ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം
ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീടും പ്രദേശവാസിയായ ജോൺസന്റെ കൃഷിയും അരിക്കൊമ്പൻ നശിപ്പിച്ചു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീടും പ്രദേശവാസിയായ ജോൺസന്റെ കൃഷിയും അരിക്കൊമ്പൻ നശിപ്പിച്ചു. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം. വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
തുടർച്ചയായ ആനയുടെ ആക്രമണത്തിൽ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. അരിക്കൊമ്പനെ മയക്കു വെടി വച്ചു പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ചിഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയും വിദഗ്ദ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ടിലാണ് അനുമതി ലഭിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച് പിടികൂടി മാറ്റാനും ചക്കകൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ആനകളെ റേഡിയോ കോളർ വെച്ച് നിരിക്ഷിക്കാനുമുള്ള പ്രാഥമിക നടപടികള്‍ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ മുന്നൊറ്റൊന്ന് കോളനിയും സിമന്‍റ് പാലവുമാണ് മയക്കുവെടി വെക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങള്‍.