അംബേദ്കര്‍ നേരിട്ട ഭരണഘടനാ വിമര്‍ശനങ്ങള്‍

തന്നില്‍ വിശ്വാസം അര്‍പ്പിച്ച് രാജ്യത്തെ സേവിക്കാന്‍ ഒരു അവസരം നല്‍കിയതില്‍ ഭരണഘടനാ നിര്‍മാണ സഭയോടും ഭരണഘടനാ രൂപകല്പന സമിതിയോടും നന്ദി രേഖപ്പെടുത്തിയ ഭരണഘടനാ ശില്പി രാഷ്ട്ര ഭരണത്തിന്റെ ചട്ടക്കൂട് എന്ന നിലയില്‍ ഭരണഘടന കൈകാര്യം ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചും ഉദ്‌ബോധിപ്പിക്കുകയുണ്ടായി. | അംബേദ്ക്കറും ഭരണഘടനയും: ഭാഗം -02

Update: 2022-09-23 09:29 GMT

ഭരണഘടനയുടെ കരട് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി എട്ട് മാസങ്ങള്‍ക്ക് ശേഷം, അതായത് 1948 നവംബര്‍ 4-ന് ആണ് ഭരണഘടനാ നിര്‍മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ആയിരിക്കണക്കിന് നിര്‍ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്നും കരടെഴുത്ത് സമിതി ചെയര്‍മാനായ ഡോ. അംബേദ്കര്‍ക്ക് ലഭിച്ചത്. ഇതില്‍ കാര്യമാത്ര പ്രസക്തമായവ പരിഗണിച്ചതിനും പരിശോധിച്ചതിനും ശേഷമായിരുന്നു ഭരണഘടനയുടെ കരട് ചര്‍ച്ചയ്ക്കുള്ള പ്രമേയം ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനാ നിര്‍മാണ സഭയുടെ ചരിത്രത്തിലെ രജതരേഖയായി മാറിയ ഡോ. അംബേദ്കറുടെ ഉജ്ജ്വലമായ പ്രസംഗം കരട് ഭരണഘടനയുടെ സവിശേഷതകള്‍ വിശദീകരിച്ചും ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയുടെ ഭരണ സംവിധാനത്തെ അടയാളപ്പെടുത്തി കൊണ്ടുമാണ് ആരംഭിച്ചത്. കരട് ഭരണഘടന എട്ടു മാസക്കാലം ജനങ്ങളുടെ മുന്നിലുണ്ടായിരുന്നതിനാല്‍ അതിന്റെ ഉള്ളടക്കത്തോട് പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് വേണ്ടതിലധികം സമയം ലഭിച്ചതായി ഓര്‍മപ്പെടുത്താനും ഭരണഘടനാ ശില്‍പി മറന്നില്ല. ജനഹൃദയങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന ആവിര്‍ഭവിച്ചത് എന്ന ഡോ. അംബേദ്കറുടെ പ്രസ്താവന പ്രസക്തമാവുന്നതിന്റെ ചരിത്ര പശ്ചാത്തലവും മറ്റൊന്നല്ല. സ്ഥിരതയെക്കാള്‍ ഉത്തരവാദിത്തത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലാണ് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തെക്കാള്‍ പാര്‍ലമെന്ററി സമ്പ്രദായം ഇന്ത്യക്ക് അഭികാമ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം, ഭരണഘടന വിഭാവനം ചെയ്യുന്ന ഗവണ്‍മെന്റിന്റെ ഘടനയും ഭരണഘടനയുടെ ഘടനയുമാണ് ഇന്ത്യന്‍ ഭരണഘടനയെ വ്യതിരിക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.



പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന്റെയും പാര്‍ലമെന്ററി സമ്പ്രദായത്തിന്റെയും സവിശേഷതകളും പരിമിതികളും വിശദീകരിച്ചു കൊണ്ടായിരുന്നു പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ മേന്മകള്‍ അദ്ദേഹം വിശദീകരിച്ചത്. ഇപ്രകാരം നിര്‍ദിഷ്ട ഫെഡറേഷന്റെ വിശേഷതകള്‍ എന്തെല്ലാമാണെന്ന് വിശദീകരിച്ച ശേഷം അദ്ദേഹം കരട് ഭരണഘടനക്ക് എതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിലേക്ക് കടക്കുകയും ഓരോ വിമര്‍ശനത്തിനും യുക്തിഭദ്രമായ വിശദീകരണം നല്‍കുകയും ചെയ്തു. കരട് ഭരണഘടനയില്‍ പുതുതായി യാതൊന്നുമില്ലെന്നും ഉള്ളതില്‍ പകുതിയും 1935-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്ടില്‍ നിന്നുള്ളവയാണെന്നും ശേഷിച്ചവ മറ്റു രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്നും പകര്‍ത്തിയതെന്നുമായിരുന്നു കരട് ഭരണഘടനക്കെതിരെ ഉന്നയിക്കപ്പെട്ട മുഖ്യ ആരോപണങ്ങളില്‍ ഒന്ന്. ഭരണഘടനക്കെതിരെ ഇപ്പോഴും ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന വിമര്‍ശനവും ഇതാണല്ലോ? അടിസ്ഥാന രഹിതമായ ഈ വിമര്‍ശനത്തിന് ഭരണഘടനാ ശില്‍പി നല്‍കിയ വിശദീകരണം ഇപ്രകാരമായിരുന്നു. 'ലോക ചരിത്രത്തിന്റെ ഈ സന്ദര്‍ഭത്തില്‍ രൂപകല്‍പന ചെയ്യപ്പെടുന്ന ഒരു ഭരണഘടനയില്‍ എന്തെങ്കിലും പുതുതായി ഉണ്ടാകുമോ എന്നു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന തയ്യാറാക്കിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. അതിനെ പിന്തുടര്‍ന്ന് ഒട്ടേറെ രാജ്യങ്ങള്‍ അവയുടെ ഭരണഘടനകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു ഭരണഘടനയുടെ വ്യാപ്തി എന്തായിരിക്കണം എന്ന കാര്യം എന്നേ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുപോലെ ഒരു ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ എന്തൊക്കെയായിരിക്കണം എന്നതും ലോകമാകെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍, എല്ലാ ഭരണഘടനകളും അവയുടെ പ്രധാന വ്യവസ്ഥകളില്‍ ഒരു പോലെയായിരിക്കും. ഇത്രയേറെ വൈകി രൂപകല്പന ചെയ്യുന്ന ഒരു ഭരണഘടനയില്‍ നൂതനമായി എന്തെങ്കിലും ഉണ്ടാകുമെങ്കില്‍ അവ അതിന്റെ ന്യൂനതകള്‍ പരിഹരിക്കുന്നതിനു വേണ്ടിയും രാജ്യത്തിന്റെ ആവശ്യങ്ങളുമായി അതിനെ വിളക്കിച്ചേര്‍ക്കുന്നതിനു വേണ്ടിയും അതില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാത്രമാണ്. മറ്റു രാജ്യങ്ങളിലെ ഭരണഘടനകളുടെ വന്യമായ ഒരു പകര്‍പ്പ് പരിഗണനക്ക് വച്ചിരിക്കുന്നു എന്ന ആരോപണത്തിന് അടിസ്ഥാനം ഭരണഘടന വേണ്ട വിധത്തില്‍ പഠിച്ചിട്ടില്ലാത്തതിനാലാണെന്ന് എനിക്ക് ഉറപ്പുണ്ട്. തുടര്‍ന്ന് ഭരണഘടനാ നൈതികതയെപ്പറ്റിയും ഭരണം കൈയ്യാളുന്നവര്‍ ഭരണഘടന എന്തെന്ന് തിരിച്ചറിഞ്ഞ് അത് പിന്തുടരേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും അദ്ദേഹം ഇപ്രകാരം ഓര്‍മപ്പെടുത്തുകയുണ്ടായി. 'ഭരണഘടനാ നൈതികത ഒരു നൈസര്‍ഗിക വികാരമല്ല. അതു വളര്‍ത്തിയെടുക്കേണ്ട ഒരു സംസ്‌കാരമാണ്. നമ്മുടെ ജനങ്ങള്‍ ഇനിയും അതെന്തെന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്നു നാം മനസ്സിലാക്കണം''.

കരട് ഭരണഘടന പുരാതന ഭാരതത്തില്‍ നിലനിന്നിരുന്ന ഭരണ പാരമ്പര്യങ്ങളെ, പ്രത്യേകിച്ചും ഗ്രാമ പഞ്ചായത്തുകള്‍ പോലുള്ള ഭരണ മാതൃകകള പിന്‍പറ്റുന്നില്ല എന്നതായിരുന്നു മറ്റൊരു വിമര്‍ശനം. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പ്രതിലോമകരമായ തടസ്സങ്ങള്‍ മാത്രം സൃഷ്ടിച്ചിട്ടുള്ള, ജാതി സമ്പ്രദായത്തെയും അയിത്താചരണത്തെയും പ്രഘോഷണം ചെയ്യുന്ന പുരാതന ഗ്രാമ പഞ്ചായത്ത് സംവിധാനങ്ങളെ പാടെ തള്ളിയ ഡോ. അംബേദ്കര്‍ ഈ വിമര്‍ശനത്തിന് നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു 'ഈ ഗ്രാമ റിപ്പബ്ലിക്കുകളാണ് ഇന്ത്യയെ നശിപ്പിച്ചതെന്നു ഞാന്‍ കരുതുന്നു. ആയതിനാല്‍ പ്രദേശിക വാദത്തെയും വര്‍ഗീയ വാദത്തെയും അധിക്ഷേപിക്കുന്നവര്‍ ഗ്രാമസംരക്ഷകരായി മുന്നോട്ടു വരുന്നതില്‍ എനിക്ക് അത്ഭുതമുണ്ട്. ഗ്രാമം എന്നത് പ്രദേശികത്വത്തിന്റെയും വര്‍ഗീയതയുടെയും സങ്കുചിത മനോഭാവത്തിന്റെയും ഇടമല്ലാതെ മറ്റെന്താണ്? കരട് ഭരണഘടന ഗ്രാമത്തെ വലിച്ചെറിഞ്ഞ് വ്യക്തിയെ അതിന്റെ മാനദണ്ഡമായി അംഗീകരിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു.' അതെ പാരമ്പര്യങ്ങളെയും മാമൂലുകളെയും മനുശാസനകളെയും ഉല്ലംഘിച്ചുകൊണ്ടാണ് ഡോ. അംബേദ്കര്‍ സ്വതന്ത്ര ഇന്ത്യയുടെ ജനായത്ത ഭരണഘടന രൂപകല്പന ചെയ്തതെന്നു സാരം.

ഭരണഘടനാ നിര്‍മിതിയുടെ ചരിത്രരേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്രകാരം വായിക്കാം. 'സര്‍, ഈ സഭയില്‍ ഡോ. അംബേദ്കറുടെ പ്രഭാഷണം വളരെ സശ്രദ്ധം കേട്ടിരുന്ന ഒരാളായിരുന്നു ഞാന്‍. ഭരണഘടന രൂപകല്പന ചെയ്യുന്ന ജോലിയില്‍ അദ്ദേഹം നിര്‍വഹിച്ച അധ്വാനത്തിന്റെ അളവും പ്രകടിപ്പിച്ച ഉത്സാഹവും എന്തെന്ന് എനിക്കറിയാം. അതേ സമയം ഈ സന്ദര്‍ഭത്തില്‍ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള, ഭരണഘടന രൂപകല്പന ചെയ്യുക എന്ന ദൗത്യത്തിന് അത്യാവശ്യമായിരുന്നിടത്തോളം ശ്രദ്ധ ഭരണഘടനാ രൂപകല്പന സമിതി അതിന് നല്‍കിയിട്ടില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

കരട് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യപ്പെട്ട ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ചും സഭയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് ഡോ. അംബേദ്കര്‍ നല്‍കിയ വിശദീകരണം ഇപ്പോഴും പ്രസക്തമാണ്. ' ഈ രാജ്യത്ത് ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തെറ്റായ പാതയാണ് പിന്തുടര്‍ന്നു വന്നിട്ടുള്ളത്. ഭൂരിപക്ഷങ്ങള്‍ ന്യൂനപക്ഷങ്ങളുടെ അസ്തിത്വം നിഷേധിക്കുന്നതും ന്യൂനപക്ഷങ്ങള്‍ അവരുടെ അവസ്ഥയെ ശാശ്വതീകരിക്കുന്നതും തെറ്റാണ്. ആയതിനാല്‍ രണ്ടു ലക്ഷ്യങ്ങള്‍ നേടാന്‍ പ്രയോജനകരമായ ഒരു പരിഹാരം നാം കണ്ടെത്തണം. തുടക്കത്തില്‍ തന്നെ അത് ന്യൂനപക്ഷങ്ങളുടെ അസ്തിത്വം അംഗീകരിക്കണം. മാത്രമല്ല കാലക്രമത്തില്‍ ഭൂരിപക്ഷങ്ങളും ന്യൂനപക്ഷങ്ങളും പരസ്പരം ലയിച്ച് ഒന്നായി തീരാന്‍ അതു സഹായകമാവുകയും വേണം. ഇത്തരത്തിലുള്ള രണ്ടു ലക്ഷ്യങ്ങള്‍ നേടാനുള്ള പരിഹാരമാര്‍ഗമാണ് ഭരണഘടനാ നിര്‍മാണ സഭ നിര്‍ദേശിച്ചിട്ടുള്ളത്. അത് സ്വാഗതാര്‍ഹമാണ്. ന്യൂനപക്ഷ സംരക്ഷണത്തിനെതിരെ ഒരു തരം മതഭ്രാന്ത് തന്നെ വളര്‍ത്തിയെടുത്തിട്ടുള്ള മര്‍ക്കടമുഷ്ടിക്കാരോട് രണ്ടു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന്, ന്യൂനപക്ഷം ഒരു സ്‌ഫോടക ശക്തിയാണ് എന്നതാണ്. അത് പൊട്ടിത്തെറിച്ചാല്‍ അതിന് രാഷ്ട്രത്തിന്റെ ചട്ടക്കൂട് മുഴുവന്‍ തകര്‍ത്തു നിലംപരിശാക്കാന്‍ കഴിയും. രണ്ടാമത്തെ കാര്യം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അവരുടെ അസ്തിത്വം ഭൂരിപക്ഷത്തിന്റെ കൈകളില്‍ ഏല്‍പിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ്. 'ഈ വിശദീകരണങ്ങള്‍ക്ക് ശേഷം മൗലികാവകാശങ്ങള്‍ക്കും നിര്‍ദേശക തത്വങ്ങള്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്കും മറ്റും ഡോ. അംബേദ്കര്‍ മറുപടി പറയുകയുണ്ടായി. നിര്‍ദേശക തത്വങ്ങള്‍ക്ക് അനുസരിപ്പിക്കാനുള്ള ശക്തിയില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഇതിന് ഡോ. അംബേദ്കര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.' നിര്‍ദേശക തത്വങ്ങള്‍ക്ക് നിയാമകമായ കരുത്തില്ലെന്ന് പറഞ്ഞാല്‍ അതു സമ്മതിക്കാന്‍ ഞാന്‍ ഒരുക്കമാണ്. പക്ഷേ, അവയ്ക്ക് ഒരു തരത്തിലും അനുസരിപ്പിക്കാനുള്ള കരുത്തില്ലെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാന്‍ കഴിയില്ല. അവയ്ക്ക് നിയാമകമായ കരുത്തില്ലാത്തതിനാല്‍ അവ ഉപയോഗശൂന്യമാണെന്ന് സമ്മതിക്കാനും ഞാന്‍ തയ്യാറല്ല '. ഇത്തരത്തില്‍ കരടു ഭരണഘടനയിലെ ഒരോ വകുപ്പും വിശദീകരിച്ചും അവയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയുമാണ് ഡോ. അംബേദ്കര്‍ കരടു ഭരണഘടനയുടെ ഉള്ളടക്കത്തിനും അന്തസത്തക്കും വേണ്ടി ശബ്ദമുയര്‍ത്തിയത്. ഡോ. അംബേദ്കറുടെ പ്രസംഗം അവസാനിക്കവെ ഭരണഘടനാ നിര്‍മാണ സഭയിലെ അംഗങ്ങള്‍ ഓരോരുത്തരും ഭരണഘടനാ നിര്‍മിതിയില്‍ ഡോ. അംബേദ്കര്‍ നല്‍കിയ അതുല്യമായ സംഭാവനകളെ പ്രശംസിച്ചു കൊണ്ട് സംസാരിച്ചു. ഇതില്‍ ഭരണഘടനാ കരടെഴുത്ത് കമ്മിറ്റി അംഗം ടി.ടി കൃഷ്ണമാചാരി നടത്തിയ പ്രസ്താവന ഭരണഘടനാ നിര്‍മിതിയില്‍ ഡോ. അംബേദ്കര്‍ വഹിച്ച ചരിത്രപരമായ പങ്കിന്റെ പ്രാധാന്യം ആഴത്തില്‍ വ്യക്തമാക്കുന്നതായിരുന്നു. ആരായിരുന്നു ഭരണഘടനാ ശില്പി എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ടി.ടി കൃഷ്ണമാചാരിയുടെ പ്രസ്താവനയില്‍ കാണാം. ഭരണഘടനാ നിര്‍മിതിയുടെ ചരിത്രരേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്രകാരം വായിക്കാം. 'സര്‍, ഈ സഭയില്‍ ഡോ. അംബേദ്കറുടെ പ്രഭാഷണം വളരെ സശ്രദ്ധം കേട്ടിരുന്ന ഒരാളായിരുന്നു ഞാന്‍. ഭരണഘടന രൂപകല്പന ചെയ്യുന്ന ജോലിയില്‍ അദ്ദേഹം നിര്‍വഹിച്ച അധ്വാനത്തിന്റെ അളവും പ്രകടിപ്പിച്ച ഉത്സാഹവും എന്തെന്ന് എനിക്കറിയാം. അതേ സമയം ഈ സന്ദര്‍ഭത്തില്‍ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള, ഭരണഘടന രൂപകല്പന ചെയ്യുക എന്ന ദൗത്യത്തിന് അത്യാവശ്യമായിരുന്നിടത്തോളം ശ്രദ്ധ ഭരണഘടനാ രൂപകല്പന സമിതി അതിന് നല്‍കിയിട്ടില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ നാമനിര്‍ദേശം ചെയ്ത ഏഴ് അംഗങ്ങളില്‍ ഒരാള്‍ സഭയില്‍ നിന്നും രാജിവച്ചെന്നും പകരം മറ്റൊരാളെ നിയമിച്ചിട്ടില്ലെന്നും ഒരു പക്ഷേ സഭക്ക് അറിയാം. ഒരാള്‍ നിര്യാതനായി. അതിനും പകരം ആളെ നിയമിച്ചില്ല. ഒരാള്‍ അമേരിക്കയിലായിരുന്നു. അയാളുടെ സ്ഥാനവും നികത്തിയില്ല. മറ്റൊരാള്‍ രാഷ്ട്ര കാര്യങ്ങളില്‍ വ്യാപൃതനായിരുന്നു. അത്രത്തോളം അവിടെ ശൂന്യതയുണ്ടായി. ഒന്നോ രണ്ടോ പേര്‍ ഡല്‍ഹിയില്‍ നിന്നും വളരെ അകലെയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ക്കും കരടെഴുത്ത് സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനായില്ല. അങ്ങനെ അവസാനം ഈ ഭരണഘടന രൂപപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഡോ. അംബേദ്കറുടെ ചുമലിലായി. നിസംശയമായും പ്രശംസനീയമായ രീതിയില്‍ അദ്ദേഹം ആ ഉത്തരവാദിത്തം നിര്‍വഹിച്ചതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അദ്ദേഹത്തോട് കൃതഞ്ജതയുണ്ട് '


1948 നവംബര്‍ 15-ന് ആണ് ഭരണഘടനാ നിര്‍മാണ സഭയുടെ നാലാമത് സെഷന്‍ ആരംഭിക്കുന്നത്. നിര്‍േദശിക്കപ്പെട്ട ഭേദഗതികള്‍ ഉള്‍പ്പെടെ അനുച്ഛേദങ്ങള്‍ തിരിച്ചുള്ള ചര്‍ച്ചകളും അംഗീകരണവുമായിരുന്നു ഈ സെഷനിലും തുടര്‍ന്നുള്ള സെഷനിലും നടന്നത്. 1948 നവംബര്‍ 15-ന് ആരംഭിച്ച നാലാമത് സെഷന്‍ 1949 ജനുവരി 8 വരെ തുടര്‍ന്നു. 1949 മേയ് 16 മുതല്‍ ജൂണ്‍ 16 വരെയായിരുന്നു അഞ്ചാമത് സെഷന്‍. ജൂലൈ 30-ന് ആരംഭിച്ച ആറാമത് സെഷന്‍ സെപ്റ്റംബര്‍ 16 വരെയും സെപ്റ്റംബര്‍ 17-ന് ആരംഭിച്ച ഏഴാമത് സെഷന്‍ നവംബര്‍ 16 വരെയും നീണ്ടുനിന്നു. ഈ സെഷനുകളിലുടനീളം ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്കും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്കും നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ക്കും മറുപടിയും വിശദീകരണവും നല്‍കിയതും കരട് ഭരണഘടനയുടെ ചട്ടകൂടിനെ പ്രതിരോധിച്ചു കൊണ്ടു സംസാരിച്ചുതും ഡോ. അംബേദ്കറായിരുന്നു. അദ്ദേഹം അംഗീകാരം നല്‍കി നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ക്കായിരുന്നു ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയത്. നിര്‍ദേശിക്കപ്പെട്ട ഏഴായിരത്തിലധികം ഭേദഗതികളില്‍ രണ്ടായിരത്തിലധികം ഭേദഗതികള്‍ക്കാണ് സഭ അംഗീകാരം നല്‍കിയത്.


1949 സെപ്റ്റംബര്‍ 17 -ന് ചേര്‍ന്ന ഭരണഘടനാ നിര്‍മാണ സഭയുടെ അവസാന സമ്മേളനം നവംബര്‍ 26 വരെ നീണ്ടുനിന്നു. ഭരണഘടന അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടന്നത്. നവംബര്‍ 25 - ന് ഡോ. അംബേദ്കറുടെ ഐതിഹാസിക പ്രസംഗത്തോടുകൂടിയാണ് ഭരണഘടനാ നിര്‍മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പര്യവസാനിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ ഈ പ്രസംഗത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും രാഷ്ടീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യമായും സാമ്പത്തിക ജനാധിപത്യമായും വികസിപ്പിക്കേണ്ടതിന്റെയും അനിവാര്യതയെ സംബന്ധിച്ചും ജനാധിപത്യ സംസ്‌കൃതിയുടെ വിജയകരമായ പരിപാലനത്തിനും നടത്തിപ്പിനും വിട്ടുവീഴ്ചയില്ലാതെ അനുവര്‍ത്തിക്കേണ്ട വ്യവസ്ഥകളപ്പറ്റിയുമാണ് ഭരണഘടനാ ശില്പി മുന്നറിയിപ്പു നല്‍കിയത്. ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അധഃസ്ഥിത വിഭാഗങ്ങളുടെ പരിരക്ഷകള്‍ സംരക്ഷിക്കുന്നതിനപ്പുറം മറ്റു താല്‍പര്യങ്ങള്‍ യാതൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ഡോ. അംബേദ്കര്‍ ചരിത്രപ്രസിദ്ധമായ തന്റെ പ്രസംഗം ആരംഭിച്ചത്. തന്നില്‍ വിശ്വാസം അര്‍പ്പിച്ച് രാജ്യത്തെ സേവിക്കാന്‍ ഒരു അവസരം നല്‍കിയതില്‍ ഭരണഘടനാ നിര്‍മാണ സഭയോടും ഭരണഘടനാ രൂപകല്പന സമിതിയോടും നന്ദി രേഖപ്പെടുത്തിയ ഭരണഘടനാ ശില്പി രാഷ്ട്ര ഭരണത്തിന്റെ ചട്ടക്കൂട് എന്ന നിലയില്‍ ഭരണഘടന കൈകാര്യം ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചും ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഒരു ഭരണഘടന എത്ര തന്നെ നല്ലതായിരുന്നാലും അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉദ്ദേശ്യ ശുദ്ധിയില്ലെങ്കില്‍ ആ ഭരണഘടന കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുകയില്ലെന്നും എന്നാല്‍, ഭരണഘടന എത്ര തന്നെ മോശമായിരുന്നാലും അതു കെകാര്യം ചെയ്യുന്നവര്‍ക്ക് ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍ ആ ഭരണഘടന കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും എന്നും ഡോ. അംബേദ്കര്‍ ഒര്‍മപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് ഭരണഘടനയുടെ പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി. 'ഒരു ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും അതിന്റെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ടല്ല നിലനില്‍ക്കുന്നത്. ഭരണഘടനക്ക് സ്റ്റേറ്റിന്റെ അവയവങ്ങളായ നിയമനിര്‍മാണ സഭ, എക്‌സിക്യൂട്ടീവ്, നീതിന്യായം എന്നിവയെ വിഭാവനം ചെയ്യാന്‍ മാത്രമേ കഴിയൂ. ഈ ആശയങ്ങളുടെ പ്രവര്‍ത്തനം ജനങ്ങളെയും അവര്‍ നേതൃത്വം നല്‍കുന്ന രാഷ്ടീയ പാര്‍ട്ടികളെയും ആശ്രയിച്ചിരിക്കുന്നു. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമോ അതോ വിപ്ലവത്തിന്റെ മാര്‍ഗങ്ങള്‍ അവലംബിക്കുമോ? ജനങ്ങള്‍ വിപ്ലവത്തിന്റെ പാത പിന്തുടരുകയാണെങ്കില്‍ ഭരണഘടന നല്ലതായിരുന്നാലും പരാജയപ്പെടാന്‍ ഒരു പ്രവാചകന്റെ ആവശ്യം വേണ്ടിവരില്ല. അതുകൊണ്ട് ജനങ്ങള്‍ക്കും അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം വിസ്മരിച്ചു കൊണ്ടുള്ള ഭരണഘടനയെ സംബന്ധിച്ച വിധിന്യായം നിഷ്ഫലമായിരിക്കും'.

നമ്മുടെ സാമൂഹികവും സാമ്പത്തികവമായ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത് എന്നു നിര്‍ദേശിച്ച ഡോ. അംബേദ്കര്‍ കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് തൃപ്തരാകരുതെന്നും രാഷ്ടീയ ജനാധിപത്യത്തിന്റെ സുസ്ഥിരതക്കും നിലനില്‍പ്പിനും രാഷ്ടീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യമായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 

തുടര്‍ന്ന് ഡോ.അംബേദ്കര്‍ തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് പ്രവേശിക്കവെ, സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെട്ടുകൊണ്ട് ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി. '1950 ജനുവരി 26-ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാകും (കൈയ്യടി). അവളുടെ സ്വാതന്ത്ര്യത്തിന് എന്തു സംഭവിച്ചും? അവള്‍ സ്വാതന്ത്ര്യം നിലനിര്‍ത്തുമോ അതോ വീണ്ടും നഷ്ടപ്പെടുത്തുമോ? ഇതാണ് എന്റെ മനസ്സിലേക്ക് കടന്നു വരുന്ന ആദ്യത്തെ ചിന്ത. ഇന്ത്യ ഒരിക്കലും ഒരു സ്വതന്ത്ര രാഷ്ടമായിരുന്നില്ല എന്നല്ല. രണ്ടാമതും അതവള്‍ക്ക് നഷ്ടപ്പെടുമോ ? ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതാണ് എന്റെ മനസ്സിനെ ഉത്കണ്ഠപ്പെട്ടുത്തുന്നത്. അവളുടെ ആളുകളുടെ പിടിപ്പുകേടും ക്രൂരതയും കൊണ്ടാണ് അവള്‍ക്ക് ഒരിക്കല്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് എന്നതാണ് പ്രധാനമായും എന്നെ ചിന്തിപ്പിക്കുന്നത്. മുഹമ്മദ് ബിന്‍ കാസിം സിന്ധ് ആക്രമിക്കുമ്പോള്‍ ദഹര്‍ രാജാവിന്റെ സേനാനായകന്‍ കാസിമില്‍ നിന്നും കോഴ വാങ്ങുകയും രാജാവിന് വേണ്ടി യുദ്ധം ചെയ്യാതെ നിലകൊള്ളുകയും ചെയ്തു. ശിവജി ഹിന്ദുക്കളുടെ മോചനത്തിന് വേണ്ടി പോരാടിയപ്പോള്‍ മറാത്ത പ്രഭുക്കന്മാരും രജപുത്ര രാജാക്കന്മാരും മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭാഗത്ത് നിന്നു യുദ്ധം ചെയ്തു. ബ്രിട്ടീഷുകാര്‍ സിക്ക് രാജാക്കന്മാരെ നശിപ്പിക്കാന്‍ യുദ്ധം ചെയ്തപ്പോള്‍ അവരുടെ പ്രധാന സേനാനായകനായ ഗുലാബിസിങ് സിക്കു സാമ്രാജ്യത്തെ രക്ഷിക്കാന്‍ യാതൊന്നും ചെയ്തില്ല. 1857-ല്‍ ഇന്ത്യയിലെ വലിയൊരു ഭൂപ്രദേശം ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സിക്കുകാര്‍ നിശബ്ദ ദൃക്‌സാക്ഷികളായി നോക്കി നിന്നു. ചരിത്രം ആവര്‍ത്തിക്കുമോ? ഈ ചിന്തയാണ് എന്നെ ഉത്കണ്ഠാകുലനാക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പഴയ ശത്രുക്കളെ കൂടാതെ ഇപ്പോള്‍ വ്യത്യസ്ത കാഴ്ചപ്പാടോടുകൂടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി നിലവില്‍ വന്നിരിക്കുന്നു എന്നത് ഈ ഉത്കണ്ഠയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇന്ത്യക്കാര്‍ തങ്ങളുടെ രാഷ്ട്രത്തെ അവരുടെ വിശ്വാസത്തിന് മുകളില്‍ പ്രതിഷ്ഠിക്കുമോ അതോ വിശ്വാസത്തെ രാഷ്ട്രത്തിന് മുകളില്‍ പ്രതിഷ്ഠിക്കുമോ? പാര്‍ട്ടികള്‍ അവയുടെ വിശ്വാസ പ്രമാണങ്ങളെ രാഷ്ട്രത്തിന് മുകളില്‍ പ്രതിഷ്ഠിച്ചാല്‍ നമ്മുടെ സ്വതന്ത്ര്യം അപകടത്തിലാവുകയും രണ്ടാമത് ഒരിക്കല്‍ കൂടി അതു നഷ്ടപ്പെടുകയും ചെയ്യും. ഇതിനെ നമ്മള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. നാം നമ്മുടെ അവസാന തുള്ളി രക്തം ചിന്തിയും നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം'. ഇപ്രകാരം ഇന്ത്യക്കാര്‍ ഒരൊറ്റ ജനത എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഉദ്‌ബോധിപ്പിച്ച ഭരണഘടനാ ശില്പി ജനാധിപത്യത്തെ ഭാവത്തിലും രൂപത്തിലും നിലനിര്‍ത്തുന്നതിന് ആവശ്യമായ നയസമീപനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും വിശദീകരിക്കുകയുണ്ടായി. നമ്മുടെ സാമൂഹികവും സാമ്പത്തികവമായ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത് എന്നു നിര്‍ദേശിച്ച ഡോ. അംബേദ്കര്‍ കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് തൃപ്തരാകരുതെന്നും രാഷ്ടീയ ജനാധിപത്യത്തിന്റെ സുസ്ഥിരതക്കും നിലനില്‍പ്പിനും രാഷ്ടീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യമായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അദ്ദേഹം തന്റെ വീക്ഷണത്തെ ഇപ്രകാരമാണ് വിശദീകരിച്ചത് . 'നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ തീര്‍ച്ചയായും സാമൂഹ്യ ജനാധിപത്യമായി പരിവര്‍ത്തിപ്പിക്കണം. രാഷ്ടീയ ജനാധിപത്യത്തിന്റെ അടിത്തറയായി സാമൂഹ്യ ജനാധിപത്യം മാറിയില്ലെങ്കില്‍ രാഷ്ടീയ ജനാധിപത്യം ദീര്‍ലകാലം നിലനില്‍ക്കുകയില്ല.



 

എന്താണ് സാമൂഹ്യ ജനാധിപത്യം? സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങളെ ജീവിത രീതിയാക്കി അംഗീകരിക്കുന്നതാണത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങളെ പ്രത്യേക ഘടകങ്ങളായി കാണാന്‍ പാടില്ല. ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍പ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ പരാജയപ്പെടുത്തും എന്നതിനാല്‍ അവയെ ഒന്നായി തന്നെ കാണണം. സ്വാതന്ത്ര്യത്തെ സമത്വത്തില്‍ നിന്നോ സാഹോദര്യത്തെ സ്വാതന്ത്ര്യത്തില്‍ നിന്നോ സമത്വത്തില്‍ നിന്നോ വേര്‍പെടുത്താനാവില്ല. സമത്വമില്ലാത്ത സ്വാതന്ത്ര്യം ന്യൂനപക്ഷളുടെ മേല്‍ ബഹുഭൂരിപക്ഷത്തിന്റെ ആധിപത്യം സൃഷ്ടിക്കും. സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടുള്ള വ്യക്തികളുടെ കഴിവിനെ നശിപ്പിക്കും. സാഹോദര്യമില്ലാതെ സ്വതന്ത്ര്യവും സമത്വവും നൈസര്‍ഗികമാവില്ല. അവ നടപ്പാക്കുന്നതിന് ഒരു കോണ്‍സ്റ്റബിളിന്റെ ആവശ്യം വേണ്ടിവരും. ഇന്ത്യന്‍ സമൂഹത്തില്‍ രണ്ടു കാര്യങ്ങള്‍ ഇല്ലെന്ന വസ്തുതയെ അംഗീകരിച്ചു കൊണ്ടു വേണം നമ്മള്‍ ആരംഭിക്കുവാന്‍. ഇതില്‍ ഒന്ന് സമത്വമാണ്. സാമൂഹ്യതലത്തില്‍ നമുക്കുള്ളത് ശ്രേണീകൃത അസമത്വം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമൂഹമാണ്. അവിടെ കുറച്ചു പേര്‍ മാത്രം സമ്പന്നതയുടെ ഉത്തുംഗതയില്‍ ജീവിക്കുകയും ഭൂരിഭാഗവും കൊടിയ ദാരിദ്രത്തില്‍ ജീവിക്കുകയും ചെയ്യുന്നു. 1950 ജനുവരി 26-ന് നമ്മള്‍ വൈരുധ്യപൂര്‍ണമായൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. രാഷ്ടീയത്തില്‍ നമുക്ക് സമത്വവും സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമുക്ക് അസമത്വവുമാണുള്ളത്. രാഷ്ട്രീയത്തില്‍ വ്യക്തിക്ക് ഒരു വോട്ട്, ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം നമ്മള്‍ അംഗീകരിക്കുന്നു. എന്നാല്‍, നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തില്‍ നമ്മുടെ സാമൂഹിക- സാമ്പത്തിക ഘടനയുടെ ഫലമായി വ്യക്തിക്ക് ഒരേ മൂല്യം എന്ന തത്വം നമ്മള്‍ നിരാകരിച്ചു കൊണ്ടേയിരിക്കുന്നു. എത്രനാള്‍ നമുക്ക് ഇത്തരമൊരു വൈരുധ്യ പൂര്‍ണമായ ജീവിതം തുടരാന്‍ കഴിയും? എത്രനാള്‍ നമുക്ക് നമ്മുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ സമത്വത്തെ നിരാകരിക്കാന്‍ കഴിയും? ദീര്‍ഘകാലത്തേക്ക് നമ്മള്‍ അതു നിരാകരിക്കുകയാണെങ്കില്‍ അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെയാകും അപകടത്തിലാക്കുക. എത്രയും പെട്ടന്ന് നമമള്‍ ഈ വൈരുധ്യത്തെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ അസമത്വം അനുഭവിക്കുന്നവര്‍ ഈ സഭ കഠിന പ്രയത്‌നത്തിലൂടെ നിര്‍മിച്ച രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തന്നെ തകര്‍ത്തു കളയും'. രാഷ്ടീയ ജനാധിപത്യത്തിന് ഊടും പാവും നല്‍കിയ ഭരണഘടനയുടെ വെളിച്ചത്തില്‍ ഭരണനിര്‍വഹണം നടത്തുന്നവര്‍ അഥവാ രാഷ്ടീയ പാര്‍ട്ടികള്‍ പിന്തുടര്‍ന്ന് നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയെപ്പറ്റിയാണ് ഭരണഘടനാ ശില്പി ഉദ്‌ബോധിപ്പിച്ചത്. ഭരണഘടനയില്‍ ന്യൂനതകള്‍ കണ്ടെത്തുന്നതിനപ്പുറം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അത് വിഭാവനം ചെയ്യുന്ന ആദര്‍ശാധിഷ്ഠിത സമൂഹസൃഷ്ടിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഭരണാധികാരികള്‍ നിലകൊള്ളണമെന്നും ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും സാരം.

ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ലളിതമായ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ അതിനുള്ള എല്ലാ ഉപാധികളും ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ മുഖ്യ സവിശേഷത. പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി വിഭാവനം ചെയ്തിരിക്കുന്ന നമ്മുടെ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നീതിയും വിഭാവനം ചെയ്യുന്ന രാജ്യത്തെ പരമോന്നത നിയമസംഹിതയാണ്. ഭരണഘടന നിലവില്‍ വന്ന് ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും വര്‍ഗ, വര്‍ണ, ജാതിമത, വിഭാഗീയ ചിന്തകള്‍ക്കതീതമായി രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്നതിനുള്ള ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്നതും നമ്മുടെ ഭരണഘടന തന്നെ. ആകയാല്‍ ഭരണഘടനാ ശില്പി മുന്നറിയിപ്പു നല്‍കിയതു പോലെ നമ്മുടെ സ്വാതന്ത്ര്യത്തെ പോലെ ഭരണഘടനയെയും നമ്മള്‍ സംരക്ഷിക്കണം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആര്‍. അനിരുദ്ധന്‍

Writer

Similar News