യഹ്‌യ സിൻവർ: ഇസ്രായേലിന്റെ ബദ്ധശത്രു, ഹമാസിലെ കർക്കശക്കാരൻ
ഇസ്രായേൽ നടത്തുന്ന കൊടിയ മനുഷ്യക്കുരിതിയിൽ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് യഹ്‍യ സിൻവർ തന്നെയായിരിക്കും; അതിനു കാരണവുമുണ്ട്...
ഇസ്രായേലിന്റെ സൈനിക, ഇന്റലിജൻസ് ശേഷിയെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കി ഹമാസ് നടത്തിയ "അൽ അഖ്സ കൊടുങ്കാറ്റി'നു പിന്നാലെ, ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ ആദ്യം ലക്ഷ്യം വെച്ചത് 61-കാരനായ യഹ്‍യ സിൻവറിന്റെ ഖാൻ യൂനുസിലുള്ള വസതിയായിരുന്നു. സിൻവറിന്റെ വീട് നിലംപരിശാക്കിയതിനു പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പ്രചരിച്ചുവെങ്കിലും ഇസ്രായേലും ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രായേലിനെ നാണം കെടുത്തി ഹമാസിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ, സയണിസ്റ്റ് രാജ്യവും സൈന്യവും യഹ്‍യ സിൻവറിനെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിൽ അസ്വാഭാവികതയില്ല. കാരണം, 2017 മുതൽ ഗസ്സയിലെ ഹമാസിന്റെ തലപ്പത്തുള്ള അദ്ദേഹമാണ് ഹമാസ് എന്ന താരതമ്യേന ദുർബലമായ സംഘത്തെ ഇസ്രായേലിന്റെ ആത്മവിശ്വാസം തകർക്കുന്ന വിധത്തിൽ സജ്ജമാക്കിയത്.
അഭയാർത്ഥി ക്യാമ്പിൽ ജനിക്കുകയും മിസൈലുകൾക്കും ബോംബുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ ജീവിക്കുകയും ചെയ്ത സിൻവർ ഇസ്രായേലിന്റെ ബദ്ധശത്രുവായി മാറിയതിൽ ആത്ഭുതമില്ല. ഫലസ്തീനു മേലുള്ള സയണിസ്റ്റ് രാജ്യത്തിന്റെ അധിനിവേശം ചെറുക്കാൻ സായുധ പോരാട്ടമല്ലാതെ മാർഗമില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അദ്ദേഹം ഹമാസിന്റെ സൈനിക നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്. തങ്ങളുടെ സൈനിക, ഇന്റലിജൻസ് ശേഷിയെ കളിപ്പാട്ടം പോലെ നിസ്സാരമാക്കി ഹമാസ് നടത്തിയ ഒക്ടോബർ ഏഴിലെ 'അഖ്സ കൊടുങ്കാറ്റ്' എന്ന ആക്രമണ പരമ്പരയ്ക്കു പിന്നിൽ സിൻവറിന്റെ ബുദ്ധിയും നായകശേഷിയുമാണെന്ന് ഇസ്രായേൽ മനസ്സിലാക്കുന്നത്.
ഹമാസിന്റെ മൂന്ന് ഘടകങ്ങളിൽ ഏറ്റവും ശക്തമായ ഗസ്സ ഘടകത്തിന്റെ തലവനായി 2017-ൽ തെരഞ്ഞെടുക്കപ്പെട്ട യഹ്‌യ സിൻവർ, തന്റെ ജീവിതത്തിലുടനീളം ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു. 22 വർഷത്തോളം ഇസ്രായേൽ തടവറയിൽ ചെലവഴിക്കേണ്ടി വന്ന അദ്ദേഹം മോചനത്തിനു ശേഷം കൂടുതൽ കരുത്തനായി മാറുകയാണുണ്ടായത്. 2018-ൽ ഇസ്രായേലിന്റെ ഉപരോധം ഭേദിക്കാൻ ഗസ്സ ജനതയെ പ്രേരിപ്പിച്ചു കൊണ്ട് അദ്ദേഹം നടത്തിയ 'നിന്ദ്യരും അടിച്ചമർത്തപ്പെട്ടവരുമായി മരിക്കുന്നതിനേക്കാൾ ഭേദമായി നമ്മൾ കരുതുന്നത് പോരാടി രക്തസാക്ഷികളാവുകയാണ്. നാം മരിക്കാൻ ഒരുക്കമാണ്, നമുക്കൊപ്പം ആയിരങ്ങളും മരിക്കും...' എന്ന പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ, സമര ജീവിതത്തിന്റെ നേർ വിവർത്തനമാണ്.
1962-ൽ ഖാൻ യൂനുസിലെ അഭയാർത്ഥി ക്യാമ്പിൽ ജനിച്ച സിൻവർ കൗമാര പ്രായത്തിൽ തന്നെ വിമോചന പോരാട്ടങ്ങളിൽ സജീവമായിരുന്നു. ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിൽ പങ്കാളിയായതിന്റെ പേരിൽ 1982-ലും 1985-ലും ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് മോചിതനായി. വിമോചന പ്രസ്ഥാനത്തിലെ ഇസ്രായേൽ ചാരന്മാരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച 'മുനസ്സമാത്ത് അൽ ജിഹാദ് വദ്ദഅ്‌വാ' (മജ്ദ്) എന്ന സംഘത്തിന്റെ സ്ഥാപക നേതാവായിരുന്നു.
1988-ൽ രണ്ട് ഇസ്രായേൽ സൈനികരെയും ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയ നാല് ഫലസ്തീനികളെയും കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്നാരോപിച്ച് സിൻവറിനെ ഇസ്രായേൽ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഹമാസ് പിടികൂടിയ തങ്ങളുടെ സൈനികൻ ഗിലാദ് ഷലിത്തിനെ മോചിപ്പിക്കുന്നതിനു പകരമായി 2011-ൽ ഇസ്രായേൽ വിട്ടയച്ച 1027 ഫലസ്തീനികളിലൊരാളായിരുന്നു അദ്ദേഹം.
2017-ൽ ഇസ്മായിൽ ഹനിയ്യയിൽ നിന്ന് ഗസ്സ മുനമ്പിലെ ഹമാസിന്റെ നേതൃത്വം ഏറ്റെടുത്ത സിൻവർ, റാമല്ലയിലുള്ള ഫലസ്തീൻ അതോറിറ്റിയുമായി ഏതെങ്കിലും വിധത്തിൽ അധികാരം പങ്കിടാൻ വിസമ്മതിച്ചു കൊണ്ടുള്ള നിലപാടാണ് കൈക്കൊണ്ടത്. ഇസ്രായേലുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം ഇസ്രായേൽ സൈനികരെ ജീവനോടെ പിടികൂടാൻ ഹമാസ് പോരാളികളോട് ആഹ്വാനം ചെയ്തു.
ഗസ്സയിലെ ഹമാസ് തലവനായി 2021-ൽ വീണ്ടം തെരഞ്ഞെടുക്കപ്പെട്ട സിൻവറിനെ കൊലപ്പെടുത്തുന്നതിനായി ഇസ്രായേൽ, ഖാൻ യൂനുസിലുള്ള അദ്ദേഹത്തിന്റെ വസതിക്കു മേൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ നാലു തവണ പൊതുപരിപാടികളിൽ പങ്കെടുക്കുകയും മെയ് 27-ന് പത്രസമ്മേളനം നടത്തുകയും ചെയ്ത അദ്ദേഹം ഇസ്രായേലിനെ കൂടുതൽ പ്രകോപിപ്പിച്ചു. പത്രസമ്മേളനത്തിനു ശേഷം താൻ കാൽനടയായി വീട്ടിലേക്ക് പോവുകയാണെന്നും ധൈര്യമുണ്ടെങ്കിൽ തന്നെ കൊലപ്പെടുത്തൂ എന്നും അദ്ദേഹം ഇസ്രായേൽ പ്രതിരോധമന്ത്രിയെ വെല്ലുവിളിച്ചു. ഗസ്സയിലെ തെരുവുകളിൽ അനുയായികൾക്കൊപ്പം ചുറ്റിക്കറങ്ങുകയും പൊതുജനങ്ങൾക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്.
ഗസ്സയെയും അവിടുത്തെ 20 ലക്ഷത്തിലേറെയുള്ള മനുഷ്യരെയും ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ നടത്തുന്ന ഈ അക്രമ പരമ്പരയിൽ യഹ്‍യ സിൻവറും ചരിത്രത്തിന്റെ ഭാഗമായേക്കാം. അതുറപ്പാക്കാൻ ഇസ്രായേൽ സൈന്യം ഏതറ്റവും പോകുമെന്നതുറപ്പ്. പാശ്ചാത്യ ലോകത്തിന്റെ സർവാത്മനായുള്ള പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഈ കൊടിയ മനുഷ്യക്കുരുതിയെ യഹ്‍യ സിൻവർ അതിജീവിക്കുകയാണെങ്കിൽ, ഫലസ്തീൻറെ അതിജീവന പോരാട്ടം പുതിയ തലങ്ങളിലേക്ക് ഉയരുകയേയുള്ളൂ...