യുവാവ് കാലുവഴുതി കൊക്കയിലേക്ക് വീണു: രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു

Update: 2022-02-08 11:20 GMT
Editor : afsal137 | By : Web Desk
Advertising

പാലക്കാട് മലമ്പുഴയിൽ യുവാവ് കൊക്കയിലേക്ക് കാലുവഴുതി വീണു. മലമ്പുഴ സ്വദേശി ആർ. ബാബുവാണ് (23) കൊക്കയിൽ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടി ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാൽവഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നൽകിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കൾ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇപ്പോൾ ഫോൺ ഓഫായ നിലയിലാണ്. രക്ഷാ പ്രവർത്തകർക്ക് ഷർട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പും ഇവിടെ കാൽവഴുതി വീണ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ. മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്റ്റ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മല കയറിയിറങ്ങി. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്. ഇപ്പോൾ ബാബു കൊക്കയിൽ കുടുങ്ങിയിട്ട് ഏതാണ്ട് 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.

കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ എത്തിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവർത്തകർ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായിരിക്കുകയാണ്. ചെങ്കുത്തായ പാറകളാൽ നിബിഡമായ പ്രദേശത്ത് ഹെലികോപ്റ്റർ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ മടങ്ങി പോയത് രക്ഷാപ്രവർത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്. ബാബുവിനെ ഇനി എങ്ങനെ പുറത്തെത്തിക്കുമെന്ന ആശങ്ക രക്ഷാ പ്രവർത്തകർക്കും നാട്ടുകാർക്കുമുണ്ട്. ഏതെങ്കിലും തരത്തിൽ എയർ ലിഫ്റ്റിംഗ് സാധ്യമായില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. രക്ഷാ പ്രവർത്തനങ്ങൾക്കായി തൃശൂരിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കൂടി ഇന്ന് സംഭവ സ്ഥലത്തെത്തിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News