അവരെവിടെ? അട്ടപ്പാടിയില്‍ നിന്ന് അപ്രത്യക്ഷരായ ഒരു സമൂഹത്തെക്കുറിച്ച്

രണ്ട് പതിറ്റാണ്ട് മുന്‍പുവരെ അട്ടപ്പാടി അണക്കാട് അധിവസിച്ചരുന്ന വലയര്‍ എന്ന ചെറു ജനവിഭാഗം എല്ലാം ഉപേക്ഷിച്ച് അപ്രത്യക്ഷമായത് എങ്ങോട്ടാണ്.

Update: 2023-12-29 10:28 GMT
Advertising

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഞാന്‍ അവരെ ആദ്യമായി കണ്ടത്. അട്ടപ്പാടിയിലെ ഷോളയൂരില്‍ നിന്ന് പതിനാല് കി.മീ വനത്തിലൂടെ നടന്ന്, മലഞ്ചെരുവില്‍ ചെറിയ കുടിലുകളില്‍ താമസിച്ചിരുന്ന 'വലയര്‍' എന്ന് വിളിച്ചിരുന്ന, അമ്പതില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ജനതയെ. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഈ 'വലയരെ' അന്വേഷിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം മൂന്ന് കി.മീറ്റര്‍ ദൂരം നടന്ന് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു.

മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നതിനിടയിലാണ് മൂന്ന് പതിറ്റാണ്ട് മുമ്പ് വാഹന സൗകര്യങ്ങള്‍ പേരിനുപേലും ഇല്ലാതിരുന്ന 'വലയര്‍' താമസിച്ചിരുന്ന അണക്കാട് ഊരിലെത്തുന്നത്. ഷോളയൂര്‍ വരെ ജീപ്പിലും അവിടെനിന്ന് നടന്നുമാണ് അണക്കാട് എത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തില്‍ സദാസമയവും കാറ്റുവീശുന്ന, സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍ നല്‍കുന്ന വരടിമലയും കടന്ന്, പന്താടിമറ്റത്തെ പുല്‍മേടുകള്‍ താണ്ടി, വനസദൃശമായ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടിയിലാണ് പാറക്കെട്ടുകള്‍ക്കടുത്തായുള്ള ചരിഞ്ഞ ഭൂമിയില്‍, മനോഹരമായി പുല്ലുകൊണ്ട് മേഞ്ഞ, മണ്ണുകൊണ്ട് ചുമരുകള്‍ മെഴുകിയ വീടുകള്‍ക്ക് മുന്നില്‍ ഞാന്‍ ആദ്യമായി 'വലയരെ' കണ്ടത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ പ്രത്യേകിച്ച് വിദൂര ദിക്കിലുള്ള ആദിവാസി ഊരുകളിലൊക്കെ പോയിട്ടുണ്ടെങ്കിലും ആദിവാസികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി നല്ല പരിസര വൃത്തിയും, ഭംഗിയുംകൊണ്ട് ആരെയും ആകര്‍ഷിക്കുന്നതായിരുന്നു ഇവരുടെ കുടിലുകളും പരിസരവും. അപ്രതീക്ഷിതമായി കടന്നുചെന്ന എന്നെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അവര്‍ വീടുകളുടെ മുറ്റത്ത് തടഞ്ഞു. പ്രായം കൂടിയ ഒരാളും രണ്ട് യുവാക്കളും ചേര്‍ന്ന് ഞങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. തമിഴ് കലര്‍ന്ന ഭാഷയിലാണിവര്‍ സംസാരിച്ചത്. ഇതിനിടെ ഫോട്ടോ എടുക്കാനായി ക്യാമറ പുറത്തെടുത്തപ്പോള്‍ അവര്‍ ഭയന്ന് വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചു. എന്നാല്‍, അവരോട് കാര്യങ്ങള്‍ ചോദിച്ചും, പറഞ്ഞും തുടങ്ങിയതോടെ വീടുകള്‍ക്ക് പുറത്തെ മുറ്റത്തിരിക്കാന്‍ അവര്‍ സമ്മതം മൂളി.

പുറമെ നിന്നുള്ളവരുടെ സൗഹൃദം തങ്ങളുടെ ഏകാന്തമായ ജീവിതത്തിന് ഭംഗം വരുത്തുമെന്ന് അവര്‍ വിശ്വസിച്ചു. അഥവാ, ഇവര്‍ താമസിക്കുന്ന സ്ഥലത്ത് ആരെങ്കിലും കടന്നെത്തിയാല്‍ എത്രയും പെട്ടെന്ന് അവരെ തിരിച്ചയക്കും. പുറത്തുനിന്ന് ആരുടെയും ഒന്നും സ്വീകരിക്കാതിരിക്കുകയും, തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു വലയരുടെ ജീവിതം.

കുറച്ചുസമയം മാത്രമെ അവരോട് സംസാരിക്കാന്‍ കഴിഞ്ഞുള്ളൂ. അതിനിടയില്‍ അവരിലെ ഒരു സ്ത്രീ കടന്നുവന്ന് അവരുമായി എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. ഇവരുടെ ചെറിയ കുടിലുകള്‍ക്ക് മുന്നിലൂടെ ഒഴുകിയിരുന്ന കാട്ടരുവിയില്‍ നിന്ന് വെള്ളവും കുടിച്ച് അവരറിയാതെ ക്യാമറയില്‍ ചില ചിത്രങ്ങളും പകര്‍ത്തിയാണ് അവിടെ നിന്ന് മടങ്ങിയത്. അന്ന് ഇങ്ങനെ ഒരു കൂട്ടര്‍ അട്ടപ്പാടിയിലെ വിദൂര പ്രദേശത്ത് താമസിക്കുന്ന വിവരം പുറംലോകത്ത് എത്തിക്കാനായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണക്കാട് ഊരിലെത്തി. ഇവര്‍ക്ക് റേഷന്‍ കാര്‍ഡും വോട്ടവകാശവും ഒക്കെ പിന്നീട് ലഭിച്ചതായി അറിഞ്ഞു. 


വലയര്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍

പശ്ചിമഘട്ട മലനിരകളില്‍, മനുഷ്യവാസം കുറഞ്ഞ, കാടിന്റെ ഏകാന്തതയില്‍, പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കാതെ, തികച്ചും പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്നവരായിരുന്നു വലയര്‍. അവര്‍ക്ക് അവരുടേതായ ഒരു ജീവിത രീതിയും, ശൈലിയും ഉണ്ടായിരുന്നു. ആര്‍ക്കും ഒരു തരത്തിലുള്ള ശല്യവുമില്ലാതെ ജീവിക്കുന്ന ഇവരെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെന്നേ തോന്നൂ. കാട്ടുപുല്ലുകൊണ്ട് മേഞ്ഞ, ചുവന്ന മണ്ണുകൊണ്ട് മെഴുകിയ വീടിന്റെ ചുമരുകള്‍ക്ക് നല്ല മിനുസമായിരുന്നു. ഇത്തരം ഇരുപതിലധികം വീടുകളാണവിടെ ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം താമസിക്കാന്‍ പറ്റുന്ന മനോഹരമായ ഈ കുടിലുകള്‍ക്ക് പുറത്തായി ധാരാളം കൃഷിയിടങ്ങളും ഉണ്ടായിരുന്നു. ആടുകളെയും, കോഴികളെയും ഇവര്‍ വളര്‍ത്തിയിരുന്നില്ല. ആടുകള്‍ കൃഷി നശിപ്പിക്കുമെന്നും, കോഴികള്‍ പരിസരം വൃത്തികേടാക്കുമെന്നും ഇവര്‍ വിശ്വസിച്ചു. പശു, കാള എന്നിവയായിരുന്നു ഇവരുടെ മുഖ്യ സാമ്പത്തിക സ്രോതസ്സ്. പശുക്കളെ വളര്‍ത്തിയിരുന്നെങ്കിലും പാല്‍ വില്‍ക്കുകയോ, കുടിക്കുകയോ ചെയ്തിരുന്നില്ല. പാല്‍ പശുക്കുട്ടികള്‍ക്കുള്ളതാണെന്ന് ഇവര്‍ കരുതിയിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയിരുന്ന ഇവരിലെ പുരുഷന്മാര്‍ ആരും ആശുപത്രി കണ്ടിട്ടില്ല. സ്ത്രീകളും. രോഗം വന്നാല്‍ വെള്ളമായിരുന്നു ഇവരുടെ ഔഷധം. മാംസാഹാരം ഇവര്‍ക്ക് അന്യമായിരുന്നു. ഇവിടെ ഉണ്ടായിരുന്ന യുവാക്കള്‍ വിവാഹം കഴിച്ചവരായിരുന്നില്ല. അതുകൊണ്ടുതന്നെ ചെറിയ കുട്ടികള്‍ ഇവരുടെ ഊരില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം 10 വയസ്സാണ്.

സ്‌കൂള്‍ പഠനത്തെക്കുറിച്ച് കേട്ടറിവുപോലും ഇല്ലാത്ത ഇവര്‍ ആരുംതന്നെ വിദ്യാഭ്യാസം നേടിയിരുന്നില്ല. കൃഷിയും, കാലിവളര്‍ത്തലുമായി കഴിഞ്ഞിരുന്ന വലയരെക്കുറിച്ച് അട്ടപ്പാടിക്കാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല. വനത്തില്‍ നിന്നും ലഭിക്കുന്ന വനവിഭവങ്ങള്‍ക്ക് പുറമെ റാഗി, തുവര എന്നിവ ഇവര്‍ കൃഷി ചെയ്തിരുന്നു. ഇത് സ്വന്തം ആവശ്യത്തിനായിട്ടാണിവര്‍ ഉപയോഗിച്ചിരുന്നത്. അണക്കാട് നിന്ന് പതിനഞ്ച് കി.മീറ്റര്‍ ദൂരം ഷോളയൂരിലേക്കും, തമിഴ്‌നാട്ടിലെ വരാലിയൂരിലേക്കും ഒരുപേലെ ദൂരമുള്ളതുകൊണ്ട് വരാലിയൂരിലേക്കുള്ള വനയാത്രയായിരുന്ന ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. ഇവിടെ നിന്നുള്ള തമിഴ് കന്നുകാലി കച്ചവടക്കാരായിരുന്നു ഇവരുടെ ഉരുക്കളെ വില നല്‍കി വാങ്ങാന്‍ എത്തിയിരുന്നത്. ഇവരിലെ സ്ത്രീകള്‍ പുറംലോകത്തെക്കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു. ഏതാനും ദൂരെ മാറി ആദിവാസികളുടെ ഊരുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവരുമായിട്ടുള്ള ഒരു ബന്ധവും വലയര്‍ക്ക് ഉണ്ടായിരുന്നില്ല. പുറമെ നിന്നുള്ളവരുടെ സൗഹൃദം തങ്ങളുടെ ഏകാന്തമായ ജീവിതത്തിന് ഭംഗം വരുത്തുമെന്ന് അവര്‍ വിശ്വസിച്ചു. അഥവാ, ഇവര്‍ താമസിക്കുന്ന സ്ഥലത്ത് ആരെങ്കിലും കടന്നെത്തിയാല്‍ എത്രയും പെട്ടെന്ന് അവരെ തിരിച്ചയക്കും. പുറത്തുനിന്ന് ആരുടെയും ഒന്നും സ്വീകരിക്കാതിരിക്കുകയും, തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു വലയരുടെ ജീവിതം.

സംസ്ഥാന സര്‍ക്കാറിന്റെ രേഖകളില്‍ പട്ടികജാതി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് റേഷന്‍കാര്‍ഡും മറ്റു ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. വോട്ടവകാശവും ഉണ്ടായിരുന്നു. എന്നാല്‍, വീരപ്പന്‍ വേട്ടക്കിടെ മര്‍ദ്ദനമേറ്റ ഇക്കൂട്ടര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അന്ന് ആരും രംഗത്തുണ്ടായിരുന്നില്ല. 

മൂന്ന് പതിറ്റാണ്ടുമുമ്പ് വലയരെ കാണുമ്പോള്‍ അവിടെ ഉണ്ടായിരുന്ന അമ്പതില്‍ താഴെയുള്ളവര്‍ അനേകം വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലെ വരാലിയൂരില്‍ നിന്ന് കുടിയേറി വന്നവരിലെ അവസാന കണ്ണികളായിരുന്നു. അതിനും അരനൂറ്റാണ്ടിനുമുമ്പ് വരാലിയൂരിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് അന്ന് അവിടെയുണ്ടായിരുന്ന ഇരുനൂറിലധികം വരുന്ന വലയര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും, അവരോട് നാടുവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങനെ ഇരുനൂറിലേറെ വരുന്ന വലയര്‍ കാട്ടിലൂടെ നടന്ന് അണക്കാട് എത്തി ചെറിയ കുടിലുകള്‍ കെട്ടിയുണ്ടാക്കി താമസം തുടങ്ങി. ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ കൃഷികള്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. മുമ്പ് കടന്നുവന്നവരിലെ ബാക്കിയുള്ള അമ്പതില്‍താഴെ വരുന്നവരാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. വിശ്വാസികളായ ഇവര്‍ വീടുകള്‍ക്ക് പുറത്തായി ചെറിയൊരു ക്ഷേത്രവും, പ്രതിഷ്ഠയും നിര്‍മിച്ചിട്ടുണ്ട്. തികഞ്ഞ ഭയത്തോടെയും ഏകാന്തതയിലും ജീവിച്ചുപോന്ന ഇവരെക്കുറിച്ച് അറിയുന്നവര്‍ക്കൊക്കെ നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

മൂന്ന് പതിറ്റാണ്ടിനുശേഷം കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിലെ ഷോളയൂരില്‍ നിന്ന് മൂലഗംഗല്‍ ഊര് വരെ ജീപ്പിലും അവിടെനിന്ന് മൂന്ന് കി.മീറ്റര്‍ കാട്ടിലൂടെ മലകയറിയിറങ്ങി വലയര്‍ താമസിച്ചിരുന്ന അണക്കാട് എത്തിയത്. മൂന്ന് പതിറ്റാണ്ടിനിടയില്‍ ഈ പ്രദേശങ്ങളില്‍ നല്ല മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അണക്കാട്ടേക്കെത്താന്‍ കാട്ടിലൂടെയുള്ള ഒറ്റയടിപ്പാത മാത്രമേയുള്ളൂ. മുമ്പ് ധാരാളം കൃഷി ചെയ്തിരുന്ന ഈ പ്രദേശങ്ങള്‍ ഇന്ന് പൂര്‍ണ്ണമായും തരിശ്ശാണ്. വലയരുടെ കൃഷിഭൂമികളെല്ലാം വ്യാപകമായി ഒരാള്‍ ഉയരത്തില്‍ പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു. കാട്ടരുവികളില്‍ യഥേഷ്ടം ജിലസാന്നിധ്യമുണ്ടെങ്കിലും ഇത് കുടിക്കാനായി ഇവിടെ ഇപ്പോള്‍ എത്തുന്നത് കാട്ടുമൃഗങ്ങള്‍ മാത്രം. മുമ്പ് വലയര്‍ താമസിച്ചിരുന്ന പ്രദേശമെന്ന് തോന്നാത്ത രീതിയിലാണിവിടെ മാറ്റങ്ങള്‍ കണ്ടത്. വലയരുടെ വീടുകള്‍ പൂര്‍ണ്ണമായും നശിച്ചുപോയിരുന്നു. കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയിരുന്ന ഊരിന്റെ ചുറ്റുമതിലും, പഴയ ക്ഷേത്രവും, അതിലെ പ്രതിഷ്ഠയും മാത്രമാണിപ്പോള്‍ ഇവിടെ അവശേഷിക്കുന്നത്. കാടുപിടിച്ചുകിടക്കുന്ന വലയരുടെ താമസസ്ഥലവും, കൃഷിയിടങ്ങളും കണ്ട് അമ്പരന്ന് നില്‍ക്കുമ്പോള്‍ മൂന്ന് പതിറ്റാണ്ടുമുമ്പ് ഇവിടെ താമസിച്ചിരുന്ന വലയരെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സിലേക്ക് വീണ്ടും കടന്നെത്തി. തികച്ചും ശാന്തശീലരായി, ആര്‍ക്കും ഭാരമായി ജീവിക്കാന്‍ ആഗ്രഹമില്ലാതിരുന്ന, തികച്ചും പാവങ്ങളായിരുന്ന, വളരെ ചെറിയൊരു കൂട്ടം ജനത, എല്ലാ ഉപേക്ഷിച്ച് എങ്ങോട്ടായിരിക്കും പോയിരിക്കുക എന്ന അന്വേഷണത്തില്‍ ലഭിച്ചത് 'പരാജയപ്പെട്ട ഒരു ജനത'ക്കുമേല്‍ ഭരണകൂടം നടത്തിയ തേര്‍വാഴ്ച്ചയെക്കുറിച്ചായിരുന്നു. 


അണക്കാട് വലയര്‍ താമസിച്ചിരുന്ന വീടും പരിസരവും

രണ്ട് പതിറ്റാണ്ടുമുമ്പ്, കാട്ടുകള്ളന്‍ വീരപ്പനെ തിരഞ്ഞ് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് എത്തിപ്പെട്ടത് 'വലയര്‍' താമസിക്കുന്ന സ്ഥലത്തായിരുന്നു. തികച്ചും തെറ്റായിരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി കടന്നെത്തിയ വീരപ്പന്‍ വേട്ട സംഘം വലയരുടെ വീടുകളില്‍ കയറി അവരുടെ പുരുഷന്മാരെ മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവം വലയരില്‍ ഭയവും, വേദനയും സൃഷ്ടിച്ചിരുന്നതായി സമീപത്തെ ആദിവാസികള്‍ ഓര്‍ക്കുന്നു.

പൊതുവെ ഭയത്തോടെ കഴിഞ്ഞുവന്നവരിലേക്ക് അപ്രതീക്ഷിതമായി ഉണ്ടായ കടന്നാക്രമണം വലയരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതായി ആദിവാസികള്‍ പറയുന്നു. നല്ല കൃഷിക്കാരും, കന്നുകാലികളെ വളര്‍ത്തലുമായി കഴിഞ്ഞിരുന്ന അവര്‍ കന്നുകാലികളെ കിട്ടിയവിലക്ക് വിറ്റും, കൃഷി ഉപേക്ഷിച്ചും, വീടുകള്‍ ഉപേക്ഷിച്ചും എങ്ങോട്ടൊക്കെയോ പോയതായി മൂലഗംഗല്‍ ഊരുകാര്‍ ഓര്‍ക്കുന്നു. ഒരു യാത്രപോലും പറയാതെയാണവര്‍ അണക്കാട് ഭൂപ്രദേശത്തുനിന്നും അപ്രത്യക്ഷരായത്. ഇപ്പോള്‍ അവര്‍ എവിടെയാണുണ്ടാവുക എന്നതിനെക്കുറിച്ചൊന്നും ആദിവാസികള്‍ക്കും കാര്യമായ വിവരമില്ല. സംസ്ഥാന സര്‍ക്കാറിന്റെ രേഖകളില്‍ പട്ടികജാതി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് റേഷന്‍കാര്‍ഡും മറ്റു ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. വോട്ടവകാശവും ഉണ്ടായിരുന്നു. എന്നാല്‍, വീരപ്പന്‍ വേട്ടക്കിടെ മര്‍ദ്ദനമേറ്റ ഇക്കൂട്ടര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അന്ന് ആരും രംഗത്തുണ്ടായിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട ഒരു സാഹചര്യത്തില്‍ വലയര്‍ക്ക് മറ്റൊരു അജ്ഞാതവാസമല്ലാതെ ഒരു വഴിയും മുന്നിലുണ്ടാവാന്‍ സാധ്യതയില്ല. എല്ലാം ഉപേക്ഷിച്ച് അണക്കാടിനോട് വിടപറഞ്ഞ് എങ്ങോട്ടെങ്കിലും പോയതാവണം. അങ്ങനെ അവര്‍ ഭയമില്ലാതെ കഴിയുന്നുണ്ടാവുമെന്ന് നമുക്ക് കരുതാം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബഷീര്‍ മാടാല

Freeland Journalist

Author

Similar News