ഹൈലൈൻ ഭേദിക്കുന്നത് ഇതാ ഇങ്ങനെയാണ്; അഥവാ ഒരു ആഫ്രിക്കൻ വീരഗാഥ

അർജന്റീനക്കെതിരെ സൗദി അറേബ്യ കളിച്ച ഹൈലൈൻ ഡിഫൻസ് പാളിപ്പോയിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്നു മനസ്സിലാക്കേണ്ടവർ കാമറൂണിനെതിരെ സെർബിയയ്ക്ക് സംഭവിച്ചത് കാണണം.

Update: 2022-11-28 13:45 GMT
Advertising

അർജന്റീനക്കെതിരെ സൗദി അറേബ്യ കളിച്ച ഹൈലൈൻ ഡിഫൻസ് പാളിപ്പോയിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്നു മനസ്സിലാക്കേണ്ടവർ കാമറൂണിനെതിരെ സെർബിയയ്ക്ക് സംഭവിച്ചത് കാണണം. വിജയിക്കാമായിരുന്നൊരു മത്സരത്തിൽ 3-1 ന് മുന്നിൽ നിന്ന ശേഷം യൂറോപ്യൻ കരുത്തർ സമനില വഴങ്ങിയ, വിൻസെന്റ് അബൂബക്കറിന്റെ ഹൃദയഹാരിയായ ഗോൾ കണ്ട, അവസാന നിമിഷം വരെ ത്രില്ലിങ് ആയൊരു തുറന്ന പോരാട്ടം. ഇരുടീമുകളുടെയും കരുത്തിനൊപ്പം ദൗർബല്യങ്ങൾ കൂടി തുറന്നുകാട്ടപ്പെട്ടു എന്നതായിരുന്നു അതിന്റെ പ്രത്യേകത.

ആദ്യമത്സരത്തിൽ ബ്രസീലിനോട് തോറ്റ സെർബിയയുടെ മുന്നോട്ടുള്ള യാത്രയിൽ ദുർബലരായ ആഫ്രിക്കൻ ടീമിനെതിരായ ജയം പ്രധാനമായിരുന്നു. രണ്ട് മാറ്റങ്ങളോടെ ഇറങ്ങിയ അവർ അതിനനുസരിച്ചു തന്നെയാണ് കളി തുടങ്ങിയതും. പോസ്റ്റ് വിഘാതമായതടക്കം മിത്രോവിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും, ഏതുസമയവും ഗോൾ വന്നേക്കാമെന്ന തോന്നലുണ്ടാക്കിയാണ് സെർബിയ കളിച്ചത്. ഗോളടിക്കാൻ മുന്നിൽ ഒറ്റക്കു കളിച്ച മിത്രോവിച്ചിനെ മാത്രം ഏൽപ്പിക്കുന്നതിനു പകരം മിലിങ്കോവിച്ച് സാവിച്ചും മാക്‌സിമോവിച്ചും ടാഡിച്ചുമടങ്ങുന്ന മധ്യനിരക്കാരും ഭാഗ്യം പരീക്ഷിച്ചു തുടങ്ങി.

എന്നാൽ അര മണിക്കൂറിനോടടുക്കവെ കളിയുടെ ഗതിക്കു വിപരീതമായാണ് ഗോൾ പിറന്നത്. പിയറി കുണ്ടേ ഇടതുഭാഗത്തു നിന്ന് ബോക്‌സിലേക്കു വളച്ചിറക്കിയ കോർണർ കിക്ക് നൂഹു ടോളോയുടെ തലപ്പാകമായിരുന്നു. ടോളോ ബോക്‌സിനു നേരെ വഴിതിരിച്ചുവിട്ട പന്ത് മിലിങ്കോവിച്ച് സാവിച്ചിന്റെ തലയിലുരുമ്മി ഗോൾലൈനിനു നേരെ ചെന്നപ്പോൾ അത് പോസ്റ്റിലേക്ക് തട്ടിയിടാൻ കാസ്റ്റല്ലറ്റോ സർവസ്വതന്ത്രനായിരുന്നു. സെറ്റ്പീസ് ഡിഫന്റ് ചെയ്യുമ്പോഴത്തെ അടിസ്ഥാന പാഠം അവഗണിച്ചതിന് സെർബിയക്കാർക്കു ലഭിച്ച ശിക്ഷ!

നിനച്ചിരിക്കാതെ വന്ന ഗോൾ സെർബിയയെ ഉണർത്തി. അവർ കൂടുതൽ താൽപര്യത്തോടെ കളിക്കാൻ തുടങ്ങിയപ്പോൾ ഫൈനൽ തേഡിൽ പന്തെത്തുന്നത് സ്ഥിരമായി. തുടർച്ചയായ ആക്രമണങ്ങൾക്ക് ഹാഫ്‌ടൈം വിസിൽ മുഴങ്ങുന്നതിനു മുമ്പേ ഫലം കിട്ടുകയും ചെയ്തു; ഒന്നല്ല രണ്ടുതവണ. ടാഡിച്ച് ബോക്‌സിലേക്ക് ഫ്രീകിക്കെടുക്കുമ്പോൾ ഉയരക്കാരനായ പാവ്‌ലോവിച്ചിനെ വേണ്ടവണ്ണം മാർക്ക് ചെയ്യാൻ കാമറൂൺ മിഡ്ഫീൽഡർ ആൻഗ്വിസ്സക്ക് കഴിഞ്ഞില്ല. സെർബിയൻ ഡിഫന്ററുടെ ഫ്രീ ഹെഡ്ഡർ വലയിൽ ചെന്നുവീഴുമ്പോൾ ഗോൾകീപ്പർ നിസ്സഹായനായിരുന്നു.

സ്വന്തം ഹാഫിൽ പൊസഷൻ നഷ്ടപ്പെടുത്തിയതിനാണ് കാമറൂണുകാർക്ക് അടുത്ത ശിക്ഷകിട്ടിയത്. ബോക്‌സിന്റെ അരികിൽ വെച്ച് പന്തുമായി രണ്ട് ഡിഫന്റർമാരെ തന്നിലേക്കാകർഷിച്ച സീക്കോവിച്ച്, ഡി സർക്കിളിനു സമീപം മിലിങ്കോവിച്ച് സാവിച്ചിനെ ഫ്രീയാക്കി. ഫസ്റ്റ് ടച്ചിൽതന്നെ പന്ത് നിയന്ത്രിക്കാനും കണക്കുകൂട്ടി ഇടങ്കാൽ കൊണ്ടൊരു ഷോട്ടു തൊടുക്കാനും മിലിങ്കോവിച്ച് സാവിച്ചിന് ഇഷ്ടംപോലെ സമയം കിട്ടി. രണ്ട് ഡിഫന്റർമാർക്കിടയിലൂടെ ശരവേഗത്തിൽ വന്ന പന്ത് തടുക്കാൻ ഡൈവ് ചെയ്‌തെങ്കിലും കീപ്പർക്ക് കഴിഞ്ഞില്ല.

ഇടവേള കഴിഞ്ഞെത്തി പത്തു മിനുട്ടാവും മുമ്പേ വൺ ടച്ച് പാസുകളുടെ മനോഹരമായ നീക്കങ്ങളോടെ സെർബിയ ലീഡ് വർധിപ്പിക്കുന്നതു കണ്ടു. ഇത്തവണയും കാമറൂൺ നഷ്ടപ്പെടുത്തിയ പന്തിൽനിന്നാണ് സെർബിയ അവസരം സൃഷ്ടിച്ചെടുത്തത്. ബോക്‌സിൽ ഇടതുഭാഗത്തു നിന്ന് കോസ്റ്റിച്ച് മധ്യത്തിലേക്കു നൽകിയ പന്ത് നിയന്ത്രിക്കുന്നതിനോ പോസ്റ്റിലേക്ക് തൊടുക്കുന്നതിനോ പകരം മിലിങ്കോവിച്ച് സാവിച്ച് വലതു ഭാഗത്തേക്ക് തട്ടുകയാണ് ചെയ്തത്. ഓടിക്കയറിയ സീക്കോവിച്ച് ഫസ്റ്റ് ടച്ച് കൊണ്ട് ഡിഫന്ററെ നിരായുധനാക്കുകയും പോസ്റ്റിനു സമാന്തരമായി വരികയും ചെയ്തു. ഗോൾകീപ്പർ മുന്നോട്ടുകയറിയ തക്കത്തിൽ സിക്‌സ് യാർഡ് ബോക്‌സിലേക്ക് സീക്കോവിച്ച് നൽകിയ പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമേ മിത്രോവിച്ചിനുണ്ടായിരുന്നുള്ളൂ.

രണ്ടു ഗോൾ ലീഡുള്ള സെർബിയയ്ക്ക് കളി മധ്യനിരയിൽ തളച്ചും കഠിനമായി ഡിഫന്റ് ചെയ്തും ആ സ്‌കോർ സംരക്ഷിക്കാമായിരുന്നു. എന്നാൽ കൂടുതൽ ഗോൾ കണ്ടെത്താമെന്ന മോഹത്തിലാണ് അവർ തുടർന്നു കളിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങളിൽ ഗോളെണ്ണം നിർണായകമാകുമെന്ന കണക്കുകൂട്ടലിലായിരിക്കണം അത്. സ്വന്തം ഹാഫിൽ വലിയൊരളവോളം സ്ഥലം ഒഴിച്ചിട്ട് എതിർ ഹാഫിൽ കൡകേന്ദ്രീകരിക്കാനുള്ള അവരുടെ തീരുമാനത്തിന്, കാമറൂൺ ലെഫ്റ്റ് ബാക്ക് കാസ്റ്റല്ലറ്റോയും അൽപ്പം മുമ്പുമാത്രം കളത്തിലെത്തിയ വിൻസെന്റ് അബൂബക്കറും ചേർന്നു നടത്തിയൊരു ഗൂഢാലോചന വലിയ തിരിച്ചടിയേൽപ്പിച്ചു. ബോക്‌സിൽ നിന്നു കളക്ട് ചെയ്ത പന്തുമായി സ്വന്തം ഹാഫിന്റെ മധ്യത്തോളം കയറിയപ്പോഴാണ് കാസ്റ്റല്ലറ്റോ രണ്ടു പ്രതിരോധക്കാർക്കിടയിലൂടെ അബൂബക്കർ ഓടിക്കയറുന്നതു കണ്ടത്. ഓഫ്‌സൈഡായേക്കാമായിരുന്ന ആ സാഹചര്യത്തിൽ ഭാഗ്യം പരീക്ഷിക്കാൻ കാസ്റ്റല്ലോ തീരുമാനിച്ചു. വായുവിലൂടെ വളഞ്ഞ് ഡിഫൻസ് ലൈനും കടന്ന് പിച്ച് ചെയ്ത ലോങ് ബോൾ സ്വീകരിച്ച് ബോക്‌സിലേക്കു പാഞ്ഞ അബൂബക്കർ പിന്നിൽ നിന്നു തന്നെ തടയാനെത്തിയ ഡിഫന്ററെ സമർത്ഥമായി വെട്ടിയൊഴിഞ്ഞു. അപ്പോൾ ഗോൾകീപ്പർ തൊട്ടുമുന്നിലുണ്ടായിരുന്നു. അയാളെ വെട്ടിക്കാൻ നോക്കുന്നതിനു പകരം വലങ്കാൽ കൊണ്ട് പന്ത് കോരി ബോക്‌സിലേക്കിടുകയാണ് അബൂബക്കർ ചെയ്തത്. ഗോൾലൈനിനു തൊട്ടുമുമ്പിൽ പിച്ച് ചെയ്ത പന്ത് കുത്തിയുയർന്ന് പോസ്റ്റിന്റെ ഉത്തരമിളക്കി. ലൈൻ റഫറിയും ഗോളടിച്ച താരം തന്നെയും ഓഫ്‌സൈഡെന്നു സന്ദേഹിച്ചെങ്കിലും വാർ ആ ഗോൾ നിലനിൽക്കുമെന്നു വിധിച്ചു.

 

 | വിൻസന്റ് അബൂബക്കറിന്റെ ആദ്യ ഗോൾ |

അതേപിഴവ് സെർബിയൻ പ്രതിരോധം വീണ്ടും ആവർത്തിച്ചതിൽ നിന്നാണ് കാമറൂണിന്റെ അടുത്ത ഗോൾ വന്നത്. ഇത്തവണയും ഹൈലൈൻ പൊട്ടിച്ച് പന്ത് സ്വീകരിച്ചത് അബൂബക്കറാണെങ്കിലും പ്രതിരോധം ഭേദിച്ച പന്ത് മുന്നോട്ടു കളിച്ചത് മിഡ്ഫീൽഡറായിരുന്നു. ഒന്നാം ടച്ചിൽ പന്ത് ബോക്‌സിലേക്ക് വലിച്ചിഴച്ച അബൂബക്കർ രണ്ടാം ടച്ചിൽ സമാന്തരമായി ഓടിക്കയറിയ ചോപ്പോമോട്ടിങ്ങിനു നൽകി. തളികയിൽ കിട്ടിയ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ ചോപ്പോമോട്ടിങ് അതുവരെയുള്ള തന്റെ കഠിനാധ്വാനത്തിന്റെ ഫലം കൊയ്തു.

ലോകകപ്പ് പോലുള്ള വലിയ വേദിയിൽ കളിയെ കൊല്ലേണ്ട സമയത്ത് കൊല്ലാതിരുന്നതാണ് സെർബിയയ്ക്ക് തിരിച്ചടിയായത്. രണ്ടു ഗോൾ ലീഡ് നേടിയപ്പോൾ, പന്ത് ഹോൾഡ് ചെയ്ത് എതിരാളികളെ സ്വന്തം ഹാഫിലേക്ക് ആകർഷിച്ചു വേണമായിരുന്നു അവർ ആക്രമണം പ്ലാൻ ചെയ്യേണ്ടിയിരുന്നത്. കുറഞ്ഞത് ഡിഫന്റർമാരെ സ്വന്തം ബോക്‌സിനു പുറത്ത് വിന്യസിച്ച് ഗോൾമുഖം ശക്തമാക്കുകയെങ്കിലും വേണമായിരുന്നു. പക്ഷേ, അവർ ആഫ്രിക്കക്കാരെ ദുർബലരായിക്കണ്ടു. അതിനു വലിയ, ഒരു പക്ഷേ ലോകകപ്പോളം മൂല്യമുള്ള, വില കൊടുക്കേണ്ടിയും വന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - മുഹമ്മദ് ഷാഫി

News Editor, MediaOne

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി. മീഡിയവണിൽ ന്യൂസ് എഡിറ്റർ.

Similar News