മോദിയുടെ ദുര്‍ബല ഭരണകൂടവും ജനകീയ പ്രതിപക്ഷ മുന്നേറ്റ സാധ്യതകളും

മോദി ഗവണ്‍മെന്റിന്റെ മുന്‍കാല ജനദ്രോഹ നടപടികള്‍ക്കെതിരെയുണ്ടായ ജനരോഷങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുക എന്നതാണ് പ്രതിപക്ഷ നിരയുടെ ഏറ്റവും അടിയന്തിര കര്‍ത്തവ്യം.

Update: 2024-06-10 08:15 GMT
Advertising

അധികാരവും സമ്പത്തും വര്‍ഗ്ഗീയ വിദ്വേഷ രാഷ്ട്രീയവും ഉപയോഗിച്ച് ജനങ്ങളെ എക്കാലവും അടക്കി ഭരിക്കാമെന്ന സംഘ്പരിവാര്‍ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ തക്കതായ മറുപടി നല്‍കിക്കഴിഞ്ഞു. ബി.ജെ.പി നയിക്കുന്ന ദേശീയ മുന്നണിക്ക് ലഭിച്ച 293 സീറ്റുകളില്‍ രണ്ട് ഡസന്‍ സീറ്റുകളെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സൂക്ഷ്മതക്കുറവ് കൊണ്ട് സംഭവിച്ചതാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളെ കൂടുതല്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. അതായത്, പ്രതിപക്ഷ ഐക്യനിരയെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുകൊണ്ടുപോകുകയും ന്യായപൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തിരുന്നെങ്കില്‍ ദേശീയ ജനാധിപത്യ മുന്നണി നിലംതൊടില്ലായിരുന്നുവെന്ന് ചുരുക്കം.

ഇന്‍ഡ്യാ മുന്നണിക്ക് ലഭിച്ച വലിയ തോതിലുള്ള ജനപിന്തുണക്ക് ആ മുന്നണിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല കാരണം എന്ന തിരിച്ചറിവ് പ്രധാനമാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കും നടപടികള്‍ക്കും എതിരായ പ്രതിഷേധസ്വരമുയര്‍ത്തിയ വിവിധങ്ങളായ ജനകീയ മുന്നേറ്റങ്ങള്‍, കര്‍ഷക സംഘടനകള്‍, സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍, ജനകീയ മാധ്യമ ശൃംഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന കക്ഷി രാഷ്ട്രീയത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയില്‍ ശക്തമായി വേരൂന്നിക്കൊണ്ടിരിക്കുന്ന നവ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കൂടിയാണ്. 

തെരഞ്ഞെടുപ്പ് ഫലത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഇന്‍ഡ്യാ മുന്നണി തീരുമാനിച്ചത് ഉചിതമായി. കൂടുതല്‍ ശക്തവും കാര്യക്ഷമവുമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ ഏറ്റവും കരുത്തുറ്റ അടിത്തറയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ വഴിയില്ല.

ഇന്‍ഡ്യാ മുന്നണിക്ക് ലഭിച്ച വലിയ തോതിലുള്ള ജനപിന്തുണക്ക് ആ മുന്നണിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല കാരണം എന്ന തിരിച്ചറിവ് പ്രധാനമാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കും നടപടികള്‍ക്കും എതിരായ പ്രതിഷേധസ്വരമുയര്‍ത്തിയ വിവിധങ്ങളായ ജനകീയ മുന്നേറ്റങ്ങള്‍, കര്‍ഷക സംഘടനകള്‍, സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍, ജനകീയ മാധ്യമ ശൃംഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന കക്ഷി രാഷ്ട്രീയത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന, ഇന്ത്യയില്‍ ശക്തമായി വേരൂന്നിക്കൊണ്ടിരിക്കുന്ന നവ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കൂടിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെങ്ങും ഉയര്‍ന്ന പ്രതിരോധങ്ങള്‍, മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരായ കശ്മീര്‍ ജനതയുടെ പ്രതിഷേധം (കശ്മീരില്‍ തെരഞ്ഞെടുപ്പ് ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ആര്‍ട്ട്ക്ക്ള്‍ 370 റദ്ദാക്കിയതിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ ജയിലില്‍ക്കഴിയുന്ന വ്യക്തിയാണെന്നോര്‍ക്കുക), മണിപ്പൂരില്‍ സംഘ്പരിവാര്‍ നടത്തിയ ആസൂത്രിത വംശഹത്യയ്ക്കെതിര ജനങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം, ഇന്ത്യയിലെ ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നടന്നുവന്ന അതിക്രമങ്ങള്‍ക്കെതിരായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ എന്നിവയൊക്കെയും സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരായ ജനവിധിയില്‍ പ്രതിഫലിക്കപ്പെടുന്നുണ്ട്.

മേല്‍സൂചിപ്പിച്ചതും അല്ലാത്തതുമായ വിവിധങ്ങളായ ജനരോഷങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുക എന്നതാണ് പ്രതിപക്ഷ നിരയുടെ ഏറ്റവും അടിയന്തിര കര്‍ത്തവ്യം. 


മിനിമം സഹായവില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക, ആര്‍ട്ട്ക്ക്ള്‍ 370 പുനഃസ്ഥാപിക്കുക, യു.എ.പി.എ, സി.എ.എ നിയമങ്ങള്‍ റദ്ദു ചെയ്യുക, ഉമര്‍ ഖാലിദ് അടക്കമുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കുക, മണിപ്പൂരിലെ ആസൂത്രിത കലാപത്തിന് പിന്നിലെ മുഴുവന്‍ ശക്തികളെയും നിയമത്തിന് മുന്നിലെത്തിക്കുക, ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കുക, അദാനിയുമായി ബന്ധപ്പെട്ട ഓഹരി ക്രമക്കേടുകള്‍ ഉടന്‍ അന്വേഷിക്കുക, ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് വന്‍കിട കമ്പനികള്‍ക്ക് നല്‍കിയ വഴിവിട്ട സൗജന്യങ്ങള്‍ സംബന്ധിച്ച അന്വേഷണം ഉടന്‍ ആരംഭിക്കുക, ബി.ജെ.പി സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമ കേസുകളിലെ പ്രതികളെ എത്രയുംപെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിക്കുക, തൊഴില്‍ നിയമ ഭേദഗതി റദ്ദുചെയ്യുക, ജാതി സെന്‍സസ് നടപ്പാക്കുക, ഫെഡറല്‍ നിയമങ്ങളെ അട്ടിമറിക്കുന്ന നടപടികള്‍ക്ക് അറുതി വരുത്തുക, ... തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജനകീയ മുന്നേറ്റങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ എത്രയും വേഗം മുന്നോട്ടുവരേണ്ടതുണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News