മിസോറാമിലെ പെണ്‍ ജീവിതങ്ങളും പെണ്‍ കാലങ്ങളും

പ്രത്യക്ഷത്തില്‍ മിസോറാമിലെ സ്ത്രീസമൂഹം വളരെയധികം പുരോഗതി നേടിയവരാണെന്ന് മനസ്സിലാക്കാം. കൃഷിയിലും പരമ്പരാഗത വസ്ത്രനിര്‍മാണത്തിലുമൊക്കെ ഏര്‍പ്പെട്ടിട്ടുള്ളവരാണ് സ്ത്രീകളിലേറെയും. മിസോ താഴ്‌വാരകളിലെ പെണ്‍ജീവിതങ്ങളെ കുറിച്ച് എഴുതുന്നു.

Update: 2023-11-15 08:18 GMT
Advertising

കുടുംബശ്രീയുടെ ഭാഗമായി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ജീവിച്ച ജീവിതത്തിന്റെ ഓരോ ഏടിലും കണ്ടും തൊട്ടുമറിഞ്ഞ ജീവിതങ്ങളില്‍ ചിലതു പകര്‍ത്തുകയാണ് ഞാന്‍. വ്യത്യസ്ത ഭൂവിഭാഗങ്ങളെ തൊട്ടറിയാനുള്ള നിയോഗം കൂടിയാണ് തന്റെ തൊഴില്‍ എന്ന് മനസിലാക്കുന്ന ഏതൊരാളും അതിനപ്പുറം വ്യത്യസ്ത ജനവിഭാഗങ്ങളെയും അറിയാന്‍ ശ്രമിക്കും. ഒരു ജനതയുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പശ്ചാത്തലം മനസിലാക്കാന്‍ ഉപാധികള്‍ നിരവധിയാണ്. പൊതുവെ ഇന്ത്യക്കാര്‍ എന്നു വിളിക്കപ്പെടുന്നവരില്‍ നിന്ന്, രൂപം കൊണ്ടും ജീവിതരീതികള്‍ കൊണ്ടും സംസ്‌കാരം കൊണ്ടും വ്യത്യസ്തരാണ് നോര്‍ത്ത് ഈസ്റ്റ് ജനത. ആ ഭൂപ്രദേശവും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. നോര്‍ത്ത് ഈസ്റ്റിലെ മിസോറം സംസ്ഥാനത്ത്, മാമിത്ത് എന്ന ജില്ലയില്‍ ആണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇവിടേക്ക് വരുമ്പോള്‍ ബാക്കിയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തുള്ള പരിചയം മതിയാകില്ല ഇവിടെ എന്ന് കേട്ടിരുന്നു. മിസോറമിന്റെ ചരിത്രത്തെ പറ്റി ഏകദേശ ധാരണ കിട്ടാന്‍ വേണ്ടി എന്തെല്ലാം പുസ്തകങ്ങള്‍ വായിക്കണമെന്ന് ആളുകളോട് അന്വേഷിച്ചിരുന്നു. എന്നാല്‍, മിസോറമിനെക്കുറിച്ചും പൊതുവെ നോര്‍ത്ത് ഈസ്റ്റിനെ കുറിച്ചും എഴുതപ്പെട്ട ചരിത്രം അധികമൊന്നുമില്ലത്രേ. കാലങ്ങളോളം ബ്രിട്ടീഷ് അധീനതയില്‍ ആയിരുന്ന ഈ നാടിന്റെ ചരിത്രം 18ാം നൂറ്റാണ്ടു മുതല്‍ മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ.

ഇവിടത്തെ ജനങ്ങള്‍ മംഗളോയിഡ് വംശത്തില്‍ പെട്ടവരാണ്. മിസോകള്‍ എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. മി (മനുഷ്യര്‍), സോ (മല) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് മിസോ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്, അതിന്റെ പൂര്‍ണ്ണമായ അര്‍ഥം മലമുകളിലെ മനുഷ്യര്‍ എന്നാണ്. മ്യാന്‍മര്‍ (ബര്‍മ), ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളുമായി ഈ കൊച്ചു സംസ്ഥാനം അതിര്‍ത്തി പങ്കിടുന്നുണ്ട്.


ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് അസമിലെ ഒരു ജില്ല മാത്രം ആയിരുന്നു മിസോറം. ഇന്ത്യക്കുള്ളില്‍ തന്നെ ചില സംസ്ഥാനങ്ങള്‍ മാത്രം സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമായ സമ്പ്രദായത്തിന്റെ പേരാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. അവിടുത്തെ സവിശേഷമായ സസ്യങ്ങളും കൃഷിരീതികളും ഗോത്ര പാരമ്പര്യവും സംരക്ഷിക്കുന്നതിനെന്ന പേരിലാണ് 1873-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ സമ്പ്രദായം ആവിഷ്‌കരിച്ചത്. ഇത് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ ഏതൊരു പൗരനും മിസോ കുന്നുകളില്‍ പ്രവേശിക്കാന്‍ രേഖകള്‍ ആവശ്യമായി വന്നു. അതുപോലെ താഴ്വരകളിലെ ജനങ്ങള്‍ക്ക് (അതായത് അസമിലെയും മറ്റും ജനങ്ങള്‍) കുന്നുകളിലേക്ക് താമസം മാറുന്നതിനും വിലക്കേര്‍പ്പെടുത്തി. യഥാര്‍ത്ഥത്തില്‍ 1873 -ലെ Bengal Eastern Frontier Regulation നിയമം പ്രകാരമാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്് -ILP കൊണ്ടുവരുന്നത്. അവിടുത്തെ തേയില, എണ്ണ, ആന എന്നിവവേറേ ആളുകള്‍ അവിടെ നിന്നും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ചെയ്തതാണിത്. ഇത് അവരുടെ ഒരു കച്ചവടതന്ത്രം മാത്രമായിരുന്നു. പക്ഷെ, 1950-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുകയും ഇന്ത്യയിലെ പൗരപദവി ഉറപ്പാക്കുകയും ചെയ്തിരുന്നു. എങ്കിലും സ്വതന്ത്ര ഇന്ത്യയിലും മിസോറമിലേക്ക് പ്രവേശിക്കാന്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ്് ആവശ്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മിസോറം യാത്രികരുടെ ഡ്രീം ഡെസ്റ്റിനേഷനാണ്. ഏതു പെര്‍മിറ്റെടുത്തും ഇവിടം സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. 1987 ഫെബ്രുവരി 20-നാണ് മിസോറം സംസ്ഥാനം നിലവില്‍ വന്നത്. ഇവിടത്തെ ജനങ്ങള്‍ മംഗളോയിഡ് വംശത്തില്‍ പെട്ടവരാണ്. മിസോകള്‍ എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. മി (മനുഷ്യര്‍), സോ (മല) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് മിസോ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്, അതിന്റെ പൂര്‍ണ്ണമായ അര്‍ഥം മലമുകളിലെ മനുഷ്യര്‍ എന്നാണ്. മ്യാന്‍മര്‍ (ബര്‍മ), ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളുമായി ഈ കൊച്ചു സംസ്ഥാനം അതിര്‍ത്തി പങ്കിടുന്നുണ്ട്.  


12 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മിസോറാമിലെ തൊണ്ണൂറു ശതമാനത്തില്‍ അധികം ജനങ്ങളും ഷെഡ്യൂള്‍ഡ് ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആണ്. ഭൂപ്രകൃതിയുടെ തൊണ്ണൂറു ശതമാനത്തില്‍ അധികം നിബിഡവനവും ആണ്. ഈ ജനത പ്രകൃത്യാരാധനയും വൃക്ഷാരാധനയും നടത്തിപ്പോന്നിരുന്നവര്‍ ആണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മിഷനറിമാരുടെ സ്വാധീനത്താല്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നടത്തിയതോടെ അതില്‍ മാറ്റം വന്നു. മംഗളോയിഡ്വംശത്തില്‍പ്പെട്ട ജനങ്ങള്‍ പല ഗോത്രങ്ങളായാണ് താമസിക്കുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേകം ഭാഷയും ആചാരങ്ങളും സംസ്‌കാരവും ഉണ്ട്. എന്നാല്‍, ഗോത്രത്തിന് പുറത്തുള്ള ആളുകളോട് മറ്റൊരു ഭാഷയിലാണവര്‍ സംസാരിക്കുന്നത്. അവര്‍ക്ക് ഒരു ഗൂഢഭാഷ ഉണ്ടെന്ന് പറയാം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിസോറാമില്‍ എത്തുമ്പോള്‍ ഒരു യൂറോപ്യന്‍ രാജ്യത്തിലെത്തിയ പ്രതീതിയാണ്. അത്രയും മോഡേണ്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍, ഏറ്റവും പുതിയ മോഡലുള്ള ബൈക്കുകള്‍, അതും ഓടിക്കുന്നത് പെണ്‍കുട്ടികള്‍ ഇതേതു ലോകമെന്ന് നമ്മള്‍ അത്ഭുതപ്പെടും.

ഇടയ്ക്ക് ചില പെണ്‍കുട്ടികളുടെ കയ്യില്‍ സിഗരറ്റുകളും കാണാം. ആത്മവിശ്വാസമുള്ള മുഖങ്ങള്‍. ഞാനാകട്ടെ ഇതെല്ലാം കണ്ട് അല്‍പം ആത്മവിശ്വാസക്കുറവോടെയാണ്ഓഫീസില്‍ ചെന്ന് ജോയിന്‍ ചെയ്തത്. എനിക്ക്ഇവിടെ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യമാണ്. നമ്മുടെ നാട്ടിലെ പോലെ സ്ത്രീകളുടെ കാലിനിടയിലാണ് ആണുങ്ങളുടെ അഭിമാനം എന്ന് ഇവിടെ ആരും ചിന്തിക്കുന്നില്ല. തുറിച്ചുനോട്ടങ്ങളില്ല. കുട്ടിനിക്കറും കുട്ടിഷര്‍ട്ടുമിട്ടു സ്ത്രീകളും കുട്ടികളും വഴിയില്‍ നടക്കുന്നത്കാണാം. അതുപോലെ തന്നെയാണ് പങ്കാളികളെ തിരഞ്ഞെടുക്കുന്ന കാര്യവും.അത് തികച്ചും വ്യക്തിപരമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ യാതൊരുവിധ പങ്കുമില്ല. ഫീല്‍ഡ് വിസിറ്റിന്റെഭാഗമായി പോയ ഒരുവീട്ടില്‍ ആരൊക്കെയുണ്ട് എന്ന എന്റെ ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി തെല്ലൊരു കൗതുകത്തോടെയാണ് ഞാന്‍ കേട്ടത്. 'ഞാനും മകനും.' ഹസ്ബന്‍ഡ് എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കല്യാണം കഴിച്ചിട്ടില്ല ബോയ്ഫ്രണ്ട് ആണുള്ളത്എന്നാണ്. ഇത്തരം കുടുംബങ്ങള്‍ അവിടെ സാധാരണമാണ്. മാത്രമല്ല, അവരതിനെ അപമാനമായല്ല കാണുന്നതെന്നാണ് ശ്രദ്ധേയം.

ഭൂരിപക്ഷം ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. ന്യൂനപക്ഷമായ ബുദ്ധിസ്റ്റുകളോട് വേര്‍തിരിവുകളും ഉണ്ട്. പുറമേ ശാന്തമെന്നു തോന്നുമെങ്കിലും ഉള്ളില്‍ പലപ്പോഴും അസ്വാരസ്യങ്ങള്‍ പുകയുന്നതു കാണാം. മതപരിവര്‍ത്തനത്തിന് ബുദ്ധിസ്റ്റുകള്‍ക്ക് നിരന്തര സമ്മര്‍ദ്ദമുള്ളതായി അവര്‍ പറയുന്നു. അത്തരം ഭീഷണികള്‍ തങ്ങളുടെ നയമേയല്ലെന്ന് മറുപക്ഷവും പറഞ്ഞുവെക്കുന്നു.

രണ്ടു വ്യക്തികളുടെ തെരഞ്ഞെടുപ്പാണ് ജീവിതം എന്ന് പൂര്‍ണമായും മനസ്സിലാക്കുന്ന മനുഷ്യരെ ഇവിടെ കാണാം. എന്നാലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ഒരു കാര്യം മനസിലായി. ലോകത്തെവിടെയാണെങ്കിലും സ്ത്രീകളുടെ ജീവിതം ഒന്നുതന്നെ. പേരുകളിലും, മുഖങ്ങളിലും മാത്രമാണ് മാറ്റം ഉണ്ടാവുക. സ്ത്രീകളെ ആണിനു വേണ്ട വിധത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍കുറെ ആചാരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ട്. അത്തരം ചിലതൊക്കെ ഇവിടെയും ഉണ്ട്. റിയങ് എന്ന ഗോത്രത്തില്‍ ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു തുണി കൊണ്ടുവന്നു കെട്ടികൊടുക്കുന്ന ചടങ്ങുണ്ട്. അത് ചെയ്യുന്നതാകട്ടെ ആ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയായിരിക്കും. ചക്ക്മ്മ ഗോത്രത്തില്‍ പെണ്‍കുട്ടികളുടെ വിവാഹദിവസം അവള്‍ വിവാഹവസ്ത്രം മാറിവരുന്നത് വരെ അവളെ മറ്റാരും കാണാന്‍ പാടുള്ളതല്ല. അങ്ങനെ ഓരോ ഗോത്രത്തിലും ഓരോ ആചാരരീതികള്‍ നിലനില്‍ക്കുന്നു. പുരുഷന്‍ പുറത്തുപോയി തിരിച്ചു വരുന്നതുവരെ അകമടിച്ചുവാരാന്‍ പാടില്ല എന്ന വിശ്വാസം പിന്തുടരുന്ന ഗോത്രങ്ങളെയും കാണാനായി. 


കൃഷിയിലും പരമ്പരാഗത വസ്ത്രനിര്‍മാണത്തിലുമൊക്കെ ഏര്‍പ്പെട്ടിട്ടുള്ളവരാണ് സ്ത്രീകളിലേറെയും. ക്ലോസ്ഡ് കമ്യൂണിറ്റിയായി തുടരുന്നു എന്നത് എത്‌നോളജിസ്റ്റുകളും മറ്റും സവിശേഷതയായി ചൂണ്ടിക്കാട്ടുമ്പോഴും സാംസ്‌കാരിക വിനിമയങ്ങളും കൈമാറ്റങ്ങളും കുറവാണെന്നതാണ് മറ്റൊരു വശം. അത് സ്ത്രീകളെയും ബാധിക്കാറുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൊതുവായ വികസന പ്രശ്‌നങ്ങളും ജനാധിപത്യ നീതിയിലെ പൊരുത്തക്കേടുകളും ഈ ജനതയെ നിരന്തരം ബാധിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ ഇരകളും അടിസ്ഥാനതലത്തില്‍ ഉണ്ടാവുന്ന ഗുണപരമായ മാറ്റങ്ങളുടെ ഗുണഭോക്താക്കളും സ്ത്രീകളാണ്.

ഓഫ് റോഡ് യാത്രകള്‍ക്കായി സാഹസിക സഞ്ചാരികള്‍ മിസോക്കുന്നുകള്‍ കടന്നുവരുമ്പോള്‍ അടിയന്തര ചികിത്സയും ഉന്നതവിദ്യാഭ്യാസവും മുതല്‍ എല്ലാ ആവശ്യങ്ങള്‍ക്കും മണിക്കൂറുകള്‍ എടുത്ത് ഈ സാഹസികത നിത്യവും താണ്ടേണ്ടിവരുന്ന മനുഷ്യരെ വിസ്മരിക്കുന്നു. അവിടെയാണ് അവിടുത്തെ സ്ത്രീകള്‍ ഓടിക്കുന്ന ബുള്ളറ്റ് ആണോ പ്രസവത്തോടനുബന്ധിച്ചും മറ്റും വിദഗ്ധ ചികിത്സ കിട്ടാതെയുള്ള മരണമാണോ പുരോഗതിയുടെ അളവുകോല്‍ എന്ന് ചോദിക്കേണ്ടിവരുന്നത്. ഇവിടുത്തെ ഭൂരിപക്ഷം ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. ന്യൂനപക്ഷമായ ബുദ്ധിസ്റ്റുകളോട് വേര്‍തിരിവുകളും ഉണ്ട്. പുറമേ ശാന്തമെന്നു തോന്നുമെങ്കിലും ഉള്ളില്‍ പലപ്പോഴും അസ്വാരസ്യങ്ങള്‍ പുകയുന്നതു കാണാം. മതപരിവര്‍ത്തനത്തിന് ബുദ്ധിസ്റ്റുകള്‍ക്ക് നിരന്തര സമ്മര്‍ദ്ദമുള്ളതായി അവര്‍ പറയുന്നു. അത്തരം ഭീഷണികള്‍ തങ്ങളുടെ നയമേയല്ലെന്ന് മറുപക്ഷവും പറഞ്ഞുവെക്കുന്നു. ലോകത്തെവിടെയാണെങ്കിലും ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷങ്ങള്‍ ഒരുപോലെയാണെന്ന് തോന്നുന്നു. പാര്‍ശ്വവല്‍കൃത ജനതകളെയും സ്ത്രീകളെയും അടിച്ചമര്‍ത്താനും അനുസരിപ്പിക്കാനും വിശുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആചാരങ്ങളെ ഉപയോഗിക്കുകയാണല്ലോ കാലാകാലങ്ങളായി ചെയ്തുവരുന്നത്. അതിവിടെയും ആവര്‍ത്തിക്കുന്നെന്നു മാത്രം. 


ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നിട്ട് രണ്ടു ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. സമത്വത്തെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും ഉയര്‍ത്തിപ്പിടിച്ച വിപ്ലവങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പ്രായം. തുല്യ ലിംഗപദവിയും സാമൂഹികപദവിയും നമ്മുടെ നിരന്തര ചര്‍ച്ചകളില്‍ വന്നുപോകുന്നു. എങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയിലേക്ക് എത്താന്‍ ഇനിയും നൂറ്റാണ്ടുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ലിംഗപദവി കൊണ്ടും ജാതി കൊണ്ടും വേര്‍തിരിവ് അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ എന്ന് പറയേണ്ടി വരുന്നത് കെട്ടിലും മട്ടിലും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീതിയുളവാക്കുന്ന ഒരു ജനതയെ മുന്‍നിര്‍ത്തിക്കൂടിയാണ് എന്നത് പ്രസക്തമാകുന്നു.അതിനാല്‍ തന്നെ ഒരു നാടിനെയറിയാന്‍ അവിടുത്തെ ജനതയെ മനസിലാക്കാന്‍ ഏറ്റവും ഉതകുന്നത് അവിടുത്തെ ഏറ്റവും സാധാരണക്കാരായ സ്ത്രീകളോടുള്ള സമ്പര്‍ക്കമാണെന്ന പാഠം മിസോറത്തിലും പ്രായോഗികമാക്കുന്നു. പെണ്‍ ജീവിതങ്ങളും പെണ്‍ കാലങ്ങളും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പകരുന്നു. 


മിസോറാം സ്ത്രീകളോടൊപ്പം ലേഖിക

 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഉമ അഭിലാഷ്

Writer

Similar News