സംഘപരിവാർ ലക്ഷ്യം മുസ്‌ലിം രാഷ്ട്രീയത്തിന്റെ തോൽവി ; ബി.ജെ.പിക്കുള്ളത് ഒറ്റ മുസ്‌ലിം എം.എൽ.എ മാത്രം
നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമല്ല
2014 ശേഷം നമ്മുടെ രാജ്യത്തിന് സംഭവിച്ച രണ്ട് കാര്യങ്ങളെ കുറിച്ചാണ് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളെ തന്നെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഹിന്ദു ദേശീയതയുടെ ശക്തമായ വളർച്ചയാണ് ഒന്ന്. രണ്ട് തരത്തിലാണ് ഇത് പ്രകടമാക്കുന്നത്. ഒന്നാമത്തേത് രാഷ്ട്രീയമായ ഒഴിവാക്കലാണ്. രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി ഇപ്പോൾ ഒരു മുസ്‌ലിം മുഖ്യമന്ത്രിയില്ല; ഇന്ത്യയിലെ പതിനഞ്ച് സംസ്ഥാനങ്ങളിൽ മുസ്‌ലിം മന്ത്രിമാരില്ല. പത്ത് സംസ്ഥാനങ്ങളിൽ ഒരു മുസ്‌ലിം മന്ത്രിയാണുള്ളത് ; ന്യൂനപക്ഷ ക്ഷേമം ആയിരിക്കും ഇവരുടെ വകുപ്പ്. കുറച്ച് മുൻപ് രാജ്യത്തെ ആയിരത്തോളം ബി.ജെ.പി എം.എൽ.എ മാരെ കുറിച്ച് ദി ഹിന്ദു ദിനപത്രം ഒരു സർവേ നടത്തുകയുണ്ടായി. നാല് പേര് മാത്രമാണ് അതിൽ മുസ്‌ലിം സമുദായത്തിൽ നിന്നുണ്ടായത്. ഇന്നത്തെ കണക്ക് നോക്കുകയാണെങ്കിൽ അസമിലെ ഡെപ്യൂട്ടി സ്പീക്കർ മാത്രമാണ് മുസ്‌ലിം ബി.ജെ.പി എം.എൽ.എ. ഏതെങ്കിലുമൊരു ആശയപരമായ ചട്ടക്കൂടിൽ നിന്നല്ല ബി.ജെ.പി രാജ്യത്ത് പ്രവർത്തിക്കുന്നത്.
ആർ.എസ്.എസിന്റെ (ജനസംഘം/ബി.ജെ.പി ) ലക്ഷ്യം തന്നെ മുസ്‌ലിംകളെ രാഷ്ട്രീയമായി തോൽപ്പിക്കുകയാണെന്ന് 1965 ൽ ദീൻ ദയാൽ ഉപാധ്യായ പ്രസംഗിക്കുകയുണ്ടായി. 2014 നു ശേഷം നമ്മൾ നോക്കിയാൽ വലിയതോതിലുള്ള അത്തരം ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതാണ്.
ഉത്തർ പ്രദേശിൽ നാലു കോടി മുസ്‌ലിം കളുണ്ട്. എന്നാൽ വഖ്ഫ് വകുപ്പ് നോക്കുന്ന മന്ത്രി പോലും അവിടെ മുസ്‌ലിം അല്ല. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ 2015 ൽ ആണ് രാജ്യത്ത് വ്യാപകമാവുന്നത്. ബീഫ് ഇറച്ചി ഉപയോഗം നിരോധിക്കാൻ പ്രധാനമന്ത്രി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചില സംസ്ഥാനങ്ങൾ അത് ചെയ്തു തുടങ്ങിയതിനു ശേഷമാണ് അത്തരം ആക്രമണങ്ങൾ എന്നതും ശ്രദ്ധേയമാണ്. ബീഫ് നിയമങ്ങൾ തെളിവിന്റെ ബാധ്യത നേർവിപരീതമാക്കുകയാണ് ചെയ്തത്. സാധാരണ നിയമങ്ങളിൽ ഭരണകൂടമാണ് കുറ്റാരോപിതന്റെ മേലുള്ള കുറ്റം തെളിയിക്കേണ്ടത്. എന്നാൽ, ബീഫ് നിയമങ്ങളിൽ ഈ ബാധ്യത കുറ്റാരോപിതന്റെ മേലാണ്. 2019 ൽ ഗുജറാത്തിൽ ഒരു മുസ്‌ലിം വയോധികനെ തന്റെ മകളുടെ കല്യാണത്തിന് ബീഫ് വിളമ്പി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ അവിടെ വിളമ്പിയത് ബീഫ് ആണെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. എന്നാൽ അത് ബീഫ് അല്ലായെന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്തമാണെന്നും അതിന് കഴിയാത്തതിനാൽ അയാളെ പത്ത് വർഷം തടവിന് വിധിക്കുകയുമാണ് കോടതി ചെയ്തത്. ആ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ നമ്മുടെ നിയമസംവിധാനം എവിടെ എത്തി നിൽക്കുന്നു എന്നതിന് ഉദാഹരണമായാണ് ഞാൻ ഇത് പറഞ്ഞത്.
2018 നു ശേഷം ഏഴ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുസ്‌ലിമും ഹിന്ദുവും തമ്മിലുള്ള വിവാഹം കുറ്റകൃത്യമായി പ്രഖ്യാപിച്ച് നിയമം പാസ്സാക്കിയത്. ഇതിലും തെളിവിന്റെ ബാധ്യത അട്ടിമറിക്കപ്പെട്ടു. തന്നെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് പക്വതയെത്തിയ ഒരു പെൺകുട്ടിയുടെ വാദമല്ല; തങ്ങൾ അങ്ങനെ ചെയ്തിട്ടില്ലായെന്ന് മുസ്‌ലിം വരനും കുടുംബവും തെളിയിക്കും വരെ അവർ കുറ്റാരോപിതരായി തുടരും. ഈ രാജ്യത്ത് വിവാഹമോചനം കുറ്റകൃത്യമാക്കപ്പെട്ട ഒരേയൊരു വിഭാഗം മുസ്‌ലിം പുരുഷനാണ്. മുത്തലാഖ് നിയമസാധുതയില്ലാത്ത താണെന്ന് സുപ്രീംകോടതി പറഞ്ഞു. മുതാലാഖ് ചൊല്ലിയാൽ ചൊല്ലുന്നവൻ ജയിലിൽ പോകുന്ന നിയമം പിന്നീട് പാർലമെന്റ് പാസ്സാക്കുകയുണ്ടായി. ആയുധം കയ്യിൽ വെച്ച് കലാപത്തിന് ശ്രമിക്കുന്നതിന് കൊടുക്കുന്നതിന് സമാനമായ ശിക്ഷയാണ് ഈ നിയമത്തിൽ ഉള്ളത്. എന്ന് വെച്ചാൽ, ഒരു അമുസ്‌ലിം ഒറ്റ ഇരിപ്പിൽ മൂന്ന് ത്വലാഖ് ചൊല്ലിയാൽ അത് വിവാഹമോചനമാവുകയില്ല; ഒരു മുസ്‌ലിം ഒറ്റ ഇരിപ്പിൽ മൂന്ന് ത്വലാഖ് ചൊല്ലിയാൽ അത് വിവാഹമോചനം ആവുകയുമില്ല, അയാൾ ജയിലിൽ പോകേണ്ടി വരികയും ചെയ്യും.
പൗരത്വ നിയമത്തിന്റെ ആനുകൂല്യത്തിൽ നിന്നും മുസ്‌ലിംകൾ പുറത്താണ്. നമ്മുടെ ആഭ്യന്തര മന്ത്രി പറഞ്ഞ പോലെ കാലഗണന (chronology ) പരിശോധിക്കണം. ആദ്യം സി.എ.എ വരും; മുസ്‌ലിംകൾ അല്ലാത്തവരെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യും. പിന്നെ എൻ.ആർ.സി വരും; അപ്പോൾ മുസ്‌ലിംകൾ കുരുക്കിലാവുകയും അവർക്ക് പൗരത്വം തെളിയിക്കേണ്ടി വരികയും ചെയ്യും (അസമിൽ നടക്കുന്ന പോലെ). ഇത്തരം കിരാത നിയമങ്ങൾ കേൾക്കാൻ സുപ്രീം കോടതി ഇതുവരെ തയ്യാറായിട്ടില്ല. പൗരത്വ നിയമം ഒരു നിയമമായി തുടരുക ചെയ്യും ; അത് നടപ്പാക്കിയില്ലെങ്കിൽ പോലും. ഗുജറാത്തിൽ ഒരു നിയമമുണ്ട് ആശാന്ത് ദാരോ ( Disturbed Areas Act). ഇതുപ്രകാരം മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിൽ വസ്തുക്കൾ വാങ്ങുന്നതിനോ വിൽകുന്നതിനോ വിലക്കുണ്ട്. സർക്കാർ പ്രശ്‌നബാധിത പ്രദേശം എന്ന് മുദ്രകുത്തിയ ഇടങ്ങളിൽ അവർക്ക് സ്ഥലം വാങ്ങണമെങ്കിൽ അവർക്ക് തങ്ങളുടെ വിശ്വാസം വ്യക്തമാക്കി സത്യവാങ്മൂലം നൽകേണ്ടി വരും. ഇത് പരിശോധിച്ച് അനുമതി നൽകണമോ വേണ്ടയോ എന്ന് ജില്ലാ മജിസ്‌ട്രേറ്റിന് തീരുമാനിക്കാം. വിദേശികൾക്ക് പോലും വസ്തു വാങ്ങാൻ കഴിയുന്ന ഗുജറാത്തിൽ ഇതുമൂലം ഗുജറാത്തിൽ മുസ്‌ലിം കൾക്ക് വസ്തു വാങ്ങാനോ വാടകക്ക് എടുക്കാനോ കഴിയില്ല.
ഇന്ത്യയിൽ ജനാധിപത്യ ഭരണം നടക്കാത്ത ഒരിടമാണ് കശ്മീർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള ഇടവും കശ്മീരുമാണ്. കശ്മീർ നേരിട്ട് കേന്ദ്ര ഭരണത്തിന് കീഴിലാണ്. കശ്മീരിൽ നടപ്പാക്കുന്ന പല നിയമങ്ങളും രാജ്യത്ത് വേറെ ഒരിടത്തും ഇല്ല. ഉദാഹരണത്തിന്, ഭരണകൂടത്തിന് ഒരു കുറ്റവും ചെയ്യാതെ തന്നെ ഒരു വ്യക്തിയെ തടങ്കലിൽ വെക്കാൻ കഴിയുന്ന പബ്ലിക്ക് സേഫ്റ്റി ആക്ട് അഥവാ കരുതൽ തടങ്കൽ നിയമം ഇപ്പോഴും അവിടെ ഉപയോഗിക്കുന്നുണ്ട്. കശ്മീർ പൊലീസും അവിടത്തെ സി.ആർ.പി.എഫും പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നു. ഇത് ഇന്ത്യയിൽ വേറെ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ആയിരക്കണക്കിന് പേരുടെ കാഴ്ച കവർന്നെടുക്കുകയൂം ഒരുപാട് പേരുടെ ജീവൻ കവർന്നെടുക്കുകയും ചെയ്തു.
ബി.ജെ.പി എന്താണ് ചെയ്തതെന്ന് വെച്ചാൽ അവർ ആരെയും ആക്രമിക്കാനുള്ള അവകാശത്തെ വ്യാപിക്കുകയാണ് ചെയ്തത്. മുസ്‌ലിം കളെ ആക്രമിക്കുന്ന ആൾക്കൂട്ടങ്ങൾക്ക് എതിരെ ഒരുതരത്തിലുമുള്ള ഭരണകൂട നടപടിയും ഉണ്ടാകുന്നില്ല. കഴിഞ്ഞ കുറെ ആഴ്ചകളായി നാം ഇത് നിരന്തരം കാണുകയുണ്ടായി. കോവിഡ് പരത്തുന്നത് മുസ്‌ലിംകളാണെന്ന പ്രചാരണമുണ്ടായിരുന്നു. ഡൽഹി വംശഹത്യയിലെ ഇരകളും പ്രതികളും മുസ്‌ലിം കൾ തന്നെ ആകുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ജോലി ആവശ്യാർഥം എത്തിയ പതിനായിരക്കണക്കിന് മുസ്‌ലിംകൾക്ക് ജുമുഅ നമസ്കരിക്കാൻ വിവിധ പൊതു ഇടങ്ങൾ സർക്കാർ നൽകിയിരുന്നു. എന്നാൽ,ഇവയെല്ലാം സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ തന്ത്രങ്ങളുടെ ഫലമായി പിൻവലിക്കുകയാണ് സർക്കാർ ചെയ്തത്. കർണാടകയിൽ മുസ്‌ലിംകൾക്ക് ക്ഷേത്രങ്ങൾക്ക് സമീപം കച്ചവടം നടത്താൻ കഴിയില്ല. ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ നിരന്തരം പിന്തുടരുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി മുസ്‌ലിം സ്ത്രീകളും യുവതികളും ധരിച്ചുവരുന്ന ഹിജാബ് നിരോധിക്കുന്നു. ഗുജറാത്തിൽ മുട്ട,ഇറച്ചി എന്നിവ വിൽക്കുന്ന വ്യാപാരികളുടെ കടകൾ തകർത്തുകളയുന്നു. നാലോളം സംസ്ഥാനങ്ങളിൽ ബുൾഡോസർ കൊണ്ടുള്ള അതിക്രമങ്ങൾ നടക്കുന്നു.
ഭൂതം കുപ്പിയിൽ നിന്നും പുറത്തുപോയിരിക്കുന്നു. ഇതുപോലുള്ള സംഭവങ്ങൾ ഇനിയും കൂടുതലായി നാം കാണാൻ പോകുന്നതേയുള്ളൂ. മുസ്‌ലിം കൾക്കെതിരെ ആക്രമണം നടത്താൻ ആൾക്കൂട്ടങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്നു. ഇന്ത്യയെന്ന വലിയ രാജ്യത്തിൽ ഇതുണ്ടാക്കാൻ പോകുന്ന ആഘാതങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ്.
ഞാൻ നിങ്ങളുടെ ശ്രദ്ധ വേറൊരു കാര്യത്തിലേക്ക് കൂടി തിരിക്കാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ സമ്പദ്‌രംഗത്ത് മോദിയും ബി.ജെ.പിയും കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് എന്താണെന്ന് നോക്കാം. 2014 ൽ ഉള്ളതിനേക്കാൾ അഞ്ച് കോടി തൊഴിൽരഹിതരാണ് ഇന്ന് ഇന്ത്യയിലുള്ളത്. രാജ്യത്തെ തൊഴിൽ പ്രാതിനിധ്യ കണക്ക് പരിശോധിക്കുകയാണെങ്കിൽ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും കുറവാണ് ഇവിടെയുള്ളത്. അത് അഫ്ഘാനിസ്ഥാനെക്കാളും, പാകിസ്താനെക്കാളും ബംഗ്ലാദേശിനേക്കാളും ഒക്കെ കുറവാണ്. ജി.ഡി.പിയിലെ ഉത്പാദന വിഹിതം 16 ശതമാനത്തിൽ നിന്നും 13 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഭക്ഷണത്തിനായി 2018 ൽ ചെലവാക്കിയത് 2012 ൽ ചെലവാക്കിയതിലും കുറവാണ്. ഇതെല്ലം സർക്കാർ നടത്തിയ സർവേയിലെ കണക്കുകളാണ്. എന്നാൽ ഇത് പരസ്യമാക്കാൻ സർക്കാർ തയ്യാറായില്ല. ആളോഹരി വരുമാനത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു. രാജ്യത്തെ മധ്യവർഗ സമൂഹത്തിന്റെ വളർച്ച നിലച്ചു. വളരെ ചെറിയ ഒരു അതിസമ്പന്നരുടെതും വളരെ വലിയ തരത്തിൽ ദരിദ്രരുമുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ കണക്കെടുക്കുന്ന വിവിധ സൂചികകളിൽ 53 ൽ 49 ലും ഇന്ത്യയുടെ ഇടം താഴേക്കാണ് കഴിഞ്ഞ എട്ടുവർഷത്തിനിടക്ക് പോയത്. ഇതാണ് യാഥാർഥ്യം.
പൗരന്മാരെന്ന നിലയിൽ മൂന്ന് കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ സാധിക്കുക. നമുക്ക് വോട്ട് ചെയ്യാം. നമുക്ക് കോടതിയിൽ പോകാം. നമുക്ക് തെരുവുകളിൽ പ്രതിഷേധിക്കാം. നമ്മൾ ചെയ്യേണ്ട കാര്യങ്ങളുമാണ് ഇത്. ഈ രാജ്യം ശരിയായ ഒരു അവസ്ഥയിലല്ല. തിരിച്ചുകൊണ്ടുവരാൻ എന്തെങ്കിലും ചെയ്യാത്ത പക്ഷം അത് ഈ നിലയിൽ തുടരുക തന്നെ ചെയ്യും. നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമല്ല. മുസ്‌ലിംകൾക്കെതിരായ വിദ്വേഷത്താൽ പ്രചോദിതമായി രാഷ്ട്രീയം അവസാനിക്കുക തന്നെ ചെയ്യും. അതിനായി നമ്മുടെ ഭാഗത്ത് നിന്നും ചെറിയ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
(ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയറാണ് ആകാർ പട്ടേൽ)