ചാറ്റ് ജി.പി.ടിയോട് ഇലോണ്‍ മസ്‌കിന് എതിര്‍പ്പെന്തിന്
പത്ത് ലക്ഷം ഉപഭോക്താക്കളെ നേടാന്‍ ട്വിറ്റര്‍ രണ്ടു വര്‍ഷവും, ഫെയ്‌സ്ബുക്ക് പത്തു മാസവും, ഇന്‍സ്റ്റഗ്രാം രണ്ടര മാസവുമാണ് എടുത്തിത്. എന്നാല്‍, വെറും അഞ്ചു ദിവസം കൊണ്ടാണ് ചാറ്റ് ജി.പി.ടി ഉപയോക്താക്കളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്.
കമ്പ്യൂട്ടര്‍ വന്നപ്പോള്‍ സമരം ചെയ്തതിനെ കുറിച്ച് നമ്മള്‍ ഇടക്കിടെ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ചാറ്റ് ജി.പി.ടിക്കെതിരെയും അതിന്റെ തുടര്‍ഗവേഷണത്തിനെതിരെയും രംഗത്തുവന്നിരിക്കുന്നത് സാക്ഷാല്‍ ഇലോണ്‍ മസ്‌കാണ് എന്നതാണ് കൗതുകകരം. ഒപ്പം ആയിരത്തിലധികം പ്രമുഖ ഗവേഷകരും എതിര്‍പ്പുമായി രംഗത്തുണ്ട്. എ.ഐ മത്സരത്തില്‍ പിന്നിലായ മസ്‌ക് പുതിയ സംരംഭം തുടങ്ങാനുള്ള കുതന്ത്രം പയറ്റുകയാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. ഇറ്റലി ഇതിനോടകം തന്നെ ചാറ്റ് ജി.പി.ടി നിരോധിച്ചിരിക്കുന്നു.
നിര്‍മിത ബുദ്ധിയുടെ ഈ പുതുയുദ്ധത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പരിശേധിക്കേണ്ടതുണ്ട്.
അവതരിപ്പിച്ച് 100 ദിവസം ആകുമ്പോഴേക്കും ലോകത്തെ ഇത്രമേല്‍ ഇളക്കിമറിച്ച മറ്റൊരു ടെക്‌നോളജിയുമുണ്ടായിട്ടില്ല. കഴിഞ്ഞവര്‍ഷം നവംബറിലാണ് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓപ്പണ്‍ എ.ഐ എന്ന ഗവേഷണ സ്ഥാപനം, നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി.പി.ടി എന്ന ചാറ്റ്‌ബോട്ട് പുറത്തിറക്കുന്നത്. പത്ത് ലക്ഷം ഉപഭോക്താക്കളെ നേടാന്‍ ട്വിറ്റര്‍ രണ്ടു വര്‍ഷവും, ഫെയ്‌സ്ബുക്ക് പത്തു മാസവും, ഇന്‍സ്റ്റഗ്രാം രണ്ടര മാസവുമാണ് എടുത്തത്. എന്നാല്‍, വെറും അഞ്ചു ദിവസം കൊണ്ടാണ് ചാറ്റ് ജി.പി.ടി ഉപയോക്താക്കളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്.
ദൈനംദിന ജീവിതത്തിലെ ചെറിയ സംശയങ്ങള്‍ മുതല്‍ ക്വാണ്ടം ഫിസിക്സും റോക്കറ്റ് ശാസ്ത്രവും വരെയുള്ള വിഷയങ്ങളില്‍ ചാറ്റ് ജി.പി.ടി ഉത്തരം നല്‍കി. ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍, മാര്‍ക്കറ്റിങ് പ്ലാനുകള്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ മനുഷ്യന് വേണ്ട ഭാഷാവിഭവങ്ങളെല്ലാം ചാറ്റ് ജി.പി.ടി നല്‍കി.
ടെക് കമ്പനികള്‍ക്ക് ഭീഷണി
ലോകം മുഴുവന്‍ ചാറ്റ് ജി.പി.ടിക്കു പിന്നാലെ പോയപ്പോള്‍ മുന്‍നിര ടെക് കമ്പനികളെല്ലാം അവരുടെ മുന്‍ഗണനാക്രമം തന്നെ മാറ്റി. മൈക്രോസോഫ്റ്റാണ് ചാറ്റ് ജി.പി.ടിക്ക് സഹായം നല്‍കുന്ന പ്രധാന ടെക് കമ്പനി. നേരത്തേ നിക്ഷേപിച്ച നൂറു കോടി ഡോളറിനു പുറമേ ആയിരം കോടി ഡോളര്‍ കൂടി ഓപ്പണ്‍ എ.ഐ യില്‍ മൈക്രോസോഫ്റ്റ് നിക്ഷേപിച്ചു. പ്രോമിത്യുസ് എന്ന പേരില്‍ മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനിലും, ബ്രൗസറിലും മറ്റ് അപ്ലിക്കേഷനിലുമൊക്കെ പുതിയ എ.ഐ വികസിപ്പിച്ചു.
ഓണ്‍ലൈന്‍ ലോകത്തെ അതിജയിക്കാനാവാത്ത ഒന്നാം സ്ഥാനക്കാര്‍ എന്ന സ്ഥാനം നഷ്ടമാകുമോ എന്ന ഭയത്തിലായി ഗൂഗിള്‍. ഇത് മറികടക്കാന്‍ ഗൂഗിളും വന്‍തോതില്‍ പണമിറക്കി ബാര്‍ഡ് എന്ന ചാറ്റ് സേവനം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി കഴിഞ്ഞു.
ഫെയ്‌സബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ലാമാ എന്നപേരില്‍ ഭാഷാ മോഡല്‍ അവതരിപ്പിച്ചിട്ടുണ്ട്. ചൈനീസ് സേര്‍ച്ച് എന്‍ജിനായ ബെയ്ദുവിനു വേണ്ടി എ.ഐ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് അവരും ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഏണി എന്ന പേരില്‍ സെര്‍ച് എഞ്ചിന്‍ പുറത്തിറക്കിയിരിക്കുന്നു.
ചാറ്റ്ജിപിടി ഫോര്‍
കമ്പനികള്‍ ചാറ്റ് ജി.പി.ടിയെ മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോഴേക്കും ഓപണ്‍ എ.ഐ ചാറ്റ് ജി.പി.ടി ഫോര്‍ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന പരാതികളും ആക്ഷേപങ്ങളും മഖവിലക്കെടുത്ത് കൂടുതല്‍ കൃത്യതയുള്ള ഉത്തരങ്ങളാണ് ചാറ്റ് ജി.പി.ടി ഫോര്‍ നല്‍കുന്നത്. ആദ്യ ചാറ്റ് ജി.പി.ടി വാക്കുകള്‍ മാത്രമായിരുന്നു തിരിച്ചറിഞ്ഞിരുന്നതെങ്കില്‍ ചാറ്റ് ജി.പി.ടി 4ന് ചിത്രങ്ങളും ഇന്‍പുട്ടായി സ്വീകരിക്കാന്‍ കഴിയും.
ചാറ്റ് ജിപിടി മള്‍ട്ടിമോഡല്‍
ചാറ്റ് ജി.പി.ടി മള്‍ട്ടിമോഡലാണ് ഇനിവരാന്‍ പോകുന്നത്. നിലവില്‍ ചാറ്റ് ജി.പി.ടി നല്‍കുന്ന മറുപടികള്‍ ടെക്സ്റ്റുകളാണ്. അടുത്ത ഘട്ടമായ മള്‍ട്ടിമോഡലില്‍ ടെക്സ്റ്റിനു പുറമേ ചിത്രങ്ങളും വിഡിയോയും ശബ്ദവും എല്ലാമുള്ള വലിയ ലോകം തന്നെ സൃഷ്ടിക്കാനാണ് ഓപണ്‍ എ.ഐ ഒരുങ്ങുന്നത്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇപ്പോള്‍ വേഗതക്കുറവുണ്ട്. അതും പരിഹരിച്ച് വിവിധ ഭാഷകളില്‍ എ.ഐ സേര്‍ച്ച് സംവിധാനം കാര്യക്ഷമമാക്കുന്നതും എ.ഐയുടെ പ്രധാന പരിഗണനയിലാണ്.
ഇതിനിടയിലാണ് എ.ഐ യുദ്ധത്തില്‍ ട്വിസ്റ്റ് ആയി ഇലോണ്‍ മസ്‌ക് രംഗത്തുവരുന്നത്. ഇപ്പോള്‍ വികസിപ്പിക്കുന്ന എ.ഐ സംവിധാനങ്ങള്‍ മനുഷ്യരാശിക്കുതന്നെ കടുത്ത ഭീഷണിയാകുമെന്ന വാദമുയര്‍ത്തിയാണ് ഇലോണ്‍ മസ്‌ക് രംഗത്തുവന്നിരിക്കുന്നത്. എ.ഐ വികസിപ്പിക്കുന്നത് ആറുമാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണമെന്ന് മസ്‌കിന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം പേര്‍ ഒപ്പിട്ട തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. ഇനിയും വികസിക്കുന്ന എ.ഐ എന്തുതരം ഭീഷണിയാണ് മനുഷ്യരാശിക്ക് ഉയര്‍ത്തുന്നതെന്നു പഠിക്കാനും, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും സാവകാശം വേണമെന്നാണ് കത്തില്‍ പറയുന്നത്. ഓപണ്‍ എ.ഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയവയുടെ എ.ഐ ലാബുകള്‍ക്കാണ് കത്ത് നല്‍കിയത്.
അതേസമയം, എ.ഐ സൃഷ്ടിക്കുന്ന ഡീപ്ഫെയ്ക് വിഡിയോകള്‍ വര്‍ധിക്കുകയാണ്. ട്രംപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ ജോലി ചെയ്യുന്നതുമെല്ലാം ഞൊടിയിടയില്‍ ഫോട്ടോകളായി പുറത്തുവന്നു, പുടിനെതിരെ ഐ.സി.സിടെ അറസ്റ്റ് വാറണ്ട് വന്ന ഉടനെ പുടിനെ അറസ്റ്റ് ചെയ്യുന്ന ഫോട്ടോയും പുറത്തുവന്നു. ട്രംപിന്റെയും പുട്ടിന്റെയും ഒക്കെ ഈ ചിത്രങ്ങള്‍ മിഡ്‌ജേണി എന്ന എ.ഐ ടൂള്‍ ഉപയോഗിച്ചു തയാറാക്കി എലിയട്ട് ഹിഗ്ഗിന്‍സ് എന്നയാള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതാണ്. ഇപ്പോള്‍ ഇതെല്ലാം ഫേക്കാണെന്ന് നമുക്കറിയാമെങ്കിലും ഇരുപത്തഞ്ചോ അന്‍പതോ വര്‍ഷം കഴിയുമ്പോള്‍ ഈ ചിത്രം യഥാര്‍ഥമോ അല്ലയോ എന്ന് അന്നത്തെ ആളുകള്‍ക്കു എങ്ങനെ അറിയാം എന്നതാണ് ചോദ്യം.
ഏതായിരുന്നാലും മിഡ്‌ജേണി അവരുടെ എ.ഐ ഇമേജ് ജനറേറ്ററിന്റെ സൗജന്യ സേവനം അവസാനിപ്പിച്ചു. അതേസമയം, പണമടക്കുന്നവര്‍ക്ക് തുടര്‍ന്നും സേവനം കിട്ടുകയും ചെയ്യും.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും, ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും, പ്രധാന വിവരങ്ങള്‍ ഹാക്ക് ചെയ്യാനുമെല്ലാം നിര്‍മിത ബുദ്ധിയെ ഉപയോഗപ്പെടുത്താം. ഏത് വ്യക്തികളെയും ഉള്‍പ്പെടുത്തി വ്യാജ വിഡിയോ നിര്‍മിക്കാനും അത് പോണ്‍ വീഡിയോ ആക്കാനുമെല്ലാം പുതിയ സാങ്കേതിക വിദ്യ വന്നാല്‍ എളുപ്പമാണ്. ഈ സഹാചര്യത്തില്‍ തന്നെയാണ് ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാനറില്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ ആയിരത്തിലധികം സാങ്കേതിക വിദഗ്ധരും ഗവേഷകരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബുകള്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്, സ്‌കൈപ് സ്ഥാപകന്‍ ജാന്‍ ടാലിന്‍, പിന്റ്റെസ്റ്റ് സഹസ്ഥാപകന്‍ ഇവാന്‍ ഷാര്‍പ്, പ്രശസ്ത കംപ്യട്ടര്‍ ശാസ്ത്രജ്ഞരായ യോഷുവാ ബെന്‍ജിയോ, സ്റ്റുവര്‍ട്ട് റസല്‍ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടും. ടെക്നോളജി തത്വചിന്തകന്‍ യുവാന്‍ ഹരാരിയും ഇതിനെ പിന്തുണക്കുന്നുണ്ട്.
എന്നാല്‍, ഇത് ഇലോണ്‍ മസ്‌കിന്റെ തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്. ചാറ്റ് ജി.പി.ടി വികസിപ്പിച്ച ഓപണ്‍ എ.ഐയുടെ ഭാഗമായിരുന്നു നേരത്തെ ഇലോണ്‍ മസ്‌ക്. പിന്നീട് അദ്ദേഹം 2018ല്‍ ഓപണ്‍ എ.ഐയുമായി തെറ്റിപ്പിരിഞ്ഞു. ടെസ്‌ല കാറുകളില്‍ എ.ഐ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതിനു മുകളില്‍ ഓപണ്‍ എ.ഐ എത്തരുതെന്ന് മസ്‌കിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഏതായിരുന്നാലും ഇപ്പോള്‍ ഓപണ്‍ എ.ഐ ലോകത്തെ മാറ്റിമറിക്കുന്നു. അടുത്ത ആറ് മാസം കൊണ്ട് ഓപണ്‍ എ.ഐയെ മറികടക്കുന്ന പുതിയ സംവിധാനം നിര്‍മിച്ചെടുക്കുകയാണ് മസ്‌ക് ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശനം. ഈ ആരോപണത്തിന് ബലമേകുന്നതാണ് ഈ കത്ത് തയ്യാറാക്കിയ ഫ്യൂച്ചര്‍ ഓഫ് ലൈഫ് എന്ന സ്ഥാപനത്തിന്റെ പശ്ചാത്തലം. ഈ സ്ഥാപനത്തിന് ഫണ്ട് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ മസ്‌ക് തന്നെയാണ്. ഏതായിരുന്നാലും ഓപണ്‍ എ.ഐയും മൈക്രോസോഫ്റ്റും ഗൂഗിളുമെല്ലാം മസ്‌കിന്റെ കത്തിനെ തള്ളിക്കളയുകയാണ്. എ.ഐ യുദ്ധം തുടരും. വരുംഭാവിയെ ഇത് നിര്‍ണയിക്കുക തന്നെ ചെയ്യും.