മാമുക്കോയ: തമാശക്കാര്‍ക്കിടയിലെ തെറിച്ചവിത്ത്
ഉന്തിയ പല്ലിനേയും ഒട്ടിയ കവിളിനേയുംപ്രതി അപകര്‍ഷതാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കഥാപാത്രങ്ങളെയാണ് മാമുക്കോയ അവതരിപ്പിച്ചിട്ടുള്ളത്. വടക്കുനോക്കിയന്ത്രത്തില്‍ അപകര്‍ഷതാബോധം പേറുന്ന നായക കഥാപാത്രത്തോട് മുഖത്ത് ചിരിവരട്ടെ, സ്മൈല്‍ സ്മൈല്‍ എന്ന് പറഞ്ഞ് തന്റെ ട്രേഡ്മാര്‍ക്ക് ചിരി ചിരിക്കുന്നത് ആത്മവിശ്വാസത്തിന്റെ പല്ലും കാട്ടിയാണ്.
മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എസി ലളിത ഇതൊക്കെ ചില മനുഷ്യരുടെ പേരുകളായിരുന്നല്ലോ എന്ന് ഓര്‍ക്കുന്നത് തന്നെ അവര്‍ മരിക്കുമ്പോഴാണ്. നെടുമുടി ആലപ്പുഴയിലെ സ്ഥലവും, ഒടുവില്‍ അദ്ദേഹത്തിന്റെ വീട്ടുപേരും, കെ.പി.എസി എന്നത് ഒരു കലാപ്രസ്ഥാനത്തിന്റെ പേരാണെന്നതും ഇവരുടെ മരണസമയത്താണ് ഓര്‍ക്കുക. നിത്യ പ്രയോഗം കൊണ്ട് ലോപിച്ച് ഉല്‍പങ്ങളിലും, സ്ഥലനാമങ്ങളിലും അറിയപ്പെട്ടിരുന്ന ഈ മനുഷ്യര്‍ പക്ഷേ തങ്ങളുടെ ജീവാംശം പല പല കഥാപാത്രങ്ങളിലായി അല്‍പാല്‍പം പകര്‍ന്ന് നല്‍കി ആസ്വാദക ഹൃദയങ്ങളുടെ ഓരോ അടരിലും അമര്‍ന്ന് അമരത്വം നേടുന്നു. ജൈവികമായ അഭിനയം കൊണ്ട് കാഴ്ചക്കാരന്റെ മനസ് നിറച്ചിരുന്ന കലാകാരന്‍മാരുടെ നിരയിലെ അവസാനയാളുകളില്‍ ഒരാളായിരുന്ന മാമുക്കോയയും തന്റെ ജീവിതത്തിന്റെ വേദിയില്‍ നിന്ന് പിന്മാറി. വളരെ ലൗഡ് ആയ കഥാപാത്രങ്ങളായിരുന്നു മാമുക്കോയ അവതരിപ്പിച്ചതിലധികവും. ചടുലമായ ശരീരഭാഷയും ഉച്ചത്തിലുള്ള സംഭാഷണങ്ങളും മാനകഭാഷയ്ക്ക് വഴങ്ങാത്ത വാമൊഴികളുമാണ് മാമുക്കോയയെ മലയാള സിനിമയിലെ തഗ്ഗുകളുടെ തമ്പുരാനാക്കിയത്. കുതിരവട്ടം പപ്പു മാത്രമാണ് ഇത്തരത്തില്‍ നോക്കിയാല്‍ മാമുക്കോയയുടേതിനോട് സമാനമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. അഭിനേത്രികളില്‍ ഫിലോമിനയേയും, കെ.പി.എ.സി ലളിതയേയും പോലുള്ളവരുടെ അയത്‌നലളിതമായി മേല്‍പറഞ്ഞ സ്വഭാവങ്ങളോട് കൂടിയ കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ നായകന് ബുദ്ധി ഉപദേശിച്ച് അയാളുടെ പ്രണയം തകര്‍ക്കുന്ന സഹമുറിയനായാണ് മാമുക്കോയ അഭിനയിക്കുന്നത്. കരുണയില്ലാത്ത, ചൊറിയനായ ഒരു കഥാപാത്രമാണ് അയാള്‍. ഡയലോഗ് ഡെലിവറിയുടേയും, ശരീരഭാഷയുടേയും സ്വാഭാവികതകൊണ്ട് ആ സീനുകളില്‍ കാണികളുടെ ശ്രദ്ധമുഴുവന്‍ മാമുക്കോയയില്‍ പതിയും, അത്രക്കും ലൗഡ് ആണ് ആ കഥാപാത്രം. പിന്നീട് മാമുക്കോയ ട്രേഡ് മാര്‍ക്കായി കൊണ്ടു നടന്ന ഉന്തിയ പല്ല് പുറത്ത് കാണിച്ചുള്ള ചിരിയും ഈ സീനിലുണ്ട്.
മലയാള സിനിമയില്‍ മാമുക്കോയ ഒരു തെറിച്ചവിത്തായിരുന്നു. 1979 ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഒരു നിഷേധിയുടെ വേഷമായിരുന്നു മാമുക്കോയ ചെയ്തത്. മാഞ്ഞാലങ്ങള്‍ അത്ര പഥ്യമല്ലാത്ത, ഇകഴ്ത്തലുകള്‍ സഹിക്കാത്ത കഥാപാത്രങ്ങളാണ് മാമുക്കോയ ചെയ്തതിലധികവും. മലയാള സിനിമ തമാശയെ കഥാസന്ദര്‍ഭങ്ങളോട് ചേര്‍ത്തുതുടങ്ങിയ എണ്‍പതുകളുടെ മധ്യത്തിലാണ് മാമുക്കോയ സിനിമയില്‍ സജീവമാകുന്നത്. 1986 ല്‍ പുറത്തിറങ്ങിയ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന സിബി മലയില്‍ ചിത്രത്തില്‍ അറബി മാഷായാണ് മാമുക്കോയ അഭിനയിക്കുന്നത്. സ്‌കൂളിലെ ബെല്ല് കാണാതെ അന്വേഷിച്ച് നടന്ന ജഗതിയുടെ കഥാപാത്രം കോയ നിങ്ങള്‍ ബെല്ല് എടുത്തോണ്ട് പോയോ എന്ന് ചോദിക്കുമ്പോള്‍ 'ആ, കൊണ്ടോയി അതല്ലേ ഞാന്‍ ഇന്നലെ വീട്ടില്‍ കൊണ്ടുപോയി പുഴുങ്ങി തിന്നത്'എന്ന പരുഷമായ മറുപടിയാണ് പറയുന്നത്. വളരെ ലളിതമായി എന്നാല്‍, വായടപ്പിക്കുന്ന ഇത്തരം മറുപടികള്‍ ധാരാളം കാണാം മാമുക്കോയ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍. അതേ വര്‍ഷം തന്നെയിറങ്ങിയ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ നായകന് ബുദ്ധി ഉപദേശിച്ച് അയാളുടെ പ്രണയം തകര്‍ക്കുന്ന സഹമുറിയനായാണ് മാമുക്കോയ അഭിനയിക്കുന്നത്. കരുണയില്ലാത്ത, ചൊറിയനായ ഒരു കഥാപാത്രമാണ് അയാള്‍. ഡയലോഗ് ഡെലിവറിയുടേയും, ശരീരഭാഷയുടേയും സ്വാഭാവികതകൊണ്ട് ആ സീനുകളില്‍ കാണികളുടെ ശ്രദ്ധമുഴുവന്‍ മാമുക്കോയയില്‍ പതിയും, അത്രക്കും ലൗഡ് ആണ് ആ കഥാപാത്രം. പിന്നീട് മാമുക്കോയ ട്രേഡ് മാര്‍ക്കായി കൊണ്ടു നടന്ന ഉന്തിയ പല്ല് പുറത്ത് കാണിച്ചുള്ള ചിരിയും ഈ സീനിലുണ്ട്.
തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രം അദേഹത്തിന് ആസ്വാദകരുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. മൂന്ന് സീനുകള്‍ മാത്രമുള്ള നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക തന്ന മൈലേജ് സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ പോലും കിട്ടിയിട്ടില്ലെന്ന് അദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 'നീന്താനുള്ള ട്രൗസറും കുപ്പായവും എടുത്ത് വേഗം ചാടിക്കോളി ആ കാണുന്നാണ് ദുബായ്' എന്ന് പറഞ്ഞ് അവസാനിക്കുന്ന ഡയലോഗ് കടല്‍-കായല്‍ യാത്രയില്‍ എപ്പോ പോയിട്ടുണ്ടോ അപ്പോഴൊക്കെ ആരെങ്കിലും പറയുന്നത് കേള്‍ക്കാം.'ഗഫൂര്‍ക്കാ ദോസ്ത്'എന്നത് പിന്നീട് അന്യ നാടുകളിലേക്ക് ആളുകളെ യാത്രയയക്കുമ്പോള്‍ നാമെല്ലാം പറയുന്ന പ്രയോഗം പോലുമായി.
മറ്റൊരു ശ്രദ്ദേയമായ വേഷം തലയിണമന്ത്രത്തിലെ മേസ്തിരിയുടേതാണ്. ശ്രീനിവാസന്റെ കഥാപാത്രത്തിനെ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോള്‍ മാമുക്കോയയുടെ ശരീരഭാഷയും സംസാരവുമെല്ലാം തികച്ചും സ്വഭാവികമാണ്. അപകടം സംഭവിച്ച് ആശുപത്രിയില്‍ എത്തുമ്പോള്‍ എങ്ങനെയാണ് അപകടമുണ്ടായതെന്ന് നായിക ചോദിക്കുന്നു 'ഞാന്‍ ഈ പോളി ടെക്‌നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോ, അതുകൊണ്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനമൊന്നും എനിക്ക് നിശ്ചയല്യ അങ്ങനെ സംഭവിച്ചതാണ്' എന്നാണ് മേസ്തിരി മറുപടി പറയുന്നത്. പിന്നീട് ഒരാളെ ഉപദേശിച്ചിട്ടും അയാള്‍ അബദ്ധത്തില്‍ ചെന്നു ചാടുമ്പോള്‍ നമ്മള്‍ പലപ്പോഴും ഉപയോഗിക്കുന്ന പ്രയോഗമാണ് ഞാന്‍ ഈ പോളിടെക്‌നിക്കിലൊന്നും പഠിച്ചിട്ടില്ലെന്നത്. ആ സീനീല്‍ തന്നെ ഇന്നസെന്റിന്റെ കഥാപാത്രത്തെ 'മുഖത്തടിച്ചിട്ട് ഒരാള്‍ അപകടം പറ്റിക്കിടക്കുമ്പോഴല്ല ചെറ്റ വര്‍ത്താനം പറയേണ്ടതെന്ന' സംഭാഷണവും സാമാന്യയുക്തിയുടെ ഉള്ളില്‍ വരുന്നതാണ്.
കഥയില്‍ ബാലന്‍സ് കൊണ്ടുവരാനായി നായകന്റെ കൂട്ടുകാരില്‍ ഒരാളെ മുസ്‌ലിം ആക്കുകയും ആ സ്വത്വം കഥാപാത്രത്തിന് തന്നെ ബാധ്യതയാകുകയും ചെയ്യുന്നത് നാം എത്ര തവണ കണ്ടിരിക്കുന്നു. പക്ഷെ, മുസ്‌ലിം സ്വത്വത്തിനെ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്ത മറ്റൊരു അഭിനേതാവ് അപൂര്‍വമായിരിക്കും.
ഓര്‍ത്തെടുത്താല്‍ പറയാന്‍ ഇത്തരത്തില്‍ തഗ് ഡയലോഗുകളുടെ ഒരു പെരുമഴക്കാലം തന്നെ ഉണ്ട് മാമുക്കോയയുടെ അക്കൗണ്ടില്‍. ഡോക്ടറല്ലാതെ ഇങ്ങനെയൊരു സാധനം (സ്‌തെതസ്‌കോപ്) കഴുത്തിലിട്ടോണ്ട് നടക്കുമോടോ എന്ന ചോദ്യത്തിന് പരമശിവന്‍ പാമ്പിനെ കഴുത്തിലിട്ട് നടക്കുന്നില്ലേ, മൂപ്പര് പാമ്പ് പിടുത്തക്കാരനായിട്ടാ എന്ന സമാന്യയുക്തി, തോണിക്കാരന്‍ എങ്ങോട്ടേക്കാ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ആകാശത്തേക്ക് അവിടുന്ന് സൂര്യനിലേക്കും ഒന്ന് പോണം എന്ന ആക്ഷേപം, രാമചന്ദ്രന്റെ ഡ്രൈവറാണല്ലേ എന്നു ചോദിക്കുമ്പോള്‍ അല്ല കാറിന്റെ ഡ്രൈവറാണെന്ന തിരുത്ത്, ഇവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന് പറയുമ്പോള്‍ ഞമ്മളതിന് അഹിന്ദു അല്ലല്ലോ, മുസ്ലിം അല്ലേ എന്ന വ്യക്തതയൊക്കെ വെറും തഗ് ഡയലോഗുകള്‍ മാത്രമല്ല, അവ കഥാപാത്രം ഉള്‍ക്കൊണ്ട ഒരു കലാകാരന്റെ മെച്ചപ്പെടുത്തല്‍ കൂടിയാണ്. കഥയില്‍ എഴുത്തുകാരന്‍ അപ്രധാനമാക്കിയ രംഗത്തെ അഭിനേതാവ് സ്വന്തമാക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഇവയൊക്കെ.
മന്ത്രമോതിരം എന്ന മുഴുനീള ഹാസ്യചിത്രത്തില്‍ അബ്ദു എന്ന ചായക്കടക്കാരനായിട്ടാണ് മാമുക്കോയ വേഷമിടുന്നത്. ജോലിയും നാടകവും ഒപ്പം കൊണ്ടുപോകുന്ന ഒരു കലാകാരന്‍. നാടക റിഹേഴ്‌സലിനിടെ തന്റെ മാപ്പിളഭാഷയെ അധിക്ഷേപിച്ച കുമാരനോട് (ദിലീപ്) അബ്ദുക്ക പറയുന്നത് 'കുമാരാ നിനക്ക് ഈയിടെയായി കുറച്ച് വര്‍ഗീയത കൂടിയിട്ടുണ്ട്. എടോ കലാകാരന്മാര്‍ തമ്മില്‍ വര്‍ഗീയത പാടില്ല. മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനെയേ പറയൂ' എന്ന്. പിന്നീട് മാമുക്കോയയുടെ നാളിതുവരെയുള്ള അഭിമുഖങ്ങള്‍ പരിശോധിച്ചാല്‍, ഈ നിലപാടിനോട് ഒപ്പമോ അതിലും മുകളിലോ ആണ് തന്റെ സെക്കുലര്‍ കാഴ്ചപ്പാടിനെ മാമുക്കോയ വെച്ചുപുലര്‍ത്തിപ്പോന്നത് എന്ന് കാണാം.
പ്രാദേശികഭാഷയെ സിനിമ അതേപോലെ സ്വീകരിച്ച് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. നേരത്തെ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ (വികലമായി) അത് മുസ്‌ലിം സമുദായത്തെ അടയാളപ്പെടുത്താന്‍ ആയിരിക്കും. മാനകഭാഷ സര്‍വപ്രതാപത്തോടും കൂടി വാഴുന്ന കാലത്താണ് തനി കോഴിക്കോടന്‍ സംസാര ശൈലിയുമായി മാമുക്കോയ സിനിമയിലേക്ക് വരുന്നത്. മാനകഭാഷയുടെ ഇടയില്‍ അല്‍പംപോലും മയമില്ലാത്ത കോഴിക്കോടന്‍ സംസാരശൈലി പറയുന്നത് സാമാന്യേന വിപരീതഫലമുണ്ടാക്കുകയാണ് പതിവെങ്കിലും മാമുക്കോയയുടെ കാര്യത്തില്‍ അത് ഗുണകരമാവുകയാണ് ഉണ്ടായത്. തെക്കന്‍ കേരളത്തില്‍ നടക്കുന്ന കഥയാണെങ്കിലും കോഴിക്കോടന്‍ സംസാര ശൈലിയില്‍ മാമുക്കോയ കഥാപാത്രങ്ങളെ അനശ്വരമാക്കി. ഭാഷ സാധാരണ ഒരു വ്യക്തിയുടെ വ്യക്തിത്വമാണ്. പുതുതലമുറയിലെ പല നടന്മാര്‍ക്കും തങ്ങളുടെ സ്ലാങ് ഒരു വെല്ലുവിളിയായി വരുന്നത് കാണുമ്പോള്‍ നാലുപതിറ്റാണ്ടായി ഈ മനുഷ്യന്‍ കോഴിക്കോടന്‍ ശൈലി വച്ച് പിടിച്ചു നിന്നതെങ്ങനെയെന്ന് അതിശയിച്ച് പോകും. എന്നാല്‍, അതിശയിക്കാനൊന്നുമില്ല. കഥാപാത്രത്തിന്റെ വികാരങ്ങളുടെ, മാനസികനിലയുടെ, ഭാവത്തിന്റെയെല്ലാം ശബ്ദപ്രകടനമാണല്ലോ അയാളുടെ സംഭാഷണം. ആ നിലയ്ക്ക് നോക്കിയാല്‍ കോഴിക്കോടന്‍ ശൈലിയെ കാഴ്ചക്കാരന്‍ മറക്കുന്ന തരത്തില്‍ മാമുക്കോയ തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
തന്റേടത്തിന്റേയും ധിക്കാരത്തിന്റേയും ഭാവങ്ങള്‍ ഉള്ള കഥാപാത്രങ്ങളാണ് മാമുക്കോയ ചെയ്തതില്‍ അധികവും. ശാരീരികമായല്ല മാനസികമായി ഉള്‍ക്കരുത്തുള്ളതായിരുന്നു അദേഹത്തിന്റെ കഥാപാത്രങ്ങള്‍. സിനിമയിലെ നായകന്റെ മുഖത്തുനോക്കി നായിന്റെമോനെ എന്ന് ഏത് ഹാസ്യനടനാണ് വിളിച്ചിട്ടുണ്ടാവുക. പൊതുവില്‍ നായകന് വിധേയപ്പെട്ടു നില്‍ക്കുന്നവരോ, അവരുടെ സില്‍ബന്തികളോ ആയാണ് ഹാസ്യകഥാപാത്രങ്ങളെ മലയാള സിനിമയില്‍ അവതരിപ്പിക്കാറ്. ഏത് ഘട്ടത്തിലും ചവിട്ടേറ്റ് വാങ്ങുന്ന, തെറി കേള്‍ക്കുന്ന, മണ്ടത്തരങ്ങള്‍ ചെയ്യുന്ന ആളുകളാണവര്‍. എന്നാല്‍, മാമുക്കോയയുടെ കഥാപാത്രങ്ങളെ നോക്കൂ. അവരൊരിക്കലും നായകന് കീഴില്‍ വരില്ല. കുതറിത്തെറിച്ച വിത്തായി ആ കഥാപാത്രങ്ങള്‍ നില്‍ക്കുന്നുണ്ടാകും. അത് നായകന്‍ എന്നല്ല ഏത് കഥാപാത്രത്തിനും തന്റെ തലയില്‍ കയറാന്‍ മാമുക്കോയയുടെ കഥാപാത്രങ്ങള്‍ സമ്മതിക്കില്ല. റാംജി റാവു സ്പീകിംഗിലെ ഹംസക്കോയ ഇതിന് മികച്ച ഒരു ഉദാഹരണമാണ്. ബാലകൃഷ്ണനെക്കാണാന്‍ ഓഫീസില്‍ എത്തിയ ഹംസക്കോയയെ തലക്ക് വെളിവില്ലാത്തവന്‍ എന്ന് വിളിച്ച സ്ഥാപന മേധാവിയോട് തലക്ക് വെളിവില്ലാത്തത് ഇങ്ങളെ വാപ്പയ്ക്കാണ് എന്ന് അയാള്‍ മറുപടി പറയുന്നുണ്ട്. തൊട്ടുമുന്നേ തന്റെ പ്രാരാബ്ദം പറഞ്ഞ് സിംപതി പിടിച്ചുപറ്റിയ ആളാണ് ഇകഴ്ത്തലിനെ ഉടനടി പ്രതിരോധിച്ചത്. ചന്ദ്രലേഖ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മാമ എന്ന് വിളിയ്ക്കുമ്പോള്‍ 'ഇജ്ജെന്തിനാ ഞമ്മളെ മാമ എന്ന് വിളിക്ക്ന്നത് അന്റെ ഉമ്മ ഇന്റെ പെങ്ങളാണോ' എന്ന് അയാള്‍ നായകന്റെ മുഖത്ത് നോക്കി ചോദിക്കുന്നുണ്ട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും വാടക തരാത്ത നായകനെ മാമുക്കോയയുടെ കഥാപാത്രം തെറിവിളിക്കുന്നുണ്ട്. സിനിമയില്‍ കഥാപാത്രങ്ങള്‍ ചോദിക്കുന്ന ക്ലീഷേ ചോദ്യങ്ങള്‍ക്ക് തന്റെ സാമാന്യബുദ്ധികൊണ്ടുള്ള മറുപടി നല്‍കിയാണ് മാമുക്കോയയുടെ കഥാപാത്രങ്ങള്‍ ആ രംഗത്തെ തങ്ങളുടേതാക്കുന്നത്. ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ച ബുദ്ധിലബ്ധി ആവോളമുള്ള മാമുക്കോയക്ക് ഉരുളക്ക് ഉപ്പേരി കണക്കെ മറുപടി പറയുന്നതൊക്കെ തികച്ചും സ്വഭാവികമായുള്ള പ്രക്രിയയാണ്.
ഉന്തിയ പല്ലിനേയും ഒട്ടിയ കവിളിനേയുംപ്രതി അപകര്‍ഷതാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കഥാപാത്രങ്ങളെയാണ് മാമുകോയ അവതരിപ്പിച്ചിട്ടുള്ളത്. വടക്കുനോക്കിയന്ത്രത്തില്‍ അപകര്‍ഷതാബോധം പേറുന്ന നായക കഥാപാത്രത്തോട് മുഖത്ത് ചിരിവര,െട്ട സ്മൈല്‍ സ്മൈല്‍ എന്ന് പറഞ്ഞ് തന്റെ ട്രേഡ്മാര്‍ക്ക് ചിരി ചിരിക്കുന്നത് ആത്മവിശ്വാസത്തിന്റെ പല്ലും കാട്ടിയാണ്. 1988 ല്‍ മാമുക്കോയ നല്‍കിയ ഒരു അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ യൂട്യൂബില്‍ ഉണ്ട്. അതില്‍ എത്ര പക്വമായാണ് അദ്ദേഹം ഹാസ്യത്തെക്കുറിച്ച് പറയുന്നത്. 'കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ഓരോ രംഗവും അഭിനയിക്കുക അതില്‍ ഹാസ്യമുണ്ടെങ്കില്‍ ആളുകള്‍ ചിരിക്കും അല്ലാതെ എത്ര കോപ്രായം കാണിച്ചാലും ആളുകളെ ചിരിപ്പിക്കാനാവില്ല' എന്ന ബോധ്യം ആ നടന് എത്രയോ കാലം മുന്‍പേ ഉണ്ട്. മാമുക്കോയയുടെ ഒട്ടുമിക്ക കഥാപാത്രങ്ങളെടുത്ത് പരിശോധിച്ചാലും അവ വളരെ ഗൗരവമുള്ള പ്രകൃതക്കാരായിരിക്കും. അവരെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭാവംപോലും മാറാതെ അവര്‍ പറയുന്ന മറുപടികളാണ് തമാശയായി മാറുന്നത്. അതിലേക്ക് കോഴിക്കോടന്‍ ശൈലിയിലെ ഹമുക്കോ, ശൈത്താനോ, നായിന്റെമോനോ ചേരുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമാകുന്നു.
പെരുമഴക്കാലത്തിലും, ബ്യാരിയിലുമൊക്കെയായി വളരെ ഗൗരവമുള്ള വേഷങ്ങള്‍ ചെയ്ത് തന്റെ പ്രതിഭയെ പരീക്ഷിക്കാന്‍ വിട്ടുകൊടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടും അത്തരം വേഷങ്ങള്‍ക്ക് കാത്തിരിക്കാതെ കുഞ്ഞിരാമായണത്തിലെ വെല്‍ഡണ്‍ വാസുവായും, ഒപ്പത്തിലെ കുഞ്ഞിക്കയായും ആടിലെ ഇരുമ്പ് അബ്ദുള്ളയായും മടങ്ങിവന്ന് ഹാസ്യത്തിന്റെ ഗൗരവക്കാരനായ സൂക്ഷിപ്പുകാരനായി മാറിയെന്നതാണ് മാമുക്കോയയെന്ന നടന്റെ മഹത്വം. ചെയ്യുന്നത് ഒരു തൊഴിലാണെന്നും കഥാപാത്രങ്ങളെ അഴിച്ചുവെച്ചാല്‍ കോഴിക്കോടിന്റെ സാംസ്‌കാരിക മണ്ണില്‍ സഗൗരവം ചര്‍ച്ചകള്‍ ഇനിയുമൊരുപാട് നടത്താനുണ്ടെന്നുമുള്ള ബോധ്യമുള്ള മനുഷ്യനാണ് മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിന്റേയും ബാബുരാജിന്റേയും എസ്.കെ പൊറ്റെക്കാടിന്റേയും ഉറ്റ തോഴന് സിനിമയുടെ വെള്ളിവെളിച്ചം തീയേറ്റര്‍ ലൈറ്റ്‌സ് ഓണാക്കിയാല്‍ തീരുന്നതായിരുന്നു. കോഴിക്കോട് നഗരത്തിന്റെ സാംസ്‌കാരിക പശിമയില്‍ നിന്ന് തളിര്‍ത്തുവന്ന ഈ കലാകാരന് സിനിമ ജീവിതത്തിന്റെ ഗൗരവമുള്ള ഏടാണ്. പക്ഷെ, ക്യാമറയ്ക്കു മുന്നില്‍പോലും ജൈവികത നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സാധാരണക്കാരനെ കൂടി സ്വയം ഉള്ളില്‍ പരിഗണിക്കുന്നുണ്ട് അദ്ദേഹം. തൊഴിലില്‍ എന്തിനും തയ്യാറാകുമ്പോഴും തന്നെ സ്വയം ഇകഴ്ത്താന്‍ അദ്ദേഹവും അദ്ദേഹത്തിലെ കലാകാരനും സമ്മതമായിരുന്നില്ല. വായനയിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും നേടിയെടുത്ത ബോധ്യങ്ങളാണ് കഥാപാത്രമാകുമ്പോള്‍ അദേഹം എടുത്ത് പ്രയോഗിക്കുന്നത്. ഒരു അഭിമുഖത്തില്‍ മാമുക്കോയ പറയുന്നുണ്ട് ചായക്കടക്കാരനായും, ഡ്രൈവറായും അഭിനയിക്കുമ്പോള്‍ ഞാന്‍ ആ സ്ഥാനത്ത് ആയാല്‍ എങ്ങനെയാണ് പെരുമാറുക എന്ന് ആലോചിച്ചാണ് അഭിനയിക്കാറ്. ക്യാമറയുടെ മുന്നില്‍ പെരുമാറുക മാത്രമാണ് മാമുക്കോയ ചെയ്യുന്നത്.
സിനിമയുടെ വരേണ്യ രാജധാനിയിലേക്ക് ഒരു മലബാര്‍ മാപ്പിള ചെന്നിറങ്ങിയിരുന്നു. അയാള്‍ സിനിമക്കൊത്ത് മാറിയില്ല. അയാളെ ഉള്‍കൊള്ളാനായി സിനിമ മാറി. കഥയില്‍ ബാലന്‍സ് കൊണ്ടുവരാനായി നായകന്റെ കൂട്ടുകാരില്‍ ഒരാളെ മുസ്‌ലിം ആക്കുകയും ആ സ്വത്വം കഥാപാത്രത്തിന് തന്നെ ബാധ്യതയാകുകയും ചെയ്യുന്നത് നാം എത്ര തവണ കണ്ടിരിക്കുന്നു. പക്ഷെ, മുസ്‌ലിം സ്വത്വത്തിനെ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്ത മറ്റൊരു അഭിനേതാവ് അപൂര്‍വമായിരിക്കും. തമാശകള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഇല്ല. പക്ഷെ സാംസ്‌കാരിക മണ്ഡലത്തിലെ മാറ്റത്തിനനുസരിച്ചു തമാശകള്‍ക്ക് കിട്ടുന്ന ചിരിയുടെ തോത് കുറയും എന്നുമാത്രം. പക്ഷെ, ലേഖനത്തിന്റെ തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ച പേരുകാരെല്ലാം പറഞ്ഞ തമാശകള്‍ ഏത് സാംസ്‌കാരിക മണ്ഡലത്തിലും ഉള്‍ച്ചേര്‍ന്നു പോകുന്നവയാണ്. അവയ്ക്ക് വലിയ പുനരുപയോഗ സാധ്യതയാണ് ഉള്ളത്. മാമുക്കോയ പറഞ്ഞതിലധികവും പുനരുപയോഗ്യമായ തമാശകളും തഗ്ഗുകളുമാണ്. അതുകൊണ്ടുതന്നെയാണ് വര്‍ഷങ്ങളുടെ പഴക്കമുള്ള തഗ്ഗ് ക്ലിപ്പുകള്‍ ഇപ്പോഴും റീല്‍സുകളില്‍ കറങ്ങി നടക്കുന്നത്.