കാലാവസ്ഥാ പ്രതിസന്ധി - ആണവ നവോത്ഥാനം - ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ ആണവ നവോത്ഥാനത്തിന് കളമൊരുങ്ങുന്ന കാഴ്ചയാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്.

Update: 2024-09-10 13:07 GMT
Advertising

''ജതുഗുഡാ കീ ഖാന്‍ മേ ജാവോ

ജിസ് സേ യുറേനിയം ആയാ ഹേ

ഖുലി ഉഖാരി ട്രക് മേ ദേഖോ

രാഹ് കേ ബീച് ഗിരായാ ഹേ....''

(യുറേനിയം ഖനനം ചെയ്തെടുക്കുന്ന

ജതുഗുഡയിലെ ഖനികളിലേക്ക് പോകൂ

വഴി നീളെ മാലിന്യങ്ങള്‍ വിതറിക്കൊണ്ട്

കടന്നുവരുന്ന തുറന്ന ട്രക്കുകളിലേക്ക് നോക്കൂ)

ഝാര്‍ഘണ്ഡിലെ ഈസ്റ്റ് സിങ്ഭം ജില്ലയിലെ ജതുഗുഡ യുറേനിയം ഖനന മേഖലയില്‍ ഒന്നരപ്പതിറ്റാണ്ട് മുമ്പ് യാത്ര ചെയ്തപ്പോള്‍ അവിടുത്തെ ജനകീയ സമിതി പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ നിന്നും കേട്ട വരികളാണ് മുകളില്‍. വളരെ വൃത്തിയുള്ളതെന്നും സുരക്ഷിതമെന്നും (clean & safe) ആവര്‍ത്തിച്ച് വിശേഷിപ്പിക്കപ്പെടുന്ന ആണവോര്‍ജ നിലയങ്ങളുടെ പിന്നാമ്പുറ കാഴ്ചകളാണ് ജതുഗുഡയിലെ പ്രക്ഷോഭകാരികള്‍ അവിടെ നമുക്ക് കാണിച്ചുതരുന്നത്.

ജതുഗുഡയെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ആണവോര്‍ജവുമായി ബന്ധപ്പെട്ട് പുതുതായി പുറത്തിറങ്ങിയ രണ്ട് പുസ്തകങ്ങളാണ്. ഒന്നാമത്തേത്, Nuclear is not the solution: The folly of atomic power in the age of climate change. ദീര്‍ഘകാല സുഹൃത്തും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രൊഫസറും ന്യൂക്ലിയര്‍ ഫിസിസിസ്റ്റുമായ എം.വി രമണയാണ് ഗ്രന്ഥകര്‍ത്താവ്. രണ്ടാമത്തെ ഗ്രന്ഥം Doug Bruggeഉം Aaron Datesman ഉം ചേര്‍ന്നെഴുതിയ Dirty Secrets of Nuclear Power in an era of Climate Change. ഈ രണ്ട് ഗ്രന്ഥങ്ങളുടെയും സവിശേഷത വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന ആണവോര്‍ജ്ജ സാങ്കേതിക വിദ്യയെ സൂക്ഷ്മ പരിശോധിക്കുന്നുവെന്നതാണ്.



'Dirty secrets of nuclear power...'' എന്ന ഗ്രന്ഥമാണ് ജതുഗുഡയിലെ യുറേനിയം ഖനികളില്‍ പണിയെടുക്കുന്ന മനുഷ്യരുടെ ദുരിതങ്ങളുടെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജതുഗുഡയിലെ ഖനിത്തൊഴിലാളികളുടെ അതേ അവസ്ഥ അമേരിക്കയിലെ അരിസോണയിലെ നവാജോ (Navajo) യുറേനിയം ഖനിത്തൊഴിലാളികളിലും കാണാന്‍ സാധിക്കുമെന്ന് Bruggeഉം Datesmanഉം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ശ്വാസകോശ രോഗങ്ങളും ജനിതക തകരാറുകളും അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ ഖനിത്തൊഴിലാളികളും അവരുടെ ഭാവിതലമുറയും നേരിടുമ്പോള്‍ വികസിത-വികസ്വര-അവികസിത രാജ്യങ്ങളിലെ തദ്ദേശീയ/അടിസ്ഥാന വിഭാഗങ്ങള്‍ വികസനത്തിന്റെ ബലിയാടുകളായി മാറുന്നതില്‍ യാതൊരു മാറ്റവുമില്ലെന്ന കാര്യം വ്യക്തമാകുന്നു.

അല്ല, ചെറിയൊരു വ്യത്യാസമുണ്ട്. ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍. നവാജോവിലെ 9000 യുറേനിയം ഖനിത്തൊഴിലാളികള്‍ക്ക് റേഡിയേഷന്‍ കോംപെന്‍സേഷന്‍ ആക്ട് അനുസരിച്ച് 900 ദശലക്ഷം ഡോളര്‍ അമേരിക്കന്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയത് ഈയടുത്തകാലത്താണ് എന്ന് ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജതുഗുഡയിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം പോകട്ടെ; ഖനികളിലെ ജോലിസമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ അലക്കാനുള്ള സൗകര്യം പോലും ഏര്‍പ്പെടുത്താന്‍ യുസിഐഎല്‍ (Uranium Corporation of India Limited) 2000ത്തിന്റെ പാതിവരെ തയ്യാറായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വികിരണ മാലിന്യങ്ങള്‍ അടങ്ങിയ ഈ വസ്ത്രങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിലൂടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കൂടി അതിന്റെ ആഘാതം ഏല്‍പ്പിക്കുക എന്നതായിരുന്നു ഇതിലൂടെ സംഭവിച്ചിരുന്നത് (നിലവില്‍ ഇക്കാര്യത്തില്‍ എന്ത് മാറ്റം വരുത്തി എന്നറിയില്ല).

അതെന്തായാലും കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ ആണവ നവോത്ഥാന (nuclear renaissance) ത്തിന് കളമൊരുങ്ങുന്ന കാഴ്ചയാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്. ജെയിംസ് ഹാന്‍സനെ (James Hansen) യും ബില്‍ മക് കിബ്ബെനെ (Bill McKibben) യും പോലുള്ള ഇന്റഗ്രിറ്റിയുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പോലും ആണവ പരിഹാരങ്ങളില്‍ ഭ്രമിച്ച് വശായിരിക്കുന്നതായി കാണാം.

ഈയൊരു പശ്ചാത്തലത്തില്‍ ആണവോര്‍ജ സാങ്കേതിക വിദ്യയുടെ രഹസ്യാത്മകവും ജനാധിപത്യ വിരുദ്ധവും അപകടകരവുമായ മുഖത്തെ പൊതുമധ്യത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമകരമായ ജോലിയാണ് മേല്‍പ്പറഞ്ഞ രണ്ട് ഗ്രന്ഥങ്ങളുടെയും കര്‍ത്താക്കള്‍ നടത്തിയിട്ടുള്ളത്. 112 പേജുകളും എട്ട് അധ്യായങ്ങളും ഉള്ള 'Dirty secrets of nuclear power...' എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ ഈ രീതിയില്‍ സംക്ഷിപ്തമായി അവതരിപ്പിക്കാം.

ആണവോര്‍ജ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു സുപ്രധാന മേഖല അവയിലെ ഇന്ധനമായ യുറേനിയത്തിന്റെ ഖനനം (mining), മില്ലിംഗ് (milling), സമ്പുഷ്ടീകരണം (enrichment) എന്നിവ ഉള്‍പ്പെടുന്ന ആണവ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടങ്ങളാണ്. പുസ്തകത്തിന്റെ രണ്ടാം അധ്യായത്തില്‍ ഈ മേഖലയെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് Brugge യുറേനിയം ഖനനത്തിന്റെയും സമ്പുഷ്ടീകരണത്തിന്റെയും ആരോഗ്യ-സാമൂഹിക ആഘാതം ഗണ്യമായതും തദ്ദേശീയ സമൂഹങ്ങളില്‍ പലപ്പോഴും ആനുപാതികമല്ലാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു. വികസിത രാജ്യങ്ങളില്‍ പലതിലും യുറേനിയം ഖനനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍, പ്രത്യേകിച്ച് ആഫ്രിക്കയിലും മധ്യേഷ്യയിലും, നിയന്തരണ രഹിതമായും അപകടകരവും ആയ രീതിയില്‍ തുടരുന്നത് സംബന്ധിച്ച് ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.

ആണവോര്‍ജ ഉത്പാദനത്തിന്റെ ചെലവ് കണക്കാക്കുമ്പോള്‍ ഒരിക്കലും പരിഗണിക്കാത്ത ഒന്നാണ് ആണവ മാലിന്യ നിര്‍മ്മാര്‍pന ചെലവുകള്‍. അതിദീര്‍ഘ കാലത്തേക്ക് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കേണ്ട, ഒരുവേള നാഗരികതയുടെ കാലഘട്ടത്തേക്കാള്‍ കൂടുതല്‍ കാലം-ആണവ വികിരണ മാലിന്യങ്ങളുടെ ദീര്‍ഘകാല സംഭരണത്തിനുള്ള ഒരു പദ്ധതിയും വികസിത രാജ്യങ്ങളിലടക്കം നിലവിലില്ല എന്ന വസ്തുതയോടൊപ്പം താല്‍ക്കാലിക റെപ്പോസിറ്ററികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തദ്ദേശീയ ജനവിഭാഗങ്ങളെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് അടുത്ത അധ്യായം വിശദമാക്കുന്നു. 


ആണവ സാങ്കേതിക വിദ്യകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ രഹസ്യ സ്വഭാവം സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധികളുടെ ഭാരം വളരെ വലുതാണ്. ആണവോര്‍ജ നിലയങ്ങളുടെ അപകടാവസ്ഥയെയും അനന്തരഫലങ്ങളെയും കുറിച്ചുള്ള കൃത്യതയാര്‍ന്നതും സമയബന്ധിതവുമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകളും ആണവോര്‍p പദ്ധതികളുടെ കോര്‍പ്പറേറ്റ് മാനേജരും തയ്യാറാകുന്നില്ലെന്നത് ഈ സാമൂഹിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു. ആണവാപകടങ്ങളുടെ പ്രത്യാഘാതങ്ങള്‍ പ്രാദേശികമോ ദേശീയമോ ആയ യാതൊരു അതിരുകളും അനുസരിക്കുന്നവയല്ല എന്ന് ചെര്‍ണോബില്‍, ഫുകുഷിമ, ത്രീ മൈല്‍ ഐലന്‍ഡ് എന്നിവയിലൂടെ ലോകത്തിന് കാട്ടിത്തന്നു. എങ്കിലും ആണവോര്‍ജ സാങ്കേതിക വിദ്യകളുമായി മുന്നോട്ടുപോകാനാണ് ഇപ്പോഴും ഭരണകൂടങ്ങള്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളത്.

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍p ബദലുകളേക്കാള്‍ ചെലവേറിയതാണ് ആണവോര്‍ജ്ജം എന്ന കാര്യം എക്കാലത്തെയും യാഥാര്‍ഥ്യമാണ്. ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി, സോളാര്‍ ഫോട്ടോവോള്‍ട്ടായ്ക് സെല്ലുകള്‍ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകള്‍ നിലവിലുണ്ടായിരുന്നിട്ടും 70കളിലെ ഊര്‍ജ പരിവര്‍ത്തന വേളയില്‍ മുന്‍തൂക്കം ലഭിച്ചത് ആണവ വൈദ്യുത പദ്ധതികള്‍ക്കായിരുന്നുവെന്നത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല. മറിച്ച് സൈനിക/യുദ്ധ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.

ഏതാണ്ടെല്ലാ ദേശീയ ഗവണ്‍മെന്റുകളും പതിറ്റാണ്ടുകളായി ആണവോര്‍ജ സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനുമായി വലിയ തോതില്‍ പിന്തുണ നല്‍കിയതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഒരു കാര്യം വ്യക്തമാണ്. കാലാവസ്ഥാ പ്രതിസന്ധിയുടെ മറവില്‍ തളര്‍ന്നുകിടക്കുന്ന ആണവ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ഇന്ത്യയിലടക്കം അതിന്റെ അനുരണനങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അത് ഏതാണ്ട് നിര്‍ജ്ജീവമായിക്കഴിഞ്ഞിരിക്കുന്ന ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലം കൂടിയായിരിക്കും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News