ഒരു ദിനം, ഒരേസമയം; ലോകകപ്പിൽ പിറന്ന രണ്ട് അത്ഭുതങ്ങൾ
വിരസമായി, ചടങ്ങായി അവസാനിക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങൾക്ക് ജീവൻ പകരുകയും ചരിത്രം കുറിക്കുകയും ചെയ്ത തുനീഷ്യക്കും സോക്കറൂസിനും നന്ദി...
സമാന്തരമായി നടക്കുന്ന രണ്ട് മത്സരങ്ങൾക്കിടയിൽ മാറിയും മറിഞ്ഞും സംഭവിക്കാവുന്ന കൗതുകങ്ങളത്രയും സൃഷ്ടിച്ച് ഗ്രൂപ്പ് ഡിയിലെ മത്സരങ്ങൾ അവസാനിച്ചിരിക്കുന്നു. തങ്ങളെ നിസ്സാരമായിക്കണ്ട ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ തുനീഷ്യ അട്ടിമറിച്ചിട്ടപ്പോൾ അവിചാരിതമായി ഡെൻമാർക്കിനെ കീഴടക്കി ഓസ്‌ട്രേലിയ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക്... ഖത്തർ ലോകകപ്പിന്റെ അപ്‌സെറ്റുകളിലേക്ക് രണ്ടെണ്ണം കൂടി...
നേരത്തെ തന്നെ നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്ന ലോകചാമ്പ്യന്മാർ ഗോൾകീപ്പറടക്കം ഒമ്പത് മാറ്റങ്ങളുമായാണ് ഇന്ന് 'ദുർബലരായ' തുനീഷ്യക്കെതിരെ ഇറങ്ങിയത്. രണ്ടാംനിരയെങ്കിലും ലോക ഫുട്‌ബോളിൽ വ്യക്തമായ മേൽവിലാസമുള്ള ഫ്രഞ്ച് സംഘത്തിനെതിരെ അറബ് - ആഫ്രിക്കൻ സംഘം വീരോചിതം പൊരുതി. കളിയുടെ തുടക്കത്തിൽ തന്നെ പന്ത് വലയിലാക്കി തുനീഷ്യ അട്ടിമറിയുടെ സൂചന നൽകിയിരുന്നു. ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി ആ ഗോൾ വിഫലമായ ശേഷവും അവർ കൈമെയ് മറന്നധ്വാനിച്ചു. പന്ത് കാലിലുള്ളപ്പോൾ ചെറുതും രസോൽപ്പാദകവുമായ പാസുകളാൽ അവർ മുന്നേറി. പന്തില്ലാത്തപ്പോഴാവട്ടെ, ചടുലവേഗങ്ങളുള്ള എതിരാളികളെ അവർ സമർത്ഥമായി പ്രതിരോധിച്ചു. കളിയിലുടനീളം മൂന്ന് ഷോട്ടേ പോസ്റ്റിലേക്ക് ഫ്രാൻസിന് തൊടുക്കാനായുള്ളൂ എന്നതിൽ നിന്ന് തുനീഷ്യക്കാർ എങ്ങനെ ഓഫ് ദി ബോൾ രംഗങ്ങൾ കളിച്ചു എന്നു മനസ്സിലാക്കാം.
ഫ്രഞ്ച് ലീഗിൽ കളിക്കുന്ന ഉയരം കുറഞ്ഞ വഹ്ബി ഖസ്‌റി നേടിയ ഗോൾ ആ കളിക്കാരന്റെ മികവിനപ്പുറം ഡ്രിബിൾ ചെയ്യുന്ന കളിക്കാരെ ബോക്‌സിനു സമീപം എങ്ങനെ പ്രതിരോധിക്കരുത് എന്നുള്ളതിന് ഒന്നാംതരം പാഠവുമായിരുന്നു. ഫൊഫാനയെക്കടന്ന് പന്തുമായി കുതിച്ച ഗോൾമുഖത്തേക്കെത്തുമ്പോൾ, ബാക്ക് ട്രാക്ക് ചെയ്യുകയായിരുന്ന ഡിഫന്റർമാരിൽ ഫുൾബാക്ക് റാഫേൽ വറൻ പെട്ടെന്നു നിന്നതാണ് ആ ഗോളവസരം തുറന്നത്. വാതിൽ തുറന്നുതരുന്നതു പോലെ വറാൻ നിന്നുപോയ നിമിഷത്തിലാണ് ഖസ്‌റി ഇടത്തോട്ടു വെട്ടിക്കുന്നതും ദിസാസിയെ കടന്ന് പന്ത് ഗോളിലേക്കയക്കുന്നതും. രണ്ടു ലൈനുകൾക്കിടയിൽ സ്വതന്ത്രനായി പന്തുമായി ഒരു കളിക്കാരൻ ഓടുമ്പോൾ ഗോൾമുഖത്ത് അയാൾ ടാക്കിൾ ചെയ്യപ്പെടുക എന്നതാണ് ഏറ്റവും സ്വാഭാവികമായ കാര്യം. പിന്നിൽവന്ന ഫൊഫാനയും മുന്നിൽ നിന്ന വറാനും അതിനു മുതിർന്നില്ല. ദിസാസിയാണ് ഒരു ശ്രമമെങ്കിലും നടത്തിയത്. ചാടിവീണുള്ള ടാക്ലിങ്ങിൽ ഖസ്‌റിയെ പരിക്കേൽപ്പിക്കാൻ അയാൾക്കു കഴിഞ്ഞെങ്കിലും ആസന്നമായ ആ ഗോൾ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഡിഫൻസ് ലൈൻ പിൻകാലിൽ ചലിക്കുമ്പോൾ ഗോൾകീപ്പർ മൻഡന്റ തന്റെ പൊസിഷനിൽ നിന്നു കയറി സിക്‌സ് യാർഡ് ബോക്‌സിനു പുറത്തു നിൽക്കുകയായിരുന്നു എന്നതും വിചിത്രമായിരുന്നു.
ആ ഗോൾ അലസ മനോഭാവത്തിൽ നിന്നുണരാൻ ഫ്രഞ്ച് കോച്ച് ദെഷാംപ്‌സിനെ നിർബന്ധിതനാക്കി. പക്ഷേ, തന്റെ വജ്രായുധങ്ങളെ ഒന്നൊന്നായി കളത്തിലറക്കി വിട്ടിട്ടും തിരിച്ചടിക്കാൻ അവർക്കു കഴിഞ്ഞില്ല. ഇടതുവിങ്ങിൽ എംബാപ്പെ നടത്തിയ വേഗപ്പാച്ചിലുകൾക്കും നേരെ എതിർവശത്ത് ഉസ്മാൻ ഡെംബലെയുടെ ചടുലതയ്ക്കും വിലങ്ങിടാൻ അറബികൾക്കു കഴിഞ്ഞു. അവസാന നിമിഷം ആന്റോയ്ൻ ഗ്രീസ്മാനടിച്ച ഗോൾ നാടകീയമാംവിധം നിഷേധിക്കപ്പെട്ടത് ഈ കളിയുടെ അർഹതയായിരുന്നു.
ലോകജേതാക്കൾക്കൊപ്പം രണ്ടാം റൗണ്ടിലേക്ക് കടക്കാനായിരുന്നെങ്കിൽ തുനീഷ്യയുടെ ഈ വിജയത്തിന് നൂറിരട്ടി മധുരമുണ്ടായിരുന്നു. പക്ഷേ, മറ്റൊരു അട്ടിമറിയിൽ ഓസ്‌ട്രേലിയ തങ്ങൾക്കർഹിച്ച വിജയം പിടിച്ചെടുക്കുകയും ശക്തരായ ഡെൻമാർക്കിനെ തിരിച്ചയക്കുകയും ചെയ്തു. തുനീഷ്യയുടെ ഖസ്‌റി നേടിയ ഗോളിനും ഓസ്‌ട്രേലിയയുടെ മാത്യു ലക്കി നേടിയ ഗോളിനും സമാനതകളുണ്ട്. രണ്ടും വ്യക്തികളുടെ മുദ്രപതിഞ്ഞ ഗോളുകളായിരുന്നു. ഡ്രിബ്ലിങ് കൊണ്ട് പ്രതിരോധക്കാരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഖസ്‌റിയും ലക്കിയും സ്‌കോർ ചെയ്തത്. ഏതാണ്ടൊരേ സമയത്താണ് രണ്ടു ഗോളും വന്നത്. തുനീഷ്യ ഗോളടിക്കുമ്പോൾ നോക്കൗട്ടിലേക്ക് മുന്നേറാവുന്ന സാധ്യതയിലാണ് അവർ. പക്ഷേ, രണ്ട് മിനുട്ടുകൾക്കുള്ളിൽ 25 കിലോമീറ്റർ അകലെ പിറന്ന ഓസ്‌ട്രേലിയയുടെ ഗോൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചു.
വിരസമായി, ചടങ്ങായി അവസാനിക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങൾക്ക് ജീവൻ പകരുകയും ചരിത്രം കുറിക്കുകയും ചെയ്ത തുനീഷ്യക്കും സോക്കറൂസിനും നന്ദി...