരിക്കേണ്ടതെന്ന്‌ കേരളത്തിനകത്തും പുറത്തുമുള്ള പാർടി സുഹൃത്തുക്കളിൽ ചിലർ അഭിപ്രായപ്പെടുകയുണ്ടായി. കേരളത്തിലെ പാർടിക്കുള്ളിൽ വിജയസാധ്യതയുള്ള പ്രഗത്ഭരായ സ്ഥാനാർഥികൾക്ക്‌ ക്ഷാമമില്ലെന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി.

മന്ത്രിസഭാ രൂപീകരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന ചില ബൂർഷ്വാ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചാരവേലയിൽ ചില ഇടതുപക്ഷ സുഹൃത്തുക്കളടക്കം പലരും പെട്ടുപോയി. ഇത്തരം പ്രചാരവേലയ്‌ക്ക്‌ ഒരു അടിസ്ഥാനവുമില്ല. പാർടിയെ പ്രതിനിധാനംചെയ്‌ത്‌ കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട്‌ വനിതകൾ ഉണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലും പാർടിയെ പ്രതിനിധാനംചെയ്‌ത്‌ രണ്ട്‌ വനിതകളുണ്ട്‌. പുതിയ അംഗങ്ങളെ നിശ്ചയിച്ചുവെന്നത്‌ വനിതകളെ അവഗണിച്ചതിന്‌ കാരണമായി എടുത്തുകാട്ടുന്നത്‌ യുക്തിക്ക്‌ നിരക്കാത്തതാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രണ്ട്‌ വനിതകൾക്ക്‌ പകരം ഇന്ന്‌ മൂന്ന്‌ വനിതകളാണുള്ളത്‌. വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ ഇല്ലയോ എന്ന നിലയിലല്ല മറിച്ച്‌ നയം എങ്ങനെ നടപ്പാക്കിയെന്ന അടിസ്ഥാനത്തിലാണ്‌ പാർടിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്‌.

ഒരുവിഭാഗം ബൂർഷ്വാ മാധ്യമങ്ങൾ പലപ്പോഴും സംഘം ചേർന്ന്‌ പ്രചാരവേലകൾ സംഘടിപ്പിച്ച്‌ പാർടിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ചില വ്യക്തികളെ ഉയർത്തിക്കാട്ടിയും മറ്റു ചിലരെ ഇകഴ്‌ത്തിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൂർഷ്വാ മാധ്യമങ്ങൾ ശ്രമിച്ചുവരുന്നു. വലതുപക്ഷ രാഷ്‌ട്രീയ താൽപ്പര്യങ്ങളും ചില മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അസൂയയും പകയും ഇത്തരം പ്രചാരവേലകളുടെ പിന്നാമ്പുറത്തുണ്ട്‌. തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ബൂർഷ്വാ മാധ്യമങ്ങൾ കരുതിക്കൂട്ടി സംഘടിപ്പിക്കുന്ന ഇത്തരം പ്രചാരവേലകളെ പാർടി തള്ളിക്കളയുന്നു. അത്തരം ആശയങ്ങൾക്ക്‌ ബദലായി ശരി നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള പൊതുബോധം സൃഷ്ടിക്കാൻ പാർടി വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്നു. പാർടിയുടെ അജൻഡ പാർടിയാണ്‌ നിശ്ചയിക്കുന്നത്‌; ബൂർഷ്വാ മാധ്യമങ്ങൾക്ക്‌ വിട്ടുകൊടുക്കുകയില്ല.

തെരഞ്ഞെടുപ്പിൽ സ്ഥനാർഥികളെ നിർണയിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും കേരള സംസ്ഥാന കമ്മിറ്റി സ്വീകരിച്ച ഏറ്റവും ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ മന്ത്രിസഭയിൽ പാർടിയുടെ പ്രതിനിധികളായി 11 പുതിയ പ്രവർത്തകരെയും മുഖ്യമന്ത്രിയായി പിണറായി വിജയനെയും നിശ്ചയിക്കാൻ കഴിഞ്ഞത്‌. എംഎൽഎമാരിലും പുതുമുഖങ്ങൾ കടന്നുവന്നു. ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങളും പാർടിയുടെ മുന്നിലുണ്ട്‌. രാഷ്‌ട്രീയവും സംഘടനാപരവുമായ ധീരമായ തീരുമാനങ്ങളെടുത്തുകൊണ്ട്‌ മാത്രമേ എതിർപ്പുകളെ നേരിടാനും മുന്നേറാനുമുള്ള കരുത്താർജിക്കാൻ പാർടിക്ക്‌ കഴിയൂ. ഇക്കാര്യങ്ങളിൽ പാർടി ഒരിക്കലും അറച്ചുനിൽക്കില്ല, കടമകൾ ധീരമായും ദൃഢനിശ്ചയത്തോടെയും നടപ്പാക്കും. സ്ഥാനാർഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പാർടി സ്വീകരിച്ച നിലപാടുകൾ അതിന്‍റെ  തെളിവാണ്‌.

Tags:    

By - Web Desk

contributor

Similar News