ക്രിമിനല്‍ നിയമ പരിഷ്‌കരണത്തിന്റെ പ്രതിഫലനങ്ങള്‍

ക്രിമിനല്‍ നീതിവ്യവസ്ഥയെ അര്‍ഥവത്തായി ഡി-കൊളോണിയല്‍ ചെയ്യാനുള്ള അവസരമാണ് പുതിയ ബില്‍ നഷ്ടപ്പെടുത്തിയത്. സമഗ്രമായ പരിഷ്‌കരണത്തിനുപകരം, ബില്‍ നിലവിലുള്ള നിയമത്തിന്റെ വരികളില്‍ ഊന്നി അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നു. പാര്‍ലമെന്റ് പാസ്സാക്കി, രാഷ്ട്രപതി അംഗീകാരം നല്‍കിയ പുതിയ ക്രിമിനല്‍ നിയമ പരിഷ്‌കരണം സംബന്ധിച്ചുള്ള എ.പി.സി.ആര്‍ അവലോകന റിപ്പോര്‍ട്ട്: ഭാഗം 01

Update: 2024-01-22 15:04 GMT
Advertising

2023 ആഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 'ഭാരതീയ നാഗരിക സുരക്ഷ സംഹിത ബില്‍' (BNSS), 'ഭാരതീയ ന്യായ സംഹിത ബില്‍' (BNS), 'ഭാരതീയ സാക്ഷ്യ ബില്‍' (BSB) എന്നീ മൂന്ന് പുതിയ ക്രിമിനല്‍ നിയമ പരിഷ്‌കരണ ബില്ലുകളുടെ വിശകലനമാണ് ഈ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രിമിനല്‍ നീതി വ്യവസ്ഥ പരിഷ്‌കരിക്കുകയും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കുകയുമാണ് എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത്. ക്രിമിനല്‍ നീതി വ്യവസ്ഥയെ കുറ്റമറ്റതാക്കുകയും അതിന്റെ കൊളോണിയല്‍ സ്വഭാവം ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളുമായി അവതരിപ്പിക്കപ്പെട്ട ഈ ബില്ലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങളെയും അവയുടെ അനന്തരഫലത്തെയും വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇതില്‍. ഈ ലക്ഷ്യങ്ങളെ ബില്‍ എത്രമാത്രം സാധൂകരിക്കുന്നതാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ അധികാരകേന്ദ്രങ്ങള്‍ ഈ ബില്ലിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം, വിവിധ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മതിയായ സംരക്ഷണം ഇല്ലാതാക്കുന്നതാണോ എന്നിങ്ങനെയുള്ള ഇതിനകം ഉയര്‍ന്നുവന്ന ആശങ്കകളെയും വിശകലനം ചെയ്യുന്നു.

പ്രധാന കണ്ടെത്തലുകള്‍

The Bhartiya Nagrik Suraksha Sanhita Bill (BNSS)

വിലങ്ങ് വെക്കാനുള്ള പൊലീസിന്റെ അധികാരം: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി മുന്‍ വിധികളില്‍ ചൂണ്ടിക്കാണിച്ച, വ്യക്തികളെ വിലങ്ങുവെക്കാനുള്ള അധികാരം ഈ ബില്‍ പൊലീസിന് നല്‍കുന്നു.

കരുതല്‍ തടങ്കല്‍: ദുരുപയോഗം ചെയ്യാന്‍ വലിയ സാധ്യതയുള്ള പൊലീസിന്റെ വിപുലമായ കരുതല്‍ തടങ്കല്‍ അധികാരം.

ദീര്‍ഘകാല പൊലീസ് കസ്റ്റഡി: ഈ ബില്‍ ആദ്യത്തെ 15 ദിവസങ്ങള്‍ക്ക് ശേഷവും പൊലീസ് കസ്റ്റഡി അനുവദിക്കുന്നു. വ്യക്തിയുടെ അവകാശങ്ങളെയും നിയമ നടപടിക്രമങ്ങളെയും ഇത് ബാധിക്കുന്നു.

പ്രതിയുടെ അസാന്നിദ്ധ്യത്തിലുള്ള വിചാരണ: പ്രതിചേര്‍ക്കപ്പെടുന്നവരുടെ അസാന്നിദ്ധ്യത്തില്‍ വിചാരണ നടത്താന്‍ അനുവദിക്കുന്നത് സ്വാഭാവിക നീതിയെക്കുറിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നു.

ശിക്ഷ ലഘൂകരിക്കാനുള്ള അധികാരം: BNSS-se 475-ാം വകുപ്പ് ശിക്ഷ ലഘൂകരിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ വെട്ടിച്ചുരുക്കുന്നു. ഇത് നീതിന്യായ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു.

സ്‌പെസിമെന്‍ ഹാജരാക്കല്‍: BNSS-se 349-ാം വകുപ്പ് അറസ്റ്റില്ലാതെ തന്നെ സ്‌പെസിമെന്‍ ഹാജരാക്കുന്നതിന് ഉത്തരവിടാന്‍ മജിസ്ട്രേറ്റിന് വിവേചനാധികാരം നല്‍കുന്നു. ധാര്‍മികവും നിയമപരവുമായ ആശങ്ക ഉയര്‍ത്തുന്നതാണിത്.

ജാമ്യ വ്യവസ്ഥകള്‍: മുന്‍ ലോ കമീഷന്റെയും വിവിധ ജുഡീഷ്യല്‍ വിധികളുടെയും ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി ജാമ്യ വ്യവസ്ഥളിലെ കാലാനുസൃതമായ മാറ്റത്തിന്റെ അഭാവം.

അന്യായമായി കുറ്റാരോപിതരായവര്‍ക്കുള്ള നഷ്ടപരിഹാരം: കാലങ്ങളായി ഉയരുന്ന നിരവധി ആശങ്കകള്‍ ഉണ്ടായിട്ടും, അന്യായമായ കുറ്റാരോപണത്തിനും തടവിനും വിധേയരായ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയും പിടിച്ചെടുക്കലും: ഈ ഡിജിറ്റല്‍ യുഗത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയ്ക്കും പിടിച്ചെടുക്കലിനും നിയമത്തിന്റെ നിര്‍ബന്ധിത ഉപരിഘടന ഇല്ലാത്തത് വെല്ലുവിളി ഉയര്‍ത്തുന്നു.

The Bhartiya Nyay Sanhita Bill (BNS)

രാജ്യദ്രോഹ നിയമത്തിന്റെ പുനര്‍ജനനം

ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിച്ചപ്പോള്‍, പുതുതായി അവതരിപ്പിച്ച ബില്ലുകളില്‍ നിന്ന് കൊളോണിയല്‍ രാജ്യദ്രോഹ നിയമം നീക്കം ചെയ്യുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരിന്നു. എന്നിരുന്നാലും, ബില്ലിന്റെ 150-ാം വകുപ്പില്‍ വിപുലമായ, കൂടുതല്‍ ശക്തിപ്പെടുത്തിയ രൂപത്തില്‍ നിയമം വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, BNSS ബില്ലിന്റെ 127-ാം വകുപ്പ് 'Seditious matter' എന്ന പരാമര്‍ശത്തിലൂടെ രാജ്യദ്രോഹ നിയമത്തിന്റെ സത്ത നിലനിര്‍ത്തിയിട്ടുമുണ്ട്.

BNSS ബില്ലിന്റെ 150-ാം വകുപ്പ് കൊളോണിയല്‍ കാലശേഷമുള്ള വിപ്ലവകരമായ നേട്ടമായാണ് പ്രചരിക്കപ്പെട്ടത്്. എന്നാല്‍, അതിന്റെ ഉള്ളടക്കം കൂടുതല്‍ കടുത്ത നിയന്ത്രണമുള്ളതാണ്. ഇത് ജനാധിപത്യത്തിലെ അനിവാര്യതയായ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് ഉപയോഗിക്കാനാവും.

'ഭീകര കുറ്റകൃത്യം' എന്ന പുതിയ കുറ്റകൃത്യത്തിന്റെ ഉള്‍പ്പെടുത്തല്‍: ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള 111-ാം വകുപ്പ് പ്രകാരം നിലവിലെ UAPA സെക്ഷന്‍ 15 (പ്രത്യേക ഭീകര വിരുദ്ധ നിയമം)-ന്റെ പരിധിയില്‍ വരുന്ന ഭീകര കുറ്റകൃത്യത്തെ സാധാരണ ക്രിമിനല്‍ നിയമത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. UAPA ക്ക് വിപരീതമായി, ഭീകര കുറ്റകൃത്യം ചുമത്തുന്നതിന് ആവശ്യമായ ഗവണ്‍മെന്റിന്റെ അനുമതി (sanction requiremenst) ആവശ്യമില്ല.

സമൂഹ്യസേവനം ശിക്ഷകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു: സാമൂഹ്യ സേവനത്തെ കൃത്യമായ നിര്‍വചിക്കാത്തത് ഇതിന്റെ ഫലപ്രദമായമായ ഉപയോഗം ഇല്ലാതാക്കുന്നതാണ്.

ലിംഗ വൈവിധ്യത്തെ പരിഗണിക്കുന്നില്ല: ബലാത്സംഗം, ലൈംഗിക അതിക്രമണം എന്നിവയുടെ കാര്യത്തില്‍ നിയമം ലിംഗപരമായി കുറ്റവാളിയെ പുരുഷനും ഇരയെ സ്ത്രീയും മാത്രമായി പരിഗണിക്കുന്നു.

ആള്‍ക്കൂട്ടകൊലകള്‍ക്ക് മതിയായ ശിക്ഷയുടെ അഭാവം: ആള്‍കൂട്ട 'കൊലകള്‍ക്കുള്ള ശിക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും അവ പര്യാപ്തമല്ല.

The Bhartiya Sakshya Bill (BSB)

'കസ്റ്റഡിയിലോ അല്ലാതെയോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതോ പൊലീസ് അല്ലാത്തവര്‍ക്ക് നല്‍കിയതോ ആയ കുറ്റസമ്മതങ്ങള്‍' തെളിവുകളായി ദുരുപയോഗിക്കാനുള്ള സാധ്യത പുതിയ ബില്ല് നല്‍കുന്നു. തെളിവുകള്‍ കണ്ടെത്തുന്നതിന്റെ മറവില്‍ പൊലീസ് നടത്തുന്ന നിര്‍ബന്ധിത കുറ്റസമ്മതങ്ങള്‍ തടയാന്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമാണ്.

ഉപസംഹാരം:

ക്രിമിനല്‍ നീതി വ്യവസ്ഥയെ അര്‍ഥവത്തായി ഡി-കൊളോണിയല്‍ ചെയ്യാനുള്ള അവസരമാണ് പുതിയ ബില്‍ നഷ്ടപ്പെടുത്തിയത്. സമഗ്രമായ പരിഷ്‌കരണത്തിനുപകരം, ബില്‍ നിലവിലുള്ള നിയമത്തിന്റെ വരികളില്‍ ഊന്നി അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നു. ഈ നിയമനിര്‍മാണം 'ശരിയായ നിയമ നടപടിക്രമങ്ങളില്‍നിന്ന് പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ മാറ്റിവെച്ച് നിയമപാലകര്‍ക്കും അധികാരികള്‍ക്കും വിപുലമായ അധികാരങ്ങള്‍ നല്‍കി കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്ന സമീപനത്തിലേക്ക്' വഴിമാറുന്നതായി കരുതുന്നു. നീതി തടസ്സപ്പെടുത്തുന്നതും വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ് ബില്ല് എന്ന ആശങ്ക ഉയര്‍ത്തുന്നതാണീ വ്യതിയാനം.

*************

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സെഷന്റെ അവസാന ദിവസം, ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഇന്ത്യന്‍ ക്രിമിനല്‍ നീതി വ്യവസ്ഥയെ പരിഷ്‌കരിക്കാനും ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളെ മാറ്റിസ്ഥാപിക്കാനും ലക്ഷ്യമിട്ട് മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചു. എന്നാല്‍, ശീതകാല സെഷനില്‍ സര്‍ക്കാര്‍ ഈ ബില്‍ പിന്‍വലിക്കുകയും ചെറിയ മാറ്റങ്ങളോടെ പിന്നീട് അവതരിപ്പിക്കുകയും ചെയ്തു. പരിഷ്‌കരിച്ച ബില്ലില്‍ നിരവധി ശുപാര്‍ശകളാണ് പരിഗണിക്കാതെ പോയത്. ഇന്ത്യന്‍ പീനല്‍ കോഡ് 1860, ക്രിമിനല്‍ നടപടിക്രമം 1973, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872 എന്നീ മൂന്ന് പ്രധാന ക്രിമിനല്‍ നിയമങ്ങളെ യഥാക്രമം ഭാരതീയ ന്യായ സംഹിത ബില്‍ (BNS), ഭാരതീയ നാഗരിക് സുരക്ഷ സംഹിത ബില്‍ (BN-SS), ഭാരതീയ സാക്ഷ്യ ബില്‍ (BSB) എvdvിവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. ക്രിമിനല്‍ നടപടിക്രമം (CRPC) ഒഴികെയുള്ള ഈ നിയമങ്ങള്‍ക്കെല്ലാം കൊളോണിയല്‍ ചരിത്രമുണ്ട്. വിവിധ കമ്മിറ്റികളുടെയും നിയമ കമീഷനുകളുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1973-ല്‍ നിലവില്‍ വന്നതാണ് ക്രിമിനല്‍ നടപടിക്രമം.

മാറുന്ന നിയമ സാഹചര്യങ്ങളെയും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെയും ആവശ്യകതയനുസരിച്ച് നിരവധി ഭേദഗതികള്‍ക്ക് വിധേയമായവയാണ് ഈ നിയമങ്ങള്‍. ഈ പുതിയ ബില്ലുകള്‍ നിയമത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുന്ന നടപടികളെ ലളിതമാക്കുകയും ശിക്ഷയിലധിഷ്ഠിതമായ നിയമങ്ങള്‍ക്കു പകരം നീതിയിലധിഷ്ഠിതമായതാക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.

ജനങ്ങള്‍ക്കിടയില്‍ ബില്ലിനെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാലാനുസൃതമായി ചലിക്കുന്നതും പരിണമിക്കുന്നതുമാണ് നിയമം. പുതിയ ബില്‍ ചില അവ്യക്തതയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്നുണ്ട്. നിലവിലെ ക്രിമിനല്‍ നിയമങ്ങളനുസരിച്ച് നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന അനവധി കേസുകളുടെ നടത്തിപ്പിന്, പൂര്‍ണ്ണമായും വ്യത്യസ്തമായ സെക്ഷന്‍ നമ്പറുകളുള്ള ഒരു പുതിയ നിയമത്തിന്റെ വരവോടെ വെല്ലുവിളിയായി മാറുന്നു.

ബില്‍ ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ വിപ്ലവകരമായി പരിവര്‍ത്തിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ യാഥാര്‍ഥ്യം വ്യത്യസ്തമാണ്. ബില്ലിന്റെ ഒറ്റനോട്ടത്തിലുള്ള സാമ്യത പരിശോധിച്ചാല്‍ തന്നെ ഏകദേശം 80-83% സമാനത സൂചിപ്പിക്കുന്നു.

(Natasha Narwal, 'The Proposed Overhaul of the Criminal Justice System: Decolonising or Recolonising the Law?' The Wire, Sep. 6, 2023).

കുറഞ്ഞ ചില ഭേദഗതികളിലുടെയും നിലവിലുള്ള വ്യവസ്ഥകളുടെ പുനഃക്രമീകരണത്തിലൂടെയും ഉപരിപ്ലവമായ പരിഷ്‌കരണം മാത്രമാണിത് എന്ന് വ്യക്തമാകുന്നു. 1908-ലെ സിവില്‍ നടപടിക്രമ നിയമവും 1872-ലെ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട് പോലെയുള്ള നിരവധി കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഈ നിയമങ്ങള്‍ ഭേദഗതികളിലൂടെ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാന പരിഗണന അവയുടെ പ്രസക്തിയും സമകാലിക ആവശ്യങ്ങളെയും വെല്ലുവിളികളെയും പരിഹരിക്കുന്നതിലുള്ള കാര്യക്ഷമതയും ആയിരിക്കണം.

പുതിയ ബില്ലുകളും നിലവിലുള്ള നിയമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിശോധിക്കുമ്പോള്‍, കരുതല്‍ തടങ്കലിന്റെ മറവില്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിപുലമായ അധികാരങ്ങള്‍ ഏറെ ആശങ്കാജനകമാണ്. ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായവ്യവസ്ഥ വ്യക്തി സ്വതന്ത്ര്യത്തെയും സാമൂഹിക അവകാശങ്ങളെയും ബാലന്‍സ് ചെയ്യുന്ന നിയമനടപടി രീതിയെയാണ് പിന്തുടരുന്നത്. നീതി, യുക്തി, നിഷ്പക്ഷത എന്നീ തത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു നിയമവും നിലനില്‍ക്കില്ല. കുറ്റകൃത്യങ്ങള്‍ തടയുന്നത് പോലെതന്നെ വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടതും നിര്‍ണായകമാണ്. വ്യക്തിസ്വാതന്ത്ര്യത്തെക്കാള്‍ കുറ്റകൃത്യങ്ങളുടെ പ്രതിരോധമാണ് പുതിയ ഭാരതീയ നാഗരിക സുരക്ഷ സഹിത ബില്‍ മുന്‍ഗണന നല്‍കുന്നത്. R.C. കൂപ്പര്‍ v/s യൂണിയന്‍ ഓഫ് ഇന്ത്യ (1970 AIR 564) , മനേക ഗാന്ധി v/s യൂണിയന്‍ ഓഫ് ഇന്ത്യ (1978 AIR 597) പോലുള്ള വിവിധ കേസുകളിലെ സുപ്രീം കോടതി വിധികള്‍ ഇത് ഊന്നിപ്പറയുന്നുണ്ട്.

തീവ്രവാദ നിയമത്തെ പീനല്‍കോഡില്‍ ഉള്‍പ്പെടുത്തുന്നതിനെതിരായ മറ്റൊരു പ്രധാന എതിര്‍പ്പ് നമ്മുടെ നിയമ ചട്ടക്കൂടിലെ അത്തരം നിയമങ്ങളുടെ ആധിക്യമാണ്. 1967-ലെ യു.എ.പി.എ നിയമം പോലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്ത് ഇതിനകം തന്നെ പ്രത്യേക നിയമം നിലവിലുണ്ടായിരിക്കെ പീനല്‍കോഡിന്റെ വിപുലമായ ചട്ടക്കൂടില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയും പ്രായോഗികതയും പരിശോധിക്കപ്പെടേണ്ടതാണ്.

നിയമങ്ങളുടെ ഹിന്ദി നാമങ്ങളാണ് മറ്റൊരു പ്രധാന പ്രശ്‌നം. 2001-ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം, 122 പ്രധാന ഭാഷകളും 1599 പ്രാദേശിക ഭാഷകളും ഉള്‍പ്പെടെ അനേകം ഭാഷകളുപയോഗിക്കുന്നവരാണ് ഇന്ത്യന്‍ പൗരന്‍മാര്‍. ആഗോള ഭാഷ എന്ന നിലയില്‍ ഇന്ത്യയുലുടനീളം സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പൊതുഭാഷയാണ് ഇംഗ്ലീഷ്. നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ ഇംഗ്ലീഷിലാണ് തയ്യാറാക്കാറുള്ളത്. തുടര്‍ന്ന് ഹിന്ദിയിലേക്കും മറ്റ് പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുകയാണ് പതിവ്. ഇംഗ്ലീഷില്‍ ആദ്യം തയ്യാറാക്കിയ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കുന്ന ഗവമെന്റിന്റെ പുതിയ രീതി ഹിന്ദി ഇതരഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഹിന്ദി സംസാരിക്കത്ത പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് കോടതിയില്‍ ഈ നിയമങ്ങള്‍ ഉച്ചരിക്കാനും പരാമര്‍ശിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. മദ്രാസ് ബാര്‍ അസോസിയേഷന്‍ ഈ നാമകരണത്തെക്കുറിച്ചുള്ള എതിര്‍പ്പും ആശങ്കയും ഔദ്യോഗികമായി ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേന്ദ്രത്തിന്റെ ഈ നീക്കത്തെ 'ഭാഷാ അധിനിവേശത്തിന്റെ ദുര്‍ഗന്ധമെന്ന്' വിശേഷിപ്പിക്കുകയും 'അപകോളനീകരണത്തിന്റെ പേരില്‍ പുനഃകോളനിവത്കരണ ശ്രമം' എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയമങ്ങളുടെ 'ഇന്ത്യന്‍വത്കരണം' ശ്ലാഘനീയമായ കാര്യമാണെങ്കിലും, അവയെ ഹിന്ദിയിലോ സംസ്‌കൃതത്തിലോ മാത്രം നാമകരണം ചെയ്യുതിനപ്പുറം കൂടുതല്‍ സമഗ്രമായ മാറ്റങ്ങള്‍ അതിനാവശ്യമാണ്.

ഭരണഘടനാ മൂല്യങ്ങളുടെ പാലനം, പൗരാവകാശങ്ങളുടെ സംരക്ഷണം, സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം, നിയമപരമായ വ്യക്തത, നീതി തത്വങ്ങളുമായും ഭരണഘടനാ അവകാശങ്ങളുമായും, ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമവുമായും നിയമത്തിനുള്ള ബന്ധം എന്നിവ സംബന്ധിച്ചുള്ള വിവിധ ആശങ്കകളെ വിശദമായി കൈകാര്യം ചെയ്യുന്നതാണ് ഈ പഠനം.

THE BHARTIYA NAGRIK SURAKSHA SANHITA BILL, 2023

ഭാരതീയ നാഗരിക സുരക്ഷ സംഹിത ബില്‍ (BNSS) ക്രിമിനല്‍ നടപടിക്രമത്തിലെ (CrPC) ഒമ്പത് പ്രൊവിഷനുകള്‍ റദ്ദാക്കുകയും, 160 പ്രൊവിഷനുകളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഒമ്പത് പുതിയ പ്രൊവിഷനുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്. ബില്ലില്‍ മൊത്തം 533 വകുപ്പുകള്‍ ഉണ്ട്. അറസ്റ്റ്, കസ്റ്റഡി, അന്വേഷണം, പിടിച്ചെടുക്കല്‍ എന്നീ മേഖലകളില്‍ പൊലീസിന്റെ അധികാരവും വിവേചനവും ഗണ്യമായി വര്‍ധിപ്പിക്കുന്ന നിയമം പ്രതികളുടെ നിലവിലുള്ള അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. വിലങ്ങുവെക്കല്‍, കരുതല്‍ തടങ്കല്‍, പ്രതികളുടെ അഭാവത്തില്‍ ശിക്ഷ വിധിക്കല്‍ എന്നിങ്ങനെയുള്ള പുതിയ വ്യവസ്ഥകളുടെ വരവ് ശരിയായ നിയമനടപടിയെക്കുറിച്ച തത്വങ്ങള്‍ക്കും വിവിധ കേസുകളില്‍ സുപ്രീം കോടതി നടത്തിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കും ഘടകവിരുദ്ധമാണ്. 

പ്രതിയെ വിലങ്ങുവെക്കല്‍;  നിലവിലെ നിയമവും BNSS ലെ പുതിയ ഭേദഗതിയും

ക്രിമിനല്‍ നടപടിക്രമത്തില്‍ (CRPC) വിലങ്ങുവെക്കലിനെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന വകുപ്പുകളില്ല. സുപ്രീം കോടതി വിവിധ കേസുകളില്‍ കൈവിലങ്ങു വെക്കുന്നതിനെക്കുറിച്ച് പല ആശങ്കകളും ഉന്നയിച്ചിട്ടുണ്ട്. DKഡി.കെ ബസു v/s സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ (1997 (1) SCC 416) കേസ് ഇതിന് ഉദാഹരണമാണ്. ഈ കേസില്‍ കോടതി അറസ്റ്റുമായി ബന്ധപ്പെട്ട ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിലങ്ങുവെക്കലുമായി ബന്ധപ്പെട്ട ഈ മാര്‍ഗനിര്‍ദേശങ്ങളില്‍, 'വിലങ്ങുപിടിക്കല്‍ എല്ലാ മര്യാദകളെയും ലംഘിക്കുന്നതാണ്. അതിനാല്‍ അവസാനത്തെ പടിയായി മാത്രമേ അത് അവലംബിക്കാവൂ' കൈവിലങ്ങുപിടിക്കല്‍ ഒരു സൗകര്യമായി ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

'The indiscriminate resort to handcuffs when accused persons are taken to and from the court and the expedient of forcing irons on prison inmates are illegal and shall be stopped forthwith save in a small category of cases. Recklsse handcuffing and chaining in public degrades, puts to shame finer sensibilities, and is a slur on our culture.' 

പ്രേം ശങ്കര്‍ ശുക്ല v/s ഡല്‍ഹി അഡ്മിനിസ്‌ട്രേഷന്‍ (1980 AIR 1535) A- മറ്റൊരു കേസില്‍, സുപ്രീം കോടതി വിലങ്ങിടല്‍ എന്ന പ്രവൃത്തിയെ കുറ്റപ്പെടുത്തിക്കൊണ്ട് പറയുന്നു: 'Insurance against escape does not compulsorily require handcuffing'. കൂടാതെ, സുനില്‍ ബത്ര v/s ഡല്‍ഹി അഡ്മിനിസ്‌ട്രേഷന്‍ (1980 AIR 1579) A കേസില്‍, സുപ്രീം കോടതി വിവേചനരഹിതമായി വിലങ്ങിടുന്നതിനെ വിമര്‍ശിക്കുന്നു. കാരണം, അത് ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിന് തുല്യമാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്.

ഇത്രയും വിധികളുണ്ടായിരിക്കെ BNSS സെക്ഷന്‍ 43(3) വ്യക്തമായി പ്രസ്താവിക്കുന്നു: 'The police officer may, keeping in view the nature and gravity of the offence, use handcuff while effecting the arrest of a person who is a habitual, repeat offender who escaped from custody, who has committed offence of organized crime, offence of terrorist act, drug related crime, or offence of illegal possession of arms and ammunition, murder, rape, acid attack, counterfeiting of coins and currency notes, human trafficking, sexual offences against children, offences against the State, including acts endangering sovereignty, unity and integrity of India or economic offences.' 

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതികളെ വിലങ്ങിടാന്‍ ഈ വകുപ്പ് അനുവദിക്കുന്നു. ക്രിമിനല്‍ നടപടിക്രമത്തിലെ (CRPC) വകുപ്പ് 46-മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പൊലീസിന്റെ വിവേചനാധികാരത്തെ വര്‍ധിപ്പിക്കുന്നു. ചരിത്രപ്രധാനമായ സുപ്രീം കോടതി വിധികളിലെ നിയന്ത്രണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന BNSS, മതിയായ പരിശോധനകള്‍ ഇല്ലാതെതന്നെ പൊലീസിന് വിലങ്ങുവെക്കാനുള്ള അധികാരം നല്‍കുന്നു. ഇത് മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിച്ചേക്കാം. 

അറസ്റ്റു ചെയ്യാനുള്ള പൊലീസിന്റെ വര്‍ധിച്ച അധികാരം

ഭാരതീയ നാഗരിക സുരക്ഷ സംഹിതയിലെ വകുപ്പ് 43(2) ഇങ്ങനെ പറയുന്നു: 'If such person forcibly resists the endeavour to arrest him, or attempts to evade the arrest, such police officer or other person may use all means necessary to effect the arrest'

എതിര്‍ക്കുന്ന ഒരു വ്യക്തിയുടെ അറസ്റ്റ് നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് 'ആവശ്യമായ എല്ലാ മാര്‍ഗങ്ങളും' ഉപയോഗിക്കാന്‍ ഇത് അനുവാദം നല്‍കുന്നു. സൈനിക ഉദ്യോഗസ്ഥരുടെ അധികാരത്തിന് സമാനമായ വിശാലമായ അധികാരം ഇത് പൊലീസിന് നല്‍കുന്നു.

കരുതല്‍ തടങ്കല്‍

ബി.എന്‍.എസ്.എസ് ലെ കരുതല്‍ തടങ്കല്‍ അധികാരം 1967-ലെ UAPA നിയമത്തിലെ വകുപ്പ് 43 A യില്‍ പറയുന്നതിന് ഏറെക്കുറെ സമാനമാണ് 'have reason to believe from personal knowledge or information given by any person and taken in writing that any person has committed an offence punishable under this Act or from any document, article or any other thing.'

ബി.എന്‍.എസ്.എസ് സെക്ഷന്‍ 172 ല്‍ പറയുന്നു: '(1) All persons shall be bound to conform to the lawful directions of a police officer given in fulfilment of any of his duty under this Chapter.

(2) A police officer may detain or remove any person resisting, refusing, ignoring or disregarding to conform to any direction given by him under sub-section (1) and may either take such person before a Judicial Magistrate or, in petty cases, release him when the occasion is past. 

പരിഷ്‌കരിച്ച BNSS ബില്ലില്‍ 'when the occasion is past' എന്നതിന് പകരം 'within a period of twenty-four hours' എന്ന് മാറ്റിയിട്ടുണ്ട്. 

BNSS ലെ വകുപ്പ് 172 പറയുന്നത്, പൊലീസ് നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍, ലംഘിക്കുന്നവരെ പോലീസിന് തടവിലാക്കാം എന്നാണ്. CRPC യില്‍ പൊലീസ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ അടിസ്ഥാനമാക്കി ഇത്തരം വിശാലമായ തടങ്കല്‍ അധികാരം ഉള്‍പ്പെടുത്തിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥന് താന്‍ നല്‍കിയ ഏതെങ്കിലും നിര്‍ദേശം നിരസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും തടവിലാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാനുള്ള അധികാരമുണ്ട്.

ഈ വ്യവസ്ഥ യഥാര്‍ഥത്തില്‍ അഭിപ്രായ വ്യത്യാസങ്ങളെയും പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളെയും ഇല്ലാതാക്കാനും ജനാധിപത്യ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രൂപത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുള്ളതാണ്. മനേക ഗാന്ധി V/s യൂണിയന്‍ ഓഫ് ഇന്ത്യ ((1978) 1 SCC 248) കേസില്‍, ഏതൊരു നടപടിക്രമ നിയമവും 'നീതിയുക്തവും, നേര്‍വഴിക്കുള്ളതും, യുക്തിസഹവുമായിരിക്കണമെന്ന്' ഉറപ്പിച്ചു പറയുന്നുണ്ട്. ബില്‍ ഈ നിര്‍ദേശം പാലിക്കുന്നതായി കാണുന്നില്ല.

ഭരണഘടനയുടെ 22-ാം വകുപ്പിനെയും ബില്ലിലെ ഈ വ്യവസ്ഥ ലംഘിക്കുന്നു. കാരണം, പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം വ്യക്തിയെ തടവിലാക്കാനുള്ള വിപുലവും അവ്യക്തവുമായ അധികാരം പൊലീസിന് ഇത് നല്‍കുന്നുണ്ട്.

അവലംബം: അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്

(തുടരും)




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News