പരിമിതികളില്‍ എങ്ങനെ ജീവിക്കാമെന്നുകൂടി കുട്ടികളെ പഠിപ്പിക്കണം

നേട്ടങ്ങള്‍ മാത്രം കൊയ്‌തെടുത്ത് ലോകത്തോളം വലുതാവാന്‍ മാത്രം പഠിപ്പിക്കുമ്പോള്‍ നല്ല മനുഷ്യരാവാന്‍ കൂടി കുട്ടികളെ നാം പ്രാപ്തരാക്കേണ്ടതുണ്ട്.

Update: 2024-06-10 08:21 GMT
Advertising

ഭൂലോകത്തിന്റെ സ്പന്ദനം എ പ്ലസ്സില്‍ ആണെന്നും അല്ലെന്നുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ അവസാനിച്ചപ്പോഴേക്കും ഇതാ പുതിയൊരു അധ്യയന വര്‍ഷം കൂടി കടന്നെത്തിയിരിക്കുന്നു. ഓരോ രക്ഷിതാക്കള്‍ക്കും അവരവരുടെ കുഞ്ഞുങ്ങള്‍ അമൂല്യനിധികളാണ്. തന്റെ മക്കള്‍ മിടുക്കരായി വളരണം എന്ന പ്രാര്‍ഥനയോടെ തന്നെയാണ് ഓരോ രക്ഷിതാവും കുഞ്ഞുങ്ങളുമായി സ്‌കൂളിന്റെ പടി കയറുന്നത്.

കുഞ്ഞു വളരുന്നതിനോടൊപ്പം മാതാപിതാക്കളുടെ പ്രതീക്ഷകളും, സ്വപ്നങ്ങളും വളരുന്നു. മറ്റുള്ളവരെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെ പണവും ബുദ്ധിയും ഏണിയാക്കി പ്രിയപ്പെട്ടത് നേടുന്നത് മാത്രമാണ് ജീവിത വിജയമെന്ന് നാം അവരെ പഠിപ്പിക്കുന്നു. അവരുടെ മനസ്സില്‍ നിന്ന് സ്‌നേഹവും ആര്‍ദ്രതയും സഹാനുഭൂതിയുമെല്ലാം കവര്‍ന്നെടുത്ത് അവരെ സ്വാര്‍ഥരാക്കുന്നു. അതുകൊണ്ടല്ലേ കലോത്സവ വേദിയില്‍ മത്സരത്തിനിടെ സ്റ്റേജില്‍ തളര്‍ന്നുവീണു കരയുന്ന കുട്ടിയെ പിടിച്ചെണീല്‍പ്പിച്ച് ഇത്തിരി വെള്ളം കൊടുക്കാന്‍ ആ മത്സരം കഴിയുന്നതുവരെ സഹപാഠികളും, അധ്യാപകരും കാത്തിരിക്കുന്ന കാഴ്ച്ച നാം കാണേണ്ടി വന്നത്.

എല്ലാ മേഖലയിലും മിടുക്കരായി പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയില്ലെങ്കില്‍ മക്കള്‍ക്ക് നല്ല കോളേജില്‍ അഡ്മിഷന്‍ കിട്ടില്ല, നല്ല ജോലി കിട്ടില്ല എന്നൊക്കെയുള്ള വേവലാതിയാണ് മിക്ക രക്ഷിതാക്കള്‍ക്കും. അത് ഏറെക്കുറെ ശരിയുമാണ്. എന്നാലും അതിലുമൊരു ശരി കേടില്ലേ? അങ്ങനെ മിടുക്കരായി പഠിച്ചു എ പ്ലസ് നേടിയത് കൊണ്ട് മാത്രം ഒരു കുട്ടിയുടെ ജീവിതം രക്ഷപ്പെട്ടു എന്നെങ്ങനെ പറയാന്‍ പറ്റും?

ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് പുതുതലമുറയെ ആകെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വേദനിപ്പിക്കുന്ന ആ വാര്‍ത്ത നാം കണ്ടത്. ഒരു വിദ്യാര്‍ഥിക്ക് കോളജ് ഹോസ്റ്റലില്‍ വച്ച് ആത്മഹത്യ ചെയ്യേണ്ടിവന്നു. അതിന്റെ പിന്നിലെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് കൂടുതല്‍ ഞെട്ടലുണ്ടാവുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത് മാനവികതയേക്കാള്‍ മുകളിലായ് എന്ത് വികാരമാണ്, എന്ത് ഭ്രാന്താണ് നമ്മുടെ കുട്ടികള്‍ കൊണ്ടുനടക്കുന്നത്. രണ്ടുമൂന്നു ദിവസം ഒരു തുള്ളി വെള്ളം പോലും ആ കുട്ടി കഴിച്ചിട്ടില്ല.. കൂട്ടത്തിലൊരാള്‍ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ കൂടെ നില്‍ക്കാനോ സ്വന്തം വീട്ടില്‍ ഒന്ന് അറിയിക്കാനോ ആത്മഹത്യ ചെയ്ത കുട്ടിയുടെ ഉറ്റ സുഹൃത്തിന് പോലും മനസ്സുണ്ടായില്ല പോലും. ഈ കുട്ടികളൊക്കെയും മികച്ച മാര്‍ക്ക് വാങ്ങി മികച്ച കോളജില്‍ അഡ്മിഷന്‍ എടുത്തവരല്ലേ. അവരുടെ മാതാപിതാക്കളും മക്കള്‍ ഉയര്‍ന്ന നിലയില്‍ എത്തണമെന്ന് സ്വപ്നം കണ്ട് അവരെ വളര്‍ത്തിയവരല്ലേ എന്നിട്ടെവിടെയാണ് പിഴച്ചത്. 


നേട്ടങ്ങള്‍ മാത്രം കൊയ്‌തെടുത്ത് ലോകത്തോളം വലുതാവാന്‍ മാത്രം പഠിപ്പിക്കുമ്പോള്‍ നല്ല മനുഷ്യരാവാന്‍ കൂടി അവരെ നാം പ്രാപ്തരാക്കേണ്ടതുണ്ട്. നല്ല മനുഷ്യരില്ലെങ്കില്‍ ഈ ലോകം എത്ര നിസ്സഹായമാവുമെന്ന ചിന്ത അവരിലുണരണം. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ അത്തരം നല്ല മനുഷ്യത്വബോധത്തിലായിരിക്കണമെന്ന തിരിച്ചറിവു കൂടി അവര്‍ക്കു പകര്‍ന്നു നല്‍കാന്‍ നമുക്കും കഴിയണം.

കുറഞ്ഞ ആയുഷ്‌ക്കാലം മാത്രമുള്ള നമുക്ക് മറ്റുള്ളവന്റെ വേദന ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ജീവിതം കൊണ്ടു തന്നെ എന്തര്‍ഥമാണുള്ളത്. നാടിന്റെ സമ്പത്തും വെളിച്ചവുമായാണ് നമ്മുടെ മക്കള്‍ വളരേണ്ടത്. അവരെ അങ്ങനെ ആക്കി തീര്‍ക്കുകയാണ് നല്ല രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടമ. മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ നയങ്ങള്‍ക്കും, കുട്ടികളുടെ മാനസിക വ്യാപാരങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നു. എങ്കിലും ഇനിയും ഒരുപാട് മാറേണ്ടതുണ്ട്. 

ഒരു കുട്ടിക്ക് എന്തു കഴിവുണ്ടെന്ന് അവനെ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനോടൊപ്പം എല്ലാ സുഖ സൗകര്യവും അനുഭവിച്ചു വളരുന്ന പുതിയ തലമുറയെ പരിമിതികളില്‍ എങ്ങനെ ജീവിക്കാമെന്നും നാം പഠിപ്പിക്കേണ്ടതുണ്ട്. ചുറ്റുമുള്ള മനുഷ്യരെക്കുറിച്ചും, സഹജീവികളെകുറിച്ചും പരസ്പര സ്‌നേഹത്തെക്കുറിച്ചും, അനുകമ്പയെക്കുറിച്ചുമെല്ലാം അവര്‍ അറിയേണ്ടതുണ്ട്. 


വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍ ഒരേസമയം മനുഷ്യന്റെ സാമൂഹിക ജീവിതത്തിനാവശ്യമായ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഗുണമുള്ള തലമുറയായും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാറാന്‍ കഴിയട്ടെ.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സജിന മുനീര്‍

Writer

Similar News