വിവര്‍ത്തനത്തിലൂടെ പുഷ്ടിപ്പെട്ട സാഹിത്യ ശാഖയാണ് മലയാളത്തിലേത് - എ. പി കുഞ്ഞാമു

ഇംഗ്ലീഷ് ഭാഷയില്‍ uncle എന്ന് പറയുന്നത് പോലെതന്നെയാണ് cousin എന്ന പദവും. ഇവയ്ക്ക് വിസ്തൃതമായൊരു സങ്കല്‍പം തന്നെയുണ്ട്. എന്നാല്‍, മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്ന ഒരാള്‍ക്ക് ഇയാള്‍ അമ്മാവനാണോ, അതോ ഇളയച്ഛനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. | MLF 2023

Update: 2023-12-03 05:45 GMT
Advertising

ജീവിതം എത്ര വിവര്‍ത്തന ക്ഷമം എന്നത് അത്രയേറെ ചിന്താകുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. മലയാള സാഹിത്യത്തിനെ ഏറ്റവും സമ്പന്നമാക്കിയത് വിവര്‍ത്തനത്തിന്റെ കൂടിച്ചേരലുകള്‍ കൊണ്ടുകൂടിയാണ് എന്നത് പറയാതിരിക്കാന്‍ വയ്യ. വിവര്‍ത്തനത്തിലൂടെ പുഷ്ടിപ്പെട്ട ഒരു സാഹിത്യ ശാഖയാണ് മലയാളത്തിലേത്. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനങ്ങള്‍ ചെയ്യപ്പെടുന്നില്ല എന്നുള്ള പരാതി പൊതുവെ നിലനില്‍ക്കുന്നുണ്ട്.

എന്താണ് വിവര്‍ത്തനം എന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പൊതുവെ പറയാറുണ്ട്, അത് അല്‍പം അശ്ലീലത കലര്‍ന്ന ഒരു നിര്‍വചനമാണ് എന്ന്. പ്രസിദ്ധ എഴുതുകാരനും, മലയാളത്തില്‍ നിന്ന് 'സൂഫി പറഞ്ഞ കഥ 'ഇംഗ്ലീഷിലേക്കും, നരസിംഹറാവുവിന്റെ 'Insider' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളയാളുമായ ഗോപിയേട്ടന്‍ എന്ന് വിളിക്കുന്ന, എന്‍. ഗോപാലകൃഷ്ണന്‍ പറയുന്നതനുസരിച്ച് വിവര്‍ത്തനം എന്നത് അന്യന്റെ ഭാര്യക്ക് ഗര്‍ഭം ഉണ്ടാക്കി കൊടുക്കുന്ന ഏര്‍പ്പാട് പോലെയാണെന്നാണ്. അന്യന്റെ ഭാര്യക്ക് ഗര്‍ഭമുണ്ടാക്കി കൊടുത്താല്‍ കുട്ടി അയാളുടേതായിട്ടാണ് അറിയപ്പെടുക. അതിന്റെ അധ്വാനം മുഴുവന്‍ പരിഭാഷകര്‍ക്കുമാണ് ഉള്ളത്. അശ്ലീല ധ്വനികളുള്ള നിര്‍വചനമാണുള്ളതെങ്കിലും സംഗതി ശരിയാണ്. മാര്‍ക്വേസിന്റെ 'ഏകാന്തയുടെ നൂറുവര്‍ഷങ്ങള്‍' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. എസ് ശിവരാജനാണ്. പക്ഷേ, അത് മാര്‍ക്വേസിന്റെ പേരിലായിട്ടാണ് അറിയപ്പെടുക.

വിവര്‍ത്തനം എന്ന് പറയുന്നത് വളരെ എളുപ്പമുള്ള ജോലിയാണ് എന്നുള്ള ഒരു പൊതുധാരണ ഇന്നത്തെ സമൂഹത്തിനകത്തുണ്ട്. മലയാളത്തില്‍ വിവര്‍ത്തനത്തിന് അങ്ങനെ ഒരു അംഗീകാരം കിട്ടിതായിട്ടില്ല. പരിഭാഷകന്റെ പ്രാധാന്യം കുറഞ്ഞു വരുന്ന കാലമാണ്. ഇന്നത്തെ ആളുകള്‍ എന്തിനും ഗൂഗിളിനെ ആശ്രയിക്കുന്ന കാലമാണ് എന്ന വസ്തുത പറയാതിരിക്കാന്‍ വയ്യ. 'Nosedive ' എന്ന ഇംഗ്ലീഷ് പദം പൊതുവെ ഉപയോഗിക്കുന്നത് ഡോളറിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. എന്നാല്‍, ഗൂഗിള്‍ പറയുന്നതോ' മൂക്ക് പൊത്തുക'. 


ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു താങ്കള്‍ക്ക് ഇതൊക്കെ എളുപ്പമല്ലേ? പരിഭാഷപ്പെടുത്താന്‍ എന്താണിത്ര പ്രയാസം? പക്ഷേ മറുപടികേട്ട അയാള്‍ മൂക്കിന്മേല്‍ വിരല്‍ വെച്ചു ചിരിച്ചു. ഞാന്‍ ഒരു സിനിമയുടെ പേര് പറയാം. അതൊന്ന് താങ്കള്‍ പരിഭാഷപ്പെടുത്തി തരുമോ? പഴയ കാലത്ത് റിലീസായ സിനിമയുടെ പേര് പറഞ്ഞു 'അച്ഛനും ബാപ്പയും'. വിവര്‍ത്തനം എന്ന് പറയുന്നത് ഭാഷപരമായൊരു പരിപാടിയല്ല എന്ന് അദ്ദേഹം അന്നാണ് മനസ്സിലാക്കുന്നത്. ഭാഷയിലുള്ളൊരു പ്രശ്‌നമായി ഇതിനെ കണക്കാക്കാന്‍ പറ്റില്ല, സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ്. ഭാഷയുടെ രീതി അതാണ്. മലയാളത്തില്‍ അച്ഛന്‍, ബാപ്പ എന്ന സങ്കല്‍പ്പങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇംഗ്ലീഷില്‍ ഈ സങ്കല്‍പ്പങ്ങള്‍ ഇല്ല. നമ്മുടേതുപോലെ മതപരമായും, സാമുദായികമായും, സാംസ്‌കാരികമായുമൊക്കെ കുറച്ചുകൂടി കള്ളികള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന സമൂഹത്തില്‍ അച്ഛന്‍, ബാപ്പ എന്നീ രണ്ട് സങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ, ഒരു ഇംഗ്ലീഷ് ഭാഷയുടെ സാംസ്‌കാരിക പരിസരത്ത് അച്ഛന്‍, ബാപ്പ എന്നീ രണ്ട് ആശയങ്ങള്‍ കാണാന്‍ സാധിക്കുകയില്ല. ഇംഗ്ലീഷ് ഭാഷയില്‍ uncle എന്ന് പറയുന്നത് പോലെതന്നെയാണ് cousin എന്ന പദവും. ഇവയ്ക്ക് വിസ്തൃതമായൊരു സങ്കല്‍പം തന്നെയുണ്ട്. എന്നാല്‍, മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്ന ഒരാള്‍ക്ക് ഇയാള്‍ അമ്മാവനാണോ, അതോ ഇളയച്ഛനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പരിഭാഷ ഒരു പരിധിവരെ - പൂര്‍ണമായും അത് വിശ്വസിനീയമായ ഒന്നല്ല - സാംസ്‌കാരികമായ കൈമാറ്റം ചെയ്യപ്പെട്ട ഒന്നാണ്. ഒരു ഭാഷയുടെ വാക്കുകള്‍ക്കോ പ്രയോഗങ്ങള്‍ക്കോ ആ പ്രദേശത്തിന്റെ സാംസ്‌കാരികമായ രീതിയാണ് പിന്തുടരുന്നത്. ഇത്തരത്തിലുള്ള സാംസ്‌കാരിക രീതിയാണ് നമ്മളും പിന്തുടരുന്നത്. നമ്മള്‍ വിവര്‍ത്തനം ചെയ്യുന്നത് ഒരു വാക്കിനെയോ, വാക്യത്തെയോ അല്ല, മറിച്ച് ഒരു സംസ്‌കാരത്തെ കൂടിയാണ് എന്നതാണ് പ്രധാനമായ വശം. ആധുനിക കാലത്ത് പല ഭാഷകളില്‍ നിന്നുമൊക്കെ പരിഭാഷ നടത്തുമ്പോള്‍ പ്രാദേശിക ഭാഷക്കും ആഗോള ഭാഷക്കും ഇടയില്‍ ഒരു ആധിപത്യം സംഭവിക്കുന്നുണ്ട്. പലപ്പോഴും പ്രാദേശിക ഭാഷക്ക് മേലുള്ള വിദേശ ഭാഷയുടെ കടന്നുകയറ്റം കൂടിയാണ് വിവര്‍ത്തനം.

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ' ജീവിതം എത്ര വിവര്‍ത്തനാത്മകം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിച്ചതിന്റെ സംക്ഷിപ്തരൂപം.

തയ്യാറാക്കിയത്: സാബിക് സബീല്‍

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സാബിക് സബീല്‍

Media Person

Similar News