കര്‍ണാടക മോഡല്‍ സിവില്‍ സൊസൈറ്റി ഇടപെടലുകള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉണ്ടാകും - യോഗേന്ദ്ര യാദവ്

ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ ഇത്രയധികം സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ ഒരുമിക്കുന്നത് കണ്ടത്, അവര്‍ ഒരുമിച്ചു. അവര്‍ തങ്ങളുടെ ആഭ്യന്തര ഭിന്നതകള്‍ മറന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചു.

Update: 2023-05-29 13:16 GMT

മൂന്ന് മാസത്തിലേറെയായി സ്വപ്നം കാണുകയും സങ്കല്‍പ്പിക്കുകയും ചെയ്ത ദിവസമാണിന്ന് എയര്‍പോര്‍ട്ടില്‍ വച്ച് ആരോ എന്നോട് ചോദിച്ചു, 'നിങ്ങള്‍ എന്തിനു വേണ്ടിയാണു സാര്‍ അവിടെ പോകുന്നത്?'. ഞാന്‍ പറഞ്ഞു 'ആഘോഷിക്കാന്‍'. അദ്ദേഹം പറഞ്ഞു 'ഓഹ്.. കോണ്‍ഗ്രസിന്റെ വിജയം ആഘോഷിക്കാന്‍'. ഞാന്‍ പറഞ്ഞു 'അല്ല, അങ്ങനെ അല്ല' എന്ന്.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയം ആഘോഷിക്കാനല്ല നമ്മള്‍ ഇവിടെ വന്നത്. വേദിയിലെ എന്റെ സഹപ്രവര്‍ത്തകരെ നോക്കുമ്പോള്‍, മുന്‍കാല കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിക്കാത്ത ആരെയും എനിക്ക് കാണാന്‍ കഴിയില്ല. ഏതെങ്കിലും ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിന്റെ വരവ് ആഘോഷിക്കാനല്ല നമ്മള്‍ ഇവിടെ വന്നത്.

രാജ്യത്ത് ഒരു വൈരുധ്യം കാണണമെങ്കില്‍, ഡല്‍ഹിയില്‍ ഒരു വ്യാജ ചിഹ്നത്തിലൂടെ ഒരു വ്യാജ ആഘോഷം കാണാന്‍ പോകുന്നു. എന്താണ് ആ ആഘോഷം? പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ആഘോഷം. 'ഭാവന ഇല്ലാത്ത ഒരു ഭവനം'' എന്ന് ആരോ പറഞ്ഞു. അതൊരു വ്യാജ ആഘോഷമാണ്. ഒരു വ്യാജ ചിഹ്നത്തിലൂടെയുള്ള വ്യാജ ആഘോഷം. അവര്‍ ഏതോ ചെങ്കോല് കണ്ടെത്തി. പതിവുപോലെ അവര്‍ അതിനെപ്പറ്റി കഥകള്‍ പ്രചരിപ്പിച്ചു; ആ കഥകളെല്ലാം പൊളിഞ്ഞു എന്നത് വേറെ കാര്യം. ഏതായാലും ജനാധിപത്യത്തില്‍ ചെങ്കോല്‍ ഭരണാധികാരികള്‍ക്കൊപ്പമല്ല, രാജ്യത്തെ ജനങ്ങള്‍ക്കൊപ്പമായിരിക്കണം. അതൊരു വ്യാജ ചിഹ്നവും അതൊരു വ്യാജ സന്ദര്‍ഭവുമാണ്. മെയ് 28 വി.ഡി സവര്‍ക്കറുടെ ജന്മദിനമായതിനാല്‍ അന്ന് അത് ചെയ്യുന്നു. എന്നാല്‍, അവര്‍ അത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

102 മണ്ഡലങ്ങളിലേക്ക് ഞങ്ങള്‍ പോയി. ഈ 102 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് 60 സീറ്റുകളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന് 31. ജനതാദളിന് 10 ഉം. ഈ 102 മണ്ഡലങ്ങളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ഇത്തവണ ബി.ജെ.പിക്ക് 31, കോണ്‍ഗ്രസിന് 62. ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസ്സിന് വലിയ വിജയം ഉണ്ടായി.

നമ്മള്‍ വി.ഡി എന്ന് പറയുന്ന നിമിഷം അവര്‍ വീര്‍ സവര്‍ക്കര്‍ എന്ന് പറയാന്‍ തുടങ്ങും. ആരാണ് അയാളെ ആദ്യമായി വീര്‍ എന്ന് വിളിച്ചത്; അയാള്‍ തന്നെ. സവര്‍ക്കറെ കുറിച്ച് അദ്ദേഹം തന്നെ എഴുതിയ ഒരു പുസ്തകത്തില്‍ വീര്‍ എന്ന് സ്വയം പേര് നല്‍കുകയായിരുന്നു. ഇവിടെ ബാംഗ്ലൂരില്‍, നമ്മള്‍ വന്നത് വ്യാജ വീരന്മാരെ ആഘോഷിക്കാന്‍ അല്ല. ഈ രാജ്യത്തെ യഥാര്‍ഥ നായകന്മാരെയും യഥാര്‍ഥ നായികമാരെയും ആഘോഷിക്കാനാണ്. നമ്മള്‍ ഇവിടെ വന്നത് ഒരു 'രാജ്യാഭിഷേക'ത്തിനല്ല. ജനാധിപത്യത്തില്‍ രാജ്യാഭിഷേകത്തിന് ഇടമില്ല. നമ്മള്‍ ഇവിടെ ജനാഭിഷേകത്തിനാണ് വന്നിട്ടുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അല്ല. മറിച്ച്, കര്‍ണാടകയുടെ വിജയം ആഘോഷിക്കാന്‍. ഇന്ത്യ എന്ന ആശയത്തിന്റെ വിജയം ആഘോഷിക്കാന്‍. ഇന്ത്യന്‍ ജനതയുടെ വിജയം ആഘോഷിക്കാന്‍ ആണ് നമ്മള്‍ ഇവിടെ വന്നിട്ടുള്ളത്.

ആഘോഷത്തേക്കാള്‍ അപ്പുറം, കര്‍ണാടകയില്‍ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ സ്വീകരിച്ച ഒരു പുതിയ മാതൃക, പുതിയ സമീപനം, പുതിയ രൂപരേഖ രാജ്യത്തിന് സമര്‍പിക്കാനാണ്. വിജയത്തിന്റെ സ്ഥിരീകരണത്തിനാണ് നമ്മള്‍ ഇവിടെ വന്നിട്ടുള്ളത്. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാവരും മോശക്കാരാണ്, അടിസ്ഥാനപരമായി ആര്‍ക്കും വ്യത്യാസമില്ല എന്നാണ് സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ സാധാരണയായി പറയാറ്. അതുകൊണ്ടുതന്നെ അതില്‍ ഇടപെടാറുമില്ല. എന്നാലും നമ്മള്‍ നോക്കിയിരിക്കും. ഫലം വരുമ്പോള്‍ പറയും ഇത് വളരെ നിരാശജനകമായിപ്പോയി എന്ന്. വര്‍ഷങ്ങളായി ഞങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ അടുത്തേക്ക് പോകുന്നു. അവര്‍ക്ക് ഒരു ചാര്‍ട്ടര്‍ നല്‍കും, എന്നിട്ട് പറയും 'ഈ കാര്യങ്ങളൊക്കെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണം' എന്ന്. അവര്‍ പറയും 'ശരി, പക്ഷേ, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നത്?' നമുക്ക് ഉത്തരമില്ലായിരുന്നു.


ജനാധിപത്യത്തില്‍ നടക്കുന്ന ഈ കളിയില്‍ വര്‍ഷങ്ങളോളം നമ്മള്‍ കാഴ്ചക്കാരായി കണ്ടുനിന്നു. എന്നാല്‍, ഇത്തവണ കര്‍ണാടകയിലെ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ പറഞ്ഞു, ഇത്തവണ ഞങ്ങളും ഇടപെടുകയാണെന്ന്. കാരണം, ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല, അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കും എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പല്ല ഇത്. ഇത് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് എന്ന്.

ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ ഒരുമിക്കുന്നത് കണ്ടത്, അവര്‍ ഒരുമിച്ചു. അവര്‍ തങ്ങളുടെ ആഭ്യന്തര ഭിന്നതകള്‍ മറന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചു. വീട്ടില്‍ തീ പടരുമ്പോള്‍ ബക്കറ്റും വെള്ളവുമായി വരുന്നവരെ ചൂണ്ടി നമ്മള്‍ ഒരിക്കലും പറയില്ല, ഇവരുമായി ഞാന്‍ ഇന്നലെ വഴക്കു കൂടിയതാണ് എന്ന്. നമ്മള്‍ പറയും, ഇന്ന് എന്റെ വീട്ടില്‍ പടര്‍ന്ന തീ അണക്കാന്‍ വെള്ളത്തിന്റെ ബക്കറ്റുമായിവന്നരാണിവര്‍. ഇവര്‍ എന്റെ കൂടെ ആണ്, എന്റെ സുഹൃത്താണ് എന്ന്. ഈ സമീപനമാണ് കര്‍ണാടകയിലെ സിവില്‍ മൂവ്‌മെന്റുകളുടെ കൂട്ടായ്മയായ 'എദ്ദേളു കര്‍ണാടക' സ്വീകരിച്ചത്. ഇത്തവണ നമുക്കിടയിലെ ആന്തരികമായ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കില്ലെന്ന് പറഞ്ഞു. ഇത്തവണ നമ്മള്‍ വലിയ ചരിത്രം സൃഷ്ടിക്കുന്നതിന് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചു. അതു തന്നെയാണ് ചെയ്തതും.

102 മണ്ഡലങ്ങളിലേക്ക് ഞങ്ങള്‍ പോയി. ഈ 102 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് 60 സീറ്റുകളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന് 31. ജനതാദളിന് 10 ഉം. ഈ 102 മണ്ഡലങ്ങളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ഇത്തവണ ബി.ജെ.പിക്ക് 31, കോണ്‍ഗ്രസിന് 62. ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസ്സിന് വലിയ വിജയം ഉണ്ടായി. നിങ്ങള്‍ എന്താണ് പുതുതായി ചെയ്തത് എന്ന് പലരും ചോദിച്ചു. വോട്ടു മറിഞ്ഞതിനെ പറ്റി ശതമാനം തിരിച്ച് വിശകലനം ചെയ്യുമ്പോള്‍ കര്‍ണാടകയിലുടനീളം കോണ്‍ഗ്രസ്സിന് ഇത്തവണ അഞ്ച് ശതമാനം വോട്ടാണ് കൂടിയതെന്നാണ് കണക്ക്. കഴിഞ്ഞ തവണ ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസ്സിന് രണ്ട് ശതമാനം വോട്ട് കൂടുതലുണ്ടായിരുന്നു. ഇത്തവണ ബി.ജെ.പിയെക്കാള്‍ ഏഴ് ശതമാനം മുന്നില്‍ കോണ്‍ഗ്രസ്സ് എത്തി. അതുകൊണ്ടാണ് മാറ്റം അഞ്ച് ശതമാനമാണ് എന്ന് പറയുന്നത്. അഞ്ച് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. 'എദ്ദേളു കര്‍ണാടക' പ്രവര്‍ത്തിച്ച മണ്ഡലങ്ങളില്‍ ഈ മാറ്റം വലിയതോതില്‍ പ്രകടമാണ്.


എനിക്ക് കര്‍ണാടകയുമായി വളരെക്കാലത്തെ ബന്ധമുണ്ട്. കര്‍ഷക പ്രസ്ഥാനങ്ങള്‍, ദലിത് പ്രസ്ഥാനങ്ങള്‍, ദലിത് സിദ്ധാന്തങ്ങള്‍, സാഹിത്യം എന്നിങ്ങനെ എന്നെ പ്രചോദിപ്പിച്ച ഒരുപാട് കാര്യങ്ങളുണ്ട് ഇവിടെ. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഹിജാബ്, ലിഞ്ചിംഗ്, ടിപ്പു സുല്‍ത്താന്‍, നെഞ്ചെ ഗൗഡ, ഉറി ഗൗഡ എന്നിവയെ കുറിച്ച് മാത്രമേ ഞാന്‍ ഇവിടന്ന് കേള്‍ക്കാറുള്ളൂ. അതിനെല്ലാം കര്‍ണാടക ഉചിതമായ മറുപടി നല്‍കി. കര്‍ണാടക നേരത്തേ രാജ്യത്തെ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്കും ദലിത് പ്രസ്ഥാനങ്ങള്‍ക്കും രൂപരേഖ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തുടനീളം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ എങ്ങനെ പരാജയപ്പെടുത്താം എന്നതിന്റെ ഒരു രൂപരേഖ കൂടി അതേ കര്‍ണാടക നല്‍കിയിരിക്കുന്നു. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി പ്രചോദനമാകുന്ന ഒരു രൂപരേഖ കൂടിയാണത്.

'കര്‍ണാടക മേ നഫ്രത് കി ഹാര്‍ ഹുയി ഹേ, ലേകിന്‍ അഭി മുഹബ്ബത്ത് കി ജീത് നഹി ഹുയി ഹൈ' എന്ന് ഞാന്‍ ഹിന്ദിയില്‍ ഒരു ലേഖനം എഴുതിയിരുന്നു. കര്‍ണാടകയില്‍ വിദ്വേഷത്തിന്റെ തോല്‍വി സംഭവിച്ചെങ്കിലും സ്‌നേഹത്തിന്റെ വിജയം ഇനിയും മുന്നോട്ടുപോകാനുണ്ട്. അതിന്റെ പകുതി കഴിഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം മുന്നിലുണ്ട്.

ചില ടെലിവിഷന്‍ ചാനലുകള്‍ പറയുന്നു, 'വിഷമിക്കേണ്ട, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ വിജയിക്കുമെന്ന്', ഇതൊരു വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പല്‍ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ നിശ്ചയദാര്‍ഢ്യത്തോടെ പോരാടേണ്ടതുണ്ട്. അടുത്ത ഇരുപത് വര്‍ഷത്തേക്ക് ഇതൊരു വെല്ലുവിളിയായിരിക്കും. അവര്‍ ഈ നാട്ടില്‍ കുത്തിവെച്ച വിഷം കുറച്ചൊന്നുമല്ല. കുറഞ്ഞത് ഒരു തലമുറയെങ്കിലും വേണ്ടിവരും നമ്മുടെ രാജ്യത്തെ വിഷവിമുക്തമാക്കാന്‍. സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടമാണ് നാം തിരിച്ചുപിടിക്കേണ്ടത്. അതിന് ഇരുപത് വര്‍ഷത്തെ സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഞങ്ങള്‍ ആരംഭിച്ച ജോലി പാതിവഴിയില്‍ ഉപേക്ഷിക്കില്ല, ഈ ജോലി പൂര്‍ത്തിയാക്കും. ഇത് പുതുതലമുറകൂടി ഏറ്റെടുക്കണം. അതാണ് നമ്മള്‍ ചെയ്യേണ്ട ജോലി.

(എദ്ദേളു കര്‍ണാടക ബംഗ്ലൂരുവില്‍ സംഘടിപ്പിച്ച സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകളുടെ സംഗമത്തില്‍ സംസാരിച്ചത്.)

തയ്യാറാക്കിയത്: ഫാത്തിമത്തുഷാന

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഫാത്തിമ്മത്തു ഷാന

Media Person

Similar News