നായര്‍ ബ്രാന്‍ഡും കോണ്‍ഗ്രസ് നേതാക്കളും

പരമ്പരാഗത നായര്‍ കോലത്തിലെത്തി തറവാടി നായര്‍ എന്ന ബ്രാന്‍ഡ് നേടിയ ശശി തരൂര്‍, തന്റെ വിശ്വ പൗരന്‍ ബ്രാന്‍ഡില്‍ നടത്തുന്ന പതിവ് പരിപാടിക്കപ്പുറം കേവല രാഷ്ട്രീയക്കാരന്റെ സമുദായക്കൂറ് പ്രകടിപ്പിക്കലായിപ്പോയി എന്ന് ഏതെങ്കിലും തരൂര്‍ സ്‌നേഹി കരുതിയാല്‍ കുറ്റം പറയാനാകില്ല.

Update: 2023-01-16 06:21 GMT

രാജാധികാരം നിലനിന്ന കാലത്ത് 'നായകന്‍' എന്ന് നല്‍കപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് 'നായര്‍' ആയി ലോപിച്ചത് എന്ന് നായര്‍ സമുദായത്തെ കുറിച്ച് ഒരു കേള്‍വി നിലനില്‍ക്കുന്നുണ്ട്. സംഗതി ശരിയായാലും തെറ്റായാലും കേരളത്തിന്റെ രാഷ്ട്രീയ പ്രതലത്തില്‍ നായകസ്ഥാനത്തിന് വേണ്ടി പരസ്യമായ ആവശ്യങ്ങളുയര്‍ത്തി ഒടുവില്‍ നിലപാടിന് സമദൂരം എന്നും നായകസ്ഥാനത്തിന് താക്കോല്‍ സ്ഥാനമെന്നും പേര് നല്‍കി ആസ്ഥാനത്ത് നിന്ന് തന്നെ വിളംബരം ചെയ്തതാണ്. അങ്ങനെയാണ് സംസ്ഥാനത്ത് ഏത് മുന്നണി അധികാരത്തില്‍ വന്നാലും അതിന്റെ പേറ്റന്റ് സമദൂരം എന്ന പെരുന്ന പ്രഖ്യാപനത്തിന് കൈവരുത്തി കളിച്ചത്. കളിച്ചു കളിച്ച് കേരളത്തിന്റെ ആഭ്യന്തരമന്ത്രി കസേര നായര്‍ ബ്രാന്‍ഡിന്റെ താക്കോല്‍ സ്ഥാനമായി മാറി. ഇക്കാര്യം നേരിട്ട് വിളംബരം ചെയ്തപ്പോള്‍ ഭീതിയോ പ്രീതിയോ കൂടാതെ ദൈവനാമത്തില്‍ വാക്ക് പറഞ്ഞ് ഒരു ആഭ്യന്തര മന്ത്രിയെ ഉണ്ടാക്കിയെടുത്തു.

യു.ഡി.എഫിനെ തിരികെയെത്തിക്കാന്‍ സര്‍ക്കുലറിറക്കി ആഹ്വാനം ചെയ്തിട്ടും തോറ്റമ്പിയതിന് കാരണം രമേശ് ചെന്നിത്തലയെന്ന നായര്‍ ബ്രാന്‍ഡ് തന്നെയെന്നായിരുന്നു വെളിപാട്. അതിന് പറഞ്ഞ കാരണമാണ് കേമം. രമേശ് ചെന്നിത്തലക്ക് ന്യൂനപക്ഷങ്ങളുടെ പിന്തുണ തേടാനായില്ലെന്ന കണ്ടെത്തലാണ് ഭൂരിപക്ഷ നേതാവ് കണ്ട കാരണം. നായര്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട് എന്നെ അങ്ങനെ കാണല്ലേയെന്ന് ആണയിട്ട് നടന്ന ചെന്നിത്തലക്ക് പുതിയ ചാപ്പയും പതിച്ചു നല്‍കി.

അതോടെ രമേശ് ചെന്നിത്തല എന്ന ബ്രാന്‍ഡ്, നായര്‍ ബ്രാന്‍ഡിലേക്ക് മാറ്റിയെഴുതി. അഞ്ച് മന്ത്രിമാര്‍ ന്യൂനപക്ഷത്തിനാകാമെങ്കില്‍ ഭൂരിപക്ഷത്തിന് താക്കോല്‍ സ്ഥാനം വേണമെന്ന തിട്ടൂരത്തിനാണ് ആ കസേര ബ്രാന്‍ഡ് ചെയ്യപ്പെട്ടത്. സത്യത്തില്‍ അതോടെ എന്നെ ബ്രാന്‍ഡ് ചെയ്ത് മാറ്റരുതേ എന്ന അഭ്യര്‍ഥന എത്ര തവണ നടത്തേണ്ടി വന്നുവെന്ന് രമേശ് ചെന്നിത്തലക്ക് തന്നെ അറിവില്ല. പക്ഷേ, ആ കാബിനറ്റ് റാങ്ക് അടുത്ത അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്ന് തുടര്‍ന്നെങ്കിലും സ്വപ്നം കണ്ട മുഖ്യമന്ത്രി സ്ഥാനം തന്നെ നഷ്ടപ്പെടുകയും ഇനി ആ സ്ഥാനം അത്ര വേഗം തന്നെ തേടിയെത്തില്ലെന്ന ബോധ്യങ്ങളിലേക്ക് മാറുകയും ചെയ്തു.

തെരഞ്ഞെടുപ്പുകളുടെ കാഹളം മുഴങ്ങുമ്പോള്‍ തന്നെ എം.സി റോഡിലൂടെ കക്ഷി ഭേദമന്യേ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് പെരുന്നയില്‍ ബ്രേക്കിടാനാണ്. ഇവിടെ ബ്രേക്കിടുന്നവര്‍ നേടിയെടുക്കുന്ന പിന്തുണയാണ് തങ്ങളെ സ്ഥാനങ്ങളിലെത്തിക്കുന്നതെന്ന ധാരണകള്‍ മുന്നോട്ട് നയിച്ചപ്പോഴാണ് പല തരം നായര്‍ ബ്രാന്‍ഡുകള്‍ വളര്‍ന്നത്. സുരേഷ് ഗോപി എന്ന ചെവിയില്‍ പൂടയുള്ള നായര്‍, ശശി തരൂര്‍ എന്ന ഡല്‍ഹി നായര്‍ മുതല്‍ തറവാടി നായര്‍ വരെ ബ്രാന്‍ഡുകള്‍ പിറന്ന് കൊണ്ടിരുന്നു.


ബൂത്ത്തലം എ.ഐ.സി.സി വരെ എത്താന്‍ ഈ ബ്രാന്‍ഡിലൊന്ന് നേടാന്‍ പെരുന്നയിലെ ഇടനാഴിയില്‍ തൊഴുകൈകളോടെ വരിനില്‍ക്കുകയായിരുന്നു പലരും. പക്ഷേ, ബ്രാന്‍ഡ് അങ്ങനെ എക്കാലത്തേക്കും പതിച്ചു നല്‍കാന്‍ ഉള്ള ഒന്നല്ലെന്നും സമയാസമയം അത് പുതുക്കണമെന്നും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടാണ് വേദിയില്‍ ഇടിച്ചു കയറി നില്‍ക്കുന്നവര്‍ എല്ലാ ജനുവരി മാസത്തിലെയും ആദ്യ രണ്ട് ദിനം പഞ്ചപുശ്ചമടക്കി സദസിലിരുന്ന് കൂറ് പ്രഖ്യാപിക്കുന്നത്.

ഇത്തവണ കൂറ് പ്രഖ്യാപിക്കാന്‍ വന്ന് കണ്ട് വണങ്ങി ചെന്നിത്തല വേഗം മടങ്ങിയപ്പോള്‍ എല്ലാവരും കരുതി, ശശി തരൂര്‍ മുകളില്‍ കയറി പ്രസംഗിക്കുന്നതിന്റെ കുശുമ്പ് ആയിരിക്കുമെന്ന്. പക്ഷേ, അത് മാത്രമായിരുന്നില്ല പ്രശ്‌നം, തന്നോട് പഴയ പോലെ അത്ര കൂറില്ലെന്ന് മനസ്സിലാക്കി മകന്റെ കല്യാണത്തിരക്ക് പറഞ്ഞ് മുന്‍ താക്കോല്‍ സ്ഥാനക്കാരന്‍ മുങ്ങിയതായിരുന്നു. സംഗതി കൃത്യം ഒരാഴ്ച സമയമെടുത്തുവെന്ന് മാത്രം. യു.ഡി.എഫിനെ തിരികെയെത്തിക്കാന്‍ സര്‍ക്കുലറിറക്കി ആഹ്വാനം ചെയ്തിട്ടും തോറ്റമ്പിയതിന് കാരണം രമേശ് ചെന്നിത്തലയെന്ന നായര്‍ ബ്രാന്‍ഡ് തന്നെയെന്നായിരുന്നു വെളിപാട്. അതിന് പറഞ്ഞ കാരണമാണ് കേമം. രമേശ് ചെന്നിത്തലക്ക് ന്യൂനപക്ഷങ്ങളുടെ പിന്തുണ തേടാനായില്ലെന്ന കണ്ടെത്തലാണ് ഭൂരിപക്ഷ നേതാവ് കണ്ട കാരണം. നായര്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട് എന്നെ അങ്ങനെ കാണല്ലേയെന്ന് ആണയിട്ട് നടന്ന ചെന്നിത്തലക്ക് പുതിയ ചാപ്പയും പതിച്ചു നല്‍കി.

ഇപ്പോള്‍ നാടൊട്ടുക്ക് പത്മ കഫേ തുടങ്ങി അവിടെ വന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാര്‍ക്കിടുന്ന തിരക്കിലാണ് പെരുന്ന നായകന്‍. പറവൂരിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച് മടങ്ങിയിട്ട് ഇപ്പോള്‍ സതീശന് മാപ്പ് നല്‍കില്ലെന്ന് പറഞ്ഞ് പുതിയ പ്രഖ്യാപനത്തിലാണ്. എന്നാല്‍, സതീശനാകട്ടെ തനിക്കും ചാര്‍ത്തി കിട്ടാവുന ബ്രാന്‍ഡ് തലയില്‍ വീഴാതെ ഒഴിഞ്ഞു മാറുന്ന തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. മന്നം ജയന്തിക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും അവിടെയങ്ങനെ പോകാറില്ലെന്നും സതീശന്‍ പറഞ്ഞത് അത്രയങ്ങ് പിടിക്കാത്തതാകും കാരണം. എതായാലും സൂക്ഷിച്ച് ചുവട് വെച്ച് പ്രതികരിക്കുന്ന രാഷ്ട്രീയ കൗശലം സതീശന് ഗുണം ചെയ്‌തേക്കാം.


പരമ്പരാഗത നായര്‍ കോലത്തിലെത്തി തറവാടി നായര്‍ എന്ന ബ്രാന്‍ഡ് നേടിയ ശശി തരൂര്‍, പക്ഷേ തന്റെ വിശ്വ പൗരന്‍ ബ്രാന്‍ഡില്‍ നടത്തുന്ന പതിവ് പരിപാടിക്കപ്പുറം കേവല രാഷ്ട്രീയക്കാരന്റെ സമുദായക്കൂറ് പ്രകടിപ്പിക്കലായി പോയി എന്ന് ഏതെങ്കിലും തരൂര്‍ സ്‌നേഹി കരുതിപ്പോയാല്‍ കുറ്റം പറയാനാകില്ല. തരൂരില്‍ കണ്ട വൈഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ. എന്നാല്‍, പുതിയ ജാതി ബ്രാന്‍ഡ് അത്ര ഗുണപ്പെടില്ല. ജനം വിശ്വസിക്കുന്ന ജനാധിപത്യമാണ് ഇപ്പോഴും കാതലായത് എന്ന് തരൂര്‍ മറന്നാല്‍ ആഗോള ബ്രാന്‍ഡ് മാറി പ്രാദേശിക ബ്രാന്‍ഡ് എക്കാലത്തേക്കും ചൂടേണ്ടിയും വരും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - യു. ഷൈജു

contributor

Similar News