പഞ്ചായത്ത് മെമ്പറാകേണ്ടവരുടെ അതിമോഹങ്ങള്‍, അഥവാ നന്മമരങ്ങള്‍ക്ക് പാര്‍ലമെന്റില്‍ എന്താണ് കാര്യം?
നന്മമരങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്താണ് കാര്യം. ഒരാള്‍ വ്യക്തിപരമായി നന്മ ചെയ്യുന്നതുകൊണ്ട് അയാളുടെ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് പദവിക്ക് ഗരിമകൂടുമോ. എം.പി എന്ന നിലയിലുള്ള അയാളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമോ. ജനാധിപത്യ വാദികള്‍ ചോദിക്കേണ്ട അടിസ്ഥാന ചോദ്യമാണിത്.
2024 ലോകത്തിന് തെരഞ്ഞെടുപ്പുകളുടെ വര്‍ഷമാണ്. ഈ ഒറ്റ വര്‍ഷത്തില്‍ ലോക ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ പോളിങ് ബൂത്തിലേക്ക് പോകുന്നുണ്ട്. 400 കോടി മനുഷ്യരുടെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളാണ് 2024ല്‍ നടക്കുന്നത്. സൗത്ത് ആഫ്രിക്ക ഉള്‍പ്പടെ ആഫ്രിക്കന്‍ വന്‍കരയിലെ 16 രാജ്യങ്ങള്‍, ബ്രസീലും, കാനഡയും, യു.എസും, മെക്‌സിക്കോയും, വെനസ്വേലയും ഉള്‍പ്പെടുന്ന അമേരിക്കന്‍ വന്‍കരകളിലെ 12 രാജ്യങ്ങള്‍, ഇന്ത്യയും, ബംഗ്ലാദേശും, ഭൂട്ടാനും, കൊറിയയും, ഇറാനും, ശ്രീലങ്കയും ഉള്‍പ്പെടുന്ന ഏഷ്യയിലെ 18 രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. യൂറോപ്പില്‍ നിന്നുമാത്രം 28 രാജ്യങ്ങളില്‍ 2024ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
2024 ജനാധിപത്യ പ്രക്രിയകളുടെ ചരിത്രത്തില്‍ നിര്‍ണായക വര്‍ഷമായിരിക്കും എന്നാണ് തെഞ്ഞെടുപ്പ് വിശാരദന്മാര്‍ അഭിപ്രായപ്പെടുന്നത്. ആധുനിക ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വര്‍ഷമായിരിക്കും ഇത്. ലോകത്ത് ഏകാധിപത്യ പ്രവണത വര്‍ധിച്ചുവരുന്നതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ ഇത്തവണ പോളിങ് ബൂത്തിലേക്ക് പോകുന്നവര്‍ തങ്ങളുടെ ദൗത്യം നിസ്സാരമായി കാണാവതല്ല.
ന്യൂനപക്ഷ പ്രീണനം മോശമാണെന്നും ഭൂരിപക്ഷ പ്രീണനം നല്ലാതാണെന്നും കരുതുന്ന രാഷ്ട്രീയപാര്‍ട്ടികളാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തുടങ്ങിവെച്ച ഇത്തരം തലതിരിഞ്ഞ മൂല്യബോധങ്ങളെ നേരിടാന്‍ ശ്രമിക്കാതെ അവര്‍ വെട്ടിത്തെളിച്ച വഴിയേ മുന്നേറുകയാണ് ഇപ്പോള്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍. ജനാധിപത്യം അതിന്റെ അലകുംപിടിയും മാറ്റുകയാണെന്ന് സാരം.
തങ്ങള്‍ ഇന്നലെവരെ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും സമത്വവും നീതിനിര്‍വ്വഹണ വ്യവസ്ഥയും എല്ലാം നിലനില്‍ക്കാനാണ് ഇത്തവണ നാം സമ്മതിദാനം നിര്‍വ്വഹിക്കേണ്ടത്. ഈ തെരഞ്ഞെടുപ്പുകളില്‍ ലോകം ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യയിലേത്. ഇന്ത്യ അതിന്റെ ജനാധിപത്യ അസ്ഥിവാരങ്ങളില്‍ നിലനില്‍ക്കണോ അതോ ഭൂരിപക്ഷവാദത്തിന്റെ ചെളിക്കുണ്ടിലേക്ക് താഴ്ന്ന്‌പോകണോ എന്ന് തീരുമാനിക്കപ്പെടുക 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലംകൊണ്ട് കൂടിയായിരിക്കും.
മാറ്റങ്ങള്‍ മാനദണ്ഡങ്ങള്‍
ഇന്ത്യന്‍ ജനാധിപത്യം ഐ.സി.യുവിലാണ് എന്ന അഭിപ്രായം ശക്തമായി പങ്കുവെക്കുന്നവരുണ്ട്. ഇന്ത്യ ഇപ്പോള്‍ ഒരു ഡമോക്രാറ്റിക് രാജ്യമാണോ എന്ന ചോദ്യം സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ധ്രൂവ് റാട്ടി ഉയര്‍ത്തിയത് അടുത്തിടെയാണ്. ധ്രൂവിന്റെ വാദങ്ങള്‍ അത്രനിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ജനം തെരഞ്ഞെടുക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കുന്ന പ്രക്രിയകള്‍ മാസ്റ്റര്‍ സ്‌ട്രോക്കായും ചാണക്യ തന്ത്രമായും മനസ്സിലാക്കുന്ന ആളുകളുടെ എണ്ണംകൂടിവരികയാണ്. ജനാധിപത്യത്തിന്റെ നിരീക്ഷകരായ മാധ്യമങ്ങള്‍ ഭാഗികമായോ അതിലധികമോ വില്‍ക്കപ്പെട്ടുകഴിഞ്ഞു. പണശക്തി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണ്.
ന്യൂനപക്ഷ സംരക്ഷണം ഇന്ത്യയില്‍ ജനാധിപത്യ മൂല്യമല്ലാതായിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഇപ്പോള്‍ അറിയപ്പെടുന്നത് 'ന്യൂനപക്ഷ പ്രീണനം' എന്നാണ്. എണ്ണത്തില്‍ കുറഞ്ഞവനേയും ശക്തിയില്‍ ക്ഷയിച്ചവനേയും കാത്തുരക്ഷിക്കാന്‍ രാജ്യ ഭരണഘടനയില്‍ എഴുതിവച്ച നിയമങ്ങള്‍ അന്യായമാണെന്ന പ്രചരണമാണിന്ന് നടക്കുന്നത്. അവര്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ ഭൂരിപക്ഷത്തിന് എതിരാണെന്ന് പ്രചരിപ്പിക്കപ്പെടുന്നതോടെ പൊതുപ്രവര്‍ത്തകരിലും പാര്‍ട്ടികളിലും ഭയം നിറയുകയാണ്. ന്യൂനപക്ഷ പ്രീണനം മോശമാണെന്നും ഭൂരിപക്ഷ പ്രീണനം നല്ലാതാണെന്നും കരുതുന്ന രാഷ്ട്രീയപാര്‍ട്ടികളാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തുടങ്ങിവെച്ച ഇത്തരം തലതിരിഞ്ഞ മൂല്യബോധങ്ങളെ നേരിടാന്‍ ശ്രമിക്കാതെ അവര്‍ വെട്ടിത്തെളിച്ച വഴിയേ മുന്നേറുകയാണ് ഇപ്പോള്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍. ജനാധിപത്യം അതിന്റെ അലകുംപിടിയും മാറ്റുകയാണെന്ന് സാരം.
ബി.ജെ.പി എന്ന വിനാശശക്തി
ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് സകലതിന്മകളുടേയും കടത്തിക്കൂട്ടലിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സംവിധാനമാണ് ബി.ജെ.പി എന്ന ഭാരതീയ ജനതാപാര്‍ട്ടി. ആര്‍.എസ്.എസ് എന്ന അര്‍ധസൈനിക സംവിധാനത്തിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ മൂല്യ വ്യവസ്ഥയിലും നീതിസങ്കല്‍പങ്ങളിലും അപരിഹാര്യമായ ക്ഷതങ്ങളേല്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം കരുത്തോടെ തുടങ്ങുകയും പതിയെ ക്ഷയോന്മുഖമാവുകയും ചെയ്ത സംവിധാനമാണ് ഇന്ത്യന്‍ ജനാധിപത്യം. ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ മുറിവുകള്‍ സമ്മാനിച്ച നേതാവ്. എന്നാലത് വ്യക്തിപരമായ ദുഃസ്വാധീനമായിരുന്നു. ബി.ജെ.പിയിലെത്തുമ്പോള്‍ അത് സംഘടിതവും ആദര്‍ശാത്മകവും പ്രതിജ്ഞാബദ്ധവുമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ, അതിന്റെ മൂല്യങ്ങളെ കരുതിക്കൂട്ടി ആക്രമിക്കുന്നവരാണ് സംഘ്പരിവാറും ബി.ജെ.പിയും.
ജനാധിപത്യ സംരക്ഷണത്തിനായി നമ്മുടെ പൂര്‍വ്വപിതാക്കള്‍ ഉണ്ടാക്കിയ എല്ലാ സുരക്ഷാ കവചങ്ങളും ഇളക്കിമാറ്റിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ മുതല്‍ നീതിന്യായ സംവിധാനവും മാധ്യമങ്ങളുംവരെ ആക്രമിച്ച് തകര്‍ക്കുകയാണ് ഫാഷിസ്റ്റ് ശക്തികള്‍. ഈ കാഴ്ച്ചയില്‍ നിശ്ശബ്ദരും നിര്‍വ്വികാരരുമാണ് ജനം.
നന്മമരങ്ങളുടെ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍
ബി.ജെ.പിയുടെ ജനാധിപത്യ ധ്വംസനങ്ങളുടെ പലരൂപങ്ങളില്‍ ഒന്നാണ് കേരളത്തില്‍ പയറ്റുന്ന ചാരിറ്റി രാഷ്ട്രീയം. 2024 തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 'ഭൂരിപക്ഷ പ്രീണന' പാര്‍ട്ടിയായ ബി.ജെ.പി ഏറ്റവും ശ്രദ്ധിക്കുന്ന സ്ഥാനാര്‍ഥിത്വം നടന്‍ സുരേഷ് ഗോപിയുടേതാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്കുവേണ്ടി മത്സരിക്കുന്ന സുരേഷ് ഗോപിക്കായി തങ്ങളുടെ ആവനാഴിയിലെ സകല വിഷഅമ്പുകളും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ പുറത്തെടുക്കുന്നുണ്ട്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ അടിച്ചെടുക്കാനായി മുസ്‌ലിം-ക്രിസ്ത്യന്‍ വിദ്വേഷ പ്രചരണം തകൃതിയായി നടക്കുന്നുണ്ട്.
സുരേഷ് ഗോപി എന്ന നടന്റെ ഏറ്റവും വലിയ യോഗ്യതയായി ബി.ജെ.പി പ്രചരിപ്പിക്കുന്നത് അദ്ദേഹം ഒരു ചാരിറ്റി മനുഷ്യനാണെന്നാണ്. കേരളം കാണാത്തതരത്തിലുള്ള നന്മമരമാണ് സുരേഷ് ഗോപി എന്നും അണികള്‍ നാടുനീളെ പറഞ്ഞുനടക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത്തരം നന്മമരങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്‍ില്‍ എന്താണ് കാര്യം. ഒരാള്‍ വ്യക്തിപരമായി നന്മ ചെയ്യുന്നതുകൊണ്ട് അയാളുടെ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് പദവിക്ക് ഗരിമകൂടുമോ. എം.പി എന്ന നിലയിലുള്ള അയാളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമോ. ജനാധിപത്യ വാദികള്‍ ചോദിക്കേണ്ട അടിസ്ഥാന ചോദ്യമാണിത്.
നല്ലവനായ ഗോപിയുടെ പരിണാമങ്ങള്‍
ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണിച്ചിരുന്ന ഒരു സിനിമാ നടനായിരുന്നു സുരേഷ് ഗോപി. കോണ്‍ഗ്രസ്സിനോടായിരുന്നു സുരേഷ് ഗോപി ആദ്യഘട്ടത്തില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. വേണമെങ്കില്‍ ഇടതുപക്ഷത്തിനോടും കൂടാം എന്ന മനോഭാവവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സിനിമാ നടന്മാരോടുള്ള ആഭിമുഖ്യമില്ലായ്മ കാരണമാകും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗോപിയെ കൂടെക്കൂട്ടിയില്ല. അവിടെ നിന്നാണ് അയാള്‍ കറങ്ങിത്തിരിഞ്ഞ് ബി.ജെ.പി പാളയത്തിലെത്തുന്നത്.
ബി.ജെ.പിയാണ് സുരേഷ് ഗോപിയുടെ നന്മമരം ഇമേജിനെ വളര്‍ത്തുന്നത്. ഒരുരൂപ കൈനീട്ടം മുതല്‍ മാതാവിന് സ്വര്‍ണ കിരീടം (കിരീടത്തില്‍ കൂടുതലും ചെമ്പാണെന്ന് ആരോപണമുണ്ട്) വരെ നല്‍കി ചാരിറ്റി ലോകത്ത് സുരേഷ് ഗോപി വിലസിനടന്നു. ഇപ്പോഴും സുരേഷ് ഗോപിയുടെ യോഗ്യതകളില്‍ മുഖ്യം ഈ ഭിക്ഷ നല്‍കലുകാരന്റേതുതന്നെയാണ്.
എം.പിമാരുടെ യോഗ്യതകള്‍
ഇന്ത്യയിലെ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഏറ്റവും പ്രധാന ജോലി നിയമനിര്‍മാണവും അതുവഴിയുള്ള രാജ്യപുനര്‍നിര്‍മാണവുമാണ്. പുതിയ നിയമങ്ങളില്‍ ഇടപെട്ട് സംസാരിക്കാനും ഭേദഗതികള്‍ നിര്‍ദേശിക്കാനും എം.പിക്ക് കഴിയണം. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പറയുന്നത് ഇത്തരക്കാരെക്കുറിച്ചാണ്. മറ്റൊന്ന് താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുകയാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും തന്റെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ എം.പിക്ക് കഴിയണം. എം.പി ഫണ്ടിന്റെ വിനിയോഗവും പാലവും ഹൈമാസ്റ്റ് ലൈറ്റും നല്‍കലും ഒക്കെ ഈ പ്രാഥമിക കര്‍മങ്ങള്‍ക്ക് പിന്നിലേവരൂ.
ഏത് യോഗ്യതകളുടെ പേരിലാണ് ഒരു തൃശ്ശൂരുകാരന്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യേണ്ടത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ഇതിനുമുമ്പ് രാജ്യസഭയിലുണ്ടായിരുന്ന സുരേഷ് ഗോപിയുടെ പാര്‍ലമെന്ററി അച്ചീവ്‌മെന്റുകള്‍ എന്തൊക്കെയാണ്. അങ്ങിനെ ഒന്നില്ലെങ്കില്‍ ബി.ജെ.പി എന്ന ഭൂരിപക്ഷ വര്‍ഗീയ പാര്‍ട്ടികളുടെ ഏതെങ്കിലും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ സുരേഷ് ഗോപിക്കാവുമോ. മാതാവിന് കിരീടംകൊടുത്ത അദ്ദേഹത്തിന് മണിപ്പൂരിലെ ക്രിസ്ത്യന്‍ കൊലകളെ ഒന്ന് അപലപിക്കാന്‍ എങ്കിലുമാകുമോ. ഒരാളെ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുമ്പോഴുള്ള ഒരേയൊരു ഗോഗ്യത നല്ലമനസും, നന്മമരവുമാണെന്ന വായ്ത്താരിക്കാരോട് മലയാളികള്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണം.
സുരേഷ് ഗോപി പഞ്ചായത്ത് മെമ്പറാകണം
യോഗ്യതകളുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്ക് ലഭിക്കേണ്ട സ്ഥാനം പഞ്ചായത്ത് മെമ്പറുടേതാണ്. നന്മമരങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ് നമ്മുടെ പഞ്ചായത്ത് വാര്‍ഡുകള്‍. വ്യക്തിപരമായ നന്മകള്‍ വേണ്ടോളം പ്രകടിപ്പിക്കാന്‍ സുരേഷ് ഗോപിക്ക് വാര്‍ഡ് മെമ്പര്‍ എന്ന സ്ഥാനം ഉപയോഗിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും തന്റെ സിനിമാ പ്രതിഫലത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കുന്നതും വര്‍ഷാവര്‍ഷം പഠനോപകരണ വിതരണവും ആലോചിക്കാവുന്നതാണ്. കൈനീട്ടം കൊടുക്കലും കാലുപിടിപ്പിക്കലും വാര്‍ഡിലെ വാര്‍ഷികാഘോഷങ്ങളാക്കാനും കഴിയും.
മെമ്പറായ വാര്‍ഡിലെ ക്രിസ്ത്യന്‍-മുസ്‌ലിം-ഹിന്ദു കുടുംബങ്ങളെ തന്റെ പാര്‍ട്ടി ആദര്‍ശങ്ങളുടെ ഭാരമില്ലാതെ (ഒരുപരിധിവരെ) ഏകോദര സഹോദരന്മാരായി കാണാനും അദ്ദേഹത്തിന് ഒരുപക്ഷെ കഴിഞ്ഞേക്കും. ഇതിനെല്ലാം പകരം മെമ്പര്‍ ഓഫ് പാര്‍ലമെന്റാകുവാന്‍ അണിയുന്ന ചാരിറ്റി കുപ്പായം താങ്കള്‍ക്ക് പാകമാകാത്തതാണെന്ന് നാം ജനാധിപത്യ വാദികള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. പറഞ്ഞാല്‍ മനസ്സിലായില്ലെങ്കില്‍ അത് അറിയിച്ച് കൊടുക്കേണ്ടതുമുണ്ട്. കാരണം, നിങ്ങള്‍ക്കിത് വെറുമൊരു ചാരിറ്റി ഷോ ആയിരിക്കും. പക്ഷെ, കോടിക്കണക്കിനുവരുന്ന ഇന്ത്യന്‍ ജനാധിപത്യ വാദികള്‍ക്ക് ഇത് ജീവന്മരണ പോരാട്ടമാണ്.