മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും മോബ് ലിഞ്ചിങ് നടത്തുന്നത് മാധ്യമ വിമര്‍ശനമല്ല - അഭിലാഷ് മോഹനന്‍

മാധ്യമങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാകുന്നുണ്ട്. മാധ്യമങ്ങള്‍ മാത്രമല്ല ഓരോ മാധ്യമ പാഠവും അപനിര്‍മിക്കപ്പെടെണ്ടതാണ്. ജനങ്ങള്‍ എല്ലാം തൊണ്ടതൊടാതെ വിഴുങ്ങേണ്ടതില്ല. വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം മാധ്യമങ്ങളെ സ്വയം വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നു അഭിലാഷ് മോഹനന്‍. | MLF 2023 | റിപ്പോര്‍ട്ട്: റസിന്‍ അബ്ദുല്‍ അസീസ്

Update: 2023-12-03 04:46 GMT
Advertising

മാധ്യമങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാധ്യമ അന്തരീക്ഷം ബഹുസ്വരമാകും. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ നരേറ്റിവ് തീരുമാനിക്കുക എന്നതായിരുന്നു കഴിഞ്ഞ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഒരുപാട് മാധ്യമങ്ങളുണ്ടാവുക എന്നത് എല്ലാ ശബ്ദങ്ങളെയും കേള്‍പ്പിക്കാന്‍ കഴിയുക എന്ന അന്തരീക്ഷം ഉണ്ടാക്കുന്നതാണ്. ആ അര്‍ഥത്തില്‍ മാധ്യമ മേഖലകളുടെ ജനാധിപത്യവത്കരണം നടക്കേണ്ടതാണ്. പക്ഷേ, എണ്ണം കൂടുന്നത് ആ അര്‍ത്ഥത്തില്‍ മാത്രം കാണേണ്ടതല്ല. ഇപ്പോള്‍ ആര്‍ക്കും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഒരു മാധ്യമം തുടങ്ങാമെന്നുള്ളത് വലിയൊരു സാധ്യതയാണ്. അത് മാധ്യമ അന്തരീക്ഷത്തെ ബഹുസ്വരമാക്കുന്നുണ്ട്. അതിന്റെ ഒരു മറുവശം എന്നത് ആര്‍ക്കും എന്തും വിളിച്ചു പറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകും.

വാര്‍ത്ത അവതാരകര്‍ സ്വയം സെന്‍സര്‍ഷിപ്പ് വരുത്തേണ്ട സാഹചര്യം കേരളത്തിലുണ്ട് എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായിട്ടുള്ള ആങ്കറാണ് രവീഷ് കുമാര്‍. അദ്ദേഹമിപ്പോള്‍ യൂട്യുബ് ചാനല്‍ ആങ്കറാണ്. അദ്ദേഹത്തെക്കുറിച്ച് ഈ അടുത്ത് വന്ന ഡോക്യുമെന്ററി വര്‍ത്തമാനകാല ഇന്ത്യന്‍ ജേര്‍ണലിസം വെളിവാക്കുന്നതാണ്. ഓരോ പത്ത് മിനിറ്റിലും ജോലി പോയിക്കൊണ്ടിരിക്കുന്ന ഒരു ജേര്‍ണലിസ്റ്റെങ്കിലും ഉണ്ട് ഈ രാജ്യത്ത്. ഒരു ജേര്‍ണലിസ്റ്റിനെ സംബന്ധിച്ച് ഭരണകൂടം പിടിച്ച് ജയിലിലിടുമോ എന്ന ഭയത്തേക്കാളുപരി ഒരുപക്ഷേ അടുത്ത മാസത്തെ EMI എങ്ങനെ അടക്കും എന്ന ഭയം കൂടി ഉണ്ടാകും. ഈ പറഞ്ഞ ഭരണകൂട അടിച്ചമര്‍ത്തലിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടൊരു കാര്യമാണ് തൊഴില്‍ മേഖലയിലുണ്ടാകുന്ന അരക്ഷിതാവസ്ഥ. അത്ര സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉണ്ടെന്ന് നമ്മളെ സംബന്ധിച്ച് പറയാനില്ല. അതൊക്കെ അന്യമാണ്.

മാധ്യമങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാകുന്നുണ്ട്. മാധ്യമങ്ങള്‍ മാത്രമല്ല എന്റെ അഭിപ്രായത്തില്‍ ഓരോ മാധ്യമ പാഠവും അപനിര്‍മിക്കപ്പെടെണ്ടതാണ്. ജനങ്ങള്‍ എല്ലാം തൊണ്ടതൊടാതെ വിഴുങ്ങേണ്ടതില്ല. എന്തുകൊണ്ട് ഈ വാര്‍ത്ത എന്നുകൂടി ആലോചിച്ചുകൊണ്ട് അങ്ങനെ വാര്‍ത്തകളെ ഡിസെക്റ്റ് ചെയ്ത് പരിശോധിക്കാന്‍ കഴിവുള്ള വളരെ ജാഗ്രതയുള്ളൊരു പൊതുസമൂഹം ഉണ്ടാവേണ്ടതാണ്. പക്ഷേ, മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും മോബ് ലിഞ്ചിങ് നടത്തണം എന്ന് പറയുന്നത് മാധ്യമ വിമര്‍ശനമല്ല. ആഗോള വ്യാപകമായി ജനാധിപത്യ രാജ്യങ്ങളെയൊക്കെ പരിഗണിച്ചാല്‍ ജനാധിപത്യം എവിടെയൊക്കെ ഷ്രിങ്ക് ചെയ്യുന്നുണ്ടോ അവിടെയൊക്കെ മാധ്യമങ്ങളെ ഡിസ്‌ക്രെഡിറ്റ് ചെയ്യാനുള്ള പ്രവണതയുണ്ട്. മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അസഹിഷ്ണുത എന്ന് പറയുന്നത് ചോദ്യങ്ങള്‍ ചോദിക്കപ്പെടാത്ത അന്തരീക്ഷം ഉണ്ടാകണമെന്ന ആഗ്രഹത്തില്‍ കൂടിയാണ്. ചോദ്യങ്ങള്‍ ചിലപ്പോള്‍ തെറ്റുമാകാം. പക്ഷേ, അവിടെ ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടാകണം. ചോദ്യം ചോദിക്കാനുള്ള അന്തരീക്ഷമുണ്ടാകണം എന്നുള്ളത് പ്രധാനമാണ്. അതാണ് ജനാധിപത്യം. ഭരണാധികാരികള്‍ സ്വയം കാണുന്ന കണ്ണാടികളായി മാധ്യമങ്ങള്‍ കാണണം. നമുക്ക് ഭരണാധികാരിയോട് തെറ്റായ ഒരു ചോദ്യവും ചോദിക്കാനുള്ള അവകാശം ഉണ്ടാവണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിനപ്പുറത്ത് മാധ്യമങ്ങള്‍ ആകപ്പാടെ കുഴപ്പമാണ്, കേരളത്തിന്റെ ഏറ്റവും വലിയ കുഴപ്പം മാധ്യമങ്ങളാണ് എന്ന മട്ടിലുള്ള നരേറ്റിവ് വളരെ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഒരു പൊളിറ്റിക്കല്‍ പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. 


(അഭിലാഷ് മോഹനന്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'മാധ്യമങ്ങള്‍ക്കും വേണ്ടേ സോഷ്യല്‍ ഓഡിറ്റിങ്' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം.)

തയ്യാറാക്കിയത്: റസിന്‍ അബ്ദുല്‍ അസീസ്

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റസിന്‍ അബ്ദുല്‍ അസീസ്

Media Person

Similar News