അയോധ്യയില്‍ നടക്കുന്നത് അദാനി പ്രതിഷ്ഠ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ്, സ്‌ക്രോള്‍ ഡോട്ട് ഇന്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രാദേശിക ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളും അദാനി ഗ്രൂപ്പും തമ്മിലുള്ള ഭൂമി ഇടപാടുകള്‍ കണ്ടെത്തുകയായിരുന്നു.
1857 ലെ കൊളോണിയല്‍-ഫ്യൂഡല്‍ വിരുദ്ധ തൊഴിലാളി-കര്‍ഷക പോരാട്ടത്തിന്റെ ശക്തികേന്ദ്രമായ ഔദ് എന്ന അയോധ്യയില്‍, മതനിരപേക്ഷ ചരിത്രത്തിന്റെ സ്മാരകവും പ്രതീകവും മാനവികതയുടെ കാവല്‍ കേന്ദ്രവുമായ ബാബരി മസ്ജിദ് വര്‍ഗീയതയ്ക്ക് തീ കൊളുത്തി തകര്‍ത്ത് അവിടെ ഹിന്ദുത്വ ഫാസിസത്തിന്റെ നിര്‍മിത രാമന്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍, ഫ്യൂഡല്‍ സാമ്രാജ്യത്വം അതിന്റെ നവ കൊളോണിയല്‍ സവര്‍ണ്ണ കോര്‍പ്പറേറ്റ് അധിനിവേശവുമായി ചരിത്രം ആവര്‍ത്തിക്കുകയാണ്. അയോധ്യയില്‍, ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള സ്ഥാപനം പരിസ്ഥിതി ലോല ഭൂമി അദാനിക്ക് വന്‍ ലാഭത്തില്‍ വിറ്റതായ റിപ്പോര്‍ട്ടുകള്‍ ആ ചരിത്രാവര്‍ത്തനം നമ്മെ കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്.
അദാനി ഗ്രൂപ്പിന് വിറ്റ മജ്ഹ ജംതാരയിലെ ഭൂമി സരയൂവിനടുത്തുള്ള പരിസ്ഥിതി ലോല തണ്ണീര്‍ത്തടത്തിന്റെ ഭാഗവും, സരസ് ക്രെയിന്‍, ഗ്രേ ഹെറോണ്‍ ഒപ്പം ഇന്ത്യന്‍ ഫോക്‌സ് എന്നീ സംരക്ഷിത ജീവി വര്‍ഗങ്ങളുടെ ആവാസകേന്ദ്രവുമാണ്. 'സ്‌ക്രോള്‍ ഡോട്ട് ഇന്‍' (Scroll.in) ന്റെ അന്വേഷണത്തിലാണ് വസ്തുതകള്‍ പുറംലോകം അറിയുന്നത്. ഈ ഇടപാടില്‍ പരമ്പരാഗത കര്‍ഷകരാണ് കുറഞ്ഞ വിലയ്ക്ക് ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിതരായത്.
ടൈം സിറ്റി അദാനി ഗ്രൂപ്പിന് വിറ്റ ഭൂമി, മജ്ഹ ജംതാരയിലെ തണ്ണീര്‍ത്തടത്തില്‍ നിര്‍മാണം നടത്തുന്നത് തടയുന്ന അയോധ്യ വികസന അതോറിറ്റിയുടെ ബോര്‍ഡ് | ആയുഷ് തിവാരി പകര്‍ത്തിയ ഫോട്ടോ.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ്, സ്‌ക്രോള്‍ ഡോട്ട് ഇന്‍ വിശദമായ അന്വേഷണത്തില്‍ പ്രാദേശിക ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളും അദാനി ഗ്രൂപ്പും തമ്മിലുള്ള ഭൂമി ഇടപാടുകള്‍ കണ്ടെത്തുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ആയുഷ് തിവാരിയുടെ വിശകലനം അനുസരിച്ച്, 2023 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍, ടൈം സിറ്റി മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി (Time City Multi State Cooperative Housing Society) എന്ന സ്ഥാപനം 1.13 കോടി രൂപയ്ക്ക് സരയൂ നദിക്കടുത്തുള്ള ഒരു ചെറു ഭാഗം ഭൂമി വാങ്ങുകയും ആഴ്ചകള്‍ക്കുശേഷം ആ ഭൂമി അദാനി ഗ്രൂപ്പിന് 3.57 കോടി രൂപ, അതായത് മൂന്നിരട്ടി വിലയ്ക്ക് വില്‍ക്കുകയുമായിരുന്നു.
അയോധ്യയിലെ മജ്ഹ ജംതാരയുടെ ഉപഗ്രഹ ദൃശ്യം. ഗൂഗിള്‍ എര്‍ത്ത് ദൃശ്യം.
സഹാറ ഗ്രൂപ്പിലെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും 2017 നും 2022 നും ഇടയില്‍ കപ്ടന്‍ഗഞ്ചില്‍ (Kaptanganj) നിന്നുള്ള ബി.ജെ.പി എം.എല്‍.എ യുമായിരുന്ന ചന്ദ്രപ്രകാശ് ശുക്ല സ്ഥാപിച്ച ടൈം സിറ്റി ഗ്രൂപ്പിന്റെ ഭാഗമാണ് ഈ ടൈം സിറ്റിയും. ശുക്ലയുടെ മുന്‍ ബിസിനസ്സ് അസോസിയേറ്റാണ് ഗ്രൂപ്പ് നടത്തുന്നത്. ഈ ഇടപാടില്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങുകയാണ് ചെയ്തത്. പലപ്പോഴും നാലും അഞ്ചും ആഡംബര കാറുകളില്‍, പൊലീസിന്റെ സന്നാഹത്തോടുകൂടി വരുന്ന ഭൂമാഫിയകളെ കാണുമ്പോള്‍ തന്നെ കര്‍ഷകര്‍ ഭയന്ന് ഭൂമി കൈമാറാന്‍ തയ്യാറാവുകയാണത്രേ ചെയ്യുന്നത്. ഈ ഭൂമി ഇടപാട് നിരവധി പാരിസ്ഥിതിക ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. 2022 ഡിസംബര്‍ മുതല്‍, ഈ പ്രദേശത്ത് പുതിയ നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഫൈസാബാദിനും അയോധ്യക്കും സരയൂ നദിക്കും ഇടയിലുള്ള വിശാലമായ, ജനവാസമില്ലാത്ത പ്രദേശമാണ് മജ്ഹ ജംതാര. അതായത് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെ.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മജ്ഹ ജംതാരയിലെ ഒരു സ്ഥലം.
2021 ഫെബ്രുവരിയില്‍ യാദവര്‍ തങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച ഭൂമി മിനിമം വിലയേക്കാള്‍ വളരെ താഴ്ന്ന നിരക്കിലാണ് വില്‍ക്കേണ്ടി വന്നത്. ഈ ഇടപാടുകളിലെ മിക്കവാറും എല്ലാ സാക്ഷികളും പ്രാദേശിക ബി.ജെ.പി രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമി ഇടപാടിനൊപ്പം, വളരെ ഗൗരവമായ വിഷയം പരിസ്ഥിതി ലോല പ്രദേശം ഒരു സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നതിന്റെ നിയമസാധുതയാണ്.
ജംതാരയിലെ കര്‍ഷകനായ സോനു യാദവ്
ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ച 2019 ലെ കമ്മിറ്റിയാണ് മജ്ഹ ജംതാര തണ്ണീര്‍ത്തടത്തിന് ചുറ്റുമുള്ള പ്രദേശം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് കണ്ടെത്തിയത്. 2019 മെയ് മാസത്തില്‍ അയോധ്യയിലെ ഒരു പുരോഹിതനാണ് എന്‍.ജി.ടിയുടെ ഖരമാലിന്യ മാനേജ്‌മെന്റ് മോണിറ്ററിംഗ് കമ്മിറ്റിക്ക് മജ്ഹ ജംതാരയിലെ ജലമലിനീകരണത്തെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ടില്‍ അറ്റാച്ച് ചെയ്ത ഭൂരേഖകള്‍, മജ്ഹ ജംതാരയില്‍ അദാനി ഗ്രൂപ്പ് വാങ്ങിയ ഭൂമിയുടെ വലിയൊരു ഭാഗം ഈ വെള്ളത്തിനടിയിലാണെന്ന് കാണിക്കുന്നുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അയോധ്യയിലെ മജ്ഹ ജംതാരയിലുള്ള ടൈം സിറ്റി ഓഫീസിന്റെ ഫോട്ടോ.
ടൈം സിറ്റിയുടെ അദാനി ഇടപാടുകള്‍ ഭൂമാഫിയയുടെ ഒരു വലിയ മാതൃക തന്നെ വരച്ചു കാണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സ്റ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമായ ഇടപാടുകളുടെ സംഗ്രഹം കാണിക്കുന്നത്, 2019 ഒക്ടോബറിനും 2022 ഏപ്രിലിനും ഇടയില്‍, ടൈം സിറ്റി മജ്ഹ ജംതാരയില്‍ 31 ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്.
പുരോഹിതനായ ജഗത്ഗുരു രാമാനുജ് ആചാര്യ അന്നത്തെ ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തിക്ക് നല്‍കിയ പരാതി, അയോധ്യയിലെ സരയൂ നദിയുടെ ദാരുണമായ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പ്രത്യേകിച്ച് മജ്ഹ ജംതാരയിലെ സീതാ തടാകം എന്ന് വിളിക്കപ്പെടുന്ന നശിച്ചുകൊണ്ടിരിക്കുന്ന ജലാശയം. പ്രശ്നം പരിഹരിക്കാന്‍ അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് ദേവി പ്രസാദ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി, ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് 4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദിയിലൂടെ സഞ്ചരിച്ച് ഭൂമിയുടെ അവസ്ഥ തിരിച്ചറിയാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി നിര്‍വചിച്ച നിയമപരമായ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് 1950 ലെ ഉത്തര്‍പ്രദേശ് ജമീന്ദാരി അബോളിഷന്‍ ആന്‍ഡ് ലാന്‍ഡ് റിഫോംസ് ആക്ട് (Uttar Pradesh Zamindari Abolition and Land Reforms Act -1950) പ്രകാരം, '1952 ജൂലൈ 1 ന് ശേഷം, മുഴുവന്‍ തണ്ണീര്‍ത്തടങ്ങള്‍, ജലസംഭരണികള്‍ തടാകങ്ങള്‍, നദികള്‍ മുതലായവ സംസ്ഥാന സര്‍ക്കാരില്‍/ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമാണ്. എന്നിട്ടും നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഈ ഭൂമി ഭൂമാഫിയ കൈവശപ്പെടുത്തി നിര്‍മാണങ്ങള്‍ പോലും നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജനാധിപത്യത്തെയും മതേതരത്വത്തെയും മാനവികതയും ചരിത്രത്തെയും തകര്‍ത്തുകൊണ്ട് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പുറകില്‍ കോടികളുടെ നിക്ഷേപങ്ങളും, വന്‍ തീര്‍ത്ഥാടന - ടൂറിസ അധോലോകങ്ങളും, അതിന്റെ ഫലമായി ഭയാനകമായ പാരിസ്ഥിതിക വിനാശവും ഹിന്ദുത്വ ഫാസിസത്തിന്റെ സമഗ്രാധിപത്യത്തിന് പുറമെ ഇന്ത്യന്‍ ജനതയെ കാത്തിരിക്കുന്ന ദുരന്തങ്ങളാണ്.