വനിതാ സി.പി.ഒ ലിസ്റ്റ്; കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല
പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കണമെന്ന് വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍. നിലവിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കാനിരിക്കെ പരമാവധി പേര്‍ക്ക് നിയമനം നല്‍കണമെന്നും ആവശ്യം.
ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സേനയിലെ വനിതാ പ്രാതിനിധ്യം 33 ശതമാനമാണ്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 20 തമിഴ്‌നാട്ടില്‍ 30 എന്നിങ്ങനെയും. എന്നിട്ടും മികച്ച സാക്ഷരതയുള്ള കേരളത്തില്‍ പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വെറും 9 ശതമാനം. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. പ്രഥമ വനിതാ ബറ്റാലിയന്റെ പാസ്സിങ് ഒട്ട് പരേഡില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചു.
എന്നാല്‍ ഒന്നും നടപ്പിലായില്ല. ഗാര്‍ഹിക പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുമ്പോള്‍ സേനയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച വനിത സിപിഒ റാങ്ക് ലിസ്റ്റിലെ 2100 പേരില്‍ ഇതുവരെ അഡൈ്വസ് മെമോ നല്‍കിയത് 643 പേര്‍ക്കാണ്. ഇതില്‍ 353 പേര്‍ ജോലിയില്‍ പ്രവേശിച്ചു. റാങ്ക് ലസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി 2 മാസമേ ബാക്കിയുള്ളൂ. ആയതിനാല്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി പരമാവധി പേരെ നിയമിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ജനുവരി 14ന് ശേഷം സേനയില്‍ വനിതകള്‍ക്കായി പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.