അയ്യന്റെ ജനായത്തപ്രാതിനിധ്യപ്പോരാട്ട പരമ്പര

ആഗസ്റ്റ് 28: അയ്യന്‍കാളി ജയന്തി ദിനം

Update: 2024-09-10 13:43 GMT
Advertising

മഹാത്മാ അയ്യന്‍കാളിയെ ജനതയാണിന്ന് ഏതാണ്ടൊരു നൂറ്റാണ്ടിനുശേഷം മഹാത്മാവായി സംബോധനചെയ്യുന്നത്. മഹാത്മാവെന്ന് ഒരുനൂറ്റാണ്ടുമുമ്പ് പലരും വിളിച്ച മോഹനദാസകരംചന്ദഗാന്ധിയാണ് വെങ്ങാനൂരുവന്നു അയ്യനെ പുലയരാജാ എന്നു ബഹുജനങ്ങളുടെ മുന്നില്‍വച്ചുവിളിച്ചത്. 1907ല്‍ രൂപീകരിച്ച സാധുജനപരിപാലനസംഘത്തിന്‍ സ്ഥാപകാധ്യക്ഷനെയാണ് മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷവും 1937ല്‍ ഇതരദലിതസോദരങ്ങളുടെ മുന്നില്‍ ഗാന്ധി പുലയന്മാരുടെ രാജാവാക്കിച്ചുരുക്കിവിളിച്ചത്. നിരവധിയിതരയവര്‍ണബഹുജനങ്ങളംഗങ്ങളായുണ്ടായിരുന്ന സാധുജനങ്ങളുടെസംഘത്തെ ചിതറിക്കാന്‍ ഗാന്ധിയുടെ പുലയരാജാവിളി ധാരാളമായിരുന്നു.

ഇതേ വിഭജനഭരണയുക്തിയിലാണ് ആഭ്യന്തരജനായത്തവും സാമൂഹ്യപ്രാതിനിധ്യവുമില്ലാതെ തികഞ്ഞബ്രാഹ്മണികയാണ്‍കോയ്മയുടെകൊളീജിയമായി അക്ഷരാര്‍ഥത്തില്‍മാറിയിരിക്കുന്ന കോടതികളിന്ന് പ്രാതിനിധ്യമില്ലാത്ത ദലിതബഹുജനങ്ങളെ പലതട്ടുകളാക്കി വെട്ടിമാറ്റുകയും ജാതിയുപജാതി ശ്രേണീകൃത അസമത്തത്തെ ദുരുപയോഗംചെയ്തു തരംതിരിച്ചുതല്ലിച്ചു സ്ഥാപനവത്കരിക്കുകയും കൌടില്യകൌശലമാര്‍ന്ന കുല്‍സിതമായ സാമ്പത്തികമാനദണ്ഡം സാമുദായികപ്രാതിനിധ്യവിഷയത്തില്‍ കുത്തിച്ചെലുത്തുകയും സാമൂഹികനീതിയുടേയും ജനായത്തപരമായ പ്രാതിനിധ്യത്തിന്റേയും അട്ടിമറിനടത്തുകയും ചെയ്യുന്നത്. രാഷ്ട്രീയപ്രാതിനിധ്യം മൗലികാവകാശമാണെന്ന ജനായത്തഭരണഘടനാതത്വമാണിവിടെയെല്ലാം അട്ടിമറിക്കപ്പെടുന്നത്.

മഹാത്മാവായും ബാപ്പുവായും വാഴ്ത്തപ്പെട്ട ഗാന്ധി, പുലയന്മാരുടെ രാജാവെന്നുവിളിച്ച അയ്യന്‍കാളി താനൊരു ജാതിയുടേയും രാജാവല്ലെന്നും സമുദായത്തില്‍ നിന്നു പത്തു ബിരുദധാരികളെ കാണുകയാണ് തന്റെ ജീവിതാഭിലാഷമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പള്ളിക്കൂടം പോരാട്ടവും പ്രജാസഭാപ്പോരാട്ടവും പൊതുവഴിപ്പോരാട്ടവുമെല്ലാമതിനായിരുന്നു.

ജനായത്തപരമായ പ്രാതിനിധ്യത്തിലുറച്ച ഇന്ത്യന്‍ ഭരണഘടനയേയാണീ ദലിതരിലെ വെണ്ണപ്പാളിവാദങ്ങള്‍ ആക്രാമകമായി ലക്ഷ്യമാക്കുന്നത്. ബഹുജനങ്ങളിലെ വിദ്യാഭ്യാസവും ശബ്ദനിര്‍വാഹത്തവുമുള്ളവരെ വേര്‍തിരിച്ചുവെട്ടിനീക്കി സാമൂഹ്യവും സാമുദായികവുമായഹത്യനടത്തി സാമ്പത്തികനിര്‍ണയനവാദത്തിലൂടെ തങ്ങളുടെ അവിഹിതക്കുത്തകപെരുപ്പിക്കുക എന്നതികഞ്ഞ ബ്രാഹ്മണികക്ഷുദ്രതന്ത്രമാണീ ക്രീമീലെയര്‍വാദം. അമിതപ്രാതിനിധ്യക്കുത്തകയുള്ള മുന്നാക്കരുടെ സാമ്പത്തികസംവരണമെന്ന തികഞ്ഞജാതിസംവരണത്തില്‍ അവരീച്ചുരുങ്ങിയ വരുമാനപരിധിയെക്കുറിച്ചുമിണ്ടുന്നില്ലതാനും. അവിടെ മികവിന്‍വേദാന്തവും ആവിയാക്കുന്നു. ദലിതസമുദായരൂപീകരണത്തെ ഛിന്നഭിന്നമാക്കി രാഷ്ട്രീയാധികാരശക്തിയായവര്‍ മാറുന്നതിനെ തടയലും ബഹുജനങ്ങളുടെ സാമൂഹ്യശിഥിലീകരണവുമാണ് ലക്ഷ്യമെന്നുവ്യക്തം.

പിന്നാക്കസമുദായങ്ങളില്‍ 1990കളില്‍ മണ്ഡല്‍ക്കാലത്തുതന്നെ ഈ ഭരണഘടനാവിരുദ്ധവും അസാധുവുമായ സാമ്പത്തികമാനദണ്ഡം സാമുദായികപ്രാതിനിധ്യത്തില്‍ ഘടകമാക്കിച്ചേര്‍ത്തു വിഭജിപ്പിക്കാനും സാമുദായികവിള്ളലുകളും പിളര്‍പ്പുകളുമുണ്ടാക്കാനും അവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തെ ഇല്ലാതാക്കാനും സവര്‍ണരുടേയും പ്രാതിനിധ്യത്തില്‍ മുന്നാക്കമായവരുടേയും അധികാരക്കുത്തക സംരക്ഷിക്കാനും കൂട്ടാനും ജനായത്തവിരുദ്ധജാതിഹിന്ദുസഖ്യങ്ങള്‍ക്കു കഴിഞ്ഞു. 1958ല്‍ നമ്പൂരിപ്പാടാണ് കേരളത്തിലൂടെയീ സ്വയംസേവകയജണ്ടയും മുന്നോട്ടുവച്ചത്. ജനായത്തസാക്ഷരതയും ന്യൂനപക്ഷാവകാശബോധവുമില്ലാത്ത ബ്രാഹ്മണികപിതൃത്വപാരമ്പര്യമവകാശപ്പെടുന്ന ചിലരും കേരളത്തില്‍ സാമുദായികപ്രാതിനിധ്യത്തെ തകര്‍ക്കാനും സാമ്പത്തികസവര്‍ണസംവരണം നടപ്പാക്കാനും പരിശുദ്ധപിതൃരൂപങ്ങള്‍ക്കു പിന്തുണകൊടുത്തു.

2018ലെ ലിംഗനീതിക്കായുള്ള സുപ്രീകോടതിവിധിയെ അട്ടിമറിച്ച ശബരിമലശൂദ്രലഹളയുടെ സമ്മര്‍ദ്ദപരിസരത്ത് കേരളത്തിലെ ദേവസംബോഡിലൂടെയാണ് ഇന്ത്യന്‍ ഭരണഘടയുടെ ആധാരമായ സാമൂഹ്യപ്രാതിനിധ്യവും സാമൂഹികനീതിയുമട്ടിമറിക്കുന്ന അമിതപ്രാതിനിധ്യമെല്ലാമേഖലകളിലും കുത്തകയായിക്കയ്യാളുന്ന മുന്നാക്കരുടെ വിചിത്രസാമ്പത്തികദൗര്‍ബല്യം പറഞ്ഞുള്ള ജാതിക്കുത്തകസംവരണം എന്ന ഇ.ഡബ്ല്യൂ.എസ്. ഓഡിനന്‍സാക്കിയത്. 2019ലാണ് ഷാ-മോദി യൂണിയന്‍ ഭരണകൂടംപോലുമതു നടപ്പാക്കിയത്. ജനങ്ങളുടെചിലവില്‍ അക്കാദമികളെക്കുത്തകയാക്കിനടത്തിയ ഹിന്ദുസംസ്‌കൃതപുരാണപട്ടത്താനങ്ങളാണിതിന് അരങ്ങൊരുക്കിയത്. 


| ചേര്‍ത്തലയിലെ അയ്യന്‍കാളി സ്മാരകം

1936ലെ തിരുവിതാംകൂര്‍ ഭരണകൂടമേലാളരുടെ അജണ്ടയായിരുന്ന അവര്‍ണരുടെ ക്ഷേത്രപ്രവേശനവിളംബരത്തിന്‍ പേരിലായിരുന്നു ദേശീയനേതാവായ ഗാന്ധി അയ്യന്‍കാളിയെ അഭിനന്ദിച്ചത്. ക്ഷേത്രപ്രവേശം അയ്യന്‍കാളിയുടെ അജണ്ടയല്ലായിരുന്നു. അദ്ദേഹത്തിന്റേതല്ലാത്ത തങ്ങളുടെതടിരക്ഷിക്കാനുള്ള രഹസ്യയജണ്ടയായിരുന്ന ക്ഷേത്രപ്രവേശനത്തിന്‍ പേരിലായിരുന്നു ഗാന്ധിയേയും കൊണ്ട് തിരുവിതാകൂര്‍ ഭരണകൂട ഒളിഗാര്‍ക്കി വെങ്ങാനൂരെത്തിയത്. തൊട്ടൂകൂടാത്തവരായ അവര്‍ണരെ ഹിന്ദുക്കളാക്കിമാറ്റിയില്ലെങ്കില്‍ ജാതിഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളായിമാറുമെന്ന് 1932ല്‍ തന്നെ പൂനാപ്പട്ടിണികിടന്ന് ദലിതരെ ഹിന്ദുമതത്തിനകത്തു പേരിനുപിടിച്ചുനിര്‍ത്തിയ ഗാന്ധിക്കു വ്യക്തമായി അറിയാമായിരുന്നു. അംബേദ്കറെ വഴക്കിയ ഗാന്ധിയുടെ ധാര്‍മികവിലപേശലിനെ സഹോദരനാണ് സമകാലത്തുതന്നെ പൂനാപ്പട്ടിണിയാക്കി ചരിത്രത്തിലടയാളപ്പെടുത്തിയത്.

മഹാത്മാവായും ബാപ്പുവായും വാഴ്ത്തപ്പെട്ട ഗാന്ധി പുലയന്മാരുടെ രാജാവെന്നുവിളിച്ച അയ്യന്‍കാളി താനൊരു ജാതിയുടേയും രാജാവല്ലെന്നും സമുദായത്തില്‍ നിന്നു പത്തു ബിരുദധാരികളെ കാണുകയാണ് തന്റെ ജീവിതാഭിലാഷമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പള്ളിക്കൂടം പോരാട്ടവും പ്രജാസഭാപ്പോരാട്ടവും പൊതുവഴിപ്പോരാട്ടവുമെല്ലാമതിനായിരുന്നു. അധീശനാമകരണം ജാതിഹിന്ദുനേതാക്കളും ഒളിഗാര്‍ക്കി നയിക്കുന്ന പാര്‍ട്ടികളും ബഹുജനങ്ങളുടെ ചിലവില്‍ നടത്തിവച്ചിരിക്കുന്ന കേരളത്തിലെ പലസര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാസ്ഥാപനങ്ങള്‍ക്കും അയ്യന്റേയും സഹോദരന്റേയും അപ്പച്ചന്റേയും പേരിടുകമാത്രമാണ് തെറ്റുകള്‍ തിരുത്താനുള്ളവഴി. കാരണമവരാണ് ഗുരുവിന്‍ ഏവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനഭാവനയേയും വിദ്യാഭ്യാസസംഘടനാ സന്ദേശങ്ങളേയും ജനതയുടെ വിമോചനമാക്കിയത്.

ദലിത് ചരിത്രത്തേയും അക്ഷരങ്ങളേയും കുറിച്ചുപാടിയ പൊയ്കയാരേയും പറയരുടെ രാജാവാക്കാനും ജനസംഖ്യാപരമായിശക്തമായ അത്തരംദലിതബഹുജനസമുദായങ്ങളെയൊക്കെ ഉപജാതിയുംഗോത്രവുംപറഞ്ഞുപിളര്‍ത്താനും, അയ്യാവൈകുണ്ഠരെ നാടാരുടെ മന്നരാക്കാനുമായിരുന്നു തിരുവിതാംകൂറിലെ അനന്തപുരിനീചരുംകരിനീചരുമായ മനുസ്മൃതിവാഴ്ച്ചക്കാര്‍ മിനക്കെട്ടത്.

സ്മൃതികള്‍നോക്കിഭരിക്കുന്ന ഹിന്ദുക്കളേക്കുറിച്ചും ഗാന്ധിയുടെസത്യബോധമായിന്നു പുരാണപട്ടത്താനികളവതരിപ്പിക്കുന്ന രാമരാജ്യത്തിലെ ശൂദ്രാദികളുടെഗതിയെക്കുറിച്ചും ഗുരു 1914ല്‍ തന്നെ പ്രസ്താവിച്ചു. ജാതിയുപജാതിരാജായല്ല താനെന്നും കേരളത്തിലെ ദലിതജനതയുടെ ജനനേതാവാണെന്നും പ്രാതിനിധ്യമില്ലാതെ പിന്നാക്കമായ തന്‍ദലിതസമുദായത്തില്‍ നിന്നും സര്‍വകലാശാലബിരുദക്കാരെക്കാണമെന്നുമായിരുന്നു അയ്യന്‍വഴി.

1924ല്‍ അംബേദ്കറേയും പ്രചോദിപ്പിച്ച ഇന്ത്യയിലെ ആദ്യജാതിവിരുദ്ധ പൊതുവിടപ്രവേശനജനായത്തസമരമായ വൈക്കം പോരാട്ടവേളയില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം മനുഷ്യരെന്ന നിലയില്‍ കടന്നുകയറണമെന്നും മൂടിവച്ച പാല്‍പ്പായസമെന്ന രാഷ്ട്രീയ പ്രാതിനിധ്യാവകാശം എടുത്തുകുടിക്കണമെന്നും മനുഷ്യരെത്തൊട്ടാലശുദ്ധിയാണെന്നു കരുതുന്നവരെയൊന്നുംചെയ്യാനനുവദിക്കരുതെന്നും വേലികെട്ടിയാലതിനുമീതേകൂടിക്കയറണമെന്നും അടികൊള്ളണമെന്നും തിരിച്ചുതല്ലരുതെന്നും പറഞ്ഞതിന്‍ പേരില്‍ ''തീയന്മാരുടെ ആത്മീയനേതാവ്'' കലാപത്തിനാഹ്വാനം ചെയ്യുന്നു എന്നരീതിയിലായിരുന്നു ഗാന്ധി യങ്ങിന്ത്യയില്‍ എഴുതിയടിച്ചുവിട്ടത്. ഗുരുവിനേയും അയ്യനേയുമെല്ലാം തൊട്ടുകൂടാത്തവരിലെ വിവിധജാതികളും ഉപജാതികളുമായി തരംതിരിച്ചുഭിന്നിപ്പിച്ചുഭരിക്കുക എന്ന ബ്രഹ്മണിക വര്‍ണാശ്രമധര്‍മം തുടങ്ങിവച്ചത് 1936ല്‍ ആദര്‍ശവാനായ തോട്ടിപ്പണിക്കാരനും വര്‍ണാശ്രമധര്‍മവുമെഴുതിയടിച്ചുവിറ്റ മഹാത്മാവായിരുന്നു.

ഇന്ന് മലയാളിശൂദ്രകുമാരന്മാര്‍ അയ്യന്റെ തലവെട്ടി പട്ടിക്കിടുകയാണ്. കുകുച്ചകളെന്ന കുലീനകുത്തകച്ചൂത്തിരകുമാരകരുടെമുന്നില്‍ ഭരണകൂടം നാവടക്കുകയാണ്. പന്നിപ്പേറുപ്രസംഗവും പഴവങ്ങാടി, ശാസ്തമംഗലം, മുതുകളുമടക്കമുള്ള വര്‍ണവെറിയന്‍ കുണ്ടറവിളംബരങ്ങളേറെനടത്തിയ, ചാത്തന്‍മാസ്റ്ററെ ജാതിവിളിച്ചദ്ദേഹം മന്ത്രിയായിരിക്കുന്നനാട്ടില്‍ നായന്മാര്‍ക്കു ജീവിക്കാനാവില്ലെന്നുദ്‌ഘോഷിച്ച, മുഖ്യമന്ത്രിയായ ശങ്കറെ തൊപ്പിപ്പാളക്കാരനെന്നു കര്‍ഷകത്തൊഴിലാളികളെയാകെയാക്ഷേപിച്ചു വര്‍ഗവിഷംവമിപ്പിച്ചുവിളിച്ച, ഈഴവരെല്ലാം പന്നിപെറ്റുപെരുകിയ മന്ദബുദ്ധികളാണെന്നു വംശഹത്യാകാമനമൊഴിഞ്ഞ, തങ്ങളുടെ സിരകളില്‍ വേലത്തമ്പിയുടെ രക്തമാണെന്നചോരവീര്യമവകാശപ്പെട്ട, സഹോദരനയ്യപ്പന്‍ വന്നപോലെ തിരുവനന്തപുരത്തുനിന്നുതിരിച്ചുപോകില്ലെന്നു പരസ്യമായ കൊലവിളിവരെനടത്തിയ മന്നത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനിനിയുമായിട്ടില്ല. ജാതിവര്‍ണശ്രേണീകൃതവ്യവസ്ഥയെ കുറ്റകരമാക്കുന്ന ഭരണഘടനയ്‌ക്കെതിരായ മാനവരാശിക്കെതിരായ ക്ഷുദ്രമായ ജാതിവര്‍ണവെറിയന്‍ കുറ്റകൃത്യങ്ങളാണിവയെല്ലാം. ചിത്തപവനബ്രാഹ്മണാദികളായ സവര്‍ക്കറേയും കുരുജിഗോള്‍വള്‍ക്കറേയും സ്വയംസേവകസംഘത്തേയും കേരളത്തില്‍ കൊണ്ടുവന്നുസ്ഥാപിച്ചതും ഭാര്‍ഗവക്ഷേത്രമാക്കിമാറ്റിയതും മന്നംതന്നെ.

ഇന്നത്തെ മുഖ്യമന്ത്രിയെ 2018ലെ വിശ്വാസിലഹളയെന്നുപറയുന്ന ശൂദ്രതീണ്ടാരിലഹളക്കാലത്തു ജാതിത്തെറിവിളിച്ച മലയാളിമണിപ്രവാളകുലീനയായ മണിപ്പിള്ളയും കലാഭവന്‍മണിയുടെ സോദരനായനര്‍ത്തകന്‍രാമകൃഷ്ണനെ വര്‍ണാക്ഷേപംചെയ്ത സത്യഭാമയും ദേവസംമന്ത്രിയെ തൊട്ടുകൂടായ്മകാട്ടി പൊതുവേദികളിലപമാനിച്ച തന്ത്രിമാരുംചെയര്‍മാന്‍മാരുമെല്ലാം നിര്‍ബാധം മേയാനുള്ള കാരണഭൂതന്‍ മന്നംതന്നെ. അത്തരം ഒരു ജാതിവംശീയക്കുറ്റവാളിയെ നവനവോത്ഥാനനായകനാക്കി പൊതുവവധികൊടുക്കുന്ന ദുരവസ്ഥയിലേക്കു കേരളഭരണകൂടാധികാരികള്‍ മാറിയിരിക്കുന്നു. ചലച്ചിത്രഅക്കാദമിയുടെതലപ്പത്തും ഒളിഗാര്‍ക്കിയുടെ കുത്തകതുടരുന്നു. ക്ഷുദ്രയാണ്‍കോയ്മ കേരളസിനിമയെത്തന്നെയില്ലാതാക്കിയിരിക്കുന്നു. സംസ്‌കാരരംഗത്തെ അപശൂദ്രവല്‍ക്കരിക്കുന്നതിലൂടെമാത്രമേ കേരളത്തിനുരക്ഷയുള്ളൂ. ഇത്തരം ക്ഷുദ്രതയ്ക്കും ഭൃത്യജനസമാനമായ ബ്രാഹ്മണികയാണ്‍കോയ്മയ്ക്കുമെതിരേയായിരുന്നു അയ്യന്‍കാളിയുടെ ജീവിതസമരപോരാട്ടപരമ്പരകള്‍.

സംഘം, സാധു, ജനം എന്നീ വാക്കുകള്‍ ബുദ്ധനില്‍ നിന്നുനേരിട്ടുവരുന്നു. ഒരു നിരക്ഷരന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍ എങ്ങനെയീയാശയങ്ങളിലും പദാവലിയിലുമെത്തിയെന്നാരാഞ്ഞാല്‍ കേരളത്തിന്‍ അടിസ്ഥാന അശോകബൌദ്ധസംസ്‌കാരത്തിലേക്കെത്താം. പാരഞ്ചിത്തിന്‍ പുത്തന്‍പടമായ തങ്കലാനെന്ന തങ്കമകന്‍ വ്യക്തമാക്കുന്നപോലെ ബുദ്ധനേയും സഹോദരന്‍കവിതയില്‍ നവബുദ്ധനായിവരുന്ന അശോകരേയും അംബേദ്കറേയും പോലെ പ്രജ്ഞയിലും കരുണയിലും മൈത്രിയിലുമൂന്നിയ മാനവമോചന വിശ്വദര്‍ശനമാണ് നിരക്ഷരനായിരുന്ന അയ്യനിലും പ്രവര്‍ത്തിച്ചത്. ബഹുജനഹിതത്തിലേക്കുള്ള പ്രജാസഭാപ്രസംഗങ്ങളതിനുതെളിവാണ്. 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ സനാതന വൈദിക വര്‍ണാശ്രമത്തെ തിരസ്‌കരിച്ചുകൊണ്ട് കേരളത്തെ ജാതിമതഭേദമില്ലാത്ത സാഹോദര്യമാതൃകാസ്ഥാനമായി നൈതികഭാവനചെയ്തടിത്തറപാകിയ ലോകത്തിനു ജനായത്തവിദ്യാഭ്യാസ സംഘടനാസന്ദേശം അരുളിയ ആധുനികകേരളപുത്തരായഗുരുവില്‍ നിന്നായിരുന്നു അയ്യന്‍ സംസാരിച്ചു പ്രചോദനം നേടിയത്. തന്റെ പള്ളിക്കൂട, വില്ലുവണ്ടി, സഞ്ചാരസ്വാതന്ത്ര്യ, കല്ലുമാല സമരപരമ്പരകളില്‍ ഗുരുവിനേയും ആശാനേയും നേരിട്ടുകണ്ടുസാഹോദര്യമുറപ്പിച്ചു. വര്‍ക്കലയിലെ പൊതുവിടപ്രവേശന, പ്രാതിനിധ്യ മഹായോഗത്തില്‍ പങ്കാളിയായി അയ്യന്‍.

ഗുരുശിഷ്യരായമൂലൂരിന്റേയും ആശാന്റേയും ആംഗലഡയറികളില്‍ അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച്ചകളും ഒന്നിച്ചുള്ള ദലിതരുടെ മഹായോഗങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഗുരുവിന്‍ വിദ്യാഭ്യാസ, സംഘടനാ നൈതിക സന്ദേശങ്ങളെ അടിസ്ഥാന ജനതയുടെ ജീവിതസമരമാക്കിയത് അയ്യനാണ്. ഗുരു മൂലൂരിലൂടെ വളര്‍ത്തിവിദ്യാഭ്യാസംചെയ്യിച്ചു പണ്ഡിതനും നിയമസഭാധ്യക്ഷനുമാക്കിയ മക്കപ്പുഴക്കാരന്‍ കേശവനെന്ന കേശവശാസ്ത്രികളാണ് അയ്യന്റെ മകളെ വിവാഹംചെയ്തത്. അത്തരം നിരവധി ദലിതബാലകരെ ഗുരു വിദ്യയിലൂടെ പ്രബുദ്ധരാക്കി ലോകത്തിനു കൊടുത്തു. ആ മഹാഗുരുവിനെയാണ് ദലിതവിരോധിയും സ്ത്രീവിരോധിയുമായിപോലും ചിലക്ഷുദ്രര്‍ ഇകഴ്ത്തുന്നത്. കുകുച്ചകളുടെ നായപ്പടതരികിടകള്‍ അവിചാരിതമല്ല. ഗുരുവിനേപ്പോലും ജാതിവാദിയായും സ്ത്രീവിരുദ്ധനായും വ്യാഖ്യാനിക്കുന്ന സത്യാനന്തരഗീര്‍വാണങ്ങള്‍ ചമച്ചവരാണ് മലയാളികുലീനബുദ്ധിജീവികള്‍.

മലയാളി ബ്രാഹ്മണനെ മാത്രം തന്ത്രിയും മേല്‍ശാന്തിയുമാക്കുന്ന വര്‍ണവെറി ഇന്നും നഗ്‌നമായി പൊതുചെലവില്‍ അരങ്ങേറുകയാണ്. മംഗലാപുരത്ത് ഗുരുസ്ഥാപിച്ച കുദ്രോളിയമ്പലത്തില്‍ വിധവകളായ രണ്ടുദലിതമാര്‍ പൂജചെയ്യുമ്പോഴും കേരളത്തിലെ അവര്‍ണരായ ചുരുക്കം പൂജാരിമാര്‍ക്ക് പലയമ്പലങ്ങളിലും കയറാനാകുന്നില്ല. അയ്യാവൈകുണ്ഠരുടെ സമുദായക്കാരനായ ഒരവര്‍ണശാന്തി ആത്മഹത്യയുംചെയ്തു. മലയാളികുലീനരായ ശൂദ്രര്‍ക്കുപോലും പൂജാരിവിലക്ക്. സഹോദരന്‍ 1930കളില്‍ എഴുതിയ പോലെ അതിനെതിരേപോലും ഉരിയാടാത്ത ശൂദ്രകുലീനരാണ് ഗുരുവിനേയും അയ്യനേയും ഇകഴ്ത്താനായി പണിയെടുക്കുന്നത്. ചെറിയമനസ്സുകളായ മനുസ്മൃതിയുടെപുഴുക്കളും ഈഭൃത്യജനസമാജത്തിനടിമകളാകുന്നു. ശൂദ്രനുംസ്ത്രീക്കുമക്ഷരം വിലക്കുന്ന മനുസ്മൃതി ദില്ലീസര്‍വകലാശാലയില്‍ പാഠപുത്തകമാക്കിക്കഴിഞ്ഞു. കേരളത്തില്‍പുരാണപട്ടത്താനമാടുകയാണ് നമ്മുടെശൂദ്രപ്രമുഖസോദരര്‍.

പ്രാതിനിധ്യത്തില്‍ പിന്നാക്കമായ ജനതയെ വീണ്ടുംവെട്ടിമുറിക്കാനായി ജാതിഹിന്ദുശക്തികള്‍ മണ്ഡല്‍ക്കമീഷന്‍ വ്യവഹാരകാലത്തു കൊണ്ടുവന്ന ക്രീമിലെയറെന്ന ജനായത്തസാമൂഹ്യപ്രാതിനിധ്യവിരുദ്ധസാമ്പത്തികമാനദണ്ഡം ഇപ്പോള്‍ ദലിതരുടെ സാമുദായികസംവരണത്തിലും കൊണ്ടുവരാനാണ് പരമോന്നതക്കോടതിയുടെ തീര്‍പ്പ്. ജനസംഖ്യാപരമായ പ്രാതിനിധ്യക്കണക്കെടുക്കുന്ന സാമുദായികസെന്‍സസ് നടപ്പാക്കാനും കേരളസര്‍ക്കാര്‍ മുതിരുന്നില്ല. ഇത്തരം ജാതിഹിന്ദുക്കുത്തകക്കാരുടെ ഭരണഘടനായട്ടിമറികള്‍ ആക്രാമകമാകുന്നകാലത്താണ് മഹാത്മാഅയ്യങ്കാളിയുടെ ജനായത്തപ്പോരാട്ടങ്ങള്‍ നിര്‍ണായകമാകുന്നത്.

(ഡോ. അജയ് എസ്. ശേഖര്‍, അസോസിയേറ്റ് പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, കോഡിനേറ്റര്‍, സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ്, കാലടി സര്‍വകലാശാല)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. അജയ് എസ്. ശേഖര്‍

Writer

Similar News