ദലിത് ഉദ്യോഗാര്‍ഥികളുടെ നിയമനം അട്ടിമറിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ദലിത് ഉദ്യോഗാര്‍ഥികളുടെ സംവരണ മാനദണ്ഡപ്രകാരമുള്ള നിയമനത്തെ അട്ടിമറിക്കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ചത് 'Vertical Reservation' മാനദണ്ഡമാണ്. ഈ മാനദണ്ഡം സുപ്രീം കോടതി തന്നെ അസാധുവാക്കി ഉത്തരവിറക്കിയിട്ടുള്ളതാണ്.

Update: 2023-09-27 05:39 GMT
Advertising

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംവരണക്രമം അട്ടിമറിച്ചിതിനെതിരെ ഉദ്യോഗാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തു വന്നിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംവരണ അട്ടിമറിയുടെ ഫലമായി നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രഫ. സുഗദോ കോറോത്ത്, ജിഗ്നേഷ് മേവാനി, പ്രഫ. എം. കുഞ്ഞാമന്‍, പ്രഫ. പി. സനല്‍ മോഹന്‍, സണ്ണി എം. കപിക്കാട്, പ്രഫ. പി.കെ പോക്കര്‍, ഡോ. ടി.ടി ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പടെ അന്‍പതോളം സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും അക്കാദമിഷന്‍മാരുമാണ് രംഗത്തു വന്നിരിക്കുന്നത്.

ഡോ. ടി.എസ് ശ്യാംകുമാര്‍, ഡോ. താര, ഡോ. സുരേഷ് പുത്തന്‍ പറമ്പില്‍ എന്നിവര്‍ക്കാണ് സംവരണക്രമം അട്ടിമറിച്ചത് മൂലം നിയമനം ലഭിക്കാതെ വന്നവര്‍. സംവരണക്രമം അട്ടിമറിച്ചതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമീഷന്‍ വിഷയം പരിശോധിക്കുകയും വിശദമായി പഠനം നടത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ യൂണിവേഴ്‌സിറ്റി സംവരണക്രമം അട്ടിമറിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ് ആന്‍ഡ് കെ.എസ്.എസ്.ആര്‍ ന്റെ റൂള്‍ പ്രകാരം സംവരണ റൊട്ടേഷന്‍ പുനഃക്രമീകരിച്ച് ഒരു മാസത്തിനകം അസി. പ്രഫസര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. സുപ്രീം കോടതി അസാധുവാക്കിയ മാനദണ്ഡം അവലംബിച്ചാണ് ദലിത് ഉദ്യോഗാര്‍ഥികളുടെ നിയമനം അട്ടിമറിച്ചതെന്ന് കമീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, 2023 സെപ്റ്റംബര്‍ 9 ന് പുറപ്പെടുവിച്ച കമീഷന്‍ ഉത്തരവ് ഇതുവരെ നടപ്പാക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സംവരണ അട്ടിമറിക്കെതിരെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. സുപ്രീംകോടതി വിധിയുടെയും പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമീഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡപ്രകാരം ദലിത് ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.


പ്രസ്താവനയുടെ പൂര്‍ണരൂപം:

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021 ല്‍ പുറപ്പെടുവിച്ച അസി. പ്രഫസര്‍ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്‌സിറ്റി സംവരണക്രമം (Reservation Roster) അട്ടിമറിച്ചത് മൂലം നിയമനം ലഭിക്കാതെ പുറത്തായവരാണ് ഡോ. ടി.എസ് ശ്യാംകുമാര്‍, ഡോ. താര, ഡോ. സുരേഷ് പുത്തന്‍ പറമ്പില്‍ എന്നിവര്‍. സംവരണ മാനദണ്ഡ പ്രകാരവും KS and SSR റൂള്‍ അനുസരിച്ചും 4,12,32,52 എന്ന ക്രമത്തിലാണ് എസ്.സി./എസ്.ടി. സംവരണം നടപ്പാക്കേണ്ടത്. എന്നാല്‍, യൂണിവേഴ്‌സിറ്റി ഈ സംവരണക്രമം സമ്പൂര്‍ണമായി അട്ടിമറിച്ചതിനാല്‍ മലയാളം വിഭാഗത്തില്‍ നാലാമതായി വരേണ്ട ഡോ. താരക്കും 24-ാമതായി വരേണ്ട ഡോ. സുരേഷിനും സംസ്‌കൃത വിഭാഗത്തില്‍ 32-ാമതായി വരേണ്ട ഡോ. ശ്യാംകുമാറിനും നിയമനം ലഭിച്ചില്ല. യൂണിവേഴ്‌സിറ്റി എസ്.സി/എസ്.ടി സംവരണ മാനദണ്ഡം അട്ടിമറിച്ചതിലൂടെയാണ് ഇവരുടെ നിയമനം ഇല്ലാതായത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമീഷന്‍ ഈ വിഷയം പരിശോധിക്കുകയും വിശദമായി പഠനം നടത്തുകയും യൂണിവേഴ്‌സിറ്റി സംവരണം അട്ടിമറിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ KS and SSR ന്റെ 14 മുതല്‍ 17 വരെയുള്ള റൂള്‍ പ്രകാരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംവരണ റൊട്ടേഷന്‍ പുനഃക്രമീകരിച്ച് ഒരു മാസത്തിനകം അസി. പ്രഫസര്‍ തസ്തികയില്‍ ഡോ. ശ്യാംകുമാര്‍, ഡോ. താര, ഡോ. സുരേഷ് എന്നിവരെ നിയമിക്കാന്‍ 2023 സെപ്റ്റംബര്‍ 9 നു കമീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.

ദലിത് ഉദ്യോഗാര്‍ഥികളുടെ സംവരണ മാനദണ്ഡപ്രകാരമുള്ള നിയമനത്തെ അട്ടിമറിച്ചത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ച 'Vertical Reservation' മാനദണ്ഡമാണ്. ഈ മാനദണ്ഡം സുപ്രീം കോടതി തന്നെ അസാധുവാക്കി ഉത്തരവിറക്കിയിട്ടുള്ളതാണ്. ഇതേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംവരണ വിഭാഗക്കാരിയായ ഡോ. അനുപമയ്ക്ക് നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബഹു. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പരാതിക്കാരിക്ക് അനുകൂലമായി ഡിവിഷന്‍ ബഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തള്ളിക്കൊണ്ടും ബഹു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി അംഗീകരിച്ചു കൊണ്ടും സുപ്രീം കോടതി 2023 മെയ് 19 നു ഉത്തരവിറക്കി.


യൂണിവേഴ്സിറ്റി സംവരണം നടപ്പാക്കുന്നതിനായി Horizontal Reservation നു പകരം Vertical Reservation നടപ്പിലാക്കിയത് മൂലമാണ് നിയമന റൊട്ടേഷനില്‍ വ്യത്യാസം വന്നിട്ടുള്ളത്. ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റി നടപ്പാക്കിയ സംവരണവും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ Appointment Chart -ഉം നിയമപ്രകാരമല്ലെന്ന് സുപ്രീം കോടതി അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ബഹു. സുപ്രീംകോടതി ഇന്ദിരാ സാഹ്നി, അനില്‍കുമാര്‍ ഗുപ്ത, രാജേഷ്‌കുമാര്‍ ദരിയ എന്നീ കേസുകളില്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് റൊട്ടേഷന്‍ ചാര്‍ട്ട് നേഷണലായി പുനഃക്രമീകരിക്കണമെന്നും ഇങ്ങനെ പുനഃക്രമീകരിക്കുമ്പോള്‍ സംവരണ മാനദണ്ഡപ്രകാരല്ലാതെ നിയമിക്കപ്പെട്ടവരെ സൂപ്പര്‍ ന്യുമററി തസ്തികകളില്‍ നിയമിക്കണമെന്നും അത്തരക്കാരെ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് സ്ഥിരപ്പെടുത്തുന്നതിന് സര്‍വ്വകലാശാലക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി അവലംബിച്ച 'Vertical Reservation' സുപ്രീം കോടതി അസാധുവാക്കിയത് കൊണ്ടാണ് പഴയ സംവരണ മാനദണ്ഡപ്രകാരം ഡോ. അനുപമയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍, സമാനമായ കേസില്‍ ഉള്‍പ്പെട്ട ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. താര, ഡോ. സുരേഷ് പുത്തന്‍പറമ്പില്‍ എന്നീ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ യൂണിവേഴ്സിറ്റി ഇനിയും തയ്യാറാകുന്നുമില്ല. ഇത് കോടതി അലക്ഷ്യവും ഭരണഘടനാ വിരുദ്ധ നടപടിയും സാമൂഹിക നീതിയെ അട്ടിമറിക്കുന്നതുമാണ്. ആയതിനാല്‍ സുപ്രീംകോടതി വിധിയുടെയും പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമീഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡപ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ദലിത് ഉദ്യോഗാര്‍ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നു ഞങ്ങള്‍ യൂണിവേഴ്സിറ്റി അധികാരികളോട് അഭ്യര്‍ഥിക്കുന്നു.

പ്രഫ. സുഗതോ കോറോത്ത്, ജിഗ്നേഷ് മേവാനി, പ്രഫ. എം കുഞ്ഞാമന്‍, പ്രഫ. പി സനല്‍ മോഹന്‍, സണ്ണി എം. കപിക്കാട്, പ്രഫ. പി.കെ പോക്കര്‍, ഡോ. ടി.ടി ശ്രീകുമാര്‍, ഡോ. കെ.എസ് മാധവന്‍, ഡോ. റഷീദ് അഹമ്മദ്, വി.ആര്‍ ജോയ്, ഡോ. ജയശീലന്‍ രാജ്, ഡോ. രേഖാ രാജ്, എം.ആര്‍ രേണുകുമാര്‍, സുനന്ദനന്‍ കെ.എന്‍, ഡോ. അനില്‍കുമാര്‍ കെ.വി, ഡോ. രാജേഷ് കോമത്ത്, ഡോ. അജയ് ശേഖര്‍, ഡോ. ടി. രാധിക, പ്രഫ. സി.എന്‍ ഹരിദാസ്, ഡോ. ടി. രാധിക, ഡോ. മനോജ്കുമാര്‍, സുഭാഷ് വി.എസ്, ഡോ. വിനില്‍ പോള്‍, ഒ.പി രവീന്ദ്രന്‍, കെ. ദാമോദരന്‍, ഡോ. ഷൈന്‍ പി.എസ്, ഡോ. സജി കെ.എസ്, ഡോ. ലജിത്ത് വി.എസ്, മീര സുകുമാരന്‍, ഡോ. ശ്രീജിത്ത് എ., ഡോ. ബിന്ദു നരവത്ത്, ഡോ. രതീഷ് ഇ.,ഡോ. അമല്‍ സി. രാജന്‍, ഡോ. സ്മിത പി. കുമാര്‍, ഡോ. സന്തോഷ് എസ്, ഡോ. അമല, മധു നാരായണന്‍, എം.കെ പ്രേംകുമാര്‍, വിജു വി.വി, മായ പ്രമോദ്, ശ്രുധീഷ് എസ്., പി. ശിവലിംഗന്‍, ഉമേഷ് ഓമനക്കുട്ടന്‍, അരവിന്ദ് വിഎസ്, അഡ്. പി.എ പ്രസാദ്, ജെ. രഘു, ഐ. ഗോപിനാഥ്, സി.ആര്‍ നീലകണ്ഠന്‍, കെ. വത്സകുമാരി, അജീഷ് രാജ്, രാഗേഷ് രാം, കെ. സന്തോഷ് കുമാര്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News