സുധാകരന് വേണ്ടി പ്രാര്‍ഥിച്ചും തോമസിനൊപ്പം നിന്നും കോണ്‍ഗ്രസ് അച്ചടക്ക സമിതി
ദില്ലി ഡയറി| സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വഴി കെ. സുധാകരന്‍ സമ്മര്‍ദം ശക്തമാക്കിയില്ലെങ്കില്‍ കടുത്ത നടപടിയില്ലാതെ തോമസ് വിവാദം കെട്ടടങ്ങും.
ഡല്‍ഹിയിലെ ഗുരുദ്വാര രക്കബ് ഗഞ്ച് റോഡിലെ പതിനഞ്ചാം നമ്പര്‍ വസതിയിലാണ് കോണ്‍ഗ്രസിന്റെ വാര്‍റൂം. രണ്ടു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള നടപടി ആലോചിക്കാനാണ് അച്ചടക്ക സമിതി വാര്‍റൂമില്‍ ചേര്‍ന്നത്. പഞ്ചാബിലെ സുനില്‍ ജാക്കര്‍, കേരളത്തിലെ കെ.വി തോമസ് എന്നിവര്‍ക്കെതിരെ നടപടി ചര്‍ച്ച ചെയ്യുമെന്ന് അറിയാവുന്നതിനാല്‍ പഞ്ചാബി, മലയാളം വാര്‍ത്താ ചാനലുകള്‍ വാര്‍റൂമിനു മുന്നില്‍ ഹാജരുണ്ട്. ഏപ്രില്‍ രണ്ടാം വാരത്തിലെ ചൂട്, 72 വര്‍ഷത്തിന് ശേഷം 42 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന സമയം കൂടിയായതിനാല്‍ ഡല്‍ഹി പൊള്ളുകയാണ്. അജണ്ട എന്താണെന്നു പോലും അറിയില്ലെന്ന് പറഞ്ഞാണ് സമിതി അംഗം ജെ.പി അഗര്‍വാള്‍ യോഗത്തിനു എത്തിയത്.
പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സുനില്‍ ജാക്കറിന്റെ പേരിലുള്ള കുറ്റം മുന്‍ മുഖ്യമന്ത്രി ചരണ്‍ സിംഗ് ചന്നിയെ അധിക്ഷേപിച്ചു എന്നതാണെങ്കില്‍ പാര്‍ട്ടി വിലക്ക് മറികടന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പോയതാണ് കെ.വി തോമസിനെതിരായ കുറ്റപത്രം.
കേരളത്തില്‍ നിന്നുള്ള 30 എ.ഐ.സി.സി അംഗങ്ങളില്‍ ഒരാളാണ് ഈ മുന്‍ കേന്ദ്രമന്ത്രി എന്നത് കൊണ്ടാണ് വിഷയം അച്ചടക്ക സമിതിക്ക് പരിഗണിക്കേണ്ടി വരുന്നത്. കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍ പരാതിക്കാരനായത് കൊണ്ടാണ് പ്രാധാന്യം വര്‍ധിക്കുന്നതും.
പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ.വി.തോമസിനെ പുറത്താക്കിയുള്ള കടുത്ത തീരുമാനം ഡല്‍ഹിയില്‍ നിന്ന് ഉണ്ടാകണം എന്നതാണ് കേരള നേതൃത്വത്തിന്റെ താല്‍പര്യമെങ്കിലും ഇങ്ങനെ ഒരു അഭിപ്രായം ഹൈക്കമാന്റിനില്ല എന്നതാണ് വാസ്തവം. സോണിയ ഗാന്ധിയുമായുള്ള ബന്ധമല്ല മറിച്ചു, കോണ്‍ഗ്രസില്‍ നിന്ന് പരിചയ സമ്പന്നരായ നേതാക്കള്‍ കൊഴിഞ്ഞു പോകുമ്പോള്‍ 'ഞാന്‍ മരിക്കുന്നത് വരെ കോണ്‍ഗ്രസ് ആയി തുടരും ' എന്ന് പറയുന്ന കെ.വി തോമസിനെ വിലമതിക്കുന്നുണ്ട് എന്നതാണ് കാര്യം.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരില്‍ കോണ്‍ഗ്രസ് വാചാലമാകുന്നുണ്ടെങ്കിലും യു.പി.എ സര്‍ക്കാരിലെ നായകരായ ഡോ. മന്‍മോഹന്‍ സിംഗിനും പി. ചിദംബരത്തിനും പദ്ധതി അത്രയ്ക്ക് പഥ്യമായിരുന്നില്ല. പൊതുവിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനു ആദ്യം തടയിട്ട സോണിയ ഗാന്ധിയും എ.കെ ആന്റണിയും സ്വപ്ന പദ്ധതി ഏല്‍പ്പിച്ചത് ആരോടും വഴക്കിടാത്ത തോമസ് മാഷെ ആയിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ ഓടി നടന്നാണ് മാഷ് ഒരു വിധത്തില്‍ ബില്ല് പാര്‍ലമെന്റില്‍ എത്തിച്ചത്.
പ്രതിപക്ഷത്ത് സോണിയ ഗാന്ധിക്ക് ഏറ്റവും മതിപ്പുള്ള പാര്‍ട്ടി സി.പി.എമ്മും സൗഹൃദമുള്ള നേതാവ് സീതാറാം യെച്ചൂരിയുമാണ്. ഇ അഹമ്മദ് ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു ആശുപത്രിയില്‍ എത്തിയ സോണിയ ഗാന്ധി ആദ്യം പറഞ്ഞത് സീതാറാമിനെ വിളിക്കണമെന്നായിരുന്നു. മലയാളി എം.പിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, സെമിനാറിനു പോകേണ്ടെന്നു ശശി തരൂരിനോടും കെ.വി തോമസിനോടും പറഞ്ഞെങ്കിലും സി.പി.എമ്മിനോടുള്ള സോണിയ ഗാന്ധിയുടെ താല്‍പര്യം ഡല്‍ഹിക്ക് അറിയാവുന്നതാണ്.
രാഷ്ട്രീയത്തില്‍ ഒരു കാര്യം നടപ്പാക്കാതിരിക്കാന്‍ ഏറ്റവും നല്ല വഴി കാലതാമസം വരുത്തുക എന്നതാണെന്ന് നന്നായി അറിയാവുന്ന നേതാവ് എ.കെ ആന്റണിയാണ്. അച്ചടക്ക സമിതി കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചു.
ആന്റണി അധ്യക്ഷനായ സമിതി നടപടി ചര്‍ച്ച ചെയ്യുമെന്ന് അറിഞ്ഞപ്പോഴേ വിശുദ്ധ വാരത്തില്‍ കെ.വി തോമസിനെ കോണ്‍ഗ്രസ് കുരിശിലേറ്റില്ലെന്നു ഉറപ്പായിരുന്നു. തൃക്കാക്കര പാലം കടക്കുന്നത് വരെ നോട്ടീസ്, മറുപടി ചര്‍ച്ച എന്നിവയുമായി നീണ്ടു പോകാനാണ് സാധ്യത. നടപടി ആവശ്യം സംസ്ഥാന നേതൃത്വം ശക്തമാക്കിയാല്‍ സുധാകരന്റെ അഭിമാനം സംരക്ഷിച്ചു കൊണ്ട് തന്നെ തോമസിനെ സി.പി.എഎമ്മിലേക്ക് തള്ളി വിടാതിരിക്കാന്‍ അച്ചടക്ക സമിതി കരുനീക്കുക. സി.പി.എമ്മും കെ.വി തോമസും പുറത്താക്കല്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആളെ അകത്താക്കി ശീലമുള്ള ആന്റണി അതിന് വഴങ്ങാന്‍ സാധ്യത കുറവാണ്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വഴി കെ. സുധാകരന്‍ സമ്മര്‍ദം ശക്തമാക്കിയില്ലെങ്കില്‍ കടുത്ത നടപടിയില്ലാതെ തോമസ് വിവാദം കെട്ടടങ്ങും.
(മീഡിയ വണ്‍ ന്യുഡല്‍ഹി ബ്യുറോചീഫാണ് ലേഖകന്‍)