'നിങ്ങള്‍ എന്റെ വഴിയെ എന്തിനിങ്ങനെ ഭയക്കുന്നു?'; ജി.എന്‍ സായിബാബയുടെ ജയിലില്‍ നിന്നുള്ള കവിതകളും കത്തുകളും

സായിബാബയുടെ കവിതകള്‍ വിശ്രമവേളയില്‍ വായിച്ചു ആസ്വദിക്കാനുള്ള എഴുത്തുകളല്ല. പൊള്ളുന്ന ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യത്തെയാണ് അവ വായനക്കാരന് മുന്നില്‍ അനാവരണം ചെയ്യുന്നത്. യു.എ.പി.എ പോലുള്ള കൊടുംകര്‍ക്കശ നിയമങ്ങള്‍ ചാര്‍ത്തപ്പെട്ടു ജീവിതത്തിന്റെ നല്ല കാലങ്ങള്‍ മുഴുക്കെ ജയിലുകളില്‍ തളച്ചിടപ്പെടുന്ന ആയിരക്കണക്കിനു ഇന്ത്യന്‍ രാഷ്ട്രീയത്തടവുകാരുടെയും മനസ്സാക്ഷിത്തടവുകാരുടെയും പ്രതിനിധിയാണ് കവി.

Update: 2022-09-22 12:00 GMT
Click the Play button to listen to article

യൂറോപ്പില്‍ ഫാഷിസ്റ്റ് വാഴ്ചയുടെ മൂര്‍ധന്യ കാലത്താണ് ജയിലില്‍ നിന്നുള്ള സുപ്രധാന രചനകള്‍ പലതും പുറത്തേക്കു വരാന്‍ ആരംഭിച്ചത്. ചെക്ക് കവിയും കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനുമായ ജൂലിയസ് ഫ്യൂച്ചിക്കിന്റെ കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍, ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ അന്റോണിയോ ഗ്രാംഷിയുടെ പ്രിസണ്‍ നോട്ടുബുക്ക് തുടങ്ങിയ രചനകള്‍ അര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരെ പ്രചോദിപ്പിക്കുകയാണ്. ഈ രചനകള്‍ അവയുടെ ആന്തരികമൂല്യം കൊണ്ടു മാത്രമല്ല, മറിച്ചു അവ രചിക്കപ്പെടുകയും സാഹസികമായി പുറത്തേക്കു എത്തിക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങളുടെ പേരിലും അറിയപ്പെടുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാത്രമല്ല ഫാഷിസം വന്ധീകരിക്കാന്‍ ശ്രമിച്ചത്; ചിന്തയുടെ നേരിയ സ്ഫുലിംഗങ്ങളെപ്പോലും തല്ലിക്കെടുത്താനും അത് നിരന്തരം ശ്രമങ്ങള്‍ നടത്തി.

രണ്ടാം ലോകമഹായുദ്ധം ഫാഷിസത്തെ സൈനികമായി മാത്രമാണ് പരാജയപ്പെടുത്തിയത്. ഹിറ്റ്‌ലറും മുസ്സോളിനിയും മാത്രമായിരുന്നില്ല ഫാഷിസ്റ്റ് ആചാര്യരും. അതൊരു തീവ്ര വലതുപക്ഷ ചിന്താധാരയുടെ ഭാഗമായിരുന്നു. അതിനാല്‍ യുദ്ധാനന്തരവും സമൂഹമനസ്സില്‍ അത് സ്വാധീനം നിലനിര്‍ത്തി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ലോകമെങ്ങും നവഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഭീകരവും അക്രമാസക്തവുമായ രൂപങ്ങള്‍ പ്രാപിച്ച് ജനാധിപത്യ സമൂഹങ്ങളെയും ജനാധിപത്യവാദികളെയും വരിഞ്ഞുമുറുക്കാന്‍, ശാരീരികമായും മാനസികമായും ഞെരിച്ചുതകര്‍ക്കാന്‍ ശ്രമം നടത്തുകയാണ്. പലയിടങ്ങളിലും അത് രാഷ്ട്രീയ അധികാരം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു. മുപ്പതുകളിലും നാല്‍പതുകളിലും യൂറോപ്പാണ് ഫാസിസ്റ്റ് മുന്നേറ്റത്തിന്റെ മുഖ്യവേദിയായി നിലനിന്നതെങ്കില്‍ ഇന്ന് യൂറോപ്പ് മാത്രമല്ല ലോകത്തെ മിക്ക ഭൂഖണ്ഡങ്ങളിലും ഫാസിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജൂത വിരോധമാണ് ഹിറ്റ്‌ലറുടെ നാസിപ്പടയ്ക്കു അവരുടെ ഹിംസാത്മക തേരോട്ടത്തിന്റെ മുഖ്യ പ്രേരകമായതെങ്കില്‍ ഇന്ന് ഇസ്‌ലാംഭീതിയും കറുത്തവരോടുള്ള വെറുപ്പും ജനാധിപത്യ-മാനവവാദ ചിന്തകളോടുള്ള വിരോധവും കാലാവസ്ഥാവ്യതിയാന നിഷേധവും വംശീയചിന്തയും സ്ത്രീവിരോധവും ഹിംസയോടുള്ള ആരാധനയും അവരുടെ മുഖമുദ്രയാണ്. ഭൂരിപക്ഷമത ഭീകരതയും ന്യൂനപക്ഷ വിരോധവും ആള്‍ക്കൂട്ടക്കൊലകളും സ്ത്രീവിരുദ്ധ നിലപാടുകളും ആദിവാസിഭൂമി തട്ടിയെടുക്കാനുള്ള നീക്കങ്ങളും അത്തരം നീക്കങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നവരോടുള്ള അക്രമാസക്തമായ പെരുമാറ്റവും ഇന്ന് അതിന്റെ വ്യത്യസ്ത പ്രകടനരൂപങ്ങളാണ്. ഓരോ ദേശത്തും ഓരോ തരത്തിലാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളും അവരുടെ കാലാള്‍പ്പടയും അവയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയചിന്തകരുമൊക്കെ പ്രവര്‍ത്തിക്കുന്നതും തങ്ങളുടെ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതും. പക്ഷേ, പൊതുവില്‍ എവിടെയും അതിന്റെ മുഖമുദ്ര ദയാരഹിതവും ഭീഷണവും അയുക്തികവുമായ അക്രമസ്വഭാവം തന്നെ.

ഇന്ത്യയില്‍ നരേന്ദ്രമോദിയുടെയും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെയും ബ്രസീലില്‍ ബോള്‍സനാരോയുടെയും ഹങ്കറിയില്‍ വിക്ടര്‍ ഓര്‍ബന്റെയും അധികാരാരോഹണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവഫാഷിസ്റ്റ് മുന്നേറ്റത്തിന്റെ ആരംഭം കുറിക്കുന്ന സുപ്രധാന മുഹൂര്‍ത്തങ്ങളായാണ് പലരും വിലയിരുത്തിയത്. തികഞ്ഞ വലതുപക്ഷ ആശയങ്ങളും ന്യൂനപക്ഷ വിരുദ്ധ വായ്ത്താരികളുമാണ് ഈ ഭരണാധികാരികളില്‍ എല്ലാവരും അധികാര നേട്ടത്തിനായി പ്രയോഗിച്ചത്. സത്യാനന്തര യുഗം എന്നാണ് അവരുടെ കാലഘട്ടത്തെ ചിന്തകര്‍ വിശേഷിപ്പിച്ചത്. കാരണം സത്യം, വസ്തുനിഷ്ഠത എന്നിവയായിരുന്നു അവരുടെ ഏറ്റവും വലിയ ഇരകള്‍. പുത്തന്‍ സാമൂഹിക മാധ്യമങ്ങളുടെയും സൈബര്‍ പോരാളികളുടെയും കാലത്തു നിരന്തരം ആവര്‍ത്തിച്ച, ലൈക്കുകള്‍ കൊണ്ട് മൂടപ്പെട്ട നുണ സത്യത്തേക്കാള്‍ സ്വാധീനവും ശക്തിയും നേടി. അതിനെ ചെറുക്കുന്നവരുടെ വാക്കുകള്‍ ദുര്‍ബലമായി ഏതോ നിബിഢവനങ്ങളില്‍ വെറും വനരോദനമായി നിലകൊണ്ടു.


അങ്ങനെയൊരു വനരോദനമാണ് ജി.എന്‍ സായിബാബയുടെ ''നിങ്ങള്‍ എന്തുകൊണ്ട് എന്റെ പാതയെ ഇത്രമാത്രം ഭയക്കുന്നു?'' എന്ന പേരിലുള്ള ജയിലില്‍ നിന്നുള്ള കത്തുകളും കവിതകളും. ദല്‍ഹിയിലെ സ്പീക്കിങ് ടൈഗര്‍ പ്രസാധനാലയം ഈയിടെ പുറത്തു കൊണ്ടുവന്ന ഈ കൃതി അദ്ദേഹം കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളില്‍ നാഗ്പൂരിലെ ജയിലില്‍ ഏകാന്തത്തടവുകാരനായി കഴിയുന്ന വേളയില്‍ എഴുതിയ കത്തുകളും കവിതകളുമാണ് ഉള്‍ക്കൊള്ളുന്നത്. കത്തുകളില്‍ അധികവും അദ്ദേഹം തന്റെ സഹധര്‍മിണി എ .എസ് വസന്തകുമാരിക്കും മറ്റു ചില അടുത്ത സുഹൃത്തുക്കള്‍ക്കും എഴുതിയതാണ്. അവയിലൊന്ന് അരുന്ധതി റോയിയുടെ ഒരു കഥാപാത്രമായ ആന്‍ജുമിനോടാണ് സംസാരിക്കുന്നത്. മറ്റൊന്നു മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനോടും. കവിതകളില്‍ മിക്കവയും സുഹൃത്തുക്കള്‍ക്കു എഴുതപ്പെട്ട കത്തുകളുടെ രൂപത്തിലാണ് ജയിലില്‍ നിന്നും പുറത്തേക്കെത്തിയത്. അവയില്‍ പലതും വസന്തയോടും മറ്റു സുഹൃത്തുക്കളോടും ബന്ധുക്കളോടും തന്റെ ചിന്തകളും ആഗ്രഹങ്ങളും മനോഗതങ്ങളും പങ്കുവെക്കുന്ന കാല്‍പനിക സ്വഭാവമുള്ള രചനകളാണ്. ചിലതൊക്കെ ജയിലിലെ ഏകാന്തവാസത്തിന്റെ കാഠിന്യവും ദയാരാഹിത്യവും വെളിവാക്കുന്നു. തന്നെപ്പോലെ ജയിലിലെ തന്റെ കാവല്‍ക്കാരനെയും ഒരു ജീവപര്യന്ത തടവുകാരനായാണ് അദ്ദേഹം കാണുന്നത്. മുഖങ്ങള്‍ മാറുന്നു; എന്നാല്‍, അവര്‍ ഹൃദയശൂന്യമായ ഒരു വ്യവസ്ഥയുടെ കാവല്‍ക്കാരായി അവിടെ അഴികള്‍ക്കു പുറത്തു നിതാന്തമായി നിലകൊള്ളുന്നു.


വസന്തകുമാരിയുടെ മുഖക്കുറിപ്പ് ജയിലിലെ തന്റെ പ്രിയതമനുള്ള ഒരു ദീര്‍ഘമായ എഴുത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. തങ്ങളുടെ മൂന്നുപതിറ്റാണ്ടു നീണ്ട ദാമ്പത്യജീവിതവും അതിനു മുമ്പ് ആന്ധ്രയിലെ ഒരു കുഗ്രാമത്തില്‍ വിമോചന സ്വപ്നങ്ങളുമായി ചെലവിട്ട കൗമാരവും അവര്‍ വിവരിക്കുന്നു. അഞ്ചാം വയസ്സില്‍ പോളിയോ വന്നു സായിബാബയുടെ കാലുകള്‍ തളര്‍ന്നുപോയി. എന്നാല്‍, അദ്ദേഹത്തിന്റെ അടങ്ങാത്ത ഇച്ഛാശക്തിയെയോ പഠിക്കാനും ജീവിതത്തെ അതിന്റെ സങ്കീര്‍ണതയില്‍ നേരിടാനുള്ള പ്രതിജ്ഞാബദ്ധതയെയോ മായ്ച്ചുകളയാന്‍ രോഗത്തിന് കഴിഞ്ഞില്ല. നല്ല വിദ്യാര്‍ഥിയായിരുന്ന സായിബാബ സ്വന്തം കൈകളില്‍ ശരീരഭാരം താങ്ങി ഇഴഞ്ഞുകൊണ്ടു ഹൈദരാബാദില്‍ ഉന്നത പഠനത്തിനായെത്തി. അന്ന് ഒരു ചക്രക്കസേര സ്വപ്നം കാണാന്‍ പോലും അദ്ദേഹത്തിനു ശേഷിയുണ്ടായിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി അദ്ദേഹം ചക്രക്കസേര ഉപയോഗിക്കാന്‍ തുടങ്ങിയത് 2008ല്‍ ആയിരുന്നുവെന്നു അവര്‍ ഓര്‍മിക്കുന്നു. ഹൈദരാബാദില്‍ സായിബാബ ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ഉന്നതപഠനം നടത്തി. കഠിനമായ പ്രയത്‌നങ്ങളുടെ ഒടുവില്‍ ദല്‍ഹി സര്‍വകലാശാലയിലെ ഒരു ഉന്നത വിദ്യാലയത്തില്‍ അധ്യാപകനായി നിയമനം നേടി. കഴിഞ്ഞ വര്‍ഷം ദല്‍ഹി സര്‍വകലാശാല അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

വസന്തയുടെ ഓര്‍മകളില്‍ നിറയുന്ന ഒരു കാര്യം അധ്യാപനത്തോടുള്ള ഡോ. സായിബാബയുടെ ആത്മബന്ധമാണ്. അദ്ദേഹം കുട്ടികളുടെ നടുവില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടു. അവരുടെ സംശയങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കാന്‍ രാപ്പകലില്ലാതെ ശ്രമിച്ചു. അധ്യാപനത്തില്‍ അദ്ദേഹം ആത്മസംതൃപ്തി കണ്ടെത്തി. സമൂഹത്തിനു പ്രയോജനമുള്ള, സഹജീവികളെ സ്‌നേഹിക്കുന്ന ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചു. എന്നാല്‍, ക്ലാസ് മുറികള്‍ മാത്രമായിരുന്നില്ല സായിബാബയുടെ ലോകം. അദ്ദേഹം ചുറ്റുമുള്ള സമൂഹത്തിലെ അനീതികളെപ്പറ്റിയും അവശന്മാരുടെയും ആര്‍ത്തന്മാരുടെയും ജീവിതത്തെപ്പറ്റിയും ആകുലതകള്‍ പങ്കുവെച്ചു. അവയെപ്പറ്റി നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തു. ഒരു തികഞ്ഞ സമൂഹജീവിയും മനുഷ്യസ്‌നേഹിയുമായാണ് അദ്ദേഹം തന്റെ ജീവിതം കരുപ്പിടിപ്പിച്ചത്.


2013 സെപ്റ്റംബര്‍ മാസത്തിലാണ് തങ്ങളുടെ ജീവിത്തില്‍ കരിനിഴല്‍ പടരാന്‍ തുടങ്ങിയതെന്ന് വസന്ത ഓര്‍മിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഏതാനും ഉദ്യോഗസ്ഥരും ചില പൊലീസുകാരും വീട്ടിലെത്തി. വിദൂരമായ ഗാഡ്ഷീറോളിയിലെ ഏതോ സംഭവങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് പറഞ്ഞാണ് അവര്‍ എത്തിയത്. അതൊരു ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പക്ഷേ, വിവരമറിഞ്ഞു ഓടിയെത്തിയ സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ഥികളും അധ്യാപകരും വീടിനു ചുറ്റും അണിനിരന്ന് പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് അവര്‍ക്കു പിന്‍വാങ്ങേണ്ടി വന്നു. പക്ഷേ, ഏതാനും മാസം കഴിഞ്ഞു അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു നാഗ്പൂരിലേക്കു കൊണ്ടുപോയി. അവിടെ ഗാഡ്ഷീറോളി ആദിവാസികള്‍ക്കിടയില്‍ മാവോവാദി പ്രവര്‍ത്തനം നടത്തി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് പൊലീസ് ചാര്‍ജ് ചെയ്ത കുറ്റപത്രത്തില്‍ പറഞ്ഞത്. ആരോപണം തെളിയിക്കാന്‍ ആവശ്യമായ ഒരു തെളിവും അവര്‍ ഹാജരാക്കിയില്ല. എന്നാല്‍, ജ്വരാത്മകമായ ''ദേശഭക്തിയില്‍'' സ്ഥലകാലബോധം നഷ്ടമായ ജുഡീഷ്യറിക്ക് തെളിവുകളുടെ അഭാവമോ അനീതിയോ ഒന്നും ബാധകമായിരുന്നില്ല. അദ്ദേഹം കുറ്റവാളിയെന്ന് സെഷന്‍സ് കോടതി വിധിയെഴുതി. രാജ്യദ്രോഹിയെന്നു മുദ്രയടിച്ചു ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മേല്‍ക്കോടതിയിലെ അപ്പീല്‍ നടപടികള്‍ വര്‍ഷങ്ങളായി അനന്തമായി നീളുന്നു.


വര്‍ഷങ്ങള്‍ നീണ്ട ഏകാന്തത്തടവും പീഡനങ്ങളും ഡോ. സായിബാബയുടെ ആരോഗ്യം തകര്‍ത്തതായി വസന്തയുടെ കുറിപ്പിലും സായിബാബ തന്നെ എഴുതിയ നിരവധി കുറിപ്പുകളിലും ചൂണ്ടിക്കാണിക്കുന്നു. നേരത്തെ തന്നെ പോളിയോ കാരണം 90 ശതമാനം ശാരീരിക അവശത അനുഭവിക്കുന്ന സായിബാബ ഇപ്പോള്‍ ഇരുപതോളം ഗുരുതരമായ രോഗങ്ങളുടെ അടിമയാണ്. അദ്ദേഹത്തിന്റെ പോളിയോ ബാധിച്ച കാലുകള്‍ക്കു പുറമെ ഇരുകൈകളും ഇപ്പോള്‍ ചലനരഹിതമാണ്. പൊലീസ് അദ്ദേഹത്തെ വലിച്ചിഴച്ചു പീഡിപ്പിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ ഇടതു ചുമല്‍ ഭാഗത്തെ നാഡിഞരമ്പുകള്‍ ദുര്‍ബലമായി. അതോടെയാണ് ആ കൈ പ്രവര്‍ത്തനരഹിതമായത്. പിന്നീട് മരവിപ്പ് വലതുകയ്യിലേക്കും വ്യാപിച്ചതായും പേന ചലിപ്പിക്കാന്‍ പോലും തനിക്കിപ്പോള്‍ പ്രയാസമാണെന്നും അദ്ദേഹം എഴുതുന്നു. ഏതാനും വരികള്‍ മാത്രമാണ് ഇപ്പോള്‍ ഒരവസരത്തില്‍ എഴുതാന്‍ കഴിയുന്നത്. അതുതന്നെ കടുത്ത വേദന സഹിച്ചുകൊണ്ട്.

ജയിലിനുള്ളിലെ ജയിലില്‍ ഏകാന്തത്തടവറയില്‍ പുറംലോകം കാണാനുള്ള സാധ്യത തന്നെ വളരെ കുറവാണ്. സെല്ലിന്റെ മുകളില്‍ ഒരു ഭാഗത്തെ വിടവിലൂടെ അദ്ദേഹം നീലാകാശം വീക്ഷിക്കുന്നു. മറുവശത്തു അഴികള്‍ക്കുള്ളിലൂടെ പുറത്തു പൊലീസുകാരന്റെ ബൂട്ടുകളും. അതാണ് ഒരു മഹാവിശ്വത്തെ സ്വന്തം കാല്‍പനികതയില്‍ വിരിയിച്ചെടുത്ത കവിയുടെ ലോകമിന്ന്. അവിടെ ഉണര്‍വിനും ഉറക്കിനുമിടയിലെ അന്തരാള വേളകളില്‍ അദ്ദേഹം സ്വപ്നങ്ങള്‍ കാണുന്നു; അവയില്‍ ചിലത് കവിതയായി പുറത്തേക്കൊഴുകുന്നു.


ഈ സമാഹാരത്തിലെ ആദ്യ കവിതയുടെ തലക്കെട്ട് ഉന്മാദത്തിലെ സ്വപ്നം എന്നാണ്. കോവിഡ് മഹാമാരിയുടെ പ്രചണ്ഡമായ പ്രവാഹത്തില്‍ അതിന്റെ ഇരകളുടെ സ്വാതന്ത്ര്യം കൂടി ഒലിച്ചു പോകുന്നതിനെക്കുറിച്ചാണ് ഈ കവിത. പുസ്തകത്തിന്റെ ആദ്യഭാഗത്തെ കവിതകളില്‍ മിക്കതും ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ അയച്ച കത്തുകളാണ്. മാതൃഭാഷയായ തെലുങ്കില്‍ എഴുതാനാവാനാവാതെ പ്രണയിനിക്കുള്ള ഗീതങ്ങള്‍ പോലും ഇംഗ്ലീഷ് എന്ന വിദേശഭാഷയില്‍ എഴുതേണ്ടി വരുന്നതിനെക്കുറിച്ചു അദ്ദേഹം സൂചിപ്പിക്കുന്നു. ഏകാന്തതടവുകാരനായ ''ഭീകര''ന്റെ ഓരോ വാക്കുകളിലും രാജ്യത്തിനു ഭീഷണി ദര്‍ശിക്കുന്ന ഭരണകൂടമാണ് നാട് ഭരിക്കുന്നത്. അതിനാല്‍ ഓരോ വാക്കും സെന്‍സര്‍ ചെയ്താണ് പുറത്തുവിടുന്നത്. മഹാരാഷ്ട്രയിലെ ജയിലില്‍ തെലുങ്ക് അറിയുന്ന ജയിലര്‍മാര്‍ ഇല്ലാത്തതിനാല്‍ ജയില്‍വാസികള്‍ ഒന്നുകില്‍ ഹിന്ദി, അല്ലെങ്കില്‍ ഇംഗ്ലീഷ് ഉപയോഗിക്കണം എന്നാണ് നിയമം. പ്രായമായ അമ്മ തന്നെക്കാണാന്‍ ജയിലില്‍ വന്നപ്പോള്‍ നിരക്ഷരയായ അവരോടു ഒന്നും പറയാന്‍ പറ്റാതെ പോയ സന്ദര്‍ഭത്തെ കുറിച്ചും അദ്ദേഹം ഓര്‍മിക്കുന്നു.

''യോഗിയോട്'' എന്നപേരിലുള്ള സമീപകാല കവിതയില്‍ കാവിമുണ്ടിനെ രാഷ്ട്രീയാധികാരം പിടിക്കാനുള്ള ആയുധമാക്കി മാറ്റിയ ദുസ്സാമര്‍ഥ്യത്തെ കവി കളിയാക്കുന്നു. ''നിങ്ങള്‍ മരവുരി ഉപേക്ഷിച്ചു പട്ടിന്റെ കാവി വസ്ത്രങ്ങള്‍ സ്വീകരിച്ചു... നിങ്ങള്‍ മൃദുല വികാരങ്ങള്‍ ഉപേക്ഷിച്ചു വെറുപ്പിന്റെ വികാരം മാത്രം സ്വീകരിച്ചു'' എന്നാണ് അദ്ദേഹം അതില്‍ സര്‍വസംഗത്യാഗിയായ യോഗിയോട് പറയുന്നത്.

നിരവധി കവിതകളില്‍ സമകാല ഇന്ത്യയുടെ രാഷ്ട്രീയവും നൈതികവുമായ പ്രതിസന്ധിയും അതിന്റെ ധാര്‍മികത്തകര്‍ച്ചയും സാമൂഹികമായ ഉച്ചനീചത്വങ്ങളും ചര്‍ച്ചാവിഷയമാകുന്നുണ്ട്. തന്റെ ആശയങ്ങള്‍ മുന്നോട്ടുവെക്കാന്‍ കവി പലപ്പോഴും സൂഫിവര്യനായ കബീര്‍ദാസിന്റെ വാക്കുകള്‍ കടമെടുക്കുന്നു. അരുന്ധതി റോയ് മുതല്‍ പാബ്ലോ നെരൂദ വരെ സമകാലികരും അല്ലാത്തവരുമായ നിരവധി എഴുത്തുകാരുടെ കൃതികളും വാചകങ്ങളും കഥാപാത്രങ്ങളും ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.


എന്നാല്‍, സായിബാബയുടെ കവിതകള്‍ വിശ്രമവേളയില്‍ വായിച്ചു ആസ്വദിക്കാനുള്ള എഴുത്തുകളല്ല. പൊള്ളുന്ന ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യത്തെയാണ് അവ വായനക്കാരന് മുന്നില്‍ അനാവരണം ചെയ്യുന്നത്. യു.എ.പി.എ പോലുള്ള കൊടുംകര്‍ക്കശ നിയമങ്ങള്‍ ചാര്‍ത്തപ്പെട്ടു ജീവിതത്തിന്റെ നല്ല കാലങ്ങള്‍ മുഴുക്കെ ജയിലുകളില്‍ തളച്ചിടപ്പെടുന്ന ആയിരക്കണക്കിനു ഇന്ത്യന്‍ രാഷ്ട്രീയത്തടവുകാരുടെയും മനസ്സാക്ഷിത്തടവുകാരുടെയും പ്രതിനിധിയാണ് കവി. അദ്ദേഹം പറയുന്നത് അഴികള്‍ക്കു പിന്നില്‍ കത്തിത്തീരുന്ന ജീവിതങ്ങളെക്കുറിച്ചാണ്. അവരുടെ മോഹങ്ങളെയും പ്രതീക്ഷകളെയും സങ്കടങ്ങളെയും കുറിച്ചാണ്. സായിബാബ അതില്‍ ഒറ്റയ്ക്കല്ല. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ ഇരുണ്ട തടവുമുറികളില്‍ എത്രയോ സായിബാബമാര്‍ ഇങ്ങനെ നാളുകള്‍ കഴിക്കുന്നു. അതിനിടയില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് മുറതെറ്റാതെ അതിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. സ്വന്തം പൗരജനങ്ങളില്‍ ഏറ്റവും ചിന്താശീലരായ ഒരു വിഭാഗത്തെ തടവില്‍ പീഡിപ്പിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യത്തിന്റെ അയഥാര്‍ഥതയും അര്‍ഥശൂന്യതയുമാണ് ഈ പുസ്തകത്തിലെ ഓരോ താളും നമ്മളെ ഓര്‍മിപ്പിക്കുന്നത്.

G N Saibaba, Why Do You Fear My Way So Much?

Poems and Letters from Prison,

Speaking Tiger, New Delhi, 2022, Rs. 450.00

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - എൻ.പി ചെക്കുട്ടി

Senior Journalist, Writer

Similar News