നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ - ചില ജനാധിപത്യ ചോദ്യങ്ങൾ
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങൾ പരിശോധിക്കുന്നു
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഫലപ്രഖ്യാപനങ്ങളും പൂർത്തിയായിരിക്കുന്നു. എന്നാൽ, ഗൗരവമായി പരിഗണിക്കേണ്ട ചില ചോദ്യങ്ങൾ ബാക്കിയാക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പുകൾ. വോട്ടിങ് യന്ത്രങ്ങളുടെ (EVM) തകരാറിനെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ഉൗഹാപോഹങ്ങളുമായി മാത്രം ബന്ധപ്പെടുന്നതല്ല ഈ ചോദ്യങ്ങൾ. ഗൗരവമായി ശ്രദ്ധ പുലർത്തേണ്ട ചില ശക്തമായ സൂചനകൾ ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നുണ്ട്. 403 അംഗളുള്ള യു.പി നിയമസഭയിലേക്ക് യോഗി ആഥിത്യനാഥ് മുഖ്യമന്ത്രിയായി ബി.ജെ.പി രണ്ടാം തവണയും അധികാരത്തിലേറിയെങ്കിലും സമാജ്വാദി പാർട്ടി നേടിയ സീറ്റുകളും പ്രധാനമാണ്. 2017 തെരഞ്ഞെടുപ്പിൽ ബി.ജെ.പി 312 സീറ്റുകളും 39.6 ശതമാനം വോട്ടുകളും നേടിയപ്പോൾ എസ്.പി നേടിയത് 70 സീറ്റുകളായിരുന്നു(21.82 ശതമാനം വോട്ടുകൾ). ഇത്തവണ ബി.ജെ.പി നേടിയ സീറ്റുകളുടെ എണ്ണം 260 ലും താഴെയാണെങ്കിലും വോട്ടു വിഹിതം 41.8 ശതമാനം ആയി വർധിച്ചു. 2017ൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകളും 10 ശതമാനം കൂടുതൽ വോട്ടുകളും (31.9 ശതമാനം വോട്ടുകൾ) നേടാൻ എസ്.പിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയേക്കാൾ 100 സീറ്റുകൾക്ക് പിന്നിലാണെന്ന കടുത്ത യാഥാർഥ്യം അവഗണിച്ചു കൂടാ.
അഞ്ചു സംസ്ഥാനങ്ങളിലും വിജയം വരിച്ച പാർട്ടികൾ 50 ശതമാനത്തിലും താഴെ വോട്ടുകളാണ് നേടിയിട്ടുള്ളതെന്ന വസ്തുത വിജയത്തിന്റെ ജനാധിപത്യ സ്വഭാവത്തെ കുറിച്ച ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നതിൽ തർക്കമില്ല. അതേ പോലെ അത്ഭുതപ്പെടുത്തുന്നതാണ് വിജയിച്ച പാർട്ടികളും മുഖ്യ എതിരാളികളും നേടിയ സീറ്റുകൾക്കിടയിലെ വിടവ് വോട്ടു ശതമാനത്തിൽ ഒട്ടും പ്രതിഫലിച്ചിട്ടില്ല എന്നത്. ഉത്തരാഖണ്ഡിൽ 70ൽ 47 സീറ്റുകളും ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസ്സ് 19 സീറ്റുകളാണ് നേടിയത്. 44.3 ശതമാനം വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചപ്പോൾ 37.9 ശതമാനം വോട്ടുകൾ കോൺഗ്രസ്സിന് അനുകൂലമായി. ഗോവയിൽ 40 ൽ 20 സീറ്റും ബി.ജെ.പി നേടിയപ്പോൾ 11 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്സിന് വിജയിക്കാനായത്. ഇവിടെ ബി.ജെ.പിയുടെ വോട്ടു വിഹിതം 33.3 ശതമാനവും കോൺഗ്രസ്സിന്റേത് 23.5 ശതമാനവുമാണ്. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബി.ജെ.പി 32 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ്സ് നേടിയത് വെറും അഞ്ച് സീറ്റുകൾ. 37.8 ശതമാനം വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമായപ്പോൾ 16.8 ശതമാനം വോട്ടർമാരും കോൺഗ്രസ്സിനെ പിന്തുണച്ചു. വോട്ടു ശതമാന കണക്കുകൾ വെച്ച് നോക്കിയാൽ ഇവിടെ പത്തോളം സീറ്റുകൾ കിട്ടേണ്ടതാണ് കോൺഗ്രസ്സിന്.
പഞ്ചാബ് തെരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടി തൂത്തുവാരിയതോടെ അവിടുത്തെ രാഷ്ട്രീയ ചിത്രം നാടകീയമായ മാറ്റങ്ങൾക്കാണ് വിധേയമായിരിക്കുന്നത്. 177 അംഗ സഭയിൽ 92 സീറ്റുകൾ എ.എ.പി വാരിയപ്പോൾ വെറും 18 സീറ്റുകളാണ് കോൺഗ്രസ്സിന് നേടാനായത്. 42.02 ശതമാനം വോട്ടുകൾ എ.എ.പിക്ക് അനുകൂലമായപ്പോൾ 23 ശതമാനം വോട്ടുകളാണ് കോൺഗ്രസ്സിന് ലഭിച്ചത്. ഒരു പതിറ്റാണ്ട് മുന്നേ സംസ്ഥാനത്തേ ഇല്ലാതിരുന്ന പാർട്ടി എന്ന നിലയിൽ വലിയ മുന്നേറ്റമാണ് എ.എ.പി. നടത്തിയത്. 2017ൽ വെറും 20 സീറ്റുകളാണ് അവർക്ക് നേടാനായാത്. അന്ന് 70 സീറ്റുകൾ ജയിച്ചടക്കിയ കോൺഗ്രസ്സാണ് ഇത്തവണ വൻ തകർച്ച നേരിട്ടിരിക്കുന്നത്. എ.എ.പി ജയിച്ചടക്കിയതിന്റെ പകുതിയിലതികം വോട്ടുകൾ കോൺഗ്രസ്സിന് ലഭിച്ചിട്ടുണ്ട്. രസകരമെന്ന് പറയട്ടെ, ഈ കണക്കുകൾ വെച്ച് ഇരു പാർട്ടികളുടെയും സീറ്റുകൾ താരതമ്യം ചെയ്താൽ ലഭിക്കുന്നത് മറ്റൊരു ഫലവും.
വ്യത്യസ്ത എതിർകക്ഷികൾക്കിടയിൽ വോട്ടുകൾ വിഭജിക്കപ്പെട്ടത് സീറ്റുകൾക്കും വോട്ടു ശതമാനത്തിനുമിടയിലുള്ള വ്യത്യാസത്തിൽ ഒരു പരിധിയോളം പങ്ക് വഹിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലൊക്കെ 50 ശതമാനം വോട്ടുകൾ പോലും നേടാതെ മൊത്തം സീറ്റുകളുടെ പകുതിയിലേറെ കൈയടക്കാൻ വിജയിച്ച പാർട്ടികൾക്ക് കഴിഞ്ഞതും ഇത് കൊണ്ടാണ്.
എന്നാൽ, പഞ്ചാബിലെ കോണ്ഗ്രസ്സിന്റെ മോശം പ്രകടനം സ്ഥിതിവിവരണക്കണക്കുകൾ കൊണ്ട് മാത്രം വിശദീകരിക്കാൻ പറ്റുന്നതല്ല. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സമയത്ത് നവജ്യോത് സിങ് സിദ്ദുവിന്റെ രാഷ്ട്രീയ കലിതുള്ളലുകൾക്ക് അധിക ശ്രദ്ധ നൽകുന്നതിൽ കോൺഗ്രസ്സ് അമിതാവേശം കാണിച്ചു. മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരെ സിദ്ദു തുടങ്ങിവെച്ച ബഹളങ്ങൾ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാൻ വരെ കാരണമായി (സെപ്തംബർ 18, 2021). തുടർന്ന് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച അദ്ദേഹം പുതിയൊരു പാർട്ടി രൂപീകരിച്ചു. ഈ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും തോൽവിയായിരുന്നു വിധി.
ഭരണകാലയളവിന്റെ 90 ശതമാനവും പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ക്യാപ്റ്റനെതിരെ സിദ്ദു ശബ്ദിക്കാൻ തുടങ്ങിയത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ക്യാപ്റ്റനെ കൈവിട്ട് സിദ്ദുവിന്റെ പിന്നാലെ കൂടിയ കോൺഗ്രസ് നേതാക്കൾക്ക് പിഴവ് സംഭവിച്ചു എന്നത് വ്യക്തമാണ്. 2017ലാണ് സിദ്ദു കൊൺഗ്രസ്സിലേക്ക് കടന്നുവന്നത് എന്ന യാഥാർഥ്യവും അവർ മറന്നുകളഞ്ഞു. തങ്ങൾക്കിടയിൽ തന്നെ പിളർപ്പിലേക്ക് നയിച്ച ഉൾപ്പാർട്ടി പോരിനെ ഫലപ്രദമായി നേരിടുന്നതിലെ കോൺഗ്രസ്സ് നേതാക്കളുടെ പരാജയത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നുണ്ടിത്. തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ച പാർട്ടിക്കകത്തെ പിളർപ്പിനുള്ള സാധ്യതയെ അവർ പാടെ അവഗണിച്ചത് തെരഞ്ഞെടുപ്പിൽ സാരമായി ബാധിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തെത്തിയിരിക്കെയാണ് സിദ്ദുവിന്റെ പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചത് എന്ന യാഥാർഥ്യവും ആരും ശ്രദ്ധിച്ചില്ല. സിദ്ദുവിന്റെ രാഷ്ട്രീയ കളികൾക്ക് വലിയ മീഡിയാ ശ്രദ്ധ ലഭിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ, കായിക വിനോദ ലോകത്ത് അറിയപ്പെട്ട വ്യക്തിത്വമായിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന് ഇങ്ങനെ മീഡിയാ ശ്രദ്ധ ലഭിക്കുമായിരുന്നില്ല. മീഡിയാ ഹൈപ്പിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് വിജയികളെ പ്രവചിക്കാനാവില്ല എന്നതാണ് അദ്ദേഹത്തിന്റെ തന്നെ പരാജയം നൽകുന്ന സൂചന.
ക്യാപ്റ്റൻ സിങിന്റെ പിൻഗാമിയായി ചരൺജിത് സിങ് ഛന്നിയെ തിരഞ്ഞെടുക്കുക വഴി പഞ്ചാബിലും യു.പി.യിലും ദലിത് വോട്ടുകൾ നേടിയെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം തന്നെ. പക്ഷെ, ഒരു വർഷത്തിലും കുറഞ്ഞ സമയംകൊണ്ട് അദ്ദേഹത്തിന് എത്രത്തോളം ചെയ്യാൻ സാധിക്കും? ഛന്നിയുടെ സ്ഥാനാർത്തിത്വത്തെയും കർഷക സമരത്തെയും മുതലെടുക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും കോൺഗ്രസ്സിന് പ്രതികൂലമായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങൾ.
മോദി തരംഗമാണ് യു.പി.യിലെ ബി.ജെ.പി വിജയത്തിന്റെ പ്രഥമകാരണമായി കരുതപ്പെടുന്നതെങ്കിൽ പഞ്ചാബ് നൽകുന്ന സന്ദേശം മറ്റൊന്നാണ്. വെറും രണ്ട് സീറ്റുകളാണ് ഇവിടെ ബി.ജെ.പിക്ക് നേടാനായത്. എന്നാൽ, അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടിക്ക് വോട്ടർമാർ നൽകിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് അവരുടെ വിജയം. ബി.ജെ.പിയിലോ എ.എ.പിയിലോ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് യു.പിയിലും പഞ്ചാബിലും ഉൾപ്പാർട്ടി പോരുകൾ ഉണ്ടായിട്ടില്ല. സമാജ്വാദി പാർട്ടി യു.പിയിൽ പരാജയപ്പെട്ടെങ്കിലും 2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവർക്ക് ലഭിച്ച വർധനവ് അവഗണിക്കാൻ കഴിയില്ല. 2017ൽ എസ്.പിയിലും ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ടായിരുന്നു. ബി.ജെ.പി വിരുദ്ധ കക്ഷികൾ ഐക്യപ്പെടുന്നതിൽ പരാജയപ്പെട്ടത് യു.പിയിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതിന്റെ കാരണങ്ങളിലൊന്നായി മനസ്സിലാക്കാവുന്നതാണ്.
പ്രധാനകക്ഷികളുടെ ഒക്കെ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവരാരാണെന്ന് വോട്ടർമാർ നന്നായി പരിഗണിച്ചിട്ടുണ്ട് എന്നതിന്റെ ശക്തമായ സൂചനകൾ നൽകുന്നുണ്ട് അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ. ചുരുക്കി പറഞ്ഞാൽ, യു.പിയിലെയും പഞ്ചാബിലെയും വിജയങ്ങൾ യോഗിയുടെയോ ഭഗവത് മന്നിന്റെയോ (ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി) മാത്രം വിജയമല്ല; മറിച്ച് ഇരുപാർട്ടികളുടെയും നേതൃത്ത്വത്തിന്റെ കൂടി വിജയമാണ്. ഇവിടെയാണ് പഞ്ചാബിലെ കോൺഗ്രസ്സ് പാർട്ടി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. യു.പിയിലെ കഠിന യാഥാർഥ്യത്തെ കോൺഗ്രസ്സ് ഇനിയും അംഗീകരിച്ചിട്ടില്ല. നേതാക്കളുടെ മീഡിയ കവറേജ് വോട്ടായി മാറുകയില്ലെന്ന വസ്തുതയും കോൺഗ്രസ്സ് തിരിച്ചറിയേണ്ടിയിരിക്കുന്നു.