ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍
റെഡിമെയ്ഡ് ആയി മുമ്പില്‍ എത്തുന്ന വീഡിയോകള്‍ക്കപ്പുറത്ത് കുട്ടികള്‍ക്ക് മറ്റൊന്നിലും താല്‍പര്യം ഉണര്‍ത്താനാവാതെ പോവും. കേള്‍ക്കുന്ന കാര്യങ്ങളില്‍ നിന്നും വായിക്കുന്നവയില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനും ഭാവനയില്‍ ദൃശ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുമുള്ള കഴിവ് നഷ്ടമാകും.
പുതിയകാല സാഹചര്യത്തില്‍ ഒരു പരിധി വരെ ഡിജിറ്റല്‍ ഡിവൈസുകളുടെ ഉപയോഗം അത്യാവശ്യമാണെങ്കിലും അവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും അറിയുക എന്നത് പ്രധാനമാണ്. നമ്മുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ കുട്ടിയൊന്ന് കരഞ്ഞാല്‍, എന്തെങ്കിലും ആവശ്യത്തിന് വേണ്ടി വാശി പിടിച്ചാല്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനും കുട്ടിയെ അടക്കിയിരുത്താനും മൊബൈല്‍ ഫോണുകള്‍ കാര്‍ട്ടൂണുകള്‍ക്കും ഗെയിമിനും വേണ്ടി വിട്ടു കൊടുക്കുകയാണ് രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന എളുപ്പമാര്‍ഗം. എങ്കില്‍ അത് കാരണം കുട്ടിയുടെ ഭാവി ജീവിതത്തില്‍ ഉണ്ടാകുന്ന മാരകമായ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹം ബോധവാന്‍മാരല്ല എന്നതാണ് സത്യം.
മസ്തിഷ്‌ക വളര്‍ച്ചയിലെ സുപ്രധാനഘട്ടമായ മൂന്ന് വയസ്സ് വരെ സ്‌ക്രീന്‍ പൂര്‍ണ്ണമായി നല്‍കാതിരിക്കുകയും അഞ്ചു വയസ്സ് വരെ ഒരു മണിക്കൂര്‍ മാത്രം നല്‍കുകയും അതിന് ശേഷം കൃത്യമായ സമയക്രമം നിശ്ചയിക്കുകയും വേണം. പതിമൂന്നാം വയസ്സ് മുതല്‍ സോഷ്യല്‍ മീഡിയകള്‍ തുടങ്ങാമെങ്കിലും 18 വയസ്സ് വരെ സുരക്ഷിത ഇടമല്ല എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡിജിറ്റല്‍ ഡിവൈസുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌ക്രീന്‍ അഡിക്ഷന്‍ ഡിസോര്‍ഡര്‍. ഫോണ്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ മാത്രം വിനോദോപാധികളായി കണക്കാക്കുന്ന കുട്ടികളിലെ പ്രവണതയാണിത്. ഡിജിറ്റല്‍ ഉപയോഗം ശീലമായി മാറിക്കഴിഞ്ഞ കുട്ടികള്‍ക്ക് അതിന്റെ ഉപയോഗം ഇല്ലാതെ ജീവിക്കാനാവാത്ത അവസ്ഥയാണിത്. യു.എസ്‌ലെ പ്രമുഖ സൈക്കോതെറാപ്പിസ്റ്റായ ഡോ. നിക്കോളാസ് കര്‍ദരസന്‍ സ്‌ക്രീന്‍ അഡിക്ഷന്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സ്‌ക്രീന്‍ അഡിക്ഷന്‍ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിയത്.
റെഡിമെയ്ഡ് ആയി മുമ്പില്‍ എത്തുന്ന വീഡിയോകള്‍ക്കപ്പുറത്ത് മറ്റൊന്നും താല്‍പര്യം ഉണര്‍ത്താനാവാതെ പോവുന്ന ഇവര്‍ക്ക് കേള്‍ക്കുന്ന കാര്യങ്ങളില്‍ നിന്നും വായിക്കുന്നവയില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനും ഭാവനയില്‍ ദൃശ്യങ്ങള്‍ സൃഷ്ട്ടിച്ചെടുക്കാനുമുള്ള കഴിവ് നഷ്ടമാകുന്നു. ചുറ്റുമുള്ള ഒരു കാര്യങ്ങളിലും താല്‍പര്യം ജനിക്കാത്ത ഇവര്‍ക്ക് അതിനോടെല്ലാം വിരക്തി തോന്നുകയും പതിയെ ജീവിതത്തോട് തന്നെ വിരക്തി തോന്നിത്തുടങ്ങുകയും ചെയ്യും.
ദിനചര്യകള്‍ താളം തെറ്റുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത കുറയുകയും പുറകോട്ട് പോകുകയും ചെയ്യും. സുഹൃത്തുക്കളോടോ അധ്യാപകരോടോ കുടുംബാഗങ്ങളോട് പോലും സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരിക്കുകയും ഡിപ്രഷന്‍ അടിമപ്പെടുകയും ആത്ഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സമയത്ത് ചോദിക്കുകയോ എടുക്കുകയോ ചെയ്താല്‍ വളരെ വൈകാരികപരമായിട്ടാവും പ്രതികരിക്കുക. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഉറക്കം താളം തെറ്റാനും ചിന്തകളെ സ്വാധീനിക്കാനും ഇത് കാരണമാവും. കുട്ടികളുടെ വികാരങ്ങളെല്ലാം തങ്ങള്‍ കാണുന്ന കണ്ടന്റുകള്‍ക്കോ കാര്‍ട്ടൂണുകള്‍ക്കോ അനുസരിച്ചായി മാറും. ഒരു വീഡിയോ ഗൈമില്‍ തോറ്റാല്‍ അന്നേ ദിവസം മുഴുവന്‍ വിഷമിച്ചിരിക്കുകയും ജയിക്കുന്നത് അവന്റെ കൂടി സന്തോഷത്തിന് നിമിത്തമാവുകയും ചെയ്യും.
ശാരീരികമായി കഴുത്ത് വേദന, തലവേദന തുടങ്ങിയവ ഉണ്ടാകാനും കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നത് വൈകാനും കാരണമാകും. അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ എന്ന സ്‌ട്രോക്ക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്‌ക്രീന്‍ ടൈം (മൊബൈല്‍ ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടി.വി. പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം) അമിതമാകുന്നത് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഇതില്‍ നിന്നെല്ലാം മോചിതരാവാന്‍ ഡോ. നിക്കോളാസ് കര്‍ദരസന്‍ തന്നെ മുന്നോട്ട് വെച്ച 'ഗ്ലോ കിഡ്‌സ് ' പദ്ധതി ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു. സ്‌ക്രീന്‍ എന്നാല്‍ ഡിജിറ്റല്‍ ഹീറോയിന്‍ ആണെന്നും ഓരോ ഡിജിറ്റല്‍ ഉപകരണത്തിന്റെ പുറത്തും 'അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരം' എന്ന് എഴുതി വെക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സ്‌ക്രീന്‍ അഡിക്ഷന്റെ ഏറ്റവും വലിയ പരിഹാരം സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുക എന്നത് തന്നെയാണ്. യൂറോപ്പിലെയും യു.എസിലെയും രക്ഷിതാക്കളും മനഃശാസ്ത്രഞ്ജരും സ്‌ക്രീന്‍ ടൈം നിയന്ത്രണം നടപ്പാക്കിയത് ഈയടുത്താണ്. എല്ലാവിധ ഡിജിറ്റല്‍ ഉപകരണങ്ങളും ലഭ്യമായ വികസിത രാജ്യങ്ങള്‍ പോലും ഇത്തരം നിലപാടുകള്‍ കൈക്കൊള്ളുന്നത് ഇതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തിയെ കുറിക്കുന്നു.
ഫ്രാന്‍സില്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ നല്‍കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കില്‍ അമേരിക്കയില്‍ 18 മാസം വരെ സ്‌ക്രീന്‍ ഉപയോഗം പാടില്ലെന്ന് ശിശുരോഗ വിദഗ്ധര്‍ കര്‍ശനമായി വിലക്കുന്നു. മുഴുവന്‍ സ്‌ക്രീനുകളും പൂര്‍ണ്ണമായി കുട്ടികളില്‍ നിന്ന് എടുത്ത് മാറ്റുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മസ്തിഷ്‌ക വളര്‍ച്ചയിലെ സുപ്രധാനഘട്ടമായ മൂന്ന് വയസ്സ് വരെ സ്‌ക്രീന്‍ പൂര്‍ണ്ണമായി നല്‍കാതിരിക്കുകയും അഞ്ചു വയസ്സ് വരെ ഒരു മണിക്കൂര്‍ മാത്രം നല്‍കുകയും അതിന് ശേഷം കൃത്യമായ സമയക്രമം നിശ്ചയിക്കുകയും വേണം. പതിമൂന്നാം വയസ്സ് മുതല്‍ സോഷ്യല്‍ മീഡിയകള്‍ തുടങ്ങാമെങ്കിലും 18 വയസ്സ് വരെ സുരക്ഷിത ഇടമല്ല എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പുസ്തകങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും കുട്ടികളുടെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക എന്നതും ഒരു പോംവഴി ആണ്. സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഒന്നും ഇല്ലാതിരിക്കുമ്പോഴാണ് മൊബൈല്‍ ഫോണില്‍ നിന്നും അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. വായനയും സുഹൃത്തുക്കളോടൊത്തുള്ള നിമിഷങ്ങളും അതിനെ ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ സഹായിക്കും. Six step framing therapy, Anxiety scripts, Depression scripts, Anger management therapy, Stress management therapy, Reality തെറാപ്പി തുടങ്ങിയ തെറാപ്പികള്‍ വഴി കുട്ടിയെ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ ഒരു പ്രൊഫഷണല്‍ ചൈല്‍ഡ് കൗണ്‍സിലറിന് സാധിക്കും.
(മൈന്‍ഡ് വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ക്ലിനിക് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ മാനേജിങ് ഡയറക്ടറാണ് ഡോ.മുഹമ്മദ് ഷാമില്‍ ടി.പി)