അല്‍-ഖറവിയ്യീന്റെ പ്രൗഢി; ഫാത്തിമയുടെ ദീര്‍ഘവീക്ഷണം
എ.ഡി 859- ല്‍ ആണ് അല്‍-ഖറവിയ്യീന് തറക്കല്ലിടുന്നത്. തന്റെ പ്രിയപ്പെട്ട ജന്മനാടിന്റെ പേരിന്റെ ഗൃഹാതുരത്തത്തിലാണ് ഫാത്തിമ, സര്‍വ്വകലാശാലക്കും പേര് നല്‍കിയത്.
മൊറോക്കോയിലെ ഫെസ് (Fez) നഗരത്തില്‍ പ്രൗഢിയോടെ നിലനില്‍ക്കുന്ന ഒരു സര്‍വകലാശാലയാണ് അല്‍-ഖറവിയ്യീന്‍. ആ പ്രൗഢിക്ക് പിന്നിലൊരു ചരിത്രമുണ്ട്. ഇന്നും നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ സര്‍വകലാശാലയാണ് അല്‍-ഖറവിയ്യീന്‍. ഒരു ആരാധനാലയമായും വിദ്യാഭ്യാസ സ്ഥാപനമായുമാണ് എ.ഡി 859 ല്‍ സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത്. വടക്കേ ആഫ്രിക്കയില്‍, ഒമ്പതാം നൂറ്റാണ്ടില്‍, ഈ സര്‍വകലാശാലക്ക് അടിത്തറ പാകുന്നത് ഒരു മഹിളയാണ്, ഫാത്തിമ ബിന്‍ത് മുഹമ്മദ് അല്‍-ഫിഹരിയാ.
അതിവിശാലമായ ഗ്രന്ഥശേഖരവും പണ്ഡിതന്മാരെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നു. ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രാചീനമായ സര്‍വ്വകലാശാലയായി യുനെസ്‌കോയും ഗിന്നസ് ലോക റെക്കോര്‍ഡും അല്‍-ഖറവിയ്യീനെ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാല സ്ഥാപിക്കപ്പെട്ട് രണ്ട് നൂറ്റാണ്ടിനു ശേഷം മാത്രമാണ് പാശ്ചാത്യ ലോകത്തെ പ്രസിദ്ധ സര്‍വ്വകലാശാലകളായ യൂണിവേഴ്‌സിറ്റി ഓഫ് ബൊളോഗ്നയും (University of Bologna), ഓസ്ഫോര്‍ഡും ഒക്കെ സ്ഥാപിക്കപ്പെടുന്നത്.
എ.ഡി 800 ല്‍, തുനീഷ്യയിലെ ഖൈറവാനിലെ ഒരു ധനിക കച്ചവടക്കാരന്‍ ആയിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അല്‍-ഫിഹ്രിയുടെ മകളായാണ് ഫാത്തിമ അല്‍-ഫിഹ്രി ജനിക്കുന്നത്. ഇവരുടെ കുടുംബം പിന്നീട് മോറോക്കോയിലെ ഫെസ് (Fez) നഗരത്തിലേക്ക് കുടിയേറി. പിതാവിന്റെയും ഭര്‍ത്താവിന്റെയും മരണത്തോടെ ബൃഹത്തായ അനന്തരാവകാശ സ്വത്തിന്റെ കൈകാര്യ അവകാശം ഫാത്തിമയില്‍ വന്നു ചേര്‍ന്നു. ഫെസ് നഗരത്തിലെ അനുദിനം വളരുന്ന മുസ്‌ലിം വിശ്വാസി സമൂഹത്തിനു ആരാധനയ്ക്കായി കൂടുതല്‍ സൗകര്യമുള്ള ഇടം വേണമെന്ന ചിന്തയിലാണ് എ.ഡി 859-ാം വര്‍ഷം ഒരു റമദാന്‍ മാസത്തില്‍ അവര്‍ അല്‍-ഖറവിയ്യീന് തറക്കല്ലിടുന്നത്. തന്റെ പ്രിയപ്പെട്ട ജന്മനാടിന്റെ പേരിന്റെ ഗൃഹാതുരത്തത്തിലാണ് ഫാത്തിമ സര്‍വ്വകലാശാലക്കും പേര് നല്‍കിയത്
വ്യത്യസ്ത മേഖലകളില്‍ നിന്നുമുള്ള പണ്ഡിതര്‍ പങ്കെടുക്കുന്ന ചര്‍ച്ചാ-പഠന സദസ്സുകള്‍ അവിടെ സംഘടിപ്പിക്കപ്പെട്ടു. പത്താം നൂറ്റാണ്ടോടെ തന്നെ വടക്കന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയൊരു അറബ് സര്‍വ്വകലാശാലയായി അല്‍-ഖറവിയ്യീന്‍ മാറി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടീച്ചിങ് ചെയറുകള്‍ സ്ഥാപിക്കപ്പെട്ടു. അതിവിശാലമായ ഗ്രന്ഥശേഖരവും പണ്ഡിതന്മാരെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നു. ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രാചീനമായ സര്‍വ്വകലാശാലയായി യുനെസ്‌കോയും ഗിന്നസ് ലോക റെക്കോര്‍ഡും അല്‍-ഖറവിയ്യീനെ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാല സ്ഥാപിക്കപ്പെട്ട് രണ്ട് നൂറ്റാണ്ടിനു ശേഷം മാത്രമാണ് പാശ്ചാത്യ ലോകത്തെ പ്രസിദ്ധ സര്‍വ്വകലാശാലകളായ യൂണിവേഴ്‌സിറ്റി ഓഫ് ബൊളോഗ്നയും (University of Bologna), ഓസ്ഫോര്‍ഡും ഒക്കെ സ്ഥാപിക്കപ്പെടുന്നത്
ആദ്യകാലത്ത് ഇസ്ലാമിക ദൈവശാസ്ത്രം (Islamic Theology and Law) മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് കാവ്യകല (Poetry), തത്വശാത്രം (Philoosphy), തര്‍ക്കശാത്രം (Logic), വാഗ്പാടവശാസ്ത്രം (Rhetoric), വ്യാകരണം (Grammar), ഭൂമിശാസ്ത്രം (Geography), ഗണിതശാസ്ത്രം (Mathematics) തുടങ്ങിയ മേഖലകളിലുള്ള പഠന പ്രവര്‍ത്തനങ്ങളും അവിടെ സജീവമായി. തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ബൃഹത്തായ സംഭാവനകള്‍ നല്‍കിയ ബഹുമുഖ പ്രതിഭ ഇബ്ന്‍ റുശ്ദ് (പാശ്ചാത്യ ലോകത്ത് 'അവറോസ്' എന്നാണ് അറിയപ്പെടുന്നത്), സാമൂഹ്യശാസ്ത്രം, ചരിത്രം, തത്വജ്ഞാനം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇബ്ന്‍ ഖല്‍ദൂന്‍, ഭൗമശാസ്ത്രജ്ഞന്‍ ഹസ്സന്‍ അല്‍-വസന്‍, സൂഫി കവി ഇബ്ന്‍ ഹസ്മ് തുടങ്ങി അനേകം പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ അനിഷേധ്യമായ പങ്ക് അല്‍-ഖറവിയ്യീനുണ്ട്. മുസ്‌ലിം പണ്ഡിതരെക്കൂടാതെ, അനേകം ജൂത, ക്രിസ്ത്യന്‍ പണ്ഡിതന്മാരും ഇവിടെ വിദ്യ അഭ്യസിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ജൂത തത്വചിന്തകന്‍ മൈമോണിഡെസ് (Maimonides), അറബ് അക്കങ്ങള്‍ (Numerals) പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിയ പോപ്പ് സില്‍വിസ്റ്റര്‍ 3 (ഗെര്‍ബെര്‍ട് ഓരിലക് / Gerbert Aurillac) തുടങ്ങിയ പ്രതിഭകള്‍ ഉദാഹരണങ്ങളാണ്
ഇന്നും സജീവമായി നിലനില്‍ക്കുന്ന അവിടുത്തെ ബൃഹത്തായ ഗ്രന്ഥശേഖരം ശ്രദ്ധേയമായതാണ്. നാലായിരത്തിലധികം കൈയെഴുത്തു പ്രതികള്‍ അവിടെയുണ്ട്. ഫാത്തിമയുടെ സ്വന്തം ബിരുദ പത്രവും അവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നും വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു 'മഗ്രിബ്'. ലോക ജനതക്ക് ഇത്തരത്തില്‍ അനേകം സംഭാവനകള്‍ അവിടം നിന്നും ലഭിച്ചിട്ടുണ്ട്. ഫാത്തിമ അല്‍-ഫിഹ്രി എന്ന ദീര്‍ഘ വീക്ഷണമുള്ള മഹിളയെ ചരിത്രത്തില്‍ അത്രയേറെയൊന്നും രേഖപ്പെടുത്താതെ പോവുകയും ചര്‍ച്ച ചെയ്യാതിരിക്കുന്നതും നീതി കേടു തന്നെയാണ്. ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് പ്രചോദനവും ആവേശവും തന്നെയാണ് ഫാത്തിമ എന്ന ദീര്‍ഘ ദര്‍ശി.