സത്യഭാമ വിവാദത്തിലും ഇസ്‌ലാമോഫോബിയക്ക് ഒരിടമുണ്ട്

അധികാരം കയ്യാളുന്ന വിഭാഗങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ ആരോപണങ്ങളില്‍ നിന്ന് വിമുക്തരാക്കാന്‍ മുസ്‌ലിംവിരുദ്ധ വംശീയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തിവരുന്നുണ്ട്. ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ മാത്രമല്ല മറ്റിതര വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ഇതര സാമൂഹിക വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കലാമണ്ഡലം സത്യഭാമ - ആര്‍.എല്‍.വി രാമകൃഷ്ണന്‍ വിവാദത്തില്‍ ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പരിശോധിക്കുന്നു.

Update: 2024-04-13 17:04 GMT
Advertising

eഇസ്‌ലാമോഫോബിയ വംശീയവത്കരിക്കപ്പെട്ട മുസ്‌ലിം വിരുദ്ധതയാണ്. മുസ്‌ലിംകളുടെ സാന്നിദ്ധ്യമോ പ്രവര്‍ത്തിയോ അല്ലെങ്കില്‍ മുസ്‌ലിംകളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരുടെ സാന്നിദ്ധ്യമോ പ്രവര്‍ത്തിയോ പോലുമില്ലാതെ മുസ്‌ലിംവിരുദ്ധ വംശീയ ആഖ്യാനങ്ങള്‍ രൂപം കൊള്ളാം. അധികാരം കയ്യാളുന്ന വിഭാഗങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ അത്തരം ആരോപണങ്ങളില്‍ നിന്ന് വിമുക്തരാക്കാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ മെച്ചം. അങ്ങനെ പരിശോധിക്കുമ്പോള്‍ ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ മാത്രമല്ല മറ്റിതര വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ഇതര സാമൂഹിക വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കഴിഞ്ഞ മാസവും കഴിഞ്ഞ വര്‍ഷവും ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളെ തന്മയത്വത്തോടെ ബന്ധപ്പെടുത്തി ഇസ്‌ലാമോഫോബിക് ആഖ്യാനം രൂപപ്പെടുത്തിയ ഒരു മാതൃകയാണ് കലാമണ്ഡലം സത്യഭാമ വിവിദം.

വൈരുധ്യങ്ങളെ മറച്ചുവയ്ക്കുന്ന ഇസ്ലാമോഫോബിക് തന്ത്രങ്ങള്‍

പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിനിയാട്ട രംഗത്ത് അധ്യാപകനായും നര്‍ത്തകനായും പ്രതിഭ തെളിയിച്ച ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ മോഹിനിയാട്ടം അധ്യാപികയായ കലാമണ്ഡലം സത്യഭാമ ജൂനിയര്‍, ഡി.എന്‍.എ ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ജാത്യാധിക്ഷേപം വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു രാമകൃഷ്ണനെതിരെയുള്ള ആക്ഷേപം. വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ വാദത്തില്‍ അവര്‍ ഉറച്ചു നിന്നു. യുട്യൂബ് ചാനലില്‍ നടത്തിയ അധിക്ഷേപത്തില്‍ പേര് പറഞ്ഞിരുന്നില്ലെങ്കിലും രാമകൃഷണനെയാണ് ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. പരാമര്‍ശം വിവാദമായിട്ടും നിരവധി പ്രമുഖര്‍ അവര്‍ക്കെതിരെ രംഗത്തു വന്നിട്ടും തിരുത്താന്‍ തയ്യാറായില്ല. (ആര്‍.എല്‍.വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ, മാര്‍ച്ച് 21, 2024, ഏഷ്യാനെറ്റ്)

വിവാദം കത്തി നില്‍ക്കുന്ന അതേ ദിവസങ്ങളില്‍ (മാര്‍ച്ച് 23) തന്നെ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനും ബ്യൂറോ ചീഫുമായ അഭിലാഷ് ചന്ദ്രന്‍ സത്യഭാമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2023 ജൂലൈയില്‍ ചങ്ങനാശേരി പുതൂര്‍പള്ളി മുസ്‌ലിം ജമാഅത്തിലെ ബാര്‍ബര്‍ ജോലി ചെയ്യുന്നവര്‍ക്കും ലബ്ബമാര്‍ക്കും പൊതുയോഗത്തില്‍ പ്രവേശനം നിഷേധിച്ച നടപടിയായിരുന്നു വിഷയം. തങ്ങളുടെ ഭരണഘടനയില്‍ കീഴ്നടപ്പുകാരെ പൊതുയോഗങ്ങളിലോ ജമാഅത്ത് കമ്മറ്റിയിലോ ഉള്‍പ്പെടുത്തുന്നത് വിലക്കിയിട്ടുണ്ടെന്നാണ് കമ്മിറ്റി പറഞ്ഞ ന്യായം.

മുസ്‌ലിം സമൂഹത്തിലും ചങ്ങനാശ്ശേരിയില്‍ ഉണ്ടായതുപോലുള്ള വിവേചനങ്ങള്‍ കാണുന്നുണ്ടെന്നത് സത്യം തന്നെ. അതിനെ സാമൂഹ്യ വിവേചനമായി മനസ്സിലാക്കാമെങ്കിലും അതിനെ കേവല ജാതിയെന്ന് പൂര്‍ണ അര്‍ഥത്തില്‍ നാമകരണം ചെയ്യുന്നത് ശരിയല്ല. 

ഇതിനെതിരെ നിരവധി മുസ്‌ലിം സംഘടനകള്‍ ആ സമയത്തു തന്നെ സജീവമായി രംഗത്തുവന്നിരുന്നു. 'ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്നവരെയും അവരുടെ പിന്‍മുറക്കാരെയും പള്ളി ഭരണ കാര്യങ്ങളില്‍ നിന്ന് വിലക്കുന്ന നടപടി മതവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകളുണ്ടാവണമെന്നും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു (മുസ്‌ലിം മഹല്ല് ജമാഅത്തിലെ ജാതി വിവേചനത്തിനെതിരില്‍ ഇടപെടലുകളുണ്ടാവണം: ഡോ. ഹുസൈന്‍ മടവൂര്‍, നാട്ടുവര്‍ത്തമാനം.കോം, ജൂലൈ 7, 2023). ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യസമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശത്തെ വികൃതമാക്കുകയാണ് മഹല്ല് ജമാഅത്ത് ചെയ്തതന്നും പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഇത്തരം അനാചാരങ്ങളെ അംഗീകരിക്കാനാവില്ലന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാനും പറഞ്ഞിരുന്നു (മഹല്ല് നിവാസികള്‍ക്കിടയിലെ വിവേചനം ഇസ്‌ലാമിക വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി, ജൂലൈ 8, 2023) 



കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ഇന്ത്യന്‍ എക്സ്സ്പ്രസ് ലേഖകന്‍ ഈ വിഷയത്തില്‍ ലേഖനവുമായി വരുന്നത്. സത്യഭാമ സംഭവത്തിലെ ജാതി അധിക്ഷേപത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനം പൊടുന്നനെ മുസ്‌ലിംകളിലെ വിവേചനത്തിലേക്ക് കടക്കുന്നു. ജാതി വിവേചനം ഹിന്ദും -മുസ്‌ലിം മതവിഭാഗങ്ങള്‍ക്ക് പൊതുവാണെന്നു സ്ഥാപിക്കുന്നതിന്റെ ഭാഗമായി വേണം ഇത് മനസ്സിലാക്കാന്‍.   

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ജാതി എന്നത് ദൈവശാസ്ത്ര തലത്തില്‍ വേരുകളുള്ള അടിസ്ഥാനപരമായ വിവേചനമാണ്. എന്നാല്‍, ഇസ്‌ലാം ഇത്തരം ശ്രേണീബദ്ധമായ തരം തിരിവുകളെ ദൈവശാസ്ത്ര തലത്തില്‍ത്തന്നെ തള്ളുന്നു. മാത്രമല്ല, കീഴാളരെ സംബന്ധിച്ച് ജാതി വിവേചനത്തെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായിരുന്നു ഇസ്‌ലാം മതാശ്ലേഷം. എങ്കിലും മുസ്‌ലിം സമൂഹത്തിലും ചങ്ങനാശ്ശേരിയില്‍ ഉണ്ടായതുപോലുള്ള വിവേചനങ്ങള്‍ കാണുന്നുണ്ടെന്നത് സത്യം തന്നെ. അതിനെ സാമൂഹ്യ വിവേചനമായി മനസ്സിലാക്കാമെങ്കിലും അതിനെ കേവല ജാതിയെന്ന് പൂര്‍ണ അര്‍ഥത്തില്‍ നാമകരണം ചെയ്യുന്നത് ശരിയല്ല. അത് അങ്ങനെയല്ലാത്തതുകൊണ്ടുതന്നെയാണ് ഈ വാര്‍ത്ത പുറത്തുവന്ന ഉടന്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി മത-സമുദായ നേതൃത്വങ്ങള്‍ ഈ വിവേചനത്തിനെതിരേ രംഗത്തുവരുന്നത്. ചങ്ങനാശ്ശേരി മഹല്ലിലെ വിവേചനത്തിനെതിരേ സമുദായത്തിനകത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ തന്ത്രപൂര്‍വം ഒളിച്ചുവയ്ക്കുന്നുമുണ്ട്. ഇതേ കുറിച്ച് എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ സുദേഷ് എം. രഘു നിരീക്ഷിക്കുന്നത് ഇങ്ങനെ: വാസ്തവത്തില്‍ സത്യഭാമ വിഷയത്തില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തേണ്ട എന്തേലും സാഹചര്യമുണ്ടോ? ഉണ്ടെന്നേ... ഇസ്‌ലാമോഫോബിക് കേരളത്തിന് അല്ലേല്‍ ഒരു തൃപ്തിവരില്ലെന്നേ... അല്ലെങ്കില്‍... മാസങ്ങള്‍ക്കു മുന്‍പുണ്ടായ വിഷയം ഇപ്പോള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നതിന്റെ ലക്ഷ്യം എന്താണ്? ഈ വിഷയമുണ്ടായപ്പോള്‍ കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും അതിനെതിരെ രംഗത്തുവന്ന വിവരം ഭംഗിയായി റിപ്പോര്‍ട്ടര്‍ മുക്കി. സത്യഭാമ വിഷയത്തില്‍ കേരളത്തിലെ എത്ര ഹിന്ദു സംഘടനകള്‍ പ്രതികരിച്ചു? ആര്‍ക്കെങ്കിലും മാപ്പ് പറയേണ്ട സാഹചര്യമുണ്ടോ? എന്‍.എസ്.എസ് പ്രതികരിച്ചോ? എസ്.എന്‍.ഡി.പി പ്രതികരിച്ചോ? അവരാരും പ്രതികരിക്കാത്തതില്‍ പ്രബുദ്ധ കേരളത്തിന് വല്ലവിഷമവുമുണ്ടോ?' (മാര്‍ച്ച് 23, എഫ്ബി).

ജാതിഅധിക്ഷേപം പുറത്തുവന്നതോടെ സത്യഭാമ സി.പി.എം പ്രവര്‍ത്തകയാണെന്ന് ബി.ജെ.പി ആരോപിച്ചെങ്കിലും അവര്‍ 2019ല്‍തന്നെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നുവെന്നതിനുള്ള തെളിവും അതിനിടയില്‍ പുറത്തുവന്നിരുന്നു. (നര്‍ത്തകി സത്യഭാമ ബി.ജെ.പി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍, 24 മാര്‍ച്ച്, 2024, മാതൃഭൂമി ന്യൂസ്) സത്യഭാമയുമായി ബന്ധപ്പെട്ട വിവാദം അവിടെയും നിന്നില്ല. ജാതി അധിക്ഷേപത്തിനെതിരേയുള്ള പ്രതിഷേധം തീവ്രമായതോടെ സത്യഭാമയെ ഇടത് അനുകൂലിയായി അവതരിപ്പിച്ചുകൊണ്ട് ജന്മഭൂമി പത്രത്തില്‍ ഡോ. ദീപേഷ് വി.കെ ലേഖനം പ്രസിദ്ധീകരിച്ചു (നടനത്തിലെ വെളുത്ത സൗന്ദര്യം 'പുരോഗമന' കേരളത്തിന്റെ സംഭാവന, ജന്മഭൂമി, 24 മാര്‍ച്ച്, 2024). കറുപ്പ് നിറം വെറുപ്പിന്റെയല്ലെന്നും അതങ്ങനെയാക്കിയത് ബ്രിട്ടീഷ് ആധിപത്യമാണെന്നും നിരീക്ഷിച്ച ലേഖകന്‍ മോഹനിയാട്ട വിവാദത്തിലൂടെ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തി. 1921 സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ആര്‍.എല്‍.വി രാമകൃഷ്ണന് തുടര്‍ അവസരങ്ങള്‍ നഷ്ടമായെന്നും സത്യഭാമ ജാതി അധിക്ഷേഭം വിവാദമാക്കിയതിനു പിന്നില്‍ തീവ്ര മുസ്‌ലിം പ്രാമാണികതയാണെന്നും ലേഖകന്‍ കുറ്റപ്പെടുത്തുന്നുണ്ട്.\

(കേരളത്തില്‍ നടക്കുന്ന ഇസ്‌ലാമോഫോബിക് ആയ സംഭവങ്ങളും പ്രതികരണങ്ങളും വിശകലനം ചെയ്തുകൊണ്ട് മാധ്യമ ഗവേഷകരായ ബാബുരാജ് ഭഗവതിയും കെ.അഷ്‌റഫും ചേര്‍ന്ന് നടത്തുന്ന ഡോക്യുമെന്റേഷന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍നിന്നുള്ള ഭാഗം)




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News