ചൂടുതേടി നടന്ന മനുഷ്യന്‍ ഉഷ്ണതരംഗങ്ങളെ അതിജീവിക്കുമോ?
തന്റെ നിലനില്‍പ്പ് ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഭൗമോപരിതലം ചൂടുള്ളതാക്കി മാറ്റാനുള്ള പ്രയത്നത്തിനിടയില്‍ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന് ഉണ്ടായിരുന്നില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്?
മനുഷ്യവര്‍ഗം ഭൂമിയില്‍ പിറവിയെടുത്ത് ഏതാണ്ട് ആറ് മുതല്‍ ഏഴ്‌വരെ ദശലക്ഷം വര്‍ഷങ്ങളായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അതിദീര്‍ഘ കാലയളവില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച് നടന്നത് ചൂടുള്ള പ്രദേശങ്ങളായിരുന്നുവെന്നത് ഉഷ്ണ തരംഗങ്ങള്‍ മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും ജീവന്‍ അപഹരിക്കുന്ന ഈ കാലത്ത് അതിശയോക്തിയായി തോന്നാം. Warmer is Better എന്ന് സഹസ്രാബ്ദങ്ങളോളം ചിന്തിച്ച് നടന്ന്, ഭൗമോപരിതലത്തെ ചൂടുള്ള പ്രതലമാക്കിത്തീര്‍ക്കാന്‍ അവന്‍ നടത്തിയ പ്രയത്നങ്ങളാണ് മനുഷ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുക.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും കാലാവസ്ഥാ ശാസ്ത്രത്തിന്റെ ഇന്നത്തെ നിലയിലുള്ള വികാസത്തെയും ചരിത്രപരമായി പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള വളരെ രസകരമായ ഒട്ടനവധി കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. അന്തരീക്ഷ താപനിലയിലെ വര്‍ധനവിനെക്കുറിച്ച് അനുദിനമെന്നോണം വേവലാതിപ്പെടുന്ന വര്‍ത്തമാന മനുഷ്യസമൂഹങ്ങളെ സംബന്ധിച്ച് ഇക്കാര്യം അപരിചതമായിത്തോന്നിയേക്കാമെങ്കിലും.
ഒരു ജീവജാതി എന്ന നിലയില്‍ ഭൂമിയിലെ മനുഷ്യ ഇടപെടല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവ് കൈവന്നിട്ടും അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ മനുഷ്യവര്‍ഗം പരാജയപ്പെട്ടതെന്തുകൊണ്ടാണ് എന്നതാണ് കാതലായ ചോദ്യം. തിരിച്ചുപിടിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു കാലാവസ്ഥാ പ്രതിസന്ധി- runaway climate change - യിലേക്കാണോ ലോകം നീങ്ങുന്നത് എന്ന ചോദ്യവും പ്രധാനമാണ്. കാലാവസ്ഥാ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആയിരിക്കുമോ രക്ഷക്കെത്തുന്നത്? അതോ രാഷ്ട്രീയ തീരുമാനങ്ങളോ?
തന്റെ നിലനില്‍പ്പ് ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഭൗമോപരിതലം ചൂടുള്ളതാക്കി മാറ്റാനുള്ള പ്രയത്നത്തിനിടയില്‍ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന് ഉണ്ടായിരുന്നില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? തീര്‍ച്ചയായും അല്ല. കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട് ആധുനിക സമൂഹം ഇന്ന് ആര്‍ജ്ജിച്ചെടുത്ത ബോധ്യങ്ങളിലേക്ക് എത്തിപ്പെട്ട വഴികള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും.
ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ പിന്‍ഗാമിയും ആധുനിക സസ്യശാസ്ത്രത്തിന്റെ (ബോട്ടണി)യുടെ പിതാവെന്ന് അറിയപ്പെടുന്ന തിയോഫ്രേസ്റ്റസി(Theophrastus, BC 371- 287)ന്റെ കാലത്തുതന്നെ കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങള്‍ക്കായുള്ള അന്വേഷണങ്ങളും വ്യാപകമായിട്ടുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. Is it possible for humans to change the cliamate? എന്ന തിയോഫ്രേസ്റ്റസിന്റെ ചോദ്യത്തിന് അദ്ദേഹം തന്നെ നല്‍കുന്ന മറുപടി, Yes! through deforestation and irrigation എന്നായിരുന്നു അന്തരീക്ഷ കാര്‍ബണ്‍ വിസര്‍ജനത്തില്‍ കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ പോകുന്ന ഫോസില്‍ ഇന്ധനങ്ങളുടെയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും കണ്ടുപിടുത്തം നടക്കാന്‍ അപ്പോഴും രണ്ട് സഹസ്രാബ്ദങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
പലതരത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇക്കാലയളവില്‍ നടന്നുവെങ്കിലും ആധുനിക കാലാവസ്ഥാ ശാസ്ത്രത്തിലേക്ക് നയിച്ച കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും പ്രധാനമായും നാം കടപ്പെട്ടിരിക്കുന്നത് ഏതാനും വിരലിലെണ്ണാവുന്ന ശാസ്ത്രജ്ഞരിലേക്കാണ്. അതില്‍ പ്രധാനികളായിരിക്കുന്നത് ഫ്രഞ്ച് ഗണിത-ഭൗതിക ശാസ്ത്രജ്ഞനായ ജോസഫ് ഫ്യൂറിയര്‍ (Jean Baptiste Joseph Furier), അയര്‍ലണ്ടുകാരനായ ഭൗതികശാസ്ത്രജ്ഞന്‍ ജോണ്‍ ടിന്‍ഡല്‍ (John Tyndall), സ്വീഡിഷ് പൗരനായിരുന്ന സ്വാന്തെ അരീനിയസ് (Svante August Arrehenius ), അമേരിക്കന്‍ ഭൂശാസ്ത്രജ്ഞനായ ടി.സി ചേംബര്‍ലൈന്‍ (T.C.Chamberline) എന്നിവരാണ്.
ഹരിതഗൃഹ പ്രഭാവത്തെക്കുറിച്ചും, അന്തരീക്ഷ ജലകണികളുടെ താപ വികിര്‍ണന സ്വഭാവത്തെക്കുറിച്ചും, കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ചും ഒക്കെയുള്ള പ്രാഥമികവും ശാസ്ത്രീയവുമായ അന്വേഷണങ്ങള്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ, നടത്തിയ പ്രതിഭകളാണ് മേല്‍പ്പറഞ്ഞവര്‍. ഫ്യൂറിയറിന്റെ താപ വിശ്ലേഷണ സിദ്ധാന്തം വര്‍ത്തമാന ഗ്രീന്‍ ഹൗസ് അനലോഗിയുടെ പ്രമാണവാക്യമായി മാറുന്നുണ്ടെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ജീവജാതി എന്ന നിലയില്‍ ഭൂമിയിലെ മനുഷ്യ ഇടപെടല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവ് കൈവന്നിട്ടും അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ മനുഷ്യവര്‍ഗം പരാജയപ്പെട്ടതെന്തുകൊണ്ടാണ് എന്നതാണ് കാതലായ ചോദ്യം. തിരിച്ചുപിടിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു കാലാവസ്ഥാ പ്രതിസന്ധി- runaway climate change - യിലേക്കാണോ ലോകം നീങ്ങുന്നത് എന്ന ചോദ്യവും പ്രധാനമാണ്. കാലാവസ്ഥാ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആയിരിക്കുമോ രക്ഷക്കെത്തുന്നത്? അതോ രാഷ്ട്രീയ തീരുമാനങ്ങളോ?
കാലാസ്ഥാ മാറ്റങ്ങളെ കേവലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളായി മാത്രം പരിഗണിക്കുന്നതിലൂടെ അനല്‍പ്പമല്ലാത്ത വീഴ്ച നമ്മളുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ ഒരു യുഗപ്രതിസന്ധിയായി കണക്കാക്കുമ്പോള്‍ തന്നെ ആ യുഗം മുതലാളിത്തവും അത് മുന്നോട്ടുവെക്കുന്ന സാമ്പത്തിക-വികസന പരിപ്രേക്ഷ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്ന തിരിച്ചറിവ്
പ്രധാനമാണ്. ഈയൊരു യുഗപ്രതിസന്ധിക്കുള്ള പരിഹാരങ്ങള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കകത്ത് അന്വേഷിക്കുന്നതിലൂടെ പരിഹാര സാധ്യതകളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകയാണ് നാം ചെയ്യുന്നത്. ആല്‍ബെര്‍ട്ട് ഐന്‍സ്‌റ്റൈന്‍, ശരിയായ രീതിയില്‍ ചൂണ്ടിക്കാട്ടിയ പോലെ, പ്രശ്നങ്ങള്‍ക്ക് കാരണമായ മനോഭാവത്തില്‍ നിന്നുകൊണ്ട് അവ പരിഹരിക്കാന്‍ സാധ്യമല്ല തന്നെ. ഒരു മാതൃകാ മാറ്റത്തിലൂടെയല്ലാതെ കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ള പാരിസ്ഥിതിക തകര്‍ച്ചകള്‍ക്ക് പരിഹാരം സാധ്യമല്ലെന്ന തിരിച്ചറിവാണ് പ്രധാനം. മനുഷ്യ വര്‍ഗത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയെ ചരിത്രപരമായി വിശകലനം ചെയ്താല്‍ ഇത്തരമൊരു മാതൃകാമാറ്റം സംഭാവ്യമാണെന്ന് കാണാം. വര്‍ത്തമാന സമൂഹത്തില്‍ അതിന്റെ സംഭാവ്യതകളെ സംബന്ധിച്ച സന്ദേഹങ്ങള്‍ പ്രബലമായിരിക്കുമെങ്കില്‍ക്കൂടിയും.