ഭ്രമയുഗം: ചലച്ചിത്രകാഴ്ചകളുടെ ആഭിചാരം

കലിയുഗത്തിന്റെ അപഭ്രംശമാണ് ഭ്രമയുഗം എന്ന കൊടുമണ്‍ പോറ്റിയുടെ വിശദീകരണം പ്രേക്ഷകനും ബാധകമാണ്. കേവലജ്ഞാനം ഉരുവപ്പെടുത്തിയ ദൈവങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. സ്വന്തം അധികാരത്തിന്റെ അടിമയും ഉടമയുമായ കൊടുമണ്‍ പോറ്റിയുടെ ഇച്ഛകള്‍ക്കാണ് ആ നാശോന്മുഖമായ ഇല്ലത്തിന്റെ വളപ്പില്‍ പ്രാമുഖ്യം. സിനിമ കണ്ടു കഴിയുമ്പോള്‍ കൊടുമണ്‍ പോറ്റി പറഞ്ഞ ഭ്രമയുഗം തുടരുകയല്ലേ പലഭാവത്തില്‍ എന്ന് തോന്നാം.

Update: 2024-02-21 08:37 GMT
Advertising

'രസകരമാകിന കഥകള്‍ പറയണമതിനാണല്ലോ മാനുഷജന്മം' എന്ന് അയ്യപ്പപ്പണിക്കര്‍. കഥകളുടെ ചരിത്രം മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാകും. വാമൊഴിയായി കേട്ട കഥകളിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ പലപ്പോഴും നാം നമ്മുടെ ശാസ്ത്രീയമായ അറിവിനെപ്പോലും ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഒരു കഥയെ വിശ്വസിച്ച് സ്‌കോട്ട്‌ലന്റിലെ 'ലോച്ച് നെസ്സ്' തടാകത്തില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട 'നെസ്സി' എന്ന ഭീകരജീവിക്കായി ഡ്രോണുകളും, ഹൈഡ്രോഫോണുകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയത് കഴിഞ്ഞ വര്‍ഷം അവസാനമാണ്. സ്‌കോട്ടിഷ് നാടോടിക്കഥയില്‍ പരാമര്‍ശമുള്ള ഒരു ജീവിയാണിത്. അത്രമാത്രം കഥകളെ വിശ്വസിക്കുന്നവരാണ് മനുഷ്യരെന്ന് സാരം. യുക്തിക്ക് നിരക്കുന്നത് മാത്രം വിശ്വസിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭാവനയുടെ അന്ത്യമാണ്. കഥയാണെന്ന് മനസിലാക്കിയും ഇവയൊക്കെ വെറുതെ വിശ്വസിക്കുന്നതാണ് സഹൃദയത്വത്തിന്റെ ലക്ഷണമെന്ന് എനിക്ക് തോന്നുന്നു. മലയാറ്റൂരിന്റെ ഒരു കൃതിയില്‍ പറഞ്ഞതുപോലെ ദൈവമുണ്ടോ എന്നറിയില്ല, പക്ഷേ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ദേവി ഉണ്ടെന്ന് ഉറപ്പാണെന്ന് കരുതുന്ന യുക്തിയാണത്. കേരളം പോലെ വിപുലമായ ഐതീഹ്യകഥകള്‍ ഉള്ള പ്രദേശത്തെ മനുഷ്യരുടെ ഭാവനയെക്കുറിച്ചും കഥാകഥനത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ 'ഐതീഹ്യമാല' തന്നെ ധാരാളമാണ്. ആയിരത്തിനടുത്ത് താളുകളിലായി പരന്നുകിടക്കുന്നത് കേരളത്തില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന വളരെ പ്രശസ്തമായ ഐതീഹ്യകഥകളാണ്. അത്രതന്നെ പ്രചാരത്തിലില്ലാത്ത എത്രയെത്ര കഥകള്‍ നാട്ടുകഥകളായി നമുക്കെല്ലാം അറിയാമെന്ന് ഓര്‍ത്തുനോക്കൂ. കഥകളാല്‍ നിര്‍മിച്ച ഒരു ലോകമാണിത്. അത്തരമൊരു കഥയെ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. സിനിമയെ നിരൂപിക്കാനോ വിമര്‍ശിക്കാനോ സാധിക്കാത്ത വിധത്തില്‍ ഈ സിനിമ ഇഷ്ടപ്പെട്ട ആളെന്ന നിലയില്‍ ഇനിയെഴുതുന്നത് വെറുമൊരു ആസ്വാദനമായി മാത്രം കാണാം.

അപസര്‍പ്പക കഥകള്‍ വായിക്കുമ്പോള്‍ തോന്നുന്ന ഭയത്തിന്റെ ഒരു മിടിപ്പ് മാത്രമേ സിനിമ നല്‍കുന്നുള്ളൂ. സത്യത്തില്‍ അതാണ് ഈ സിനിമയെ വായനയോളം ആഴത്തിലുള്ളതാക്കുന്നത്. സൗന്ദര്യവും ഗോത്രീയമായ വേഷവും ലാസ്യഗംഭീരമായ മുഖവുമായി യക്ഷി അടുക്കുമ്പോള്‍ കോരന് തന്നെ നിയന്ത്രിക്കാനാകുന്നില്ല. അവിടെ കാമം ഭയത്തെ മറികടക്കുന്നു. ജീവന്‍ മറന്ന് കോരന്‍ യക്ഷിയില്‍ ലയിക്കുന്നു. അതിഗംഭീരമായ ഒരു രംഗം മാത്രമല്ലയിത്. സിനിമയുടെ തുടക്കത്തില്‍ തന്നെ വിഷയത്തെ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആഴത്തിലുള്ള ചിന്തയ്ക്ക് ഇട്ടു തരികയാണ് സംവിധായകന്‍.

ഭ്രമത്തിന്റെ അര്‍ഥം നോക്കിയാല്‍, ഭ്രാന്ത്, നീര്‍ചുഴി, കറക്കം എന്നെല്ലാം കാണാം. കഥയില്‍ അക്കാലം ഭ്രമയുഗമാണെന്ന് കാലഗതിയും സമയക്രമവും നഷ്ടമായ തേവനോട് കൊടുമണ്‍ പോറ്റി പറയുന്നുണ്ട്. ഭയത്തിന്റേയും ആവര്‍ത്തന വിരസതയുടേയും ചുഴിയില്‍പ്പെട്ട് മനോനില തെറ്റി ഭ്രാന്ത് പിടിച്ച് പ്രതിഷേധിച്ചവര്‍ക്ക് മരണമാണ് വിധി. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തി അവരുടെ വേദന ആവോളം കണ്ട് മദിച്ച് മറ്റൊരു ഉന്മാദം തേടുന്ന അധികാരത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. മേല്‍ പറഞ്ഞ അധികാരത്തിന്റെ രീതികള്‍ക്ക് കാലം ആവശ്യപ്പെടുന്ന രൂപമാറ്റം വന്നിട്ടുണ്ടാകാമെങ്കിലും അനുഭവിക്കുന്നവന്റെ വേദനയും അതാസ്വദിക്കുന്നവന്റെ ആനന്ദവും ഇക്കാലത്തും വലിയരീതിയില്‍ സാമ്യപ്പെടുന്നു. 'അധികാരം കൈയിലുള്ളവര്‍ക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യം കൈയില്‍വച്ച് കളിക്കുന്നത് ഒരു രസാ' എന്ന സംഭാഷണത്തിലൂടെ മിത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് ഒരു തുറവ് ഇട്ടുവയ്ക്കുന്നുണ്ട് സംവിധായകന്‍. കലിയുഗത്തിന്റെ അപഭ്രംശമാണ് ഭ്രമയുഗം എന്ന കൊടുമണ്‍ പോറ്റിയുടെ വിശദീകരണം പ്രേക്ഷകനും ബാധകമാണ്. കേവലജ്ഞാനം ഉരുവപ്പെടുത്തിയ ദൈവങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. സ്വന്തം അധികാരത്തിന്റെ അടിമയും ഉടമയുമായ കൊടുമണ്‍ പോറ്റിയുടെ ഇച്ഛകള്‍ക്കാണ് ആ നാശോന്മുഖമായ ഇല്ലത്തിന്റെ വളപ്പില്‍ പ്രാമുഖ്യം. സിനിമ കണ്ടു കഴിയുമ്പോള്‍ കൊടുമണ്‍ പോറ്റി പറഞ്ഞ ഭ്രമയുഗം തുടരുകയല്ലേ പലഭാവത്തില്‍ എന്ന് തോന്നാം. 


ഭയത്തിനെ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍ത്തിയല്ല സിനിമയുടെ പ്രയാണം. മറിച്ച് ഭയത്തിന്റെ എട്ടുകാലി വലകള്‍, ക്യാമറ ആംഗിളുകള്‍ വെച്ചും, ഷോട്ടുകളുടെ കൃത്യമായ ഉപയോഗത്തിലൂടെയും പശ്ചാത്തല സംഗീതത്തിന്റെ ഇഴുകിച്ചേരലിലൂടെയും നെയ്‌തെടുക്കുകയാണ് രാഹുല്‍ സദാശിവന്‍. നിങ്ങള്‍ക്കൊക്കെ ഒരു വികാരമേയുള്ളൂ, ഭയം എന്ന് കൊടുമണ്‍ പോറ്റി പറയുന്നത് മിത്തുകളുടെ ഉത്ഭവത്തിലേക്ക് നമ്മെ നയിക്കുന്നു. മനുഷ്യന്റെ ഭയമല്ലേ ആരാധനയുടേയും അടിമത്തത്തിന്റേയും അധികാരത്തിന്റേയുമെല്ലാം അടിസ്ഥാനം. രക്ഷകന്മാരെ നിരന്തരം സൃഷ്ടിച്ച് ഭയത്തിന്റെ കഥകള്‍ക്ക് നാം ശുഭകരമായ അന്ത്യം സൃഷ്ടിച്ചെടുക്കുകയായിരുന്നില്ലേ ഇത്രയും നാള്‍. തുടക്കം മുതല്‍ ഭയത്തിന്റെ ഒരു നേരിയ പുതപ്പ് സിനിമ പ്രേക്ഷകരെ അണിയിക്കുന്നു. എവിടെയും അത് നിങ്ങളെ ഭയത്തിന്റെ കൊടുമുടി കേറ്റുന്നില്ല. അപസര്‍പ്പക കഥകള്‍ വായിക്കുമ്പോള്‍ തോന്നുന്ന ഭയത്തിന്റെ ഒരു മിടിപ്പ് മാത്രമേ സിനിമ നല്‍കുന്നുള്ളൂ. സത്യത്തില്‍ അതാണ് ഈ സിനിമയെ വായനയോളം ആഴത്തിലുള്ളതാക്കുന്നത്. സൗന്ദര്യവും ഗോത്രീയമായ വേഷവും ലാസ്യഗംഭീരമായ മുഖവുമായി യക്ഷി അടുക്കുമ്പോള്‍ കോരന് തന്നെ നിയന്ത്രിക്കാനാകുന്നില്ല. അവിടെ കാമം ഭയത്തെ മറികടക്കുന്നു. ജീവന്‍ മറന്ന് കോരന്‍ യക്ഷിയില്‍ ലയിക്കുന്നു. അതിഗംഭീരമായ ഒരു രംഗം മാത്രമല്ലയിത്. സിനിമയുടെ തുടക്കത്തില്‍ തന്നെ വിഷയത്തെ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആഴത്തിലുള്ള ചിന്തയ്ക്ക് ഇട്ടു തരികയാണ് സംവിധായകന്‍.

തന്നോട് തന്നെ മമ്മൂട്ടി മാറ്റുരയ്ക്കുന്നത് അത്ഭുതത്തോടെ നമ്മള്‍ പലതവണ കണ്ടതാണ്. എന്നാല്‍, ഒപ്പമുള്ളവരുടെ മത്സരിച്ചുള്ള അഭിനയമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് മമ്മൂട്ടി തന്നെ ഒരവസരത്തില്‍ പറഞ്ഞതോര്‍ക്കുന്നു. സിദ്ധാര്‍ത്ഥ് ഭരതനും, അര്‍ജുന്‍ അശോകനും തങ്ങളുടെ ഏറ്റവും മികച്ച അഭിനയം കാണിച്ച് മമ്മൂട്ടിയെ പ്രകോപിപ്പിക്കുകതന്നെ ചെയ്തിരിക്കുന്നു. അതാണ് ആ അതികായന്റെ സിംഹഗാംഭീര്യത്തിന് ഇത്ര ഉഗ്രത കൂടിയത്.

കഥാപാത്രങ്ങളെ അത്രമാത്രം ഡീറ്റേയ്ല്‍ ചെയ്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. എണ്ണത്തില്‍ കുറഞ്ഞ കഥാപാത്രങ്ങളുടെ ദീര്‍ഘവും ഗംഭീരവുമായ അഭിനയപ്രകടനമാണ് ഈ സിനിമയുടെ നെടുന്തൂണ്‍. കൊടുമണ്‍ പോറ്റിയെന്ന നിഗുഢ കഥാപാത്രത്തെ മമ്മൂട്ടി വാക്കുകള്‍ക്കതീതമായി ചെയ്തുവച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അഭിനയപര്‍വത്തിന്റെ ഉച്ഛിയില്‍ എത്തിനില്‍ക്കുമ്പോഴും ഭ്രമിപ്പിക്കുന്ന ഭാവങ്ങള്‍ എത്രയോ ഇനിയുമുണ്ടെന്ന് ഹുങ്കോടെ പറയുന്ന മമ്മൂട്ടിയെന്ന മഹാപ്രതിഭയുടെ നിറഞ്ഞാട്ടം ഭ്രമയുഗമെന്ന സിനിമയെ പിടിച്ച് കുലുക്കി. കൊടുമണ്‍ പോറ്റിയായി അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടി പരകായപ്രവേശം ചെയ്തു. ശരീരഭാഷയില്‍, ശബ്ദത്തില്‍, നോട്ടത്തില്‍, മൂളലില്‍ നാക്കിന്റെ ചലനത്തില്‍ പോലും അദേഹം സൃഷ്ടിച്ച മഹേന്ദ്രജാലം സിനിമയെ വേറെ തലത്തിലെത്തിച്ചു. സ്ഫുടമുള്ള സംഭാഷണങ്ങള്‍ സിംഹഗര്‍ജനം കണക്കെ ആ ജീര്‍ണിച്ച ഇല്ലത്തേയും തീയേറ്ററിനേയും പ്രകമ്പനം കൊള്ളിച്ചു. അഭിനേതാക്കള്‍ക്ക് വായിച്ച് പഠിക്കാനുള്ള ഒരു അക്കാദമിക പേപ്പറാണ് മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയം. കൊടുമണ്‍ പോറ്റിയെന്ന മാന്ത്രികന്റെ പൈശാചിക ഭാവങ്ങള്‍, അയാളുടെ വിട്ടം പൊളിക്കുന്ന അട്ടഹാസങ്ങള്‍, രക്തമുറഞ്ഞുപോകുന്ന നോട്ടങ്ങള്‍, മെതിയടിയൊച്ചയില്‍ വിറങ്ങലിപ്പിക്കാന്‍ കഴിയുന്ന നടത്തങ്ങള്‍, പല്ലിനടിയില്‍ ഞെരിഞ്ഞമരുന്ന ആജ്ഞകള്‍ ഇതെല്ലാം എഴുത്തുക്കാരന് എഴുതിഫലിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, അത് ആ എഴുത്തിനും മുകളില്‍ ഒരാള്‍ ചെയ്‌തേക്കുമെന്ന് സങ്കല്‍പിക്കാനേ കഴിയൂ; മമ്മൂട്ടി ആ സങ്കല്‍പത്തെ മൂര്‍ത്തമായ യാഥാര്‍ഥ്യമാക്കുന്നു. സൂക്ഷ്മഭാവങ്ങള്‍ കൊണ്ട് അഭിനയത്തിന്റെ ആഭിചാരക്രിയ ചെയ്ത് മമ്മൂട്ടി കൊടുമണ്‍ പോറ്റിയെ തന്റേത് മാത്രമാക്കി. തന്റെ അഭിനയ ശരീരത്തിനെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളെ തേടി ഒരു നടന്‍ നടത്തുന്ന ഈ അശ്വമേധത്തില്‍ ആരാണ് അദേഹത്തിനെ പിടിച്ചുകെട്ടാനുള്ളത്. താരശരീരത്തെ എന്നോ അപ്രസക്തമാക്കി കളഞ്ഞ ഒരു മഹാനടനായി മമ്മൂട്ടി പടര്‍ന്നു നില്‍ക്കുന്നത് ഭ്രമയുഗത്തില്‍ നമുക്ക് നേരില്‍ കാണാം (മമ്മൂട്ടിയുടെ പ്രകടനം കാണാന്‍ മാത്രം ഒരിക്കല്‍ കൂടി ഭ്രമയുഗം കാണണം). 


രാഹുൽ സദാശിവൻ

തന്നോട് തന്നെ മമ്മൂട്ടി മാറ്റുരയ്ക്കുന്നത് അത്ഭുതത്തോടെ നമ്മള്‍ പലതവണ കണ്ടതാണ്. എന്നാല്‍, ഒപ്പമുള്ളവരുടെ മത്സരിച്ചുള്ള അഭിനയമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് മമ്മൂട്ടി തന്നെ ഒരവസരത്തില്‍ പറഞ്ഞതോര്‍ക്കുന്നു. സിദ്ധാര്‍ത്ഥ് ഭരതനും, അര്‍ജുന്‍ അശോകനും തങ്ങളുടെ ഏറ്റവും മികച്ച അഭിനയം കാണിച്ച് മമ്മൂട്ടിയെ പ്രകോപിപ്പിക്കുകതന്നെ ചെയ്തിരിക്കുന്നു. അതാണ് ആ അതികായന്റെ സിംഹഗാംഭീര്യത്തിന് ഇത്ര ഉഗ്രത കൂടിയത്. അസംതൃപ്തിയില്‍ പുകയുന്ന, നിസ്സഹായതയില്‍ മുരളുന്ന പരുക്കനായ കൊടുമണ്‍ ഇല്ലത്തിലെ പാചകക്കാരനായി സിദ്ധാര്‍ത്ഥ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചാരംകൊണ്ട് ഏറെക്കാലം മൂടിവയ്ക്കപ്പെട്ട അഭിനയത്തിന്റെ കനല്‍ ജ്വലിപ്പിച്ച് അയാള്‍ തന്റെ വേഷം പകര്‍ന്നാടി. വിരസതയുടെ ആഴങ്ങളില്‍ എവിടെയോ തന്നെ നഷ്ടപ്പെട്ട ആ പാചകക്കാരന്റെ സ്വഭാവം ഒരേ സമയം നിഗൂഢവും നിഷ്‌കാമവുമാണ്. ഇല്ലത്തെ ജീര്‍ണതയുടെ ഒരു പൊട്ടായെ അയാളെയും കരുതാനാകൂ. ശവക്കുഴികള്‍ എടുത്തും, ആഭിചാരക്രിയകള്‍ പോലെ പാചകം ചെയ്തും അയാള്‍ തന്നെ ഒരുക്കുകയായിരുന്നു. ശബ്ദത്തിലെ ഏകതാനതകൊണ്ടും വിവരിക്കാന്‍ കഴിയാത്ത ഭാവങ്ങള്‍ കൊണ്ടും സിദ്ധാര്‍ത്ഥ് ആ ചതുരനായ പാചകക്കാരനെ അതിഗംഭീരമാക്കി. എന്നാല്‍, ഒരു നിസ്വനായല്ല അയാള്‍ തന്റെ വിരസജീവിതം നയിച്ചിരുന്നതെന്ന് വെളിപ്പെടുന്ന അവസരത്തില്‍ ഉണ്ടാകേണ്ട ഭാവമാറ്റം സിദ്ധാര്‍ത്ഥിനുണ്ടായോ എന്ന് ന്യായമായും സംശയിക്കാം. അര്‍ജുന്‍ അശോകന്‍ ചെയ്ത തേവന്‍ എന്ന കഥാപാത്രമാണ് ഈ കഥയിലെ നായകന്‍. കീഴാളനായ ഒരു അടിമ. വിധേയത്വവും വിവേകവും ഒരുപോലയുള്ള തേവന്റെ സമ്മിശ്രഭാവങ്ങള്‍ അര്‍ജുന്‍ മത്സരബുദ്ധിയോടെ മികവുറ്റതാക്കി. കഥയുടെ ഒരവസരത്തില്‍ വരുന്ന ഭാവമാറ്റം അയാളിലെ മികച്ച അഭിനേതാവിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. ഭ്രാന്തിന്റെ വക്കോളമെത്തുന്ന ഉന്മാദികളായി പലപ്പോഴും ഭ്രമയുഗത്തിലെ അഭിനേതാക്കള്‍ മാറുന്നു. ഈ കഥ അവരെ എത്തിക്കുന്ന തലങ്ങളായിരിക്കാം അത്.  


ജീര്‍ണിച്ച് കാടുമൂടിയിട്ടും പൈശാചികമായി തലയുയര്‍ത്തി നില്‍ക്കുന്ന കൊടുമണ്‍ ഇല്ലം ഈ കഥയിലെ പ്രധാന കഥാപാത്രമാണ്. ചങ്ങലയുടെ ഞെരങ്ങല്‍ സദാകേള്‍ക്കുന്ന തട്ടുംപുറവും,അന്തമില്ലാത്ത തെക്കോട്ടുള്ള വഴിയും പൊളിഞ്ഞ പടിപ്പുരയ്ക്ക് ഇരുപുറവും അദൃശ്യമായ വേലികളുള്ള കൊടുമണ്‍ ഇല്ലം. അതിനുള്ളില്‍ കടന്നാല്‍ കാടും പുഴയും കാലവുമെല്ലാം ഈ ഇല്ലം തന്നെയായി മാറും. പുറത്തെ ലോകത്തെ അതിസാധാരണമായ ജീവിതം പിന്നെ അന്യമാണ്. കാലന്‍കോഴിയുടെ കൂവലാണ് ഈ ഇല്ലത്തെ പശ്ചാത്തല സംഗീതം. മരണവും ഉന്മാദവും ഭയവും ഇഴചേരുന്ന ഒരു അപസര്‍പ്പക ഇടനാഴിയായി കൊടുമണ്‍ ഇല്ലം നമ്മുടെ കാഴ്ചയെ വിസ്മയിപ്പിക്കും. മോണോക്രോമിന്റെ സാധ്യത കൃത്യമായി ഉപയോഗിച്ചത് ഇല്ലത്തിന്റെ നിഗൂഢത ഇരട്ടിയാക്കാന്‍ സഹായിച്ചു. ബ്ലാക്ക് ആന്റ് വൈറ്റില്‍ കാഴ്ചകളെ സമന്വയിപ്പിക്കുമ്പോള്‍ കാണിയുടെ ശ്രദ്ധ സംവിധായകന്‍ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് എന്റെ നിരീക്ഷണം. ഭയത്തിന്റെ വിവിധ പാറ്റേണുകള്‍ ഉപയോഗിക്കാന്‍ ഇത് സംവിധായകനെ സഹായിച്ചിട്ടുണ്ട്. അതിശക്തമായ ഒരു സൗണ്ട് ഡിസൈന്‍ ഭ്രമയുഗത്തിന്റെ നട്ടെല്ലായി ഉണ്ട്. ഭയത്തിന്റേയും ആകാംക്ഷയുടേയും മിടിപ്പുകള്‍ക്കനുസൃതമായി ശബ്ദവിന്യാസവും വരുമ്പോള്‍ അത് പലപ്പോഴും ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നു. കാതിനിമ്പമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവും കൂടിയാകുമ്പോള്‍ സിനിമ കൃത്യമായ ചേരുവയില്‍ എത്തുന്നു. ഗ്രാഫിക്‌സിന്റെ അതിപ്രസരമില്ലാതെ ക്യാമറ ആംഗിളുകള്‍ കൊണ്ടും ഷോട്ടുകളുടെ കൃത്യമായ ഉപയോഗം കൊണ്ടും ഉദ്വേഗം കൊണ്ടുവരാന്‍ ഷെഹ്‌നാദ് ജലാല്‍ എന്ന സിനിമാറ്റോഗ്രാഫര്‍ക്കായി. കൊടുമണ്‍ പോറ്റിയുടെ അമാനുഷിക ദേഹത്തെ പകര്‍ത്തുമ്പോള്‍ ക്യാമറ കാണിയുടെ കാഴ്ചയെ നിരന്തരം ഓര്‍മപ്പിക്കുന്നത് പോറ്റിയുടെ നിഗൂഢതയെക്കുറിച്ചാണ്. തേവനോട് നേരെ നോക്കാം എന്ന് പറയുമ്പോഴേ നമ്മളും പോറ്റിയെ കാണുന്നുള്ളൂ. തേവന്റെ കാഴ്ചകള്‍ മങ്ങുമ്പോള്‍ കാണികളുടെ കാഴ്ചയും മങ്ങുന്നു. ഒറ്റ ലൊക്കേഷന്‍ മാത്രമുള്ള സിനിമയില്‍ ആ സാധ്യതയെ പരമാവധി ഉപയോഗിച്ച് കാഴ്ചകളുടെ കൂടോത്രം ചെയ്തിരിക്കുകയാണ് ഷെഹ്‌നാദ് ജലാല്‍.

അധികാരമെന്ന ഭ്രമത്തില്‍ കുടുങ്ങിക്കിടക്കുന്നത് വിധേയര്‍ മാത്രമല്ല അധികാരി കൂടിയാണെന്ന് സിനിമ പറയുന്നു. വിധേയരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി ആനന്ദിക്കുന്നതാണ് അധികാരികളുടെ വിരസതമാറ്റുന്നത്. വിധേയര്‍ക്ക് അവരോട് സ്വന്തം വിധി പണയം വച്ച് പകിട കളിക്കാം, വേണമെങ്കില്‍ അതില്‍ ജയിക്കുക കൂടിയാകാം. എന്നാല്‍, ചതിയുടേയും നുണയുടേയും ആഭിചാരം ചെയ്ത് അധികാരികള്‍ വിധേയരെ തങ്ങളുടെ കാല്‍ചുവട്ടില്‍ നിര്‍ത്തും, മടുക്കുമ്പോള്‍ മണ്ണിലേക്ക് മടക്കും. ആരും ചോദിക്കില്ല. 

സംഭാഷണങ്ങളാണ് സിനിമയുടെ മറ്റൊരു സവിശേഷത. ടി.ഡി രാമകൃഷ്ണന്റെ സംഭാഷണങ്ങള്‍ക്ക് ഒരു തത്വചിന്തയുടെ രണ്ടാംപാളിയുണ്ട്. കഥാപാത്രങ്ങളുടെ വിധിയുടെ സൂചനകള്‍ നല്‍കുന്ന സംഭാഷണങ്ങളാണ് അവ. 'കാലം പോലെ കലങ്ങിമറിഞ്ഞൊരു പുഴയില്ല' എന്ന വാചകം സിനിമ മുന്നോട്ടുവെക്കുന്ന തത്വചിന്തയുടെ പാതിപേറുന്നു. കാലമാണ് കാണിയെ ഈ കാഴ്ചയുടെ വിശ്വാസ്യതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. കാലത്തിന്റെ മാറ്റത്തിലാണ് തേവന്‍ കൊടുമണ്‍ ഇല്ലത്തെത്തുന്നത്. ഒരു നിമിഷത്തിന്റെ അപഭ്രംശത്തില്‍ തേവന്റെ കാലം ഒരുപാട് മുന്നോട്ട് പോകുന്നു. കാലത്തിന്റെ പുഴയില്‍ തന്നെയാണ് അധികാരത്തിന്റെ പഴഞ്ചന്‍ സങ്കല്‍പങ്ങള്‍ ഒഴുകിപ്പോകുന്നതും പുതിയവ കേറി വരുന്നതും. കാലം വിരസമാണെന്ന് കൊടുമണ്‍ പോറ്റി പറയുന്നു. അതിന്റെ വിരസതമാറ്റാനാണ് മനുഷ്യന്റെ വിധി പണയംവെച്ച് കാലം പകിടകളിക്കുന്നത്. ആഴത്തിലുള്ള അളന്നുമുറിച്ച ഇത്തരം സംഭാഷണങ്ങളാണ് സിനിമയുടെ ഗരിമ കൂട്ടുന്നത്. മമ്മൂട്ടിയെന്ന നടന്റെ ശബ്ദത്തില്‍ ഉണ്ടാകുന്ന ഇടര്‍ച്ചയും ഗര്‍വും ആ സംഭാഷണങ്ങളെ വേറെ തലത്തിലേക്ക് എത്തിക്കുന്നു. അഭിനേതാക്കള്‍ മുഖത്തും ശരീരത്തിലുമുള്ള നിയന്ത്രണം പോലെതന്നെ ശബ്ദത്തിലും അതുണ്ടാകണമെന്ന പാഠം മമ്മൂട്ടിയല്‍ നിന്ന് പഠിക്കാം. നേരത്തെ ഒരു അഭിമുഖത്തില്‍ തിലകന്‍ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഒരു ഡയലോഗിന്റെ സാഹചര്യം ശബ്ദം കൊണ്ടും ഭാവം കൊണ്ടും മാത്രം മാറുന്നത് തിലകന്‍ ആ അഭിമുഖത്തില്‍ കാണിക്കുന്നുണ്ട്. തിലകനെപ്പോലെ അഭിനയത്തിന്റെ കൊടുമുടി കണ്ട നടന്മാര്‍ ഇങ്ങനെയൊക്കെയാണ് റഫറന്‍സ് ഗ്രന്ഥങ്ങളാകുന്നത്. മമ്മൂട്ടിയെന്ന അഭിനയ മാന്ത്രികന്‍ സ്വയം നവീകരിക്കുന്ന റഫറന്‍സായി ഒരു ആസ്വാദക ഗോത്രത്തെയാകെ നയിക്കുകയാണ് ഇപ്പോള്‍. 


റിയലിസത്തിന്റെ വിരസതയില്‍ പോകുമ്പോള്‍ ഒരു മാന്ത്രിക സിനിമയുടെ പകിട കളിക്കുകയാണ് രാഹുല്‍ സദാശിവന്‍. ആദ്യ സിനിമയായ ഭൂതകാലത്തില്‍ വിസ്മയിപ്പിച്ച രാഹുല്‍, രണ്ടാം സിനിമയില്‍ കുറച്ചുകൂടി ആധികാരികമായി ദൃശ്യമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു. ഐതീഹ്യകഥകള്‍ തന്നെ വലിയ ദൃശ്യസാധ്യതയുള്ളവയാണ്. മൂട്ടവിളക്കിന് ചുറ്റും ഉദ്വേഗം നിറഞ്ഞ ഐതീഹ്യകഥകള്‍ കേട്ടിരുന്ന ബാല്യമുള്ളവര്‍ക്ക് ഭ്രമയുഗം ഇരട്ടിമധുരമാകും. യക്ഷിയും, ദേവിയും, മാന്ത്രികന്മാരും നിറഞ്ഞ കല്‍പിത കഥകള്‍ക്ക് ആഖ്യാതാക്കള്‍ ചരിത്രത്തിന്റെ പിന്‍ബലം കൊടുത്ത് വിശ്വാസയോഗ്യമാക്കുന്നതോടെ അന്നത്തെ കുട്ടികളുടെ സ്വപ്നങ്ങളില്‍ പോലും ഈ കഥകളുടെ ബാധകള്‍ കയറിയിരുന്നു. അവരുടെ ഭാവനയില്‍ പനകളുടെ മുകളില്‍ മുടിപരത്തിയിട്ട് ഇരിക്കുന്ന യക്ഷിയുടെ ഒരു ഇമേജ് ഉണ്ടായിരുന്നു. കോമ്പല്ലില്‍ രക്തം ഇറ്റുവീഴുന്ന ഭീതി നിറഞ്ഞ ദൃശ്യമുണ്ടായിരുന്നു. രക്തരക്ഷസ്സുകളെല്ലാം വാമ്പയേഴ്‌സിന് വഴിമാറുന്നതിനും മുമ്പായിരുന്നു ഇത്. അമര്‍ചിത്രകഥകളില്‍ അവ പ്രത്യക്ഷപ്പെടും മുമ്പ് ഈ കഥാപാത്രങ്ങള്‍ക്കൊക്കെ അവര്‍ കൃത്യമായ മുഖമുണ്ടാക്കിയിരുന്നു. ആ മുഖങ്ങളോടും, പരിസരത്തോടുമെല്ലാം നീതി പുലര്‍ത്തുന്ന സിനിമയാണ് ഭ്രമയുഗം. മലയാളത്തില്‍ കലിക, വയനാടന്‍ തമ്പാന്‍, അഥർവം പോലെയുള്ള മാന്ത്രിക സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അവയിലുള്ള പല ഘടകങ്ങളും ഭ്രമയുഗത്തിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു അപസര്‍പ്പക കഥയ്ക്ക് പുറത്ത് സാമൂഹികമായ ഒരു തലംകൂടി സിനിമ ചര്‍ച്ചചെയ്യുന്നു. അധികാരമെന്ന ഭ്രമത്തില്‍ കുടുങ്ങിക്കിടക്കുന്നത് വിധേയര്‍ മാത്രമല്ല അധികാരി കൂടിയാണെന്ന് സിനിമ പറയുന്നു. വിധേയരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി ആനന്ദിക്കുന്നതാണ് അധികാരികളുടെ വിരസതമാറ്റുന്നത്. വിധേയര്‍ക്ക് അവരോട് സ്വന്തം വിധി പണയം വച്ച് പകിട കളിക്കാം, വേണമെങ്കില്‍ അതില്‍ ജയിക്കുക കൂടിയാകാം. എന്നാല്‍, ചതിയുടേയും നുണയുടേയും ആഭിചാരം ചെയ്ത് അധികാരികള്‍ വിധേയരെ തങ്ങളുടെ കാല്‍ചുവട്ടില്‍ നിര്‍ത്തും, മടുക്കുമ്പോള്‍ മണ്ണിലേക്ക് മടക്കും. ആരും ചോദിക്കില്ല. ഇത്തരമൊരു ഇരുണ്ടകാലം തീര്‍ച്ചയായും കേരളത്തില്‍ ഉണ്ടായിരുന്നു. ഇവിടെ മാത്രമല്ല ലോകമെമ്പാടുമുണ്ടായിരുന്നു. എന്നാല്‍, കാലമാകുന്ന കലങ്ങിമറിയുന്ന പുഴയില്‍ അവയെല്ലാം ഒലിച്ചുപോകുകയാണ് ഉണ്ടായതെന്ന് സിനിമ നമുക്ക് കാണിച്ചു തരുന്നു. 


ടി.ഡി രാമകൃഷ്ണന്‍

ഭയത്തിന്റെ ആഴമളക്കുന്ന അസന്ദിഗ്ധ നിമിഷങ്ങള്‍ തുന്നിച്ചേര്‍ത്ത് വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ കൊണ്ട് രാഹുല്‍ സദാശിവനെന്ന സംവിധായകന്‍ മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്താവുന്ന ഒരു സിനിമ ചെയ്തിരിക്കുന്നു. എന്നും കാണികള്‍ക്ക് പ്രിയമുള്ള വിഷയമാണ് മിത്ത്. ഭദ്രമായ കഥയുടേയും തിരക്കഥയുടേയും പിന്‍ബലത്തില്‍ ഒരു മിത്തിന് ശക്തമായ ചലച്ചിത്രഭാഷ ഒരുക്കാന്‍ രാഹുലിനായി. അഭിനേതാക്കളെ നിയന്ത്രിച്ച് കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് അവരെ ആവാഹിച്ച സംവിധാന മികവ് ഈ സിനിമയില്‍ കാണാം. വെട്ടിച്ചെറുതാക്കാന്‍ കഴിയാത്ത അത്രയും അച്ചടക്കത്തോടെയുള്ള സീനുകള്‍, ക്ലീഷേകള്‍ പരമാവധി ഒഴിവാക്കിയുള്ള കഥപറച്ചില്‍, പ്രേക്ഷകന് ചിന്തിക്കാന്‍ വിട്ടുകൊടുക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ ഇവയെല്ലാം ഭ്രമയുഗത്തിനെ മികച്ചതാക്കുന്നു. മിത്തിന്റെ പരന്ന അവതരണത്തിന് മുതിരാതെ യുക്തിയുടേയും ഫിലോസഫിയുടേയും അടരുകള്‍ ഉള്‍ചേര്‍ത്ത് അതിനെ രാഹുല്‍ നവീകരിച്ചു. ചിന്തിച്ചാല്‍ പല വായനകള്‍ സാധ്യമാകുന്ന ഗംഭീര കലാസൃഷ്ടിയാണ് ഭ്രമയുഗം. നേരത്തെയുള്ളതിന്റെ തുടര്‍ച്ചയല്ല, മറിച്ച് അതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച തികച്ചും പുതിയ സിനിമയാണ് ഇത്. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ലെനിന്‍ സുഭാഷ്

Writer

Similar News