സി. അച്യുതമേനോന്‍, 'സി. അച്യുതന്‍' ആയിരുന്നുവെങ്കില്‍?

സി. കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, ആര്‍. ശങ്കര്‍ എന്നിവരില്‍ നിന്നും സി. അച്യുതമേനോനെ വ്യത്യസ്തനാക്കുന്നത് എന്താണ്? ഈ മൂന്നുപേര്‍ക്കുമില്ലാത്ത, 'മേനോന്‍' എന്ന ജാതിനാമം മാത്രമാണ് അച്യുതമേനോന്റെ അധികമൂല്യം.

Update: 2022-09-15 10:40 GMT

കേരളത്തില്‍ സമീപകാലത്തായി തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുടില്‍വ്യവസായമാണ് സി. അച്യുതമേനോന്റെ 'പുണ്യചരിത' (hagiography) നിര്‍മാണം. പണ്ട് നമ്പൂതിരിമാര്‍ പടച്ചുണ്ടാക്കിയ കേരളമഹാത്മ്യവും കേരളോല്‍പത്തിയും കേരളക്കരയുടെയും ഇവിടുത്തെ സമൂഹത്തിന്റെയും സൃഷ്ടാവ് സ്ഥാനം നല്‍കിയത് ബ്രാഹ്മണനായ പരശുരാമനായിരുന്നു. അടുത്തകാലത്ത്, സി.പി.എമ്മും അവരുടെ ന്യായീകരണ സാഹിത്യ സംഘവും പ്രചരിപ്പിക്കുന്ന ആധുനിക കേരളമാഹാത്മ്യത്തില്‍, ആധുനിക കേരളത്തിന്റെ സൃഷ്ടാവും ശില്പിയും മറ്റൊരു ബ്രാഹ്മണനായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടാണ്. നായര്‍ക്കും അമ്പലങ്ങളിലെ അടിച്ചുതളി ജാതിക്കാര്‍ക്കും നമ്പൂതിരിമാരോടുള്ള 'വിധേയത്വ-വിരോധം' പ്രസിദ്ധമാണല്ലോ. പക്ഷേ, അത് പ്രകടിപ്പിക്കാന്‍ അവരുടെ സംഘടനകളോ ബുദ്ധിജീവികളോ തയ്യാറാകുന്നില്ലെന്നുമാത്രം. ഈ 'ചരിത്രദൗത്യം' ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്, സി.പി.ഐക്കാരാണ്. കേരള പ്രജാപതിയുടെ സ്വേച്ഛാധിപത്യത്തിനു കീഴില്‍ ചിറകൊടിഞ്ഞ സി.പി.ഐയ്ക്കു സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഈ പുണ്യചരിതനിര്‍മാണ വ്യവസായം.

ഏട്ടുവര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ കുറെയധികം സ്ഥാപനങ്ങളുണ്ടാക്കിയെന്നത് ശരിയാണ്. ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചി ശാസ്ത്ര-സാങ്കേതിക യൂണിവേഴ്‌സിറ്റിയും കാര്‍ഷികയൂണിവേഴ്‌സിറ്റിയും അദ്ദേഹത്തിന്റെ ഭരണകാലത്താണ് സ്ഥാപിക്കപ്പെട്ടത്. അച്യുതമേനോന്റെ ഗംഭീരനേട്ടമായി എടുത്തുപറയുന്ന മറ്റൊരു കാര്യം ഭൂപരിഷ്‌ക്കരണമാണ്. സി. അച്യുതമേനോന്‍ ഒരു മാതൃകാ മുഖ്യമന്ത്രിയും മഹാനായൊരു 'സ്ഥാപന നിര്‍മാതാവുമാണ്' എന്ന വാദം അംഗീകരിച്ചാല്‍ തന്നെ, ഒരു 'വിരോധചോദ്യം' (Counterfactual Question) ഉന്നയിക്കാവുന്നതാണ്. ഈ നേട്ടങ്ങളുടെയെല്ലാം ഉടമ, ഒരു വെറും 'സി. അച്യുതന്‍' ആയിരുന്നെങ്കിലോ? സി. അച്യുതന്‍, ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടാക്കിയാല്‍, അത് പ്രശംസയ്ക്കു വിഷയമാകുമോ? സി. അച്യുതന്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റി സ്ഥാപിച്ചാല്‍, ഇങ്ങനെ വാഴ്ത്തപ്പെടുമേ? എട്ടു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഒരു സി. അച്യുതന്‍, ശിഷ്ട ജീവിതത്തില്‍ മരുന്നുവാങ്ങാന്‍ പോലും കാശില്ലാതെ ബുദ്ധിമുട്ടിയാല്‍, മലയാളിയുടെ കരളലിയുമോ? സി. അച്യുതന്റെ സത്യസന്ധതയും ലാളിത്യവും പുണ്യചരിത്രത്തിനു വിഷയമാകുമോ?

കേരളത്തിലെ ആദ്യമെഡിക്കല്‍ കോളജും ഇന്ത്യയിലെ തന്നെ മികച്ച മെഡിക്കല്‍ കോളജുകളിലൊന്നുമായിരുന്ന ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് സ്ഥാപിച്ചത് ആരൊക്കെയാണെന്ന് അച്യുതന്‍ മേനോന്‍ പുണ്യചരിതാകള്‍ക്ക് അറിയുമോ? 1950-52-ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവനാണ് ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. അതിന്റെ സ്‌പെഷ്യല്‍ ഓഫീസറും ആദ്യപ്രിന്‍സിപ്പലും ഡോ. സി.ഒ കരുണാകരനായിരുന്നു. മെഡിക്കല്‍കോളജിന്റെ കാമ്പസില്‍ സ്ഥാപിച്ച രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമുള്ള ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ സി. അച്യുതമേനോനും ആദ്യ ഡയറക്ടറായ ഡോ. എം.എസ് വല്യത്താനും വന്‍തോതില്‍ സ്തുതിക്കപ്പെടുമ്പോള്‍, സി. കേശവനും ഡോ. സി.ഒ കരുണാകരനും വിസ്മരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? 1925-ല്‍ തന്നെ ഇന്ത്യയില്‍ കുടുംബാസൂത്രണമെന്ന ആശയമവതരിപ്പിച്ച പ്രശസ്ത ബാക്ടീരിയോളജിസ്റ്റ് കൂടിയായിരുന്ന ഡോ. സി.ഒ കരുണാകരനെക്കുറിച്ചുള്ള നിനൈവ് ഒരു ഇടറോഡിലൊതുങ്ങിപ്പോയി.

1947-49-ല്‍ തിരുകൊച്ചി മന്ത്രിസഭയില്‍ അംഗമായിരുന്ന സഹോദരന്‍ അയ്യപ്പനാണ് എറണാകുളം നഗരത്തില്‍ എഴുപതടി റോഡ് നിര്‍മിച്ചത്. അന്ന് കേരളത്തിലെ ഏറ്റവും വീതികൂടിയ റോഡ് അതായിരുന്നു. ഇത്ര വീതിയേറിയ റോഡ് ധൂര്‍ത്തും അനാവശ്യവുമാണെന്ന് വിമര്‍ശിച്ചവരോട് '50 വര്‍ഷത്തിനുശേഷമുള്ള കൊച്ചിക്ക് ഇതു തന്നെ അപര്യാപ്തമായിരിക്കു'മെന്നാണ് അയ്യപ്പന്‍പറഞ്ഞത്. പെരിങ്ങല്‍കുത്ത് അണക്കെട്ട് നിര്‍മിച്ച് കൊച്ചിയില്‍ വൈദ്യുതി എത്തിച്ചത് സഹോദരന്‍ അയ്യപ്പനാണ്. കൊച്ചിയെ വൈപ്പിന്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളുടെ പദ്ധതി തയ്യാറാക്കിയതും അയ്യപ്പനായിരുന്നു. പക്ഷേ, പാലം യാഥാര്‍ഥ്യമായത് 2003- 04 ല്‍ മാത്രമാണ്. അന്ന് എ.കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. പക്ഷേ, അപ്പോഴേക്കും പാലത്തില്‍ ചാണകമിടുന്ന പശു, സഹോദരന്‍ അയ്യപ്പെനെക്കാള്‍ വലുതായി കഴിഞ്ഞിരുന്നു. അതിനാല്‍ ആന്റണി സര്‍ക്കാര്‍ കൊച്ചി വൈപ്പിന്‍ പാലത്തിന് ഗോശ്രീ പാലം എന്ന പേരാണ് നല്‍കിയത്. അച്യുതമേനോന്‍ ചരിതാക്കളുടെ പൂര്‍വികരാരും, പശുപ്പാലത്തില്‍ പ്രതിഷേധിക്കുകയോ പാലത്തിന് സഹോദരന്‍ അയ്യപ്പന്റെ പേരുനല്‍കണമെന്നാവശ്യപ്പെടുകയോ ചെയ്തതായി അറിയില്ല.

1960-62-ല്‍ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും 1962-64-ല്‍ മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറാണ്, വ്യവസായ വികസനത്തിന് അടിത്തറ പാകിയത്. മുഖ്യമന്ത്രി സ്ഥാനമുപയോഗിച്ചു കൊണ്ടുമാത്രമാണ്, അച്യുതമേനോന്‍ സ്ഥാപനങ്ങളുണ്ടാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തിന്റെ പിന്തുണയില്ലാതെയും ആര്‍ ശങ്കര്‍ കോളേജുകളും ആശുപത്രികളും നിര്‍മിച്ചിട്ടുണ്ട്. എന്നിട്ടും ഒരു സ്ഥാപനനിര്‍മാതാവായി ആരും ആര്‍. ശങ്കറെ വാഴ്ത്തുന്നില്ല. ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ അച്യുതമേനോനെ പുകഴ്ത്തുന്നവര്‍, തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ വിഭാവന ചെയ്ത' ലാന്‍ഡ് റിഫോംസ് ബില്ലിന്റെ കാര്യം മറന്നു പോകുന്നത് എന്തുകൊണ്ടാണ്? കാരണം, ഈ ബില്‍ യാഥാര്‍ഥ്യമായിരുന്നെങ്കില്‍, അതിന്റെ ഗുണഭോക്താക്കളാകുന്നത് ഭൂരഹിതരും യഥാര്‍ഥ കൃഷിക്കാരുമായിരുന്ന ജാതി വിഭാഗങ്ങളായിരുന്നേനെ. ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂവുടമസ്ഥത ലഭിക്കുമായിരുന്നു. എന്നാല്‍, നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതും പിന്നീട് അച്യുതമേനോന്റെ കാലത്ത് നടപ്പിലാക്കിയതും, സി. കേശവന്റെ ബില്ലില്‍ വെള്ളം ചേര്‍ത്തുകൊണ്ടായിരുന്നു. നമ്പൂതിരിപ്പാടിന്റെയോ അച്യുതമേനോന്റെയോ ഭൂപരിഷ്‌കരണഭാവനയില്‍ ദലിതരോ ആദിവാസികളോ ഭൂരഹിത ഈഴവരോ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടാണ്, അച്യുതമേനോന്റെ ഭൂപരിഷ്‌കരണ നിയമം നടപ്പിലായി, ദശകങ്ങള്‍ പിന്നിട്ട് കുടില്‍കെട്ട്- ചെങ്ങറ സമരങ്ങള്‍ നടത്തേണ്ടിവരുന്നത്.

സി. കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, ആര്‍. ശങ്കര്‍ എന്നിവരില്‍ നിന്നും സി. അച്യുതമേനോനെ വ്യത്യസ്തനാക്കുന്നത് എന്താണ്? ഈ മൂന്നുപേര്‍ക്കുമില്ലാത്ത, 'മേനോന്‍' എന്ന ജാതിനാമം മാത്രമാണ് അച്യുതമേനോന്റെ അധികമൂല്യം. അച്യുതമേനോന്‍ ചരിതാക്കളില്‍ മേനോന്‍മാരല്ലാത്തവര്‍ പോലും മേനോന്‍ പദം പ്രതിനിധീകരിക്കുന്ന ജാതിക്കോയ്മ സ്വന്തം തോളിലേറ്റി നടക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. മര്‍ദക ജാതിനാമത്തിന്റെ ചുമട്ടുകാരെങ്കിലുമായാലെ, ആത്മവിശ്വാസവും ആത്മാഭിമാനവുമുണ്ടാകൂ എന്നു വിചാരിക്കുന്നത്, ഈ പുണ്യചരിതാക്കളുടെ മനോ-ബൗദ്ധിക ജീര്‍ണതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. തങ്ങളുടെ അനവധി പൂര്‍വ്വികരുടെ മാനവികത അപഹരിക്കുകയും അവരെ അയിത്തക്കാരാക്കുകയും ചെയ്ത ഒരു ജാതി നാമ പ്രതീകത്തെ സ്വന്തം അഭിമാനമുദ്രയാക്കുന്നവര്‍, പരിഗണനപോലുമര്‍ഹിക്കാത്ത തുച്ഛരും കോമാളികളുമാണ്. കമ്മ്യൂണിസത്തിന്റെ ആടയാഭരണങ്ങള്‍ കൊണ്ടൊന്നും ഈ കോമാളിത്തത്തെ ഗംഭീരവും വീരവുമാക്കാനാവില്ല.

സ്വാതന്ത്ര്യസമര - വര്‍ഗസമരകണ്ണടകള്‍

അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗസമരത്തിന്റെ കണ്ണടയിലൂടെയായിരുന്നു കേരളസമൂഹത്തെ വീക്ഷിച്ചിരുന്നത്. ഈ കണ്ണടയില്‍ ജാതിയുടെ ദൃശ്യം പതിയില്ല. വര്‍ഗ്ഗസമരകണ്ണടയുടെ മഹാരഹസ്യം അതാണ്. ആധുനിക ഇന്ത്യയില്‍ സവര്‍ണ ന്യൂനപക്ഷം അവരുടെ ആധിപത്യം വീണ്ടെടുക്കുന്നതിനുവേണ്ടി രണ്ടുതരം കണ്ണടകളാണ് നിര്‍മിച്ചത്, സ്വാതന്ത്രസമര കണ്ണടയും വര്‍ഗസമരകണ്ണടയും.

യഥാര്‍ഥ ദൃശ്യങ്ങള്‍ മായ്ക്കുകയും ഇല്ലാത്ത ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്ന മാന്ത്രിക കണ്ണടയാണിത്. ഈ കണ്ണടയുടെ നിര്‍മാണ സാമഗ്രികള്‍ എന്തൊക്കെയാണെന്നോ ചേരുവയുടെ അനുപാതം, നിര്‍മാണ ഫോര്‍മുല, ഇതൊന്നും ആര്‍ക്കുമറിയില്ല. ഒരു കാര്യം വ്യക്തമാണ്, ഇത്രത്തോളം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു മാന്ത്രിക കണ്ണട നിര്‍മിക്കാന്‍ ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നത്. ഗ്രീക്കുകാരായ അരിസ്റ്റോട്ടിലും യൂക്ലിഡും ആര്‍ക്കിമെഡിസും തത്വചിന്തയും ജ്യോമെട്രിയും ഫിസിക്‌സും പോലുള്ള 'സാധാരണ സയന്‍സു'കള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരുന്നപ്പോള്‍ 'ചുട്ട കോഴിയെ പറപ്പിക്കുക' 'കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുക' 'പരകായ പ്രവേശം' 'യോഗാഭ്യാസം', 'പാത്രം കൊട്ടിയും പശുമൂത്രം കുടിച്ചും രോഗാണുവിനെ തുരത്തുക', തുടങ്ങിയ 'പൗരാണിക ഹൈന്ദവമാന്ത്രിക ശാസ്ത്രങ്ങള്‍' കണ്ടുപിടിച്ചത് ബ്രാഹ്മണരായിരുന്നു. മാന്ത്രിക ശ്ലോകങ്ങളായ വേദങ്ങളും ഉപനിഷത്തുകളും രചിച്ചതും അവരാണ്. മാന്ത്രികാഭിചാര ശാസ്ത്രത്തിന്റെ 2500 കൊല്ലത്തെ പാരമ്പര്യമുള്ള ബ്രഹ്മണര്‍, തന്നെയായിരിക്കും ഈ മന്ത്രിക കണ്ണട ശാസ്ത്രത്തിന്റെയും ഉപഞ്ജാതാക്കള്‍.

നിവര്‍ത്തന പ്രക്ഷോഭം, കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട സി. കേശവന്‍, വിദ്യാഭ്യാസാവകാശത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ തൊഴില്‍ ബഹിഷ്‌കരണം, അദ്ദേഹത്തിന്റെ വില്ലുവണ്ടി സമരം, അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍, സവര്‍ണ്ണര്‍ കത്തിച്ച സംഭവം, കല്ലുമാല സമരം, പണ്ഡിറ്റ് കറുപ്പന്റെ കായല്‍ സമ്മേളനം, സമരകണ്ണടയിലൂടെ നോക്കിയാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ 'ഭീകരകോളോണിയല്‍ ദൃശ്യം'വും 'അധിനിവേശിത ദേശീയദൃശ്യവും' മാത്രമേ പതിയുകയുള്ളു. 

നഗ്നനേത്രങ്ങള്‍കൊണ്ട് കാണുന്നതൊന്നും ഈ രണ്ടുതരം കണ്ണടകളിലൂടെ നോക്കിയാല്‍ കാണില്ല. മാറുമറയ്ക്കാതെ അര്‍ധനഗ്നകളായി നടന്നിരുന്ന മര്‍ദിത ജാതിസ്ത്രീകള്‍, മുട്ടിനു താഴെ മുണ്ടുടുക്കാന്‍ അനുവാദമില്ലാത്ത മര്‍ദിത ജാതി പുരുഷന്മാര്‍, നമ്പൂതിരി നായര്‍മാര്‍ വരുമ്പോള്‍ പാതകളില്‍ നിന്ന് ഓടി ഒളിച്ചിരുന്ന മര്‍ദിതജാതി മനുഷ്യര്‍, വഴിമാറാതെയും മേല്‍മുണ്ടഴിച്ച് അരയില്‍ കെട്ടി ഓച്ഛാനിച്ചു നില്‍ക്കാതെയും സവര്‍ണരെ ബഹുമാനിക്കാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിരുന്നവര്‍, സഞ്ചാര-വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരങ്ങള്‍, മുലക്കരത്തിനെതിരെ സ്വന്തം മുലകളരിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയെന്ന ''കേളത്തിന്റെ ജോണ്‍ ഓഫ് ആര്‍ക്കി''(Kerala's Joan of Arc) ന്റെ ധീരമായ കഥ, ഈഴവര്‍ക്ക് ചന്തയില്‍ കയറാനും വസ്ത്രവും മുക്കുത്തിയും ധരിക്കാനുമുള്ള അവകാശത്തിനു വേണ്ടി നായര്‍ മാടമ്പിമാരോട് കായികമായി ഏറ്റുമുട്ടിയ ആറാട്ടുപുഴ വേലായുധ പണിക്കരെന്ന ''കേരളത്തിന്റെ തുസ്സാന്‍ ലുവര്‍ട്ടിയോ''(Toussaint Louverture) എന്ന ധീരബിംബം. (1791-1804-ല്‍ ഫ്രഞ്ച്‌കോളനിയായിരുന്ന ഹെയ്ത്തിയില്‍ നടന്ന അടിമ സായുധ വിപ്ലവത്തിന്റെ ധീരനായകന്‍).

നിവര്‍ത്തന പ്രക്ഷോഭം, കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട സി. കേശവന്‍, വിദ്യാഭ്യാസാവകാശത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ തൊഴില്‍ ബഹിഷ്‌കരണം, അദ്ദേഹത്തിന്റെ വില്ലുവണ്ടി സമരം, അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍, സവര്‍ണ്ണര്‍ കത്തിച്ച സംഭവം, കല്ലുമാല സമരം, പണ്ഡിറ്റ് കറുപ്പന്റെ കായല്‍ സമ്മേളനം, സമരകണ്ണടയിലൂടെ നോക്കിയാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ 'ഭീകരകോളോണിയല്‍ ദൃശ്യം'വും 'അധിനിവേശിത ദേശീയദൃശ്യവും' മാത്രമേ പതിയുകയുള്ളു. സഞ്ചാരവിദ്യാഭ്യാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന നവോത്ഥാന നായകനായി വേഷംകെട്ടിച്ച് കാണിക്കും. ഇന്ത്യയിലെമ്പാടുമുള്ള മര്‍ദിത ജാതികള്‍ക്ക് സഞ്ചാര വിദ്യാഭ്യാസം നല്‍കിയ, ജാതിമതഭേദമെന്യേ ടിക്കറ്റെടുക്കുന്ന ആര്‍ക്കും സഞ്ചരിക്കാവുന്ന റെയില്‍വേയും റോഡുകളും പണിത, ആചാരത്തിന്റെ മറവില്‍ സവര്‍ണര്‍ നടത്തിവന്ന കൊലപാതകമായ സതി നിരോധിച്ച, മനുനീതി വ്യവസഥയെ തകര്‍ത്തുകൊണ്ട് ആധുനിക ജുഡീഷ്യറി സ്ഥാപിച്ച, ലിഖിതമായ സിവില്‍ ക്രിമിനല്‍ നിയമസംഹിത ഇന്ത്യയ്ക്കു നല്‍കിയ, ആധുനിക വ്യവസായങ്ങള്‍ തുടങ്ങിയ, പ്രാകൃത ജാതി-ഗ്രാമ ഇന്ത്യയെ ഒരു ആധുനിക ഇന്ത്യയാക്കിയ ബ്രട്ടീഷ് ഭരണത്തെ, കൊളോണിയലിസമായും, ബ്രിട്ടീഷുകാരെ ഭീകര കൊള്ളക്കാരായും കവര്‍ച്ചക്കാരായും ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഈ കണ്ണടകള്‍ ധരിക്കുന്നവര്‍ കാണും. 'സ്വാതന്ത്ര്യസമര'ത്തിനു നേതൃത്വം നല്‍കിയ സവര്‍ണ ന്യൂനപക്ഷ വേട്ടക്കാരുടെ ഇരകള്‍ മാത്രമായിരുന്ന മര്‍ദിതജാതികള്‍ ബ്രിട്ടീഷ് ഭരണം കൊണ്ട് യഥാര്‍ഥത്തില്‍ ശാക്തീകരിക്കപ്പെടുകയാണുണ്ടായത്. ഗണ്യമായൊരു വിഭാഗത്തെകൊണ്ട് ഈ കണ്ണട ധരിപ്പിക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞു. അഗ്നിപര്‍വ്വതസ്‌ഫോടനം പോലെ സംഭവിക്കേണ്ടിയിരുന്ന ഒരു മര്‍ദിത ജാതി വിപ്ലവത്തിന്റെ സാധ്യതകളെ ഈ മാന്ത്രികകണ്ണടകളിഞ്ഞ ജനത സ്വയം ഇല്ലാതാക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമരകണ്ണടയിലൂടെ നോക്കിയാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ 'ഭീകര കൊളോണിയല്‍ ദൃശ്യ'വും 'അധിനിവേശിത ദേശീയ ദൃശ്യ'വും മാത്രമേ പതിയുകയുള്ളു. സഞ്ചാര വിദ്യാഭ്യാസ സ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്ന മര്‍ദിത ജാതിമനുഷ്യരുടെ ദൃശ്യങ്ങളോ അവരെ നിന്ദ്യരും നീചരുമായി അയിത്തപ്പാടകലേയ്ക്ക് തല്ലിയോടിക്കുന്ന സവര്‍ണദൃശ്യങ്ങളും പതിയുമായിരുന്നില്ല. ജാതി മതഭേദമെന്യേ, എല്ലാ ഇന്ത്യാക്കാരും ഈ കണ്ണടമാത്രമേ ധരിക്കാവൂ എന്ന ഗാന്ധിയന്‍ കല്‍പന ധിക്കരിച്ചു എന്നതാണ് അംബേദ്കര്‍ ചെയ്ത ഏക കുറ്റം. സ്വാതന്ത്ര്യസമരകണ്ണടയ്ക്ക് വേണ്ട വിപണി കിട്ടാതിരുന്ന സ്ഥലങ്ങളില്‍, സവര്‍ണര്‍ വിറ്റഴിച്ചത് വര്‍ഗ്ഗസമര കണ്ണടയാണ്. നമ്പൂതിരിമാരും നായരും അമ്പലങ്ങളിലെ അടിച്ചുതളി ജാതിക്കാരുമായിരുന്നു, വര്‍ഗ്ഗസമരകണ്ണട വ്യാപാരികള്‍. വര്‍ഗ്ഗസമരകണ്ണടയുടെ പ്രധാന കമ്പോളം കേരളമായിരുന്നു.

ഡോ. പല്‍പ്പു, അയ്യന്‍കാളി, നാരയണഗുരു, പണ്ഡിറ്റ് കറുപ്പന്‍, സി. കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍, വര്‍ഗ്ഗസമരകണ്ണടകമ്പോളത്തെ ബഹിഷ്‌കരിച്ചു. ചിലപ്പോഴൊക്കെ കമ്പോളം ആക്രമിച്ച്, കണ്ണടകള്‍ തല്ലിപ്പൊട്ടിയ്ക്കുകയും ചെയ്തു. വര്‍ഗസമര കണ്ണട വ്യാപാരികളുടെ ഏറ്റവും വലിയ ശത്രു സഹോദരന്‍ അയ്യപ്പനായിരുന്നു.

പച്ചക്കള്ളങ്ങള്‍

അച്യുതമേനോന്റെ പുതിയ പുണ്യചരിതാക്കള്‍, അച്യുതമേനോന്‍ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത പച്ചക്കള്ളങ്ങളും പറഞ്ഞുതുടങ്ങിയിരിക്കുന്നു. ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗമായ എസ്. ഐ.യു.സി (South Indaian United Church) ക്കാര്‍ക്കും സംവരണം അനുവദിച്ചത് അച്യുതമേനോന്‍ ആണുപോലും! 1933- 37 കാലത്ത് തിരുവിതാംകൂറില്‍ സി കേശവന്റെ നേതൃത്വത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് ഈ രണ്ടുപിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം അനുവദിച്ചത്.

സ്വാതന്ത്ര്യ സമരകണ്ണടക്കാരും വര്‍ഗസമരകണ്ണടക്കാരും ഒരേ സ്വരത്തില്‍ 'ജാതീയം', 'വര്‍ഗ്ഗീയം' എന്നാക്ഷേപിച്ച നിവര്‍ത്തനപ്രക്ഷോഭത്തിന്റെ പ്രധാന നേതാവ് സി. കേശവനായിരുന്നു. 1932-ലെ സവര്‍ണ-രാജകീയ ഭരണപരിഷ്‌കാരങ്ങള്‍ അവര്‍ണര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്നതായിരുന്നു. അതിനെതിരെ പിന്നോക്ക ക്രൈസ്തവ മുസ്‌ലിംകളും അവര്‍ണ ജാതികളും ഒന്നിച്ചുകൊണ്ട് സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചു. ലത്തിന്‍ ക്രിസ്ത്യാനികള്‍ക്കും, നാടാര്‍ ക്രിസ്ത്യാനികള്‍ക്കും അവര്‍ണര്‍ക്കും, സര്‍ക്കാര്‍ സര്‍വീസിലും നിയമസഭയിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യവും സംവരണവും നടപ്പാക്കുക എന്ന മുദ്രവാക്യമുയര്‍ത്തിയ പ്രക്ഷോഭം, വര്‍ഷങ്ങള്‍ നീണ്ടുനിന്നു. 1933-ല്‍ സംയുക്ത രാഷ്ട്രീയ സമിതിവ്യക്തമാക്കി. ''തിരുവിതാംകൂറിലെ ജനപ്രതിനിധിസഭ അക്ഷരാര്‍ഥത്തില്‍' നായര്‍ പ്രതിനിധിസഭയാണ്''. ജനസംഖ്യയില്‍ 26 ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്ക് ശ്രീ മൂലം പ്രജാസഭയില്‍ ഒരംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലും വലിയ ജനവിഭാഗമായ ഈഴവര്‍ക്ക് ഒരംഗം പോലുമില്ലായിരുന്നു. ഭൂനികുതിയാണ് വോട്ടവകാശം നിര്‍ണയിക്കുന്നത്. ഭൂമിയെല്ലാം നായന്മാരുടെ കൈയിലും. ജനസംഖ്യയില്‍ 10 ശതമാനം മാത്രം വരുന്ന നായന്മാര്‍ മൊത്തം പ്രജാസഭാംഗങ്ങളില്‍ പുകുതിയിലധികവും!!'' തിരുവിതാംകൂറിലെ ഗവണ്‍മെന്റ് വാസ്തവത്തില്‍ 'ചൂദ്ര-നായര്‍' ഗവണ്‍മെന്റായിരുന്നു. ഇതിനെതിരെയാണ് നിവര്‍ത്തന പ്രക്ഷോഭം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് നിസ്സഹകരിക്കാനും തീരുമാനിച്ചു. ഈ സമരത്തിന് ഉത്തരേന്ത്യയില്‍ ഗാന്ധി നടത്തിയ നിസ്സഹരണ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാനാണ് സംയുക്ത രാഷ്ട്രീയസമിതി നേതൃത്വം, 'നിവര്‍ത്തന പ്രക്ഷോഭം' എന്ന പേര് സ്വീകരിച്ചത്. ഗാന്ധിയുടെ നിസ്സഹരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം സവര്‍ണ ന്യൂനപക്ഷ താല്‍പര്യ സംരക്ഷണമായിരുന്നുവെങ്കില്‍, നിവര്‍ത്തന പ്രക്ഷോഭം അവര്‍ണഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ, സാമ്പത്തികാധികാരെത്തയാണ് പ്രതിനിധീകരിച്ചത്, മാത്രവുമല്ല, നിവര്‍ത്തന പ്രക്ഷോഭം എന്ന പേരിലൂടെ തിരുവിതാംകൂറിലെ അവര്‍ണ ഭൂരിപക്ഷം കോണ്‍ഗ്രസ്സിനെയും ഗാന്ധിയെയും അംഗീകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു.

ബ്രീട്ടീഷുകാരനായ ജി.എന്‍ നോക്‌സിനെ 'പബ്ലിക്ക് സര്‍വ്വീസ് കമ്മിഷണറാ'യി നിയമിച്ചു. 1949-ല്‍ തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തോടെ-ട്രാവന്‍കൂര്‍-കൊച്ചിന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ നിലവില്‍ വന്നു. ഇതാണ്, 1956-ല്‍ കേരള പി.എസ്.സി ആയി മാറിയത്. പിന്നോക്ക ജാതിവിഭാഗങ്ങളുടെ പ്രക്ഷോഭ സമ്മര്‍ദങ്ങളുടെ ഫലമായി 1935-ലെ 'ഗവണ്‍മെന്റ് ഓഫ് ആക്ടി'ലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഈ സ്ഥാപനങ്ങളുടെ നിയമാവലിയും തിരഞ്ഞെടുപ്പു രീതിയുമെല്ലാം തീരുമാനിക്കപ്പെട്ടത്. ഇതൊന്നും രാജാവിന്റെയോ ചൂദ്രനായര്‍ ഗവണ്‍മെന്റിന്റെയോ അച്യുതമേനോന്റെയോ ഔദാര്യങ്ങളായിരുന്നില്ല.

1935-ല്‍ കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സി. കേശവന്‍ നടത്തിയ പ്രസംഗം സവര്‍ണരാജകീയാധികാരത്തെ വിറപ്പിച്ചു. സര്‍. സി.പി രാമസ്വാമി അയ്യരെ പരാമര്‍ശിച്ചുകൊണ്ട്, സി. കേശവന്‍ പറഞ്ഞു. ''നമുക്ക് ഈ ജന്തുവിനെ വേണ്ട. ഈ മനുഷ്യന്‍ ഈഴവര്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മുസ്‌ലിംകള്‍ക്കോ ഒരു ഗുണവും ചെയ്യുകയില്ല?'' രാജ്യദ്രോഹക്കുറ്റം ചുമത്തി സി. കേശവനെ ജയിലില്‍ അടച്ചു. ഇത് പ്രക്ഷോഭത്തെ സ്‌ഫോടനാത്മകമാക്കുകയാണുണ്ടായത്. ജയില്‍ മോചിതനായ സി. കേശവന് ആലപ്പുഴയില്‍ നല്‍കിയ വമ്പിച്ച സ്വീകരണയോഗത്തില്‍, ടി. എം വര്‍ഗ്ഗീസ്, 'തിരുവിതാംകൂറിലെ 51 ലക്ഷം മനുഷ്യരുടെ പേരില്‍' അദ്ദേഹത്തെ സ്വാഗതം ചെയ്തു. മനോരമ പത്രാധിപരായിരുന്ന കെ.സി മാമന്‍ മാപ്പിള, ''കേരളത്തിലെ കിരീടം വെയ്ക്കാത്ത രാജാവെ''ന്നാണ് സി. കേശവനെ വിശേഷിപ്പിച്ചത്. എന്നാല്‍, ചൂദ്ര-നായര്‍ പത്രങ്ങള്‍ സി. കേശവനെതിരായ മണിപ്രവാള ശ്ലോകങ്ങള്‍ കൊണ്ടു നിറഞ്ഞു. ഒരു ഹിന്ദു രാജ്യത്തെ ക്രിസ്തുരാജ്യമാക്കാനുള്ള ക്രൈസ്തവ ഗൂഢാലോചനയാണ് നിവര്‍ത്തന പ്രക്ഷോഭമെന്നും, കിളവന്‍ വെല്ലിംഗ്ടണ്‍ പ്രഭു (അന്നത്തെ വൈസ്രോയി) വിന്റെ പിന്തുണയുണ്ടാവുമെന്നും ഒരു നായര്‍ പത്രം കലിതുള്ളി. പൊന്നുതമ്പുരാനുമാത്രം അവകാശപ്പെട്ട 'കിരീടം', ''രാജാവ്'' തുടങ്ങിയ പ്രയോഗങ്ങളെ സര്‍ക്കാര്‍ അപലപിക്കുകമാത്രമല്ല, അത് പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ നടപടിയെടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചൂദ്ര-നായര്‍ ഗവണ്‍മെന്റിന് ഒടുവില്‍ മുട്ടുകുത്തേണ്ടിവന്നു. പി.എസ്.സി രൂപീകരിക്കുകയം ഈഴവ-മുസ് ലിംകള്‍ കൂടാതെ, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും ക്രൈസ്തവ നാടാര്‍ വിഭാഗമായ എസ്.ഐ.യു.സി യ്ക്കും സംവരണം അനുവദിക്കുകയും ചെയ്തു. കരം തീരുവ ഒരു രൂപയാക്കി കുറച്ചതോടെ കൂടുതല്‍ ആളുകള്‍ക്ക് വോട്ടവകാശം ലഭിച്ചു. ബ്രീട്ടീഷുകാരനായ ജി.എന്‍ നോക്‌സിനെ 'പബ്ലിക്ക് സര്‍വ്വീസ് കമ്മിഷണറാ'യി നിയമിച്ചു. 1949-ല്‍ തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തോടെ-ട്രാവന്‍കൂര്‍-കൊച്ചിന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ നിലവില്‍ വന്നു. ഇതാണ്, 1956-ല്‍ കേരള പി.എസ്.സി ആയി മാറിയത്. പിന്നോക്ക ജാതിവിഭാഗങ്ങളുടെ പ്രക്ഷോഭ സമ്മര്‍ദങ്ങളുടെ ഫലമായി 1935-ലെ 'ഗവണ്‍മെന്റ് ഓഫ് ആക്ടി'ലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഈ സ്ഥാപനങ്ങളുടെ നിയമാവലിയും തിരഞ്ഞെടുപ്പു രീതിയുമെല്ലാം തീരുമാനിക്കപ്പെട്ടത്. ഇതൊന്നും രാജാവിന്റെയോ ചൂദ്രനായര്‍ ഗവണ്‍മെന്റിന്റെയോ അച്യുതമേനോന്റെയോ ഔദാര്യങ്ങളായിരുന്നില്ല.

പി.കെ ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ 'നായന്മാരുടെ ഒരു കൊട്ടാരക്കൊടുങ്കാറ്റായിരുന്ന മലയാളി മെമ്മോറിയലി'ന്റെ വഞ്ചനയ്‌ക്കെതിരെ, 1896-ല്‍ ഡോ. പല്‍പ്പുനല്‍കിയ 'ഈഴവ മെമ്മോറിയല്‍' സംവരണാവശ്യമുന്നയിച്ചിരുന്നു. 1919-21-ലെ പൗരസമത്വ പ്രക്ഷോഭവും നിയമസഭകളിലെ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും സംവരണവും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇന്ത്യയിലെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനായി ബ്രിട്ടീഷ്ഗവണ്‍മെന്റ് 1928-ല്‍ നിയമിച്ച സൈമണ്‍ കമ്മീഷന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായിരുന്ന സി.വി കുഞ്ഞിരാമന്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഈഴവര്‍ക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഡോ. പല്‍പ്പു ആരംഭിച്ച ഒരു വലിയ പ്രക്ഷോഭ പരമ്പരയുടെ പരിസമാപ്തിയാണ് വിവര്‍ത്തന പ്രക്ഷോഭവിജയം.



'തിരുട്ടുപാര്‍ട്ടികള്‍'

തമിഴ് നാട്ടില്‍ 'തിരുട്ടുഗ്രാമങ്ങള്‍' ഉണ്ടായിരുന്നുവെന്ന് കേട്ടിണ്ട്. ഒരു പക്ഷെ, കെട്ടുകഥയാകാം. പക്ഷെ, 'തിരുട്ടുപാര്‍ട്ടി' എന്നതൊരു യാഥാര്‍ഥ്യമാണ്. കേരളത്തിലെ രണ്ടു കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തിരുട്ടുപാര്‍ട്ടികളായിരിക്കുന്നു. മറ്റുള്ളവരുടെ നേട്ടങ്ങള്‍, സംഭാവനകള്‍, പൈതൃകം എന്നിവയെ ആസൂത്രിതമായ തിരൂടൂതലിലൂടെ, സ്വന്തം പാര്‍ട്ടിനേതാക്കളുടേതാക്കുകയാണ് ഈ തിരുട്ടുപാര്‍ട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിനായി 'തിരുടന്‍-തിരുടി' മാരുടെ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഈ തിരുട്ടു സംഘങ്ങള്‍ തിരുടിയെടുക്കുന്ന മുതലുകള്‍ കൊണ്ടാണ് ഇ.എം.എസിനെ 'ആധുനിക കേരള ശില്പി' യായും സി. അച്യുതമേനോനെ 'ആധുനിക കേരള വികസനനായകനാ'യും അണിയിച്ചൊരുക്കുന്നത്.

ഈ തിരുട്ടുസംഘങ്ങള്‍ ചെയ്യുന്നത് വലിയൊരു കുറ്റകൃത്യമാണ്, 'നിനൈവുക് കൊലൈ (mnemocide) എന്ന കുറ്റകൃത്യം. ഡോ. പല്‍പ്പുവും അയ്യന്‍കാളിയും മുതലുള്ള അനവധി മര്‍ദിത ജാതി നേതാക്കളുടെ ത്യാഗത്തിന്റെ ഫലമായി രൂപം കൊണ്ട ആധുനിക കേരളത്തില്‍ നിന്ന്, അവരെക്കുറിച്ചുള്ള നിനൈവുകളെ തുടച്ചുമാറ്റുന്ന ഈ പുണ്യചരിത നിര്‍മാണം ഒരു കുറ്റകൃത്യം തന്നെയാണ്. പുതുതലമുറകള്‍ക്ക് കേരളത്തിന്റെ യഥാര്‍ഥ ശില്പികളെ ഓര്‍മിക്കാനുള്ള അവകാശമാണ് ഇവര്‍ നിഷേധിക്കുന്നത്. നമ്പൂതിരിപ്പാട്-അച്യൂതമേനോന്‍ പുണ്യചരിത നിര്‍മാണം, ഒരര്‍ഥത്തില്‍, മനുഷ്യവകാശ ലംഘനം കൂടിയാകുന്നു.

അച്യുതമേനോന്‍ പുണ്യചരിതാക്കള്‍ പിന്തുടുരുന്നത്, മുഖ്യധാരാ കേരളചരിത്ര രചനാ രീതി തന്നെയാണ്. അക്കാദമിക പരിവേഷമാര്‍ജിച്ച ഈ മുഖ്യധാരാചരിത്രം, ഉപദാനസാമഗ്രികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു തരം 'പുണ്യകാല-പുണ്യവാളചരിത്രം' തന്നെയാണ്. പ്രാചീന മധ്യകാല കേരള ചരിത്രം പൊടിപ്പും തൊങ്ങലും ചേര്‍ത്തെഴുതുന്ന ഈ അക്കാദമിക പണ്ഡിതര്‍, ജാതിവ്യവസ്ഥയെക്കുറിച്ച് 'അജ്ഞരാണ്'. ജാതിവ്യവസ്ഥയെക്കുറിച്ചെഴുതിയ പി.കെ ബാലകൃഷ്ണന്റെ അക്കാദമിക യോഗ്യത വിചാരണ ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ചരിത്രം അപഗ്രഥിച്ചാല്‍, ഈ അക്കാദമിക പണ്ഡിതര്‍ പ്രചരിപ്പിച്ച അത്യുക്തികളും കെട്ടുകഥകളും പൊളിഞ്ഞുവീഴും. നായന്മാരുടെ കീര്‍ത്തി വിളംബരം ചെയ്യുന്ന ഈ 'ചരിത്രമോഹിനി'യെ പി.കെ ബാലകൃഷ്ണന്‍ ശരിക്കും വസ്ത്രാക്ഷേപം ചെയ്തു. അതിനാല്‍, പി.കെ ബാലകൃഷ്ണനെ കണ്ടില്ലെന്നു നടിച്ചു. അക്കാദമിക ചരിത്രരചനയ്ക്കാവശ്യമായ അംഗീകൃത യോഗ്യതകളെല്ലാമുള്ള കാനഡക്കാരനായ റോബിന്‍ ജെഫ്രിയയുടെ 'നായര്‍മേധാവിത്വത്തിന്റെ പതനം' (Decline of Nair Dominance) എന്ന കൃതിയെയും ഇവര്‍ അഗണ്യ കോടിയില്‍ തള്ളി. വീരനായകരും സ്വാതന്ത്ര്യസമരപ്പോരാളികളുമായി പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്ന പഴശ്ശിരാജയും വേലുത്തമ്പിയുമെല്ലാം ജാതി ഭീകരന്മാരായ സവര്‍ണതിരുടന്മാരായിരുന്നുവെന്ന സത്യം പുറത്തുവരുന്നത് കേരളചരിത്രമോഹിനിയാട്ടക്കാര്‍ക്കു സഹിക്കാവുന്നതിനും അപ്പുറമാണ്!

രാഷ്ട്രീയവും ഒരു വിപണിയാണ്

ഏതു സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരുടെയും ചിന്താ-പ്രവൃത്തികളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന പലതരം ഘടകങ്ങളുണ്ട്. അവ വിശ്വാസങ്ങള്‍, മൂല്യങ്ങള്‍, ഭാഷ, സാഹിത്യം, പഴഞ്ചൊല്ലുകള്‍, ഉത്സവങ്ങള്‍, വ്യക്തിനാമങ്ങള്‍, അഭിവാദ്യരീതികള്‍, വിപണി, ആരാധനാസമ്പ്രദായങ്ങള്‍ എന്നിങ്ങനെ പല അടരുകളായി വ്യാപൃതവും എന്നാല്‍ ശൃംഖലാ ബന്ധവുമാണ്. ഈ അടരുകളുടെ ശൃംഖല ഒരു ചെറു ന്യൂനപക്ഷം ജാതിവ്യക്തികളെ ശാക്തീകരിക്കുന്നതും അമിതവും അനര്‍ഹവുമായ ആ ത്മവിശ്വാസമുണ്ടാക്കുന്നതും പദവിപ്പെടുത്തുന്നതുമാണ്. ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം അവ കൈകാലുകളെ ബന്ധിക്കുന്ന ചങ്ങലകളാണ്.

വിപണി ഒരു സാമ്പത്തിക പ്രതിഭാസം മാത്രമല്ല. രാഷ്ട്രീയത്തിലും ഭാഷയിലും സാഹിത്യത്തിലും സംഗീതത്തിലും വിപണിപ്രവര്‍ത്തിക്കുന്നുണ്ട്. ജാതിസമൂഹത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വിപണിയില്‍, നമ്പൂതിരിപ്പാട് മേനോന്‍ നാമധാരികളുടെ ചരക്കുകള്‍ക്ക് 'അധികമൂല്യം' ലഭിക്കും. അവര്‍ണരുടെ ചരക്കുകള്‍ക്ക്, എത്ര കാര്യക്ഷമമാവും പ്രതിഭാസമ്പന്നവും മികച്ചതുമായിരുന്നാലും, വിപണി മൂല്യം കുറയും. ഇ.എം.എസ് നമ്പൂതിരിപ്പാടും സി. അച്യുതമേനോനും അടക്കമുള്ള കമ്മ്യൂണിസ്റ്റുകാര്‍ നിന്ദിച്ച ബൂര്‍ഷ്വാവിപണിയില്‍ ചരക്കുകളുടെ മൂല്യം നിര്‍ണയിക്കുന്നത് ജാതി-വംശീയ മാനദണ്ഡങ്ങള്‍ കൊണ്ടല്ല. സി. കേശവന്റെയും ആര്‍. ശങ്കറുടെയും മുഖ്യമന്ത്രിപദത്തെയും ഭരണനേട്ടങ്ങളെയും അദൃശ്യമാക്കുന്നതും നമ്പൂതിരിപ്പാടിന്റെയും അച്യുതമേനോന്റെയും ഭരണത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നതും ജാതിയുടെ 'അദൃശ്യകര'ങ്ങളാണ്. കേരളത്തിന്റെ രാഷ്ട്രീയ വിപണിയില്‍ പ്രവൃത്തിക്കുന്ന ഈ അദൃശ്യകരങ്ങളെ മറികടക്കാന്‍ സി. കേശവനോ ആര്‍. ശങ്കറിനോ കഴിയില്ല. അച്യുതമേനോന്‍ എന്ന രാഷ്ട്രീയ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വ്യക്തിപരമായ സത്യസന്ധതയെ ആദരിച്ചുകൊണ്ടുതന്നെ പറയട്ടെ, വിപണിയിലെ അധികമൂല്യത്തിന് അദ്ദേഹത്തെ അര്‍ഹനാക്കുന്നത് 'മേനോന്‍' എന്ന ജാതിനാമം മാത്രമാണ്.

വസ്തുതയല്ല, ആശയമാണ് പ്രധാനം

നാം ജീവിക്കുന്ന ഭൗതിക-സാമൂഹ്യ യാഥാര്‍ഥ്യത്തെക്കാളുപരിയായി, പ്രസ്തുത യാഥാര്‍ഥ്യത്തെക്കുറിച്ച് നാം നിര്‍മിക്കുന്ന സിദ്ധാന്തങ്ങള്‍, ധാരണകള്‍, വിശ്വാസങ്ങള്‍, അറിവുകള്‍ എന്നിവയാണ് നമ്മുടെ ചിന്തയേയും പ്രവൃത്തിയേയും സ്വാധീനിക്കുന്നത്. നമ്മെ സന്തോഷിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും ഭൗതിക വസ്തുതകളല്ല, അവയെക്കുറിച്ച് നാം സൃഷ്ടിക്കുന്ന സങ്കല്പങ്ങളാണ്. ഈ സങ്കല്പങ്ങളും സിദ്ധാന്തങ്ങളുമാണ് ഒരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ നയങ്ങളായും സ്ഥാപനങ്ങളായും ആവിഷ്‌കരിക്കപ്പെടുന്നത്.

'സ്ഥാപനനിര്‍മാതാവ്' എന്ന പദവി സി. അച്യുതമേനോന്‍ ന്യായമായും അര്‍ഹിക്കുന്നു എന്നു വിചാരിക്കുക. അപ്പോഴും, 'സ്ഥാപന' (Institution) വും 'ക്രമ' (Organization) വും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, ഇക്കണോമിക്‌സിലെ നോബല്‍ സമ്മാനജേതാവായ ഡൂഗ്ലാസ് സി. നോര്‍ത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രസക്തമാകുന്നു. സ്ഥപാനമെന്നത് 'കളിയുടെ നിയമങ്ങള്‍' (Rules of the gam-e) മാത്രമാണ്. ക്രമമാണ് കളിക്കാര്‍. കളിക്കാരും നിയമങ്ങളും ഒത്തുചേരുമ്പോള്‍ മാത്രമെ, യഥാര്‍Lകളി ഉണ്ടാവുകയുള്ളു എന്നാണ് ഡൂഗ്ലാസിന്റെ സിദ്ധാന്തം. (Douglas C. North, Understanding the process of Economc change. P.62) 'സമ്പത്തുല്പാദന'(Wealth Creation)മാണ് ഇവിടുത്തെ കളി. മിതവ്യയം, പ്രയത്‌നശീലം, സത്യസന്ധത, വിശ്വാസ്യത, അറിവ്, നിരന്തര നവീകരണക്ഷമത തുടങ്ങിയ ഘടകങ്ങളാണ് സമ്പത്തുല്പാദനത്തെയും സാമ്പത്തിക വളര്‍ച്ചയേയും സാധ്യമാക്കുന്നത്. വര്‍ഗ്ഗസമര കണ്ണടയിലൂടെ സാമ്പത്തികഘടനയെ വീക്ഷിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമ്പത്തുല്പാദനത്തിന്റെ പ്രാധാന്യം മനസ്സിലായില്ല. അവര്‍ കണ്ടത് സാമ്പത്തിക പുനര്‍വിതരണം മാത്രമാണ്. പുതിയതായി സമ്പത്തുല്പാദിക്കപ്പെട്ടില്ലെങ്കില്‍, എങ്ങനെ പുനര്‍ വിതരണം നടത്തുമെന്ന കാര്യം ഒരിക്കലും അവര്‍ ചിന്തിച്ചിട്ടില്ല. ആഭ്യന്തരമായി സമ്പത്തുല്പാദിപ്പിക്കുന്നതിനെക്കാള്‍ എളുപ്പമാണ് കടം വാങ്ങല്‍. ഒരു പരമാധികാര രാജ്യത്തിന്റെ ഗ്യാരണ്ടിയുണ്ടെങ്കില്‍, ഒരു പരിധിവരെ കടം കിട്ടും. എന്നാല്‍, സമ്പത്തുല്പാദിപ്പിക്കണമെങ്കില്‍ അറിവും പ്രയത്‌നശീലവും സംരംഭകത്വവും വിശ്വാസ്യതയും അനിവാര്യമാണ്. ഒരു ജാതിസമൂഹത്തിന് ഇതൊക്കെ, 'മ്ലേച്ച'മായ കാര്യങ്ങളാണ്. അതിനാല്‍, കമ്യൂണിസ്റ്റുകാര്‍, കടം വാങ്ങലിനെ ആശ്രയിച്ചു. കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്കും ഈ രീതി മറികടക്കാന്‍ കഴിഞ്ഞില്ല.

1957 മുതലുള്ള എല്ലാ ഗവണ്മെന്റുകളും നീതിപൂര്‍വമായ വിഭവ പുനര്‍ വിതരണ നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. മര്‍ദിl ജാതികളുടെയും പിന്നോക്ക സമുദായ വിഭാഗങ്ങളുടെയും ദീര്‍ഘകാലത്തെ പ്രക്ഷോഭ സമ്മര്‍ദങ്ങളുടെ ഫലമായി ഒരു സവിശേഷ പാത-ആരോഗ്യ-വിദ്യാഭ്യാസ-സംവരണോന്‍മുഖമായ ക്ഷേമ വികസനപാത-പിന്തുടരാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും നിര്‍ബന്ധിതമാവുകയാണുണ്ടായത്. ആഴത്തില്‍ ഉറച്ച ഈ പാത പിന്തുടരുകയല്ലാതെ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുമ്പില്‍ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. ഈ പ്രവണത 'പാതാശ്രിതത്വം' (path dependen-cy) എന്നു വിശേഷിപ്പിക്കപ്പെടുന്നു. നീതിപൂര്‍വമായ രാഷ്ട്രീയാധികാര-സാമ്പത്തിക പുനര്‍ വിതരണത്തിനുവേണ്ടി സമരം ചെയ്യുന്നവരുടെ ഉത്തരവാദിത്വമല്ല, അതിനാവശ്യമായ സമ്പത്ത് എങ്ങനെ സൃഷ്ടിക്കുമെന്ന കാര്യം. അത് ഭരണാധികാരികളുടെ ബാധ്യതയാണ്. ഇവിടെയാണ് കമ്യൂണിസ്റ്റുപാര്‍ട്ടികളും കോണ്‍ഗ്രസും പരാജയപ്പെട്ടത്.

മര്‍ദ്ദിതജാതി പ്രക്ഷോഭങ്ങളിലൂടെ സ്ഥാപിതമായ ക്ഷേമ വികസനപാതയെ ബോധപൂര്‍വം അട്ടിമറിക്കാനാണ് നമ്പൂതിരിപ്പാട് ശ്രമിച്ചത്. സംവരണത്തെ തകര്‍ക്കാന്‍വേണ്ടി ഇ.എം.എസ് 1958-ല്‍ രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ അതിന് തെളിവാണ്. എന്നാല്‍, ഈ ക്ഷേമവികസന പാതപിന്തുടരാനാണ് അച്യുതമേനോന്‍ ശ്രമിച്ചത്. അത് അഭിനന്ദാര്‍ഹം തന്നെ. പക്ഷേ, താന്‍ ധരിച്ചിരുന്ന വര്‍ഗസമര കണ്ണട, അച്യുതമേനോനുമേല്‍ പല വിലങ്ങുകളും തീര്‍ത്തിരുന്നു. സി. കേശവനും സഹോദരന്‍ അയ്യപ്പനും ആര്‍. ശങ്കര്‍ക്കും അത്തരം വിലങ്ങുകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍, അവര്‍ അച്യുതമേനോനെക്കാള്‍ നിര്‍ഭയരും സ്വതന്ത്രരുമായിരുന്നു.

വീണ്ടും ഒരു 'വിരോധ ചോദ്യം' ഉന്നയിക്കുകയാണ്. മര്‍ദിത ജാതി-പിന്നോക്ക ജനവിഭാഗ പ്രക്ഷോഭങ്ങളുടെയും മിഷനറിമാരുടെയും തിരു-കൊച്ചി രാജാക്കന്മാര്‍ക്ക് ബ്രിട്ടീഷുകാരോടുള്ള പേടിയുടെയും ഫലമായാണ്, ഇവിടെ സാമാന്യം വിപുലമായ ഒരു ''ബഹുജനക്ഷേമ ഭരണ സമുച്ചയം' (welfare Government Complex) സ്ഥാപിക്കപ്പെട്ടത്. അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അച്യുതമേനോന് എന്തു ചെയ്യാന്‍ കഴിയുമായിരുന്നു? തന്റെ മുഖ്യമന്ത്രിപദം കൊണ്ട് അങ്ങനെയൊന്ന് കെട്ടിപ്പടുക്കാന്‍ കഴിയുമായിരുന്നോ? കഴിയുമായിരുന്നില്ല. ഈ ക്ഷേമ സമുച്ചയത്തിനു തുരങ്കം വെയ്ക്കാന്‍ ശ്രമിച്ച നമ്പൂതിരിപ്പാടില്‍ നിന്നും വ്യത്യസ്തമായി, അത് നിലനിര്‍ത്താന്‍ ശ്രമിച്ചു എന്നതുമാത്രമാണ് അച്യുതമേനോന്റെ മേന്മ. എന്നാല്‍, ഇതിന് സുസ്ഥിരത ഉണ്ടാകണമെങ്കില്‍, സമ്പത്തുല്പാദനം മുഖ്യമായി കാണുന്ന സാമ്പത്തിക നയം ആവിഷ്‌കരിക്കണമായിരുന്നു. അച്യുതമേനോന്‍ സ്ഥാപിച്ച കെല്‍ട്രോണ്‍ പോലെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ന്നുപോയത് എന്തുകൊണ്ടാണ്? ഭൗതിക സമ്പത്തുല്പാദനമെന്ന ദീര്‍ഘകാല സാമ്പത്തിക നയത്തിന്റെ പശ്ചാത്തലത്തിലല്ല ഇത്തരം സ്ഥാപനങ്ങള്‍ വിഭാവന ചെയ്യപ്പെട്ടത് എന്നതാണ് കാരണം. പാറപ്പുറത്ത് വിത്തിടുന്നത് പോലെയാണിത്. അങ്ങനെയൊരു നയം വിഭാവന ചെയ്യാന്‍ തന്റെ വര്‍ഗസമരകണ്ണട അച്യുതമേനോനെ അനുവദിച്ചില്ല എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷെ, ദീര്‍ഘദര്‍ശിയായിരുന്നുവെങ്കില്‍ അത്തരമൊരു നയത്തിന്റെ അനിവാര്യതയെക്കുറിച്ച് അച്യുതമേനോന് തന്റെപാര്‍ട്ടി വേദികളില്‍ വാദിക്കാമായിരുന്നില്ലേ? എന്നാല്‍, അതിന് യാതൊരു തെളിവുമില്ല. അച്യുതമേനോന്റെ 'ദീര്‍ഘദൃഷ്ടി', അത്ര ദീര്‍ഘമൊന്നുമായിരുന്നില്ല.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അംഗമാകുന്നവര്‍ ജാതിപ്പേരുപേക്ഷിക്കണം എന്ന ഒരു നയത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലുമുള്ള വിപ്ലവാത്മകത അവര്‍ക്കില്ലായിരുന്നു. ജാതി-വംശീയമായ ഉച്ചനീചത്വം ധ്വനിപ്പിക്കുന്ന പേരുകള്‍ വഹിക്കുന്നത് ഒരു 'ജാതിക്കുറ്റ'മാണ്. നമ്പൂതിരിപ്പാടിന്റെയും അച്യുതമേനോന്റെയും പേരുകളില്‍ ജാതിക്കൂറിന്റെ മുദ്രയുണ്ട്. അച്യുതമേനോന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നോ, അതിന്റെ അധിക രാഷ്ട്രീയ-സാംസ്‌കാരിക മൂല്യം ബോധപൂര്‍വ്വം ചൂഷണം ചെയ്തിരുന്നുവെന്നോ എനിക്കു പറയാനാവില്ല. എന്നാല്‍, നമ്പൂതിരിപ്പാടിന് ഇതേക്കുറിച്ചെല്ലാം വ്യക്തമായി അറിയാമായിരുന്നു. 

കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളെല്ലാം നമ്പൂതിരി-നായര്‍ വിഭാഗത്തില്‍പെട്ടവരായിരുന്നു. നാലു സ്ഥാപക നേതാക്കളില്‍ കെ. ദാമോദരനും എന്‍.സി ശേഖറും തങ്ങളുടെ പേരുകളുടെ സവര്‍ണവാല്‍ മുറിച്ചുകളഞ്ഞിരുന്നു. എന്നാല്‍, പി. കൃഷ്ണപിള്ളയും ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും 'ജാതിമേന്മ'യുടെ ഭാഷാ പ്രതീകമായ വാല്‍ ജീവിതാവസാനംവരെ കൊണ്ടുനടന്നു. തൊട്ടടുത്ത തലമുറയില്‍പെട്ട അച്യുതമേനോനും 'മേനോന്‍' വാല്‍ ഉപേക്ഷിച്ചില്ല. ജാതിമേധാവിത്വത്തിന്റെയും അനര്‍ഹമായ പദവി ലഭ്യതയുടെയും ഭാഷാ പ്രതീകമായി ഉറച്ചു കഴിഞ്ഞ ഒരു ജാതി നാമമാണ് 'മേനോന്‍' എന്ന പദം. ഇതു മനസ്സിലാക്കാന്‍ വലിയ ഫ്രോയ്ഡിയന്‍ പാണ്ഡിത്യമൊന്നും ആവശ്യമില്ല. വെറും സാമാന്യബുദ്ധിമാത്രം മതി. അച്യുതമേനോനെ പോലെ ഒരാള്‍ക്ക് ഈ സാമാന്യബുദ്ധി ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? മേനോന്‍ നാമം വഹിക്കുന്നതിലൂടെ തന്നിലേക്കു വന്നു ചേരുന്ന അനര്‍ഹമായ അധികമൂല്യം വേണ്ടെന്നു വെയ്ക്കാന്‍, അച്യുതമേനോന്‍ എന്തുകൊണ്ട് തയ്യാറായില്ല? ഈ ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടത് ഇന്നത്തെ അച്യുതമേനോന്‍ പുണ്യചരിതാക്കളാണ്. സവര്‍ണ ഐഡന്റിറ്റി നിലനിര്‍ത്തുകയും അധഃസ്ഥിതര്‍ക്ക് ചില ഔദ്യോഗികാനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതിലെ വൈരുധ്യത്തെക്കുറിച്ച് അച്യുതമേനോനോ, പുണ്യചരിതാക്കളോ ആലോചിച്ചിട്ടുണ്ടോ? ഒരു സവര്‍ണന്റെ 'കുറ്റബോധ'മാകാം ഇത്തരം 'ചാരിറ്റി'യ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ജാതിക്കുറ്റം ശിക്ഷാര്‍ഹമാണ്

എല്ലാ തരത്തിലുള്ള ജാതിപ്പേരുകളും ഉപേക്ഷിക്കുകയെന്നത് തമിഴ് നാട്ടില്‍ ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. 1929-ല്‍ ചെങ്കല്‍പേട്ടില്‍ ചേര്‍ന്ന ആദ്യ 'തമിഴ് സ്വാഭിമാന' സമ്മേളനത്തില്‍, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ ഇങ്ങനെ പ്രതിജ്ഞയെടുത്തു. ''ഇ.വി രാമസ്വാമി നായ്ക്കര്‍ എന്ന ഞാന്‍ ഇന്നു മുതല്‍ ഇ.വി രാമസ്വാമി എന്നറിയപ്പെടും''. എന്നാല്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത്തരമൊരു തിരിച്ചറിവുണ്ടായിരുന്നില്ല. ആരെങ്കിലും, ജാതിപ്പേര് മാറ്റിയിട്ടുണ്ടെങ്കില്‍, അത് അവരുടെ വ്യക്തിപരമായ ഉല്പതിഷ്ണുത്വം കൊണ്ടു മാത്രമാണ്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അംഗമാകുന്നവര്‍ ജാതിപ്പേരുപേക്ഷിക്കണം എന്ന ഒരു നയത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലുമുള്ള വിപ്ലവാത്മകത അവര്‍ക്കില്ലായിരുന്നു. ജാതി-വംശീയമായ ഉച്ചനീചത്വം ധ്വനിപ്പിക്കുന്ന പേരുകള്‍ വഹിക്കുന്നത് ഒരു 'ജാതിക്കുറ്റ'മാണ്. നമ്പൂതിരിപ്പാടിന്റെയും അച്യുതമേനോന്റെയും പേരുകളില്‍ ജാതിക്കൂറിന്റെ മുദ്രയുണ്ട്. അച്യുതമേനോന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നോ, അതിന്റെ അധിക രാഷ്ട്രീയ-സാംസ്‌കാരിക മൂല്യം ബോധപൂര്‍വ്വം ചൂഷണം ചെയ്തിരുന്നുവെന്നോ എനിക്കു പറയാനാവില്ല. എന്നാല്‍, നമ്പൂതിരിപ്പാടിന് ഇതേക്കുറിച്ചെല്ലാം വ്യക്തമായി അറിയാമായിരുന്നു. അധികമൂല്യ കൊള്ളയ്ക്കുവേണ്ടി തന്റെ നമ്പൂതിരിപ്പാട് എന്ന വാലിനെ അദ്ദേഹം ബോധപൂര്‍വം ഉപയോഗിക്കുകയും ചെയ്തു. അതിനാല്‍, ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഒരു 'ജാതിക്കുറ്റവാളി'യാണ്. അത് ശിക്ഷയര്‍ഹിക്കുന്ന കുറ്റം തന്നെയാണ്. പക്ഷെ, ഇത് 'ശിക്ഷിക്കപ്പെടാത്ത കുറ്റകൃത്യ' (unpunished crime) മായി അവശേഷിക്കുന്നു. ശിക്ഷിക്കപ്പെടാതെ പോകുന്ന ഓരോ കുറ്റകൃത്യവും, 'മാനവികതയ്‌ക്കെതിരായ കുറ്റകൃത്യ' (Crime against humanity)മാകുന്നു. അച്യുതമേനോന്റെ പുണ്യചരിതാക്കള്‍ ഫലത്തില്‍ ചെയ്യുന്നത് ഈ കുറ്റകൃത്യമാണ്.

മര്‍ദിത ജാതിമനുഷ്യര്‍ ഇന്ത്യയുടെ യജമാനരാണ്. ഇക്കാലമത്രയും തങ്ങളെ അപമാനിച്ച മര്‍ദകജാതികളോട് യജമാനസ്വരത്തില്‍ ആജ്ഞാപിക്കാന്‍ അവര്‍ക്കവകാശമുണ്ട്. മര്‍ദകജാതികള്‍ അപഹരിച്ച സ്വന്തം 'പരമാധികാര ഭാഷ' (Sovereign speech), തിരിച്ചുപിടിക്കാന്‍ അവരെ അധികാരപ്പെടുത്തുന്ന വിപ്ലവമാണ് ജാതി നിര്‍മാര്‍ജനം. സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കുക (to live in liberty and dignity) യെന്നത് അടിസ്ഥാന മനുഷ്യാവകാശമാണ്, അതിന്റെ ധ്വംസകരെ ശിക്ഷിക്കുകയെന്നതും. അതിനാല്‍, മനുഷ്യവകാശം തന്നെയാകുന്നു. സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കാനുള്ള മര്‍ദിത മാനവികതയുടെ അവകാശത്തെയാണ് ജാതിക്കുറ്റവാളികളും പുണ്യചരിതാക്കളും ധ്വംസിക്കുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ജെ. രഘു

Writer

Similar News