സ്ത്രീ അളവുകളുടെ രാഷ്ട്രീയം; ബി 32 മുതല്‍ 44 വരെ

സ്ത്രീ ശരീരത്തെ ആസ്വദിക്കാന്‍ പുരുഷന്‍ ഉണ്ടാക്കിയ കോണുകള്‍ക്കും നോട്ടങ്ങള്‍ക്കും ദ്വയാര്‍ഥങ്ങള്‍ക്കും അപ്പുറം വിശാലമായ അര്‍ഥങ്ങള്‍ ആ രണ്ട് മാറിടങ്ങള്‍ക്ക് ഉണ്ടെന്ന് പറയാന്‍ ശ്രമിക്കുകയാണ് ശ്രുതി ശരണ്യം.

Update: 2023-04-14 16:31 GMT

പെണ്ണുടലിന്റെ വാണിജ്യ സാധ്യത ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങളില്‍ ഒന്നാണ് സിനിമ. എന്നാല്‍, ആ മേഖലയില്‍ നിന്ന് തന്നെ ഇതിനെതിരായ ഒരു ഉറച്ച ശബ്ദം, അതാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതല്‍ 44 വരെ' എന്ന സിനിമ. നോട്ടങ്ങളിലെങ്കിലും അതിക്രമം നേരിടാത്ത ഒരു സ്ത്രീ പോലും നമ്മുടെ നാട്ടില്‍ ഉണ്ടാവാനിടയില്ല. 32ല്‍ തുടങ്ങി 44ല്‍ അവസാനിക്കുന്ന അളവുകളാല്‍ മാത്രം സ്ത്രീത്വത്തെ കാണുന്ന സമൂഹത്തെ തുറന്നു കാണിക്കുന്ന സിനിമയെന്ന് 'ബി' യെ ചുരുക്കി പറയാം.

സിനിമയുടെ ടൈറ്റില്‍ സോങ്ങില്‍ നിറഞ്ഞു നിന്ന നങ്ങേലി യുടെ ചിത്രം സിനിമ പറയുന്ന രാഷ്ട്രീയത്തെയാണ് വരച്ചു കാണിക്കുന്നത്.

മുലക്കരത്തിനെതിരെ മുല മുറിച്ച് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച നങ്ങേലി ഒരു കാവ്യ ഭാവന ആയേക്കാം. എന്നാല്‍, ജീവിതത്തിന്റെ ഏതെങ്കിലും ഒരു അവസരത്തില്‍ ഇങ്ങനെ മാറിടങ്ങളെ മനസ്സ് കൊണ്ട് മുറിച്ചു മാറ്റിയവരായിരിക്കും ഭൂരിപക്ഷം സ്ത്രീകളും. ജീവിത വഴിത്താരയില്‍ ഉടലാകുന്ന പ്രതിബന്ധം സ്ത്രീയുടെ യാത്രയുടെ ആക്കം കുറക്കുന്നത് തെല്ലൊന്നുമല്ല. അങ്ങനെ പല ജീവിതങ്ങളിലും പെണ്ണുടല്‍ ഉണ്ടാക്കുന്ന സാമൂഹിക അരാജകത്വത്തെ വെട്ടിമാറ്റി സ്വാതന്ത്ര്യം നേടുന്ന പെണ്ണുങ്ങളുടെ കഥയാണ് ബി 32 മുതല്‍ 44 വരെ.


മാലിനി, ഇമാന്‍, ജയ, നിധി, റേച്ചല്‍ എന്നീ കഥാപാത്രങ്ങളിലൂടെ വളരെ ഒതുക്കത്തോടെ ഒഴുകുന്ന സിനിമ. സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയത്തെ ഇത്രയും കയ്യടക്കത്തോടു കൂടി മുന്‍പ് അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പെണ്ണുടലിലേക്കുള്ള ആണ്‍ നോട്ടങ്ങളെ കുറിച്ചുള്ള പല അളവുകളാണ് സിനിമയിലുടനീളം. ശരീരം കാണിക്കാതെയും ശരീര രാഷ്ട്രീയം വളച്ചു കെട്ടില്ലാതെ പറയാന്‍ പറ്റുമെന്ന് ആശ്ചര്യപ്പെടുത്തും വിധമാണ് സിനിമയുടെ ചിത്രീകരണം.

ബ്രെസ്റ്റ് കാന്‍സര്‍ വന്ന് മുലകള്‍ മുറിച്ചു മാറ്റിയ മാലിനിയിലൂടെയാണ് കഥ തുടങ്ങുന്നത്. പെണ്‍ ശരീരത്തിലെ പ്രധാന അവയവം ഇല്ലാതാകുമ്പോഴുള്ള ശാരീരികവും മാനസികവുമായുള്ള വേദന പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ മാലിനിയിലൂടെ രമ്യ നമ്പീശന്‍ വിജയിച്ചുവെന്ന് തന്നെ പറയാം. എങ്കിലും അവളില്‍ നിന്ന് അടര്‍ന്നു പോയത് ഒരു അവയവം മാത്രമാണെന്നും സ്വന്തം സ്വത്വമല്ലെന്നുമുള്ള മാലിനിയുടെ തിരിച്ചറിവിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ജീവിക്കാനാണ് ജയ ആദ്യം മോഡലിംഗ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ അന്നോളം വലുതെന്നു വിചാരിച്ച ജീര്‍ണ്ണിച്ച മെയില്‍ ഷോവനിസത്തെ പുച്ഛിച്ചു കൊണ്ട് സ്വന്തം കഴിവില്‍ ചവിട്ടി നില്‍ക്കുന്ന ജയയെയാണ് പിന്നീട് കാണാന്‍ കഴിയുക.

ഒരു മനുഷ്യന്റെ ആദ്യത്തെ ഭക്ഷണമാണ് അമ്മയുടെ മുലപ്പാല്‍. അമ്മയുടെ സമ്മതത്തോടെ അല്ലാതെ ഒരു കുട്ടിയുടെ മുലപ്പാല്‍ നിഷേധിക്കുന്നത് കുറ്റകരമാണെന്നിരിക്കെ, തന്റെ കുട്ടിയെ പാലൂട്ടുന്നത് തടയുന്ന മാതാപിതാക്കളില്‍ നിന്നും സ്വന്തം കുഞ്ഞിന്റെ അടുക്കലിലേക്ക് ഓടി മുലപ്പാല്‍ കൊടുത്ത് സ്വാതന്ത്ര്യം നേടുന്ന പ്ലസ്ടു കാരിയായ അമ്മയാണ് നിധി എന്ന കഥാപാത്രം. നിധിയും കുഞ്ഞുമായുള്ള വൈകാരിക നിമിഷങ്ങളെ അതിഭാവുകത്വമില്ലാതെ തന്നെ അവതരിപ്പിക്കാന്‍ സിനിമക്ക് സാധിച്ചു. അനാവശ്യ ഫ്‌ളാഷ് ബാക്കുകളില്ലാതെ നിധിയുടെ കഥാപാത്രത്തെ പോട്രെ ചെയ്യാന്‍ സംവിധായികക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്.


പണത്തിനായി തുണി അഴിച്ച് കാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നതല്ല, മറിച്ച് മോഡലിംഗ് ഒരു ജോലിയാണെന്നും മറ്റേത് തൊഴിലിനെ പോലെയും അഭിമാനവും അന്തസ്സും ഉള്ള തൊഴിലിടമാണെന്നും ജയ എന്ന കഥാപാത്രത്തിലൂടെ സിനിമ പറയുന്നു. ജീവിക്കാനാണ് ജയ ആദ്യം മോഡലിംഗ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ അന്നോളം വലുതെന്നു വിചാരിച്ച ജീര്‍ണ്ണിച്ച മെയില്‍ ഷോവനിസത്തെ പുച്ഛിച്ചു കൊണ്ട് സ്വന്തം കഴിവില്‍ ചവിട്ടി നില്‍ക്കുന്ന ജയയെയാണ് പിന്നീട് കാണാന്‍ കഴിയുക.

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ നൈപുണ്യത്തിന്റെ അളവുകോല്‍ പലപ്പോഴും അവളുടെ അളവുകളെ കേന്ദ്രീകരിച്ചാവും എന്നത് ഒരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്. എന്നാല്‍, ശാരീരിക സൗന്ദര്യത്തെ പൊതുബോധത്തിന് വിട്ടുകൊടുക്കാത്ത ഇമാന്‍ എന്ന കഥാപാത്രം നമ്മുടെ അനുഭവങ്ങളിലൂടെ, മുന്നിലൂടെ ദിവസവും മിന്നി മറയുന്ന ആരൊക്കെയോ ആണെന്ന് തോന്നും. ശരീരത്തെ ലൈംഗിക വസ്തുവായി മാത്രം കാണുന്നവര്‍ക്ക് നിയമപരമായി തന്നെ മറുപടി കൊടുത്ത റേച്ചലാണ് മറ്റൊരു സ്ത്രീ. നോട്ടങ്ങളില്‍ നിന്നും സ്പര്‍ശനത്തിലേക്കെത്തുന്ന അതിക്രമത്തെ നിസാരമാക്കേണ്ടതല്ലെന്നും ശിക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാടാണ് റേച്ചലിലൂടെ വ്യക്തമാക്കുന്നത്. അങ്ങനെ ആര്‍ക്കും അടിയറവ് പറയാത്ത ആറു അളവുകളെ പറ്റിയാണ് സിനിമ നമ്മളോട് സംവദിക്കുന്നത്.


ഒന്ന് കണ്ണോടിച്ചാല്‍ നമ്മുടെ ചുറ്റും നടക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് സിനിമയിലുടനീളവും. സാമൂഹിക ലൈംഗിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന സന്ദര്‍ഭങ്ങളില്‍ കൂടെ നില്‍ക്കാതെ തള്ളിപ്പറയുന്ന ജയയുടെ ഭര്‍ത്താവും, റേച്ചലിന്റെ സുഹൃത്തും മാലിനിയുടെ ഭര്‍ത്താവും. അതുവരെ തള്ളിപ്പറയുകയും പിന്നീട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന ജയയുടെ അമ്മായിയമ്മയും ഒക്കെ നമ്മുടെയൊക്കെ ചുറ്റുമുള്ളവര്‍ തന്നെയാണ്.

സ്ത്രീയുടെ ശരീരം ഉണ്ടാക്കിയത് തന്നെ ആണുങ്ങള്‍ക്ക് നോക്കാനാണത്രെ എന്ന് പറയുന്ന എത്ര പുരുഷന്മാരെയും സ്ത്രീകളെയും ഈ നൂറ്റാണ്ടിലും കാണാന്‍ പറ്റുമെന്നത് സ്ത്രീകള്‍ക്കിനിയും കിട്ടാക്കനിയായ സ്വാതന്ത്ര്യത്തെയാണ് വെളിവാക്കുന്നത്. സ്വാതന്ത്ര്യം എന്നാല്‍ പലരില്‍ നിന്നും കിട്ടേണ്ടുന്ന ഔദാര്യം ആണെന്നു ചിന്തിക്കുന്ന സൊ കോള്‍ഡ് ഷമ്മിമാര്‍ ഹിറ്റാകുന്ന കാലത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

ജെന്‍ഡര്‍ എന്നാല്‍ അവയവങ്ങളുടെ പേരിലല്ല, മറിച്ച് വ്യക്തിയുടെ തോന്നലുകളിലാണ് ജനിക്കേണ്ടത് എന്ന ശക്തമായ രാഷ്ട്രീയമാണ് സിനിമ പറയുന്നത്. പെണ്ണും ആണും ട്രാന്‍സും മറ്റെല്ലാ ജെന്‍ഡറുകളും ഇടകലരുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ സംരംഭം അതാണ് 'ബി 32 മുതല്‍ 44 വരെ.

അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഭൂരിഭാഗവും സ്ത്രീകളാണ് ഈ സിനിമയുടെ ഭാഗമായതെങ്കിലും ഒരു സ്ത്രീപക്ഷ സിനിമയാണ് 'ബി 'എന്ന് പറയാന്‍ സാധ്യമല്ല. പലതരം ജെന്‍ഡറുകളുടെ അടയാളപ്പെടുത്തലും കൂടിയാണ് സിനിമ. മറ്റൊരു പ്രധാന കഥാപാത്രമായ സിയ പെണ്ണുടലില്‍ ജീവിക്കുന്ന ആണ്‍ മനസ്സിനെയാണ് അവതരിപ്പിക്കുന്നത്. ഒരു പുരുഷനിലേക്കുള്ള തന്റെ പ്രയാണത്തിന് വിഘാതം സൃഷ്ടിക്കുന്ന മാറിടങ്ങള്‍ സിയക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതയുടെ ആഴം സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കാന്‍ അനായാസമാണെന്ന് തോന്നും വിധമുള്ള അനാര്‍ക്കലി മരക്കാരിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടതാണ്.

ഒരു ആന്തോളജി സ്‌റ്റൈലിലൂടെ പറഞ്ഞ് തുടങ്ങിയ സിനിമയെ പിന്നീട് കഥാപാത്രങ്ങളിലൂടെ ബന്ധിപ്പിച്ചുള്ള കഥ പറച്ചില്‍ രീതിയിലേക്ക് കൊണ്ട് പോകുന്ന ചിത്രസംയോജനവും സംവിധാന മികവും സിനിമയെ വേറിട്ടനുഭവമാക്കി. സിനിമയുടെ രാഷ്ട്രീയത്തിനൊപ്പം യോജിച്ച ദൃശ്യ മികവും സംഗീതവും 'ബി'യുടെ നിലവാരം ഉയര്‍ത്തി. കുറഞ്ഞ ദിവസങ്ങളിലും ബജറ്റിലും പൂര്‍ത്തീകരിച്ചുവെന്ന പരിമിതികളൊന്നും പ്രകടമാകാത്ത ഒരു കൊച്ചു സിനിമ.

ഫിലിം ഡയറക്ടഡ് ബൈ വുമണ്‍ പദ്ധതിയുടെ ഭാഗമായി കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും ബി... ക്കുണ്ട്. എങ്കിലും സിനിമ നിര്‍മിക്കാന്‍ കാണിച്ച ധൈര്യം സിനിമ വിതരണം ചെയ്യുന്നതിലോ മാര്‍ക്കറ്റിംഗ് ചെയ്യുന്നതിലോ ഉണ്ടായില്ലെന്നത് ഖേദകരം തന്നെ. സര്‍ക്കാരിന്റെ പൈസയില്‍ ഉണ്ടാക്കിയ ശക്തമായ ഒരു സിനിമ പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതില്‍ KSFDC പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ തീയേറ്ററുകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല ഈ സിനിമ. ജെന്‍ഡര്‍ എന്നാല്‍ അവയവങ്ങളുടെ പേരിലല്ല, മറിച്ച് വ്യക്തിയുടെ തോന്നലുകളിലാണ് ജനിക്കേണ്ടത് എന്ന ശക്തമായ രാഷ്ട്രീയമാണ് സിനിമ പറയുന്നത്. പെണ്ണും ആണും ട്രാന്‍സും മറ്റെല്ലാ ജെന്‍ഡറുകളും ഇടകലരുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ സംരംഭം അതാണ് 'ബി 32 മുതല്‍ 44 വരെ.

സ്ത്രീ ശരീരത്തെ ആസ്വദിക്കാന്‍ പുരുഷന്‍ ഉണ്ടാക്കിയ കോണുകള്‍ക്കും നോട്ടങ്ങള്‍ക്കും ദ്വായാര്‍ഥങ്ങള്‍ക്കും അപ്പുറം വിശാലമായ അര്‍ഥങ്ങള്‍ ആ രണ്ട് മാറിടങ്ങള്‍ക്ക് ഉണ്ടെന്ന് പറയാന്‍ ശ്രമിക്കുകയാണ് ശ്രുതി ശരണ്യം. ഇത്രയൊക്കെ പറഞ്ഞാലും സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ചോദിച്ചാല്‍ 'വിത്ത് ബൂബ്‌സ് വിതൗട് ബൂബ്‌സ് 'എന്നുത്തരം പറയുന്ന യുവതലമുറയെ കാണിച്ചു തന്നെയാണ് സിനിമ അവസാനിക്കുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കിരണ ഗോവിന്ദന്‍

Media Person

Similar News