ഇലക്ടറല്‍ ബോണ്ടും കോടതി വ്യവഹാരങ്ങളും

പേരുവെളിപ്പെടുത്താതെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സംവിധാനമായ ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, 2024 ഫെബ്രുവരി 15 നാണ് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രീംകോടതി വിധിയിലൂടെ കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാതമാണ് ഏല്‍ക്കേണ്ടിവന്നത്. എന്താണ് ഇലക്ടറല്‍ ബോണ്ട് സ്‌കീം എന്നതും ഇലക്ടറല്‍ ബോണ്ടിന്റെ നാള്‍വഴികളും പരിശോധിക്കുന്നു.

Update: 2024-03-25 11:19 GMT
Advertising

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഫണ്ടിംഗ് സംവിധാനത്തെ ശുദ്ധീകരിക്കാനായി ഇലക്ടറല്‍ ബോണ്ട് എന്ന ആശയം കൊണ്ടുവരുന്നത്. അന്നത്തെ ധമനന്ത്രി അരുണ്‍ ജെയ്റ്റ്ലി, 2017-18 കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ' സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന സുതാര്യമായ ഒരു രീതി വികസിപ്പിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ സംവിധാനത്തിന് ഇലക്ടറല്‍ ബോണ്ട് അത്യന്താപേക്ഷിതമാണ് '' എന്ന് പ്രഖ്യാപിക്കുയുണ്ടായി. ഇലക്ടറല്‍ ബോണ്ട് ഒരു പ്രോമിസറി നോട്ട് പോലെയാണ്. പണം നല്‍കുന്നയാളുടെയും പണം സ്വീകരിക്കുന്നയാളുടെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രോമിസറി നോട്ടില്‍ നിന്ന് വ്യത്യസ്തമായി, ഇലക്ടറല്‍ ബോണ്ടിന് ഇടപാടിലെ കക്ഷികളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കില്ല. ഇത് കക്ഷികള്‍ക്ക് പൂര്‍ണ്ണമായ രഹസ്യാത്മകത നല്‍കുന്നു.

ഇലക്ടറല്‍ ബോണ്ട് സ്‌കീം നിയമ ചട്ടക്കൂട്

2016 മെയ് 14 ന് ധനകാര്യ നിയമം 2016 പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ കമ്പനികളില്‍ ഭൂരിപക്ഷം ഓഹരിയുള്ള വിദേശ കമ്പനികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ അനുവദിക്കുന്നതിന് വിദേശ സ്രോതസ്സ് നിര്‍വചിക്കുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്, 2010 (FCRA) യുടെ സെക്ഷന്‍ 2(1)(j)(vi) എന്നിവ ഭേദഗതി ചെയ്തു. മുന്‍പ് എഫ്.സി.ആര്‍.എ, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്- 1999 എന്നിവ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ നിന്ന് വിദേശ കമ്പനികളെ വിലക്കിയിരുന്നു. 2017 മാര്‍ച്ച് 31-ന്, 2017 ലെ ഫിനാന്‍സ് ആക്റ്റ്, ജനപ്രാതിനിധ്യ നിയമം, 1951 (RoPA), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934, ആദായ നികുതി നിയമം, 1961 , കമ്പനി നിയമം, 2013 എന്നിവയില്‍ ഭേദഗതി വരുത്തി.

2017ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 11, ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന സംഭാവനകളുടെ വിശദമായ രേഖ സൂക്ഷിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ട് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 13 എ ഭേദഗതി ചെയ്തു. സെക്ഷന്‍ 135 ആര്‍.ബി.ഐ നിയമത്തിലെ സെക്ഷന്‍ 31 ഭേദഗതി ചെയ്തു. ഇതുപ്രകാരം ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാന്‍ ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കിനെ അധികാരപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിനെ അനുവാദം നല്‍കി.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന സംഭാവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ട്, സെക്ഷന്‍ 137 RoPA യുടെ സെക്ഷന്‍ 29 സിയില്‍ ഒരു വ്യവസ്ഥ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍ വെളിപ്പെടുത്തുന്നു.

2013-ലെ കമ്പനി നിയമത്തിലെ 182-ാം വകുപ്പ്, 154-ാം വകുപ്പ് എന്നിവ ഭേദഗതി ചെയ്തു. ഒരു കമ്പനി, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എത്ര തുക സംഭാവന നല്‍കാമെന്നതിന്റെ ഉയര്‍ന്ന പരിധി എടുത്തുകളഞ്ഞു. കമ്പനിയുടെ മൂന്ന് വര്‍ഷത്തെ അറ്റാദായത്തിന്റെ 7.5 ശതമാനം വരെ മാത്രമേ കമ്പനികള്‍ക്ക് മുമ്പ് സംഭാവന ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

ഭേദഗതികളോടുള്ള എതിര്‍പ്പുകള്‍

ഭേദഗതികള്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, 2017 സെപ്റ്റംബറിലും 2018 ജനുവരിയിലും, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), കോമണ്‍ കോസ് എന്നീ രണ്ട് സര്‍ക്കാരിതര സംഘടനകളും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ഉംഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. തുടക്കത്തില്‍, രാജ്യസഭയുടെ ഉയര്‍ന്ന സൂക്ഷ്മപരിശോധന തടയാന്‍ ധനകാര്യ നിയമങ്ങള്‍ തെറ്റായി ധനബില്ലുകളായി പാസാക്കിയതായി ഹര്‍ജിക്കാര്‍ വാദിച്ചു. ആര്‍ട്ടിക്കിള്‍ 110 പ്രകാരം മണി ബില്ലുകളുടെ ഉപയോഗത്തോടുള്ള വലിയ വെല്ലുവിളിയാണ് ഇത് എന്നും ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിംഗില്‍ സുതാര്യതയില്ലായ്മ അനുവദിക്കുകയും വലിയ തോതില്‍ തെരഞ്ഞെടുപ്പ് അഴിമതി നിയമവിധേയമാക്കുകയും ചെയ്തുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഇലക്ടറല്‍ ബോണ്ട് സ്‌കീമിന്റെ രൂപരേഖ

2018 ജനുവരി 2-ന് ധനമന്ത്രാലയം ഇലക്ടറല്‍ ബോണ്ട് സ്‌കീം- 2018 അവതരിപ്പിച്ചുകൊണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. സ്‌കീമിന് കീഴില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ചില ശാഖകള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ അധികാരപ്പെടുത്തി. എസ്.ബി.ഐയില്‍ നിന്ന് 1,000, 10,000, 1,00,000,10,00,000, 1,00,00,000 എന്നീ മൂല്യങ്ങളില്‍ ബോണ്ടുകള്‍ വാങ്ങാം എന്ന വ്യവസ്ഥ കൊണ്ടുവന്നു.

എല്ലാ വര്‍ഷവും ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 10 ദിവസത്തേക്ക് ഇവ വില്‍ക്കണം. വാങ്ങുന്നയാളുടെ ഐഡന്റിറ്റി എസ്.ബി.ഐ ഒഴികെ എല്ലാവര്‍ക്കും അജ്ഞാതമായി തുടര്‍ന്നു.

ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തിലധികം വോട്ട് നേടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്. ബോണ്ട് ലഭിച്ച് 15 ദിവസത്തിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ പണമിടപാട് നടത്തണം. കാലയളവ് അവസാനിച്ചതിന് ശേഷം ഉള്ള ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും.

ഇലക്ടറല്‍ ബോണ്ട് സ്‌കീമും തെരഞ്ഞെടുപ്പ് കമീഷനും

2019 മാര്‍ച്ച് 25 ന്, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചു. രാഷ്ട്രീയ ധനകാര്യത്തില്‍ സുതാര്യത എന്ന ലക്ഷ്യത്തിന് വിരുദ്ധമാണ് പദ്ധതിയെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. 2017 മെയ് 26 ന് തെരഞ്ഞെടുപ്പ് കമീഷന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗിന്റെ സുതാര്യത സംബന്ധിച്ച ആശങ്കള്‍ പങ്കുവെച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഒരു കത്ത് കൈമാറി. സംഭാവനകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കിടുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്നത് വിദേശ ഫണ്ടിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കലാണെന്ന് അവര്‍ ബോധിപ്പിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശോധനക്ക് വിധേയമാക്കാത്ത വിദേശ ഫണ്ടിംഗ് ഇന്ത്യന്‍ നയങ്ങളെ വിദേശ കമ്പനികളുടെ സ്വാധീനത്തിലേക്ക് നയിച്ചേക്കാം എന്ന ആശങ്ക കമീഷന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

2019 ഏപ്രില്‍ 1-ന് കേന്ദ്ര സര്‍ക്കാര്‍, ഇലക്ടറല്‍ ബോണ്ട് തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുടെ ഭാഗമാണെന്നും സുതാര്യത ഉറപ്പാക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും മറുപടി സമര്‍പ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും സംഭാവനകളിലൂടെയാണ് പണം സ്വീകരിച്ചിരുന്നതെന്നും ഇത് കള്ളപ്പണത്തിന്റെ അനിയന്ത്രിതമായ ഒഴുക്കിന് കാരണമായെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇത്തരം ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാന്‍ കഴിയുന്ന ഒരേയൊരു അംഗീകൃത ബാങ്ക് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണെന്നും കമീഷനെ ബോധിപ്പിച്ചു.

സുപ്രീം കോടതി ഇടപെടല്‍

2019 ഏപ്രില്‍ 12 ന്, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംഭാവനകള്‍, ദാതാക്കള്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം ഗൗരവമേറിയ വിഷയങ്ങളില്‍ ആഴത്തിലുള്ള വാദം നടക്കേണ്ടതുണ്ടെന്ന പ്രസ്താവനയോടെ പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേ നല്‍കുന്നതില്‍ നിന്ന് ബെഞ്ച് വിട്ടുനിന്നു. ഈ ഉത്തരവിനെ തുടര്‍ന്ന് ഹരജിക്കാര്‍ ഒന്നിലധികം തവണ കോടതിയെ സമീപിച്ചു. അടിയന്തര വാദം കേള്‍ക്കുന്നതിനുള്ള അപേക്ഷ 2019 നവംബറിലും, പിന്നീട് 2020 ഒക്ടോബറില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായും ഫയല്‍ ചെയ്തു.

2021-ന്റെ തുടക്കത്തില്‍, ബോണ്ട് വില്‍പ്പനയുടെ പുതിയ റൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് സ്‌കീമിന് സ്റ്റേ ആവശ്യപ്പെട്ട് ഹരജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അപേക്ഷ പരിഗണിച്ചത്. 2021 മാര്‍ച്ച് 26-ന് ബെഞ്ച് സ്റ്റേ നിഷേധിച്ചു. വിദേശ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബോണ്ടുകള്‍ വാങ്ങുകയും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന ഹരജിക്കാരുടെ ആശങ്ക തെറ്റിദ്ധാരണാജനകമാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരേ കാര്യം ആവശ്യപ്പെട്ട് ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടി ബെഞ്ച് കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരെ കര്‍ശനമായി വിലക്കുകയും ചെയ്തു.

2023 ഒക്ടോബര്‍ 16-ന്, 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി കേസ് കേള്‍ക്കാന്‍ ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, വിഷയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

2023 ഒക്ടോബര്‍ 31 ന്, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്ന് ദിവസങ്ങളിലായി വാദം കേട്ടു. ഇലക്ടറല്‍ ബോണ്ട് പദ്ധതി കോര്‍പ്പറേറ്റ് ഫണ്ടിംഗും കള്ളപ്പണ പ്രചാരവും അഴിമതിയും വര്‍ധിപ്പിച്ചതായി ഹര്‍ജിക്കാര്‍ വാദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളും കാഴ്ചപ്പാടുകളും അറിയിക്കുന്നതിനാല്‍, അവരുടെ ഫണ്ടിംഗ് സ്രോതസ്സിനെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അവര്‍ വാദിച്ചു. പണം നല്‍കാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതികാരത്തിന് വിധേയരായ ദാതാക്കളുടെ രഹസ്യസ്വഭാവവും സ്വകാര്യതയ്ക്കുള്ള അവകാശവും ഉറപ്പുനല്‍കുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ മറുവാദം ഉന്നയിക്കുകയും ചെയ്തു. 2023 നവംബര്‍ 2-ന് ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റിവച്ചു.

2024 ഫെബ്രുവരി 15-ന് കോടതി ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(A)ല്‍ പ്രതിപാദിക്കുന്ന വോട്ടര്‍മാരുടെ വിവരാവകാശത്തിന്റെ ലംഘനമാണ് പദ്ധതിയെന്ന് ബെഞ്ച് വിലയിരുത്തി. ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2019 ഏപ്രില്‍ 12 മുതല്‍ ഇന്നുവരെ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ഈലക്ഷന്‍ കമീഷന് സമര്‍പ്പിക്കാന്‍ എസ്.ബി.ഐക്ക് നിര്‍ദേശം നല്‍കി. വാങ്ങുന്നയാളുടെയും ബോണ്ടുകള്‍ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കൂടാതെ, എസ്.ബി.ഐ പങ്കിട്ട വിവരങ്ങള്‍ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ (2024 മാര്‍ച്ച് 13 നകം) അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ഉത്തരവിട്ടു. 


ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാപരമാണോ, ഇലക്ടറല്‍ ബോണ്ട് പദ്ധതി വോട്ടര്‍മാരുടെ വിവരാവകാശത്തെ ലംഘിക്കുന്നുണ്ടോ, ദാതാക്കളുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കുക എന്ന കാഴ്ചപ്പാടോടെ അജ്ഞാതത്വം അനുവദിക്കാന്‍ പദ്ധതിക്ക് കഴിയുമോ, ഇലക്ടറല്‍ ബോണ്ട് പദ്ധതി ജനാധിപത്യ പ്രക്രിയക്കും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനും ഭീഷണിയാകുന്നുണ്ടോ എന്നീ നാല് സുപ്രധാന കാര്യങ്ങളാണ് സപ്രീംകോടതി വിശകലനത്തിന് വിധേയമാക്കിയത്. 

2019 മുതല്‍ 2024 വരെ ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത് 6060 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 1600 കോടിയും കോഗ്രസ്സിന് 1400 കോടിയുമാണ് ലഭിച്ചത്. അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കമ്പനികള്‍ക്ക് വന്‍കിട പദ്ധതികള്‍ക്കുള്ള കരാരുകള്‍ നല്‍കിയുമൊക്കെയാണ് ബി.ജെ.പി ഇലക്ടറല്‍ ബോണ്ടുകള്‍ സമ്പാദിച്ചതെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News