ബ്രസീലിന്റെ കളി കണ്ടോ? ഇതാണ് നൃത്തം, ഇതാണ് കവിത!

തന്ത്രശാലിയായ ഒരു കോച്ച് വിഭാവന ചെയ്യുന്ന കളി മൈതാനത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുക എങ്ങനെയെന്നതിന് ഏറ്റവും കൃത്യമായ ഉത്തരമാണ് ഈ രാത്രിയിൽ ബ്രസീൽ നൽകിയത്.

Update: 2022-11-24 22:13 GMT
Advertising

ആക്രമണ ഫുട്‌ബോൾ മനോഹരമായി കളിപ്പിക്കുന്ന കോച്ചാണെങ്കിലും ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ടിറ്റേ ഇത്രയധികം മുന്നേറ്റനിരക്കാരെ ഉൾപ്പെടുത്തിയതെന്തിനാണെന്നൊരു സംശയം എനിക്കുണ്ടായിരുന്നു; അതും പ്രതിരോധത്തിലെ പ്രധാനികൾ പ്രായം കൂടിയ തിയാഗോ സിൽവയും ഡാനി ആൽവസുമൊക്കെ ആയിരിക്കുമ്പോൾ. എന്നാൽ, ലോകകപ്പ് ഗ്രൂപ്പ് ജിയിൽ തങ്ങളുടെ ഏറ്റവും കടുപ്പമുള്ള എതിരാളികൾക്കെതിരെ ബ്രസീൽ കളിച്ച കളി കണ്ടപ്പോൾ എല്ലാ സന്ദേഹങ്ങളും മാറി. തന്ത്രശാലിയായ ഒരു കോച്ച് വിഭാവന ചെയ്യുന്ന കളി മൈതാനത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുക എങ്ങനെയെന്നതിന് ഏറ്റവും കൃത്യമായ ഉത്തരമാണ് ഈ രാത്രിയിൽ ബ്രസീൽ നൽകിയത്. ഫുട്‌ബോൾ അതിന്റെ മായിക സൗന്ദര്യത്തോടെ കളിക്കാനറിയുന്ന കളിക്കാരുള്ള ഒരു ടീമിനെതിരെ, വിഭവപരിമിതിയും നിയതമായ ആക്രമണതന്ത്രങ്ങളുമുള്ള യൂറോപ്യൻ ടീമിന് എന്തുമാത്രമേ ചെയ്യാനാകൂ എന്ന് സെർബിയ കാണിച്ചു തന്നു.

തൊണ്ണൂറു മിനുട്ടിനെ തന്റെ ഭാവനയ്ക്കനുസരിച്ച് വിഭജിച്ച് ഓരോ ഘട്ടത്തിലും ടീം കളിക്കേണ്ടതെങ്ങനെയെന്നു പദ്ധതിയിടുന്ന കോച്ചാണ് ടിറ്റേ. ആ പദ്ധതി വിജയിക്കുന്ന മത്സരങ്ങളിൽ ഭൂമിയിൽ ഏറ്റവും ആനന്ദകരമായി പന്തുകളിക്കുന്ന ടീമാണ് ബ്രസീൽ. ഇത് അത്തരമൊരു കളിയായിരുന്നു. ഓരോ ഘട്ടത്തിലും പൂർണതയോടെ, മിഡ്ഫീൽഡിന്റെയും പ്രതിരോധത്തിന്റെയും അത്ഭുതാവഹമായ പൊരുത്തത്തോടെ ആക്രമണകാരികളുടെ ഈ കളി അയാൾ തിരക്കഥയെഴുതി സംവിധാനിച്ചു. സെർബിയൻ ഫുട്‌ബോളിന്റെ മിടിപ്പറിയുന്ന ഇതിഹാസ താരമായ അവരുടെ കോച്ച് ദ്രഗാൻ സ്‌റ്റോയ്‌കോവിച്ച് കളിയവസാനിക്കാൻ എത്രയോ സമയം ശേഷിക്കെ കമാന്റിങ് ഏരിയ വിട്ട് തന്റെ ഇരിപ്പിടത്തിലേക്കു മടങ്ങിയത് പരാജയസമ്മതമായിരുന്നില്ല, ടിറ്റേയോടുള്ള ബഹുമാനം കൊണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ബ്രസീലിന്റെ ഇന്നത്തെ കളിയെ മൂന്നു ഘട്ടങ്ങളായാണ് ഞാൻ മനസ്സിലാക്കുന്നത്. പോർച്ചുഗലടങ്ങുന്ന യൂറോ യോഗ്യതാ ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി മുന്നേറിയെത്തിയ സെർബിയയുടെ കളി പഠിക്കുകയും അവരുടെ ശക്തിദൗർബല്യങ്ങൾ പരീക്ഷിച്ച് നിലമറിയുകയും ചെയ്ത ഘട്ടമാണ് ആദ്യം. മത്സരത്തിന്റെ ആദ്യപകുതി ഏറെക്കുറെ മുഴുവനായും അതായിരുന്നു. ലക്ഷ്യത്തിലേക്ക് വെറും നാല് ഷോട്ട് മാത്രമുതിർത്ത, റഫിഞ്ഞ തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഈ ഘട്ടത്തിൽ തുല്യമായ അളവിലെങ്കിലും സെർബിയ പിടിച്ചുനിൽക്കുന്നുണ്ടായിരുന്നു. അവരുടെ ചില വേഗനീക്കങ്ങൾ കളി ബലാബലമാണെന്ന തോന്നലുണ്ടാക്കി.

ഇടവേളയ്ക്കു ശേഷം ഘട്ടം മാറി. ഇടനൽകാത്ത ആക്രമണങ്ങളുമായി തുടരെ വാതിൽമുട്ടുകയും സെർബിയയുടെ ഹാഫിൽ അസ്വസ്ഥ നിമിഷങ്ങൾ സൃഷ്ടിച്ച് ബോക്‌സിൽ പലവിധേന പന്ത് കൊണ്ടെത്തിക്കുകയും ചെയ്യുന്ന രണ്ടാം ഘട്ടത്തിനു വേണ്ടിയാണ് ബ്രസീൽ അപ്പോഴിറങ്ങിയത്. ഗോളടിക്കാനാണ് ബ്രസീൽ കളിക്കുന്നതെന്ന് ഉറപ്പായും മനസ്സിലാക്കാമായിരുന്ന ഈ ഘട്ടത്തിൽ, സെർബിയൻ കീപ്പറുടെ ദാനമായി ഒരു ഗോൾ വരേണ്ടതായിരുന്നു. പക്ഷേ, വീണ്ടും റഫിഞ്ഞക്ക് പിഴച്ചു.

ഫ്രീറോളിൽ റോന്തുചുറ്റിയ നെയ്മർ യൂറോപ്യൻ ടീമിന്റെ മിഡ്ഫീൽഡിനെ പരിഭ്രാന്തരാക്കുകയും, വേഗക്കാരനായ വിനിഷ്യസ് കുതിച്ചുപായുകയും ചെയ്തു കൊണ്ടിരുന്നു. വരാനിരിക്കുന്ന ഗോളിന്റെ സൂചനയുമായി അലക്‌സ് സാൻഡ്രോയുടെ ഒരു ലോങ്‌റേഞ്ചർ പോസ്റ്റിലുരുമ്മി മടങ്ങുകയും ചെയ്തു. വൈകിയില്ല, നിമിഷങ്ങൾക്കുള്ളിൽ ചടുലവും വന്യവുമായ പാദചലനങ്ങളാൽ സെർബിയൻ പ്രതിരോധത്തെ ചിതറിച്ച് നെയ്മർ ആ ഗോൾ സൃഷ്ടിച്ചെടുത്തു. നൃത്തം ചെയ്ത് ബോക്‌സിലെത്തിയ നെയ്മറുടെ കാലിൽ നിന്ന് പന്ത് പിടിച്ചെടുത്തിട്ടെന്ന മാതിരി അറുപത്തി രണ്ടാം മിനുട്ടിൽ വിനിഷ്യസ് നിറയൊഴിച്ചപ്പോൾ ഗോളിക്ക് പണിപ്പെട്ട് തടയാനെങ്കിലും കഴിഞ്ഞു. പക്ഷേ, കൃത്യമായി പൊസിഷൻ ചെയ്ത റിച്ചാർലിസൻ റീബൗണ്ടിൽ പന്ത് വലയിലാക്കുന്നത് തടയാൻ ഡിഫന്റർമാർക്ക് കഴിഞ്ഞില്ല.

ഗോളടിച്ച ബ്രസീൽ, അത് തേടിക്കൊണ്ടിരുന്ന ബ്രസീലിനേക്കാൾ അപകടകാരികളാകുന്നതാണ് പിന്നെ കണ്ടത്. സെർബിയക്കാർ ചിത്രത്തിലില്ലെന്നു തോന്നിച്ചുകൊണ്ട് ഇടതും വലതും മധ്യത്തിലും മഞ്ഞക്കുപ്പായക്കാർ നിറഞ്ഞാടി. എഴുപത്തി മൂന്നാം മിനുട്ടിൽ, ഈ കളിയുടെ തിലകക്കുറിയെന്നു വിശേഷിപ്പിക്കാവുന്ന അസാമാന്യമായ ആ ബൈസിക്കിൾ ഗോൾ വന്നു. സെർബിയക്കാർ വട്ടംകൂടി നിൽക്കുന്ന ടൈറ്റ് സ്‌പേസിൽ പ്രത്യേകമായൊരു കാലനക്കത്തിലൂടെ വിനിഷ്യസ് സ്‌പോട്ടിനു നേരെ പന്തുനീട്ടി. ഒരു ടച്ചിൽ പന്ത് നിയന്ത്രിക്കുകയും മിന്നൽവേഗത്തിൽ വായുവിൽ കിടന്നുതിരിയുകയും ചെയ്ത റിച്ചാർലിസൻ പുറങ്കാൽ കൊണ്ട് കരുത്തനൊരു വോളിയുതിർത്ത് ഈ ലോകകപ്പിലെ ഇതുവരെയുണ്ടായതിൽ വെച്ചേറ്റവും മികച്ച ഗോളടിച്ചു. ലോകകപ്പിനു മുമ്പ്, ടീമിൽ ഇടമുണ്ടാകുമോയെന്ന് സന്ദേഹിച്ചിരുന്ന ഒരു കളിക്കാരന്റെ അത്ഭുതാവഹമായ പ്രകടനം!

അതിനുശേഷമായിരുന്നു മൂന്നാം ഘട്ടം. മൃതപ്രാണനായ എലിയെ പൂച്ച തട്ടിക്കളിക്കും പോലെ സെർബിയയെ ബ്രസീൽ പൂർണമായും അപ്രസക്തമാക്കിയ ഘട്ടം. തന്റെ വേട്ടനായ്ക്കളെ ഒന്നൊന്നായി ടിറ്റേ കെട്ടഴിച്ചു വിട്ടതപ്പോഴാണ്. മധ്യനിരയിൽ അധ്വാനിച്ചു കളിച്ച പാക്വേറ്റക്കു പകരം ഫ്രെഡും വിനിഷ്യസിനു പകരം റോഡ്രിഗോയും റിച്ചാർലിസന് ഹാട്രിക്കിനവസരം നൽകാതെ ഗബ്രിയേൽ ജെസുസും വന്നു. നെയ്മറിന് വിശ്രമം നൽകാനായി ഇടതുഭാഗത്തെ ഡ്രിബ്ലിങ് അറ്റാക്കിങ് റോളിലേക്ക് ആന്റണി വന്നു. ബ്രസീൽ അനായാസം കളിച്ചുണ്ടാക്കുന്ന അവസരങ്ങൾ പ്രാണൻ നൽകി നിഷ്ഫലമാക്കുക എന്നതായിരുന്നു അപ്പോൾ സെർബിയക്കാർക്കുള്ള ആകെ ജോലി. കുറച്ചുകഴിഞ്ഞ് റഫിഞ്ഞക്കു പകരം മാർട്ടിനെല്ലി വന്നപ്പോൾ, ഇടതുവിങ്ങിലെ അതേ മികവോടെ ആന്റണി വലത്തോട്ടു മാറി. ജേസുസ് ക്രോസ് ബാറിനെ വിറപ്പിക്കുകയും റോഡ്രിഗോ പുറത്തേക്കടിക്കുകയും ചെയ്തതടക്കം അവസരങ്ങൾ ബ്രസീൽ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. അധികം വൈകാതെ, സെർബിയക്കാരുടെ ദുരിത ജീവിതത്തിന് അറുതിയായി ഫൈനൽ വിസിലും മുഴങ്ങി.

രണ്ടാം പകുതിയിൽ പാടേ അപ്രത്യക്ഷരായെങ്കിലും ആദ്യപകുതിയിൽ ബ്രസീലിനെ മധ്യനിരയിൽ തളച്ചതിന് സെർബിയക്കൊരു കയ്യടി കൊടുക്കണം. ഇടവേളക്കു ശേഷമുള്ള ഇന്റൻസിറ്റി ആദ്യപകുതിയിൽ കാനറികൾ പുലർത്തിയിരുന്നില്ലെന്നത് സമ്മതിക്കാം. അതിനൊരു പങ്ക്, കൃത്യമായ ഇടപെടലുകളും ചെറുപാസുകളോടെ മുന്നോട്ടുള്ള നീക്കങ്ങളുമായി കളിച്ച സെർബിയൻ മധ്യനിരയ്ക്ക്, പ്രത്യേകിച്ചും മിലിങ്കോവിച്ച് സാവിച്ചിനും ദുസാൻ ടാഡിച്ചിനും, നൽകണം.

കാസമിറോയെ പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ കഴിയില്ല. ഡിഫൻസ് ലൈനിനു തൊട്ടുമുന്നിൽ നിന്ന് കളിയുടെ ചരടുവലിച്ചത് കാസിയാണ്. സെർബിയ ആക്രമണം നടത്താൻ ശ്രമിച്ച ആദ്യപകുതിയിൽ അവ വിഫലമാക്കുന്നതിലും അപൂർവമായ ഒരു ഗോളവസരം നിർവീര്യമാക്കുന്നതിലുമടക്കം ആ ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോൾ അനന്യമായിരുന്നു. തിയാഗോ സിൽവ, അലക്‌സ് സാൻഡ്രോ, പാക്വേറ്റ എന്നിവരുമായും മുന്നിൽ നെയ്മരും വിനിഷ്യസുമായും കണക്ട് ചെയ്തു കളിച്ച കാസമിറോ ബ്രസീലിന്റെ എഞ്ചിൻ റൂമായിരുന്നു. ആ റോളിൽ അയാളില്ലായിരുന്നെങ്കിൽ ഇത്ര മനോഹരമായൊരു കളി നമുക്ക് കാണാൻ കഴിയില്ലായിരുന്നു.

Writer - André

contributor

Editor - André

contributor

By - മുഹമ്മദ് ഷാഫി

News Editor, MediaOne

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി. മീഡിയവണിൽ ന്യൂസ് എഡിറ്റർ.

Similar News