കാനഡയിലെ ആട് ജീവിതങ്ങൾ; ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ
ടോറോണ്ടോയിലെ പ്രശസ്തമായ ഒരു പള്ളിയാണ് ടോറോണ്ടോ കത്തീഡ്രൽ
ടോറോണ്ടോയിലെ പ്രശസ്തമായ ഒരു പള്ളിയാണ് ടോറോണ്ടോ കത്തീഡ്രൽ. അതിന്‍റെ മേലധികാരി ടോറോണ്ടോ ആർച്ച് ബിഷപ്പായ കർദിനാൾ ആണ്. അവിടെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഒരു വൈദികൻ മലയാളിയാണ്. അദ്ദേഹത്തിന്‍റെ കൂടെ പള്ളി സന്ദർശിച്ചപ്പോൾ ഞാൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി ഓഫീസറെ നന്നായി ശ്രദ്ധിച്ചു. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഒരു ഹിന്ദി സിനിമ നടനെ തോൽപ്പിക്കാനുള്ള സൗന്ദര്യമുണ്ട്. കറുത്ത സെക്യൂരിറ്റി ഡ്രസ്സിനുളിൽ അയാൾ നന്നായി ശോഭിച്ചു. ഈ വൈദികൻ എന്നോട് പറഞ്ഞു. ഇറാനിൽ നിന്നുള്ള ഒരു ഡോക്ടറാണ് അയാൾ. വളരെ കഷ്ടമാണ് അയാളുടെ കാര്യം. അഞ്ചു വർഷമായി ഇവിടെ റസിഡൻസി( മെഡിക്കൽ തുടർ പഠനത്തിനുള്ള അവസരം). കിട്ടാതെ വലയുകയാണ്.
ഇതിന് ഒരാഴ്ച മുൻപ് ഏതാണ്ട് 25 കൊല്ലം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംഡി പാസായ ഒരു ചേച്ചിയെ കണ്ടിരുന്നു. അവർ ഇപ്പോൾ നല്ല നിലയിലാണ് ജീവിക്കുന്നത്. പക്ഷേ ഇൻഷുറൻസ് ഏജന്റെ ആണെന്ന് മാത്രം. അവരും എന്നോട് അവരുടെ കണ്ണുനീരിന്‍റെ കഥ പറഞ്ഞിരുന്നു. ടാക്സി ഓടിക്കുന്ന ഡോക്ടർമാരെയും ചാട്ടെഡ് അക്കൗണ്ടന്‍റുമാരെയും ഫിസിയോതെറാപ്പിസ്റ്റ്റ്റുകളെയും പലരെയും പിന്നീട് കാനഡയിൽ കണ്ടിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ഒരു ഓണം കേറാമൂലയിലെ, ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കിൽ റിസപ്ഷനിസ്റ്റ്+ ക്ലറിക്കൽ വർക്കും ഒക്കെ ചെയ്യാൻ ഉള്ള ഒരു ജോലി നിങ്ങൾക്കു മുമ്പിൽ വരുന്നു. മാസം 20000 രൂപ ശമ്പളം .പക്ഷേ ഈ ജോലിക്ക് ഒരു നിബന്ധനയുണ്ട് .നിങ്ങൾ ഈ ജോലി ചെയ്യുവാൻ വേണ്ടിയിട്ട് ഒരു വർഷം കോളേജിൽ പോയി പഠിക്കണം .ഫീസ് വെറും ഏഴര ലക്ഷം രൂപ. ഒരു മാസത്തെ ട്രെയിനിങ് കൊണ്ടു പഠിക്കാവുന്ന കാര്യത്തിന് ആണേ ഈ ആചാരം ഒക്കെ.മറ്റൊരു ജോലി പറയാം. സാമാന്യം തരക്കേടില്ലാത്ത ഒരു മെഡിക്കൽ സ്റ്റോർ. അവിടെ ഫാർമസിസ്റ്റ് ആയിട്ട് നിൽക്കണമെങ്കിൽ സർക്കാർ അംഗീകരിച്ച ബിഫാം വേണം. ലൈസൻസും വേണം. അത് നമുക്ക് വേണ്ട. പക്ഷേ മരുന്ന് എടുത്തുകൊടുക്കുന്ന ജോലിക്ക് ആളെ വേണം. ശമ്പളം 15000 രൂപ. പക്ഷേ ഇത് നിങ്ങൾ ഒരുവർഷം പോയി പഠിക്കണം. ഫീസ് മുമ്പ് പറഞ്ഞ ഏതാണ്ട് ഏഴ് ലക്ഷം രൂപ വരും.
കാനഡയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇയ്യാം പാറ്റകളെപ്പോലെ ചെന്നുപെടുന്ന രണ്ട് കോഴ്സുകളുടെ കാര്യമാണ് മേൽപ്പറഞ്ഞത്. നാട്ടിൽ നിന്ന് വന്നു പഠിക്കുന്ന ആൾക്ക് ഏതാണ്ട് 35 മുതൽ 40 ലക്ഷം രൂപ വരെ എല്ലാം കൂടെ ചെലവുവരും. ഒരു വ്യക്തിയെ അടുത്തിടെ പരിചയപ്പെട്ടു. മണിപ്പാൽ സർവകലാശാലയിൽനിന്ന് ഫാർമസിയിൽ ഡോക്ടറേറ്റ് ഉള്ള വ്യക്തിയാണ് .പക്ഷേ കാനഡ മോഹം തലയ്ക്കു കയറിയപ്പോൾ അയാൾ മെഡിക്കൽ ഓഫീസ് അസിസ്റ്റന്‍റ് എന്ന കോഴ്സ് ആണ് പഠിക്കുന്നത്. എന്നെങ്കിലും ഫാർമസി ലൈസൻസ് പരീക്ഷ പാസായി ഒരു ഫാർമസിസ്റ്റ് ആകാം എന്നുള്ള മോഹത്തോടെ. പക്ഷേ ഒരു നല്ല ജോലി കിട്ടുന്നത് വരെ കിട്ടുമെന്ന് (യാതൊരു ഉറപ്പുമില്ല എന്നുകൂടി ഓർക്കണം) അവർ ജീവിക്കേണ്ടത് പാറ്റയും എലിയും മൂട്ടയും വിളയാടുന്ന, ദുർഗന്ധം വമിക്കുന്ന ഒറ്റമുറി അപ്പാർട്ട്മെന്‍റിലാണ്.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് താമസിക്കാൻ അവസരം കിട്ടിയാൽ നിങ്ങൾ പോകുമോ? തീർച്ചയായും പോകും എന്നായിരിക്കും പറയുന്നത് .പക്ഷേ ഒരു വ്യവസ്ഥ ഉണ്ട് .അവിടെ നിങ്ങൾ ഒരു ചെറ്റക്കുടിലിൽ താമസിക്കണം .നിങ്ങൾ അവിടെ ഏറ്റവും പരമ ദരിദ്രനെ പോലെ ജീവിക്കണം. എന്താ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?ജോൺ മിൽട്ടന്‍റെ പാരഡൈസ് ലോസ്റ്റ് എന്ന പുസ്തകത്തിലെ ഒരു വാക്യമുണ്ട്. സ്വർഗത്തിൽ ദാസ്യവൃത്തി ചെയ്യുന്നതിനേക്കാൾ നല്ലത് നരകത്തിൽ രാജാവായി വാഴുന്നത് ആണെന്ന്. പക്ഷേ നമ്മുടെ ആൾക്കാർക്ക് എങ്ങനെയെങ്കിലും ഇന്ത്യ വിട്ടാൽ മതി എന്നുള്ള ഭ്രാന്തമായ ചിന്ത മാത്രമാണ്.
ഏതാണ്ട് 20 കൊല്ലം മുമ്പ് ഔട്ട്‌ലുക്ക് മാഗസിനിൽ വന്ന ഒരു ഞെട്ടിക്കുന്ന ലേഖനം ഉണ്ടായിരുന്നു. ഫ്രാൻസിലെ റെഫ്യൂജി ക്യാമ്പുകളെ പറ്റിയുള്ള ഞെട്ടിക്കുന്ന കഥകൾ .പഞ്ചാബിലെ കോടീശ്വരന്മാരായ ആൾക്കാർ പോലും ഫ്രാൻസ് എന്ന ലോകത്ത് ജീവിക്കാൻ വേണ്ടി മാത്രം അഭയാർത്ഥി വിസ എടുത്തു അവിടെ പോയി നരകജീവിതം നയിക്കുന്ന കഥ. കാനഡ ലോകത്തിലെ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നുതന്നെയാണ്. അവിടെ നല്ല ബിസിനസ് ഉള്ളവർക്കും നല്ല ജോലി ഉള്ളവർക്കും ഒക്കെ സ്വർഗം തന്നെയാണ് . കഷ്ടപ്പെട്ട് ജോലിക്ക് കയറുന്ന നല്ലനിലയിൽ എത്തുന്ന ആൾക്കാർ ഉണ്ടുതാനും. പക്ഷേ സർവൈവൽഷിപ് ബയസ് എന്നു പറഞ്ഞ ഒരു മനശാസ്ത്ര പ്രതിഭാസമുണ്ട്. നമ്മൾ ജീവിതത്തിൽ വിജയം കണ്ടെത്തിയവരുടെ കഥകൾ മാത്രമേ പറയുന്നുള്ളൂ. അവർക്ക് മാത്രമേ കഥകൾ ഉള്ളൂ. ലക്ഷക്കണക്കിനു ആൾക്കാർ വൻ പരാജയത്തിലേക്ക് നീങ്ങുമ്പോൾ ആയിരിക്കും 100 പേർ ജയിച്ചു വരുന്നത്. കാനഡയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നല്ലനിലയിൽ എത്തുന്ന ഒരുപാട് ആളുകൾ ഉണ്ടെങ്കിലും, പരാജയപ്പെട്ടവരുടെ ,നരകയാതന അനുഭവിക്കുന്നവർ അതിലും ഒരുപാട് കൂടുതലാണ്.അവർ പോലും അവരുടെ കഥകൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അസ്തിത്വം ഉള്ളവർക്കേ കഥകളും ഉള്ളൂ.
എന്‍റെ ഒരു സുഹൃത്ത് കാനഡയിൽ അടുത്തിടെ ഒരു റോൾസ് റോയ്സ് ഫാന്‍റം കാർ വാങ്ങിയിരുന്നു. പക്ഷേ അത് നോക്കിയിട്ട് ഇതാണ് കാനഡ എന്ന് പറഞ്ഞു ഒരുപാട് പേർ യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ഇട്ടു മത്സരിച്ചു. നമ്മൾ ദരിദ്രനായി ജനിക്കുകയും ദരിദ്രനായി ജീവിക്കുകയും ദരിദ്രനായി മരിക്കുകയും ചെയ്യുന്നത് ഒരുപക്ഷേ നമ്മുടെ കൈകളിൽ നിൽക്കുന്ന കാര്യമായിരിക്കില്ല. എന്നാൽ നല്ല വിദ്യാഭ്യാസവും നല്ല ജീവിത സാഹചര്യങ്ങളും എല്ലാം മറന്നിട്ട്,അത് ഉപേക്ഷിച്ചിട്ട് കാനഡയിൽ വന്നു, ഒന്നാം ക്ലാസ് കമ്പാർട്ട്മെന്‍റിലെ മൂന്നാം ക്ലാസ് യാത്രക്കാരായി ജീവിക്കേണ്ടി വരുന്നവരുടെയും തെരുവിലയുന്ന യാചകരുടെയും ആരും പറയാൻ ആഗ്രഹിക്കാത്ത ഒരുപാട് കഥകൾ "ഡിജിറ്റൽ നാഗവല്ലിമാർ" എന്ന പുസ്തകത്തിൽ ഉണ്ട്.
ദാരിദ്ര്യവും പട്ടിണിയും മോശമായ ജീവിതസാഹചര്യങ്ങളും ആരും ആഗ്രഹിക്കുന്നില്ല, ആരും അർഹിക്കുന്നുമില്ല.പക്ഷേ ലക്ഷങ്ങൾ മുടക്കി ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും നല്ല ജീവിതസാഹചര്യങ്ങളിൽ നിന്നും ഒരു മൂഢ സ്വർഗത്തിൽ പോയി ആടുജീവിതം നയിക്കുന്നത് എന്തിനുവേണ്ടി?