സ്കലോനി, ഇതാണ് ആരാധകർ കാത്തിരിക്കുന്ന അർജന്റീനയുടെ ഫുട്ബോൾ
അർജന്റീന - പോളണ്ട് മത്സരം ഒരിടത്ത് നടക്കുമ്പോൾ മെസ്സിയും ചെസ്‌നിയും തമ്മിൽ മറ്റൊരു മത്സരം കൂടിയുണ്ടായിരുന്നു ഗ്രൗണ്ടിൽ. അത്യധ്വാനം ചെയ്തിട്ടും പലതവണ ഗോൾ ലക്ഷ്യം വെക്കാൻ കഴിഞ്ഞിട്ടും ആ കളിയിൽ ജയിക്കാൻ മെസ്സിക്കു കഴിഞ്ഞില്ല.
അങ്ങനെ ശകുനപ്പിഴകളുടെ ഒന്നാം റൗണ്ടിലെ കല്ലും മുള്ളും താണ്ടി അർജന്റീന ലോകകപ്പ് പ്രീക്വാർട്ടർ ഘട്ടത്തിലെത്തിയിരിക്കുന്നു. വിധി കുറിക്കുന്ന മത്സരത്തിൽ സംശയലേശമില്ലാത്ത അറ്റാക്കിങ് ഫുട്‌ബോൾ കളിച്ചും കളിയുടെ സ്റ്റീയറിങ് വീൽ നിയന്ത്രണത്തിൽ സൂക്ഷിച്ചുമാണീ ജയമെന്നത് എന്നെപ്പോലുള്ള ആരാധകർക്ക് നൽകുന്ന സന്തോഷം ചെറുതല്ല. മെസ്സി ഒരു പെനാൽട്ടി പാഴാക്കുന്നതു കാണുന്നതിൽ സന്തോഷിക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു. പാവം മെക്‌സിക്കോ! അർഹതയുണ്ടായിട്ടും, പോളണ്ടിനേക്കാൾ ചാരുതയുള്ള ഫുട്‌ബോൾ കളിച്ചു ജയിച്ചിട്ടും അവർക്ക് നാട്ടിലേക്കു മടക്കമാണെന്നത് സങ്കടപ്പെടുത്തുന്നു.
ലയണൽ സ്‌കലോനി പ്രഖ്യാപിച്ച പ്ലേയിങ് ഇലവൻ കണ്ടപ്പോഴോർത്തത്, ഇതിനു മുന്നത്തെ മത്സരങ്ങളിൽ കണ്ട അർജന്റീനയുടെ കേളീശൈലിയും ഈ ഫോർമേഷനും തമ്മിൽ ഒത്തുപോകുന്നില്ലല്ലോ എന്നാണ്. കളി തുടങ്ങിയപ്പോൾ ആ തോന്നൽ ശരിയാണെന്നു കാണുകയും ചെയ്തു. മുമ്പത്തെ രണ്ടു കളിയിൽനിന്നും വ്യത്യസ്തമായി കൂടുതൽ ഉണർവും ഔത്സുക്യവുമുള്ള നീക്കങ്ങൾ തുടക്കം മുതൽക്കേ കണ്ടപ്പോൾ മധ്യനിരയിൽ പരിചയസമ്പന്നരായ പരെദെസിനും ഗ്വയ്‌ദോയ്ക്കും പകരം ചെറുപ്പക്കാരനായ എൻസോ ഫെർണാണ്ടസിനെ കൊണ്ടുവന്നതെന്തിനാണെന്നു മനസ്സിലായി. ജയിക്കാൻ ഉദ്ദേശ്യമില്ലെന്ന് തുടക്കത്തിലേ പോളണ്ട് വ്യക്തമാക്കുക കൂടി ചെയ്തതോടെ അർജന്റീന ജയിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് മനഃസംഘർഷമില്ലാതെ കളി കാണാമെന്നായി.
പന്തിനുമേൽ കൂടുതൽ സമയം ചെലവഴിക്കുകയും ക്ഷമാപൂർവമുള്ള നീക്കങ്ങളിൽ പതിയെ ബിൽഡ് ചെയ്യുകയും ചെയ്ത സമീപനമായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെങ്കിൽ ഇന്ന് സ്‌കലോനി ടീമിനോടാവശ്യപ്പെട്ടത് കഴിയുന്നത്ര വേഗത്തിലും ആവർത്തിയിലും ഗോൾമുഖം അറ്റാക്ക് ചെയ്യാനായിരുന്നു. രണ്ടു വിങ് ബാക്കുകൾ കയറിക്കളിച്ചതോടെ അതിനുള്ള ആളെണ്ണം എതിർ ഹാഫിലും ഫൈനൽ തേഡിലുമുണ്ടായി. മധ്യത്തിൽ അൽവാരസും ഇറങ്ങിയും കയറിയും കളിച്ച മെസ്സിയും ആ ഉദ്യമത്തിന്റെ നിർവാഹകരുമായി.
വലതുഭാഗത്ത് ഡിമരിയയുടെ നിറഞ്ഞാട്ടമായിരുന്നു തുടക്കം മുതൽ. ഒരുപക്ഷേ, ആദ്യപകുതിയിലെ മികച്ച കളിക്കാരനും അയാളായിരുന്നു. ഡിമരിയ മെസ്സിയുമായും ഡിപോളുമായും ഓവർലാപ്പ് ചെയ്തുവന്ന മൊളീനയുമായുമെല്ലാം ഇടതടവില്ലാതെ ലിങ്ക് ചെയ്തപ്പോൾ അവിടെ നിന്ന് പോളണ്ടിന്റെ ഗോൾമുഖത്തേക്ക് പന്തുവരാൻ തുടങ്ങി. ഡീപ്പ് മുതൽ ബോക്‌സ് വരെ മെസ്സി സ്വതന്ത്രനായി വിഹരിക്കുന്നതിനനുസരിച്ച് ഡിപോളും എൻസോയും പൊസിഷൻ ചെയ്യുന്ന രീതി കൗതുകമുണർത്തുന്നതായിരുന്നു.
ബോക്‌സിനു ഡയഗണലായി ഇടതുഭാഗത്ത് ചെന്നുപതിക്കുന്ന മെസ്സിയുടെ ക്രോസുകൾ പിടിച്ചെടുക്കുന്നതിൽ അക്യുന വേണ്ടത്ര വിജയിക്കാതായപ്പോൾ ഡി മരിയ കുറച്ചുനേരത്തേക്ക് അവിടേക്കു സ്വിച്ച് ചെയ്തു കളിക്കുന്നതു കണ്ടു. ലെവൻഡവ്‌സ്‌കി ഒഴിച്ച് പോളണ്ടിലെ എല്ലാവരും സ്വന്തം ഏരിയയിൽ തമ്പടിച്ചു നിന്നതിനാൽ അർജന്റീന ഡിഫൻസിന് തലവേദനകളുണ്ടായില്ല. ഇടതുഭാഗത്ത് മക്കലിസ്റ്ററും അക്യൂനയും പന്ത് മുന്നോട്ടു നയിച്ചപ്പോൾ അൽവാരസിന് മിക്കപ്പോഴും ഒരു നമ്പർ 9 പൊസിഷനിൽ കളിക്കാൻ പറ്റി.
ഫാർ പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങിയ, ചെസ്‌നി വിരലുകൾ കൊണ്ട് മറിച്ചിട്ട ഡി മരിയയുടെ കോർണർ കിക്കാണ് ആദ്യപകുതിയിലെ ഓർമയിൽ നിൽക്കുന്ന നിമിഷങ്ങളിലൊന്ന്. ടൈറ്റ് ആംഗിളിൽ നിന്ന് തടുത്തിട്ട മെസ്സിയുടെ ഷോട്ടും തുടരെയുള്ള സേവുകളുമൊക്കെയായി ചെസ്‌നി അഭേദ്യനായി നിന്നു. വിങ്ബാക്കാണെങ്കിലും ഒരു വിങ്ങറെപ്പോലെ കളിച്ച അക്യുന ഒരു റീബൗണ്ടിൽ നിന്നു തൊടുത്ത പൊള്ളുന്നൊരു ഷോട്ട് ഗോളാകാതെ പോയത് അയാളുടെ ഭാഗ്യക്കേടു മാത്രം കൊണ്ടായിരുന്നു. ഡിമരിയയും മക്കലിസ്റ്ററും ചേർന്നു മെനഞ്ഞ നീക്കത്തിൽ നിന്നുള്ള അൽവാരസിന്റെ ഗോൾശ്രമം ഡിഫൻസ് വിഫലമാക്കിയെങ്കിലും പന്തുപിടിച്ച് ഇടതുഭാഗത്ത് ബോക്‌സിൽ കയറിയ മൊളീന തൊടുത്ത ഷോട്ടിന് കരുത്തും ഫ്‌ളൈറ്റും കൃത്യമായിരുന്നു. പക്ഷേ, ആ ഷോട്ട് അർഹിച്ച വളവ് അന്തിമ നിമിഷത്തിൽ കിട്ടിയില്ല.
ഇടതടവില്ലാതെ ആക്രമണം ഒന്നിനു പിന്നാലെ ഒന്നായി അവസരങ്ങളുണ്ടാക്കുന്നതിനിടയിൽ അവിചാരിതമായി അർജന്റീനയ്ക്ക പെനാൽട്ടി കിക്ക് കിട്ടി. മെസ്സിയുടെ കിക്ക് ചെസ്‌നി തടഞ്ഞിട്ടത് നീതിയായിട്ടാണ് തോന്നിയത്.
അൽവാരസിന്റെ പൊള്ളുന്നൊരു ഷോട്ട് ചെസ്‌നി തടുത്തിട്ടപ്പോൾ ഡിപോൾ സ്‌കോറിങ് പൊസിഷനിൽ വന്നെങ്കിലും ഡിപോളിന് ബാലൻസ് കിട്ടാതിരുന്നത് അർജന്റീനയ്ക്ക് സുവർണാവസരം നിഷേധിച്ചു. അർജന്റീനയുടെ ആക്രമണത്തിരമാലകൾ; ഇതിലപ്പുറം ആദ്യപകുതിയെ വിശേഷിപ്പിക്കാനാവില്ലെന്ന് തോന്നുന്നു.
മെസ്സി പിറകിലേക്കിറങ്ങുമ്പോൾ ബോക്‌സ് അറ്റാക്ക് ചെയ്യണമെന്ന് മിഡ്ഫീൽഡർമാർക്ക് ലഭിച്ച നിർദേശത്തിന്റെ സഫലീകരണമായിട്ടാണ് ഇടവേള കഴിഞ്ഞെത്തിയ ഉടനെ പിറന്ന ഗോളിനെ കാണാനായത്. മെസ്സിയെ ശ്രദ്ധിച്ചു നിന്ന ഡിഫന്റർമാർക്കിടയിൽ ഒരൽപം അഡ്വാൻസ്ഡ് ആയി നിന്ന മൊളീനയെ കണ്ടെത്തിയ റൊമേറോ ആയിരുന്നു ആ ഗോളിന്റെ യഥാർത്ഥ സൂത്രധാരൻ. ഡി മരിയയ്ക്ക് കൊടുത്തുവാങ്ങി പന്തുമായി മുന്നോട്ടുകയറിയ മൊളീന ബോക്‌സിലേക്ക് തൊടുത്ത ക്രോസ് മാരകമായിരുന്നു. അതിനു കൃത്യസമയത്ത് മൊളീനയെ റിലീസ് ചെയ്ത ഡി മരിയയ്ക്കും കൊടുക്കണം ക്രെഡിറ്റ്. ബോക്‌സിൽ മക്കലിസ്റ്റർ പന്ത് നിയന്ത്രിക്കുമെന്നും അപ്പോൾ ഇടപെടാമെന്നുമുള്ള കണക്കുകൂട്ടലിലാവണം മൂന്ന് ഡിഫന്റർമാർ അയാൾക്കത്ര ശ്രദ്ധ കൊടുക്കാതിരുന്നത്. തൊട്ടപ്പുറത്ത് രണ്ട് ഡിഫന്റർമാരെ എൻഗേജ് ചെയ്ത് അൽവാരസ് നിൽക്കുന്നുമുണ്ടായിരുന്നു. വേഗതയിൽ വരുന്ന പന്തിൽ ഒരു ഫസ്റ്റ് ടൈം വോളി തൊടുക്കാൻ ശ്രമിക്കുകയാണ് മക്കലിസ്റ്റർ ചെയ്തത്. ഉദ്ദേശിച്ച രീതിയിൽ ബൂട്ടിനെ കണക്ട് ചെയ്തില്ലെങ്കിലും പന്ത് ഡിഫന്റർമാർക്കിടയിലൂടെ ഉരുണ്ട് ചെസ്‌നിക്ക് പിടികൊടുക്കാതെ ഫാർ പോസ്റ്റിൽ ചെന്നുകയറി.
ഗോളിനു പിന്നാലെ, ഇരുഭാഗങ്ങളിലും നന്നായി കളിച്ചുകൊണ്ടിരുന്ന അക്യുനയെയും ഡിമരിയയെയും പിൻവലിച്ച സ്‌കലോനി നയം വ്യക്തമാക്കി. പകരം വന്ന ടാഗ്ലിയാഫിക്കോയും ലിയാന്ദ്രോ പരദെസും കൂടുതൽ ഡിഫൻസീവ് ആയി ചിന്തിക്കുന്ന കളിക്കാരാണ്. ഇവർ വന്നെങ്കിലും കളി പൂർണമായും ഡിഫൻസിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടതില്ല എന്നൊരു നിർദേശം കളിക്കാർക്ക് ലഭിച്ചതായി തോന്നി.
ഇരുപാർശ്വങ്ങളിലേക്കുമായി കളി വികസിപ്പിക്കുകയും തഞ്ചത്തിൽ ബോക്‌സിലേക്ക് വരികയും ചെയ്യുന്ന ബിൽഡപ്പിന്റെ ഭാഗമായിരുന്നു രണ്ടാമത്തെ ഗോൾ. അതിൽ സുപ്രധാനമായൊരു പങ്ക് എൻസോയുടേതായിരുന്നെങ്കിലും സ്‌കലോനി വരുത്തിയ സബ്‌സ്റ്റിറ്റിയൂഷന്റെ പരിണതി എന്നും ആ ഗോളിനെ വിശേഷിപ്പിക്കാം. പരദെസ് ഗ്രൗണ്ടിലെത്തിയതോടെ എൻസോയ്ക്ക് മുന്നോട്ടുകയറി കളിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. വലതുഭാഗത്തു നിന്ന് മക്കലിസ്റ്റർ നൽകിയ പന്ത് പരദെസ് മുന്നോട്ടുനൽകുമ്പോൾ എൻസോ സ്വതന്ത്രനായിരുന്നു. അയാൾ കൂടുതൽ ടച്ചെടുക്കുന്നത് തടയാൻ ഒരു എതിർതാരത്തിന് മുന്നോട്ടു വരേണ്ടിവന്നു. ഒറ്റ സ്പർശത്തിൽ അയാളെ പിന്നിലാക്കിയ എൻസോ രണ്ട് ഡിഫന്റർമാരെ തന്നിലേക്കാകർഷിച്ചു. അതുവരെ തിരക്കിൽപ്പെട്ടു നിന്ന അൽവാരസിനെ പെർഫെക്ട് സിറ്റ്വേഷനിലാണ് എൻസോ ബോക്‌സിൽ കണ്ടെത്തിയത്. അൽവാരസിനാകട്ടെ ബോക്‌സിൽ പന്ത് നിയന്ത്രിക്കാനുള്ള സമയവും സ്ഥലവും ലഭിച്ചു. മുമ്പ് ഒന്നിലേറെ തവണ സമാന സാഹചര്യത്തിൽ ഗോളടിക്കാൻ കഴിയാതിരുന്ന ആ ചെറുപ്പക്കാരന് ഇത്തവണ അത് ഗോളിലെത്തിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
ഇനിയും ഒരു ഗോൾ വഴങ്ങാതിരിക്കുക എന്നതു മാത്രമായിരുന്നു പിന്നീട് പോളണ്ടിനു മുന്നിൽ പിന്നീടുള്ള വഴി. ചെസ്‌നി മാരക ഫോമിലുള്ളപ്പോൾ പലപ്പോഴും പ്രതിരോധത്തിനു പിഴച്ചിട്ടുപോലും അവർക്കതിന് കഴിഞ്ഞു. അർജന്റീന - പോളണ്ട് മത്സരം ഒരിടത്ത് നടക്കുമ്പോൾ മെസ്സിയും ചെസ്‌നിയും തമ്മിൽ മറ്റൊരു മത്സരം കൂടിയുണ്ടായിരുന്നു ഗ്രൗണ്ടിൽ. അത്യധ്വാനം ചെയ്തിട്ടും പലതവണ ഗോൾ ലക്ഷ്യം വെക്കാൻ കഴിഞ്ഞിട്ടും ആ കളിയിൽ ജയിക്കാൻ മെസ്സിക്കു കഴിഞ്ഞില്ല.
സമാന്തരമായി നടക്കുന്ന കളിയിൽ സൗദി കടുത്ത മത്സരമുയർത്തിയത് മെക്‌സിക്കോയ്ക്ക് തിരിച്ചടിയായി. പോയിന്റുകളിലും ഗോൾ കണക്കുകളിലുമെല്ലാം ഒപ്പമായിട്ടും വാങ്ങിയ കാർഡുകളുടെ പേരിലാണ് അവർ ആ സമയത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. ഒരുപക്ഷേ, കളിക്കാരെ ജീവിതകാലം മുഴുവൻ വേട്ടയാടിയേക്കാമായിരുന്ന ആ നിരാശയിൽ നിന്ന് സാലെം അൽ ദവ്‌സരി അവരെ രക്ഷിച്ചു. ഇഞ്ച്വറി ടൈമിൽ ദവ്‌സരി ഗോളടിച്ചപ്പോൾ, കളി ജയിച്ചെങ്കിലും ടൂർണമെന്റ് തോറ്റ്, അഭിമാനത്തോടെ പിൻമടങ്ങാൻ അവർക്കു കഴിഞ്ഞു.