'കുഞ്ഞിന്‍റെ അമ്മയെ രണ്ട് വര്‍ഷമായി അറിയാം, മക്കളില്ലല്ലോ നീ എടുത്തോ എന്ന് പറഞ്ഞു': കുഞ്ഞിനെ വാങ്ങിയ സ്ത്രീ
'കുഞ്ഞിനെ വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ കുഞ്ഞിനെ തന്നെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ട്'
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശികളായ ദമ്പതികൾ വാങ്ങിയത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നതിങ്ങനെ-
"രണ്ട് വര്‍ഷമായി കുഞ്ഞിന്‍റെ അമ്മയെ പരിചയമുണ്ട്. വീട്ടുജോലിക്കും മറ്റും പോകുന്നയാളാണ്. ഏഴാം മാസത്തിലാണ് എന്നോട് പറയുന്നത്. നിനക്ക് മക്കളില്ലല്ലോ കുഞ്ഞിനെ നീ എടുത്തോ എന്ന് എന്നോട് പറഞ്ഞു. അവളുടെ ഭര്‍ത്താവ് വിളിച്ച് നിരന്തരം ശല്യം ചെയ്തതുകൊണ്ടാണ് പൈസ കൊടുത്തത്. പ്രസവ സമയത്താണ് ഞാന്‍ പോകുന്നത്. വ്യാഴാഴ്ച അഡ്മിറ്റായി, വെള്ളിയാഴ്ച പ്രസവിച്ചു. തിങ്കളാഴ്ച വീട്ടില്‍ കൊണ്ടുവന്നു. ആശുപത്രിയുടെ പുറത്തുവെച്ചാണ് കുഞ്ഞിനെ എന്‍റെ കയ്യില്‍ തന്നത്. കുഞ്ഞിനെ വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ കുഞ്ഞിനെ തന്നെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ട്"- കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു.
ഏപ്രില്‍ ഏഴാം തിയ്യതിയാണ് കുഞ്ഞ് ജനിച്ചത്. അഡ്വാൻസ് തുക കുഞ്ഞിൻറെ അമ്മയ്ക്ക് നൽകി. 52000 രൂപയാണ് അഡ്വാൻസായി നൽകിയത്. കുഞ്ഞിനെ കൈമാറിയ ശേഷം 2,48,000 രൂപയും നൽകി. കുഞ്ഞിന്‍റെ ശരിക്കുള്ള മാതാപിതാക്കള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും കരമന സ്വദേശി പറഞ്ഞു.
ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ വിറ്റ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സി.ഡബ്ല്യു.സി മുഖേന കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ കേസെടുക്കും. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.