ക്യാപ്റ്റന്‍ ഖാര്‍ഗെ; കോൺഗ്രസിന് ഇനി പുതിയ നായകന്‍

7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു

Update: 2022-10-19 09:11 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 24 വർഷത്തിനുശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിന് പുതിയ നായകൻ. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി കർണാടകയിൽനിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ട് നേടിയാണ് ഖാർഗെയുടെ വിജയം. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു.

തിങ്കളാഴ്ചയായിരുന്നു ചരിത്രപരമായ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. 9,915 പ്രതിനിധികളിൽ 9,497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. വോട്ടെടുപ്പില്‍ 416 വോട്ട് അസാധുവായി.

പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഖാര്‍ഗെയെ വസതിയിലെത്തി ശശി തരൂര്‍ അഭിനന്ദിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് ഇന്നു തുടക്കമായിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, പോളിങ്ങിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് തരൂർ വിഭാഗം തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രിക്ക് പരാതി നൽകിയിരുന്നു.  കള്ളവോട്ട് നടന്നെന്നും യു.പിയിലെ വോട്ട് പ്രത്യേകം എണ്ണണമെന്നും ശശി തരൂർ പരാതി ഉന്നയിച്ചിരുന്നു. എന്നാല്, ഈ പരാതി തെരഞ്ഞെടുപ്പ് കമ്മിറ്റി തള്ളി. യു.പിയിലെ വോട്ട് ഒരുമിച്ച് എണ്ണുമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി അറിയിക്കുകയായിരുന്നു.

Summary: Mallikarjun Kharge is elected as the new Congress president in a landslide win

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News