വിശ്വനാഥന്റെ മരണം: എ.പി.സി.ആര്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് വെച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം സംബന്ധിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് - എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം.
ആമുഖം:
കല്‍പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ പരേതനായ സോമന്റെയും പാറ്റയുടെയും മകനായ വിശ്വനാഥന്റെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുവെച്ചുള്ള മരണത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങള്‍ കുടുംബവും സമൂഹവും ഉന്നയിച്ചുകൊണ്ടിരിക്കെയാണ് വസ്തുതാന്വേഷണ സംഘം ഈയൊരു റിപ്പോര്‍ട്ടിനായി ശ്രമം നടത്തുന്നത്.
2023 ഫെബ്രുവരി 9 വ്യാഴാഴ്ച്ച രാത്രിയില്‍ നടന്ന സംഭവങ്ങളാണ് ഈ മരണത്തിലേക്ക് നയിച്ചത്. അന്നേദിവസം മോഷണക്കുറ്റം ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സുരക്ഷാ ജീവനക്കാരും ആള്‍ക്കൂട്ടവും വിശ്വനാഥനെ പിടിച്ചുവെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് വിശ്വനാഥന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും സുരക്ഷാ ജീവനക്കാരോടൊപ്പം ഹോസ്പിറ്റലിലെ കൂട്ടിരിപ്പുകാരും പൊലീസും ചേര്‍ന്നുനടത്തിയ നിയമവിരുദ്ധ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഉണ്ടായ മരണം ആണിതെന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആദിവാസി കര്‍ഷക തൊഴിലാളി സമൂഹത്തോടുള്ള സമൂഹത്തിന്റെയും നിയമപാലകരുടെയും മുന്‍വിധികളാണ് ഈ മരണത്തിന് കാരണമായതെന്നുള്ള വാദങ്ങള്‍ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിശ്വനാഥന്റെ തിരോധാനത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളിലെ പൊലീസ് അനാസ്ഥയും പൊലീസിന്റെ ആദിവാസി -കര്‍ഷക തൊഴിലാളി സമൂഹത്തോടുള്ള മുന്‍വിധികളും അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റവുമാണ് വിശ്വനാഥന്റെ മരണത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫെബ്രുവരി 16ന് വസ്തുതാന്വേഷണ സംഘം വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ച് സഹോദരങ്ങളോടും മാതാവിനോടും സംസാരിച്ചു. വയനാട് മെഡിക്കല്‍ കോളജിലെത്തി ഭാര്യയെയും ഭാര്യാമാതാവിനെയും സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ACP സുദര്‍ശന്‍, SCST കcീഷന്‍ മെമ്പര്‍ അഡ്വ. സൗമ്യ സോമന്‍, പട്ടികജാതി വികസന വകുപ്പിലെ ട്രൈബല്‍ ഓഫീസര്‍ ജംഷീദ് തുടങ്ങിയ ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചു.
വസ്തുതാന്വേഷണ സംഘം: അഡ്വ. സഹീര്‍ മനയത്ത് (APCR), അഡ്വ. പ്രവീണ്‍കുമാര്‍ (Justitia), ഷബീര്‍ കൊടുവള്ളി (സോളിഡാരിറ്റി), നൗഷാദ് സി.എ (APCR), പി.എച്ച് ഫൈസല്‍
വിശ്വനാഥന്റെ സഹോദരന്‍ (ഗോപി)
ഫെബ്രുവരി 08 ചൊവ്വാഴ്ച ദിവസമാണ് വിശ്വനാഥനും ഭാര്യ ബിന്ദുവും ഭാര്യാമാതാവും (ഭാര്യാമാതാവ് വിശ്വനാഥന്റെ അമ്മായി കൂടിയാണ്) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നത്. ബുധനാഴ്ച ദിവസം ഭാര്യ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കി. ഭാര്യയുടെയും മാതാവിന്റെയും ബാങ്ക് അക്കൗണ്ടിലുള്ള 6,000 രൂപയും കൈവശമുണ്ടായിരുന്ന 4,000 രൂപയും ചേര്‍ത്ത്10,000 രൂപ എടുത്തുകൊണ്ടാണ് ഹോസ്പിറ്റലിലേക്ക് പോയത്. ഭാര്യ മാതാവിന്റെ കൈവശം പണം സൂക്ഷിക്കുകയും ആവശ്യത്തിന് പണം വിശ്വനാഥന് നല്‍കുകയും ആവശ്യം കഴിഞ്ഞുള്ള ബാക്കി പൈസ വിശ്വനാഥന്‍ ഭാര്യമാതാവിനെ തിരിച്ചേല്‍പ്പിക്കുയുമായിരുന്നു ചെയ്തിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിന് ചേര്‍ന്നുള്ള ബൈസ്റ്റാന്‍ഡേഴ്‌സിന് വേണ്ടിയുള്ള താമസസൗകര്യത്തിലാണ് വിശ്വനാഥന്‍ വ്യാഴാഴ്ച്ച രാത്രി വരെയുള്ള മൂന്ന് ദിവസവും താമസിച്ചത്. ഫെബ്രു-9 വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി വിശ്വനാഥന്റെ ഭാര്യാമാതാവിനെ ഹോസ്പിറ്റലിലെ നേഴ്‌സ് വിളിച്ച് നിങ്ങളുടെ കൂടെയുള്ളയാള്‍ പുറത്തേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു. അവിടെ ചെല്ലുമ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അവരുടെ പൈസ വിശ്വനാഥന്‍ മോഷ്ടിച്ചു എന്ന് അമ്മായിയോട് പറഞ്ഞു. 'നീ പൈസ എന്തെങ്കിലും എടുത്തിട്ടുണ്ടോ? എന്ന് വിശ്വനാഥനോട് അമ്മായി ചോദിച്ചപ്പോള്‍ ഇല്ല എന്ന് അവന്‍ മറുപടി പറഞ്ഞു. പൈസ ഒന്നും വിശ്വനാഥന്റെ കയ്യില്‍നിന്ന് അവര്‍ കണ്ടെടുത്തിട്ടുണ്ടായിരുന്നില്ല. 'താന്‍ വിശ്വനാഥന്റെ കൈവശം ഏല്‍പിച്ച പൈസയല്ലാതെ മറ്റൊന്നും അവന്റെ കയ്യില്‍ ഇല്ലല്ലോ, പിന്നെ നിങ്ങള്‍ എങ്ങനെയാണ് പൈസ അവന്‍ കട്ടെടുത്തു എന്ന് പറയുന്നത്'എന്ന് അമ്മായി അവരോട് ചോദിച്ചിരുന്നു.
മോഷ്ടിച്ചത് ആണെങ്കില്‍ ആ പൈസ അവന്റെ കയ്യില്‍ കാണേണ്ടതുമാണല്ലോ. അവര്‍ മൂന്ന് സെക്യൂരിറ്റിക്കാരായിരുന്നു. അമ്മായിക്ക് അവരെ കണ്ടാല്‍ അറിയാം. ഫോണും ഹോസ്പിറ്റല്‍ കാര്‍ഡും സെക്യൂരിറ്റിയുടെ കയ്യില്‍ എങ്ങനെ കിട്ടി എന്ന് അമ്മായി അവരോട് ചോദിച്ചപ്പോള്‍ സെക്യൂരിറ്റിക്കാര്‍ ഒന്നും തിരിച്ചു പറഞ്ഞിട്ടില്ല. വിശ്വനാഥന് അങ്ങനെ കക്കുകയും മോഷ്ടിക്കുകയും ഒന്നും ചെയ്യേണ്ട ആവശ്യമില്ല എന്ന് അമ്മായി പറഞ്ഞപ്പോള്‍ അവര്‍ക്കൊന്നും പറയാനുണ്ടായില്ല. പിന്നീടവര്‍ അമ്മായിയോട് വാര്‍ഡിലേക്ക് പോകാന്‍ പറഞ്ഞു. അമ്മായി വാര്‍ഡിലേക്ക് മടങ്ങി. പിന്നീട് അവിടെ എന്താണ് നടന്നതെന്ന് അമ്മായിക്ക് അറിയില്ല. എസ്റ്റേറ്റ് പാടിയിലാണ് വിശ്വനാഥനും സഹോദരങ്ങളും ജനിച്ചതും വളര്‍ന്നതും. എസ്റ്റേറ്റ് പാടിയിലുള്ള കുട്ടികളുടെ കൂടെ കളിച്ചാണ് ഏഴ് സഹോദരങ്ങളും വളര്‍ന്നത്. ഗോപി തുടര്‍ന്നു...
മുതലാളിയുടെ കളത്തില്‍ വച്ചാണ് ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്നത്. ഞങ്ങള്‍ ആരെങ്കിലും ഒരു ഗോളടിച്ചാല്‍ ഞങ്ങള്‍ക്ക് പാന്റും ഷര്‍ട്ടും ഒക്കെ മുതലാളി സമ്മാനമായി നല്‍കുമായിരുന്നു. മുതലാളിക്ക് അത്രയും കാര്യമായിരുന്നു ഞങ്ങളെ. അങ്ങനെ നടന്ന ഞങ്ങള്‍ ഏഴുപേരില്‍ ഒരാള്‍ കട്ടു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇവിടെ നാട്ടില്‍ ആരോട് ചോദിച്ചാലും അറിയാം ഞങ്ങള്‍ എങ്ങനെയാണെന്ന്. ഈ എസ്റ്റേറ്റില്‍ ഒരുമിച്ച് പണിയെടുത്തവര്‍ തന്നെയാണ് ഇവിടെയൊക്കെ സ്ഥലം വാങ്ങിച്ച് ജീവിക്കുന്നത്.
അവരില്‍ ആരോട് ചോദിച്ചാലും അറിയാം ഞങ്ങള്‍ എങ്ങനെയാണ് എന്ന്. രാത്രി രണ്ടുമണിയോടുകൂടി നേഴ്‌സ് വന്ന് അമ്മായിയോട് പറഞ്ഞു നിങ്ങളുടെ കൂടെയുണ്ടായിരുന്ന ആള്‍ ഹോസ്പിറ്റലില്‍ നിന്ന് ചാടിപ്പോയി എന്ന്. അമ്മായി അവന്‍ ചാടിപ്പോയി എന്ന് പറയുന്ന സ്ഥലത്തൊക്കെ പോയിനോക്കി ആ സ്ഥലത്ത് പാത്രങ്ങളും കടയിലെ സാധനങ്ങളും ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു. അതിനൊന്നും ഒരു സ്ഥാനചലനവും ഉണ്ടായിട്ടില്ല. അതൊക്കെ സാധാരണ പോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ചാടിപ്പോയി എന്നു പറയുന്ന സ്ഥലത്ത് ഞങ്ങള്‍ സഹോദരങ്ങള്‍ പിറ്റേദിവസം പോയി നോക്കിയിരുന്നു അവിടെ നിറയെ വാഗമരത്തിന്റെ ഇലകളാണ്. ആ ഇലയിലേക്ക് ഒരാള്‍ ചാടിയാല്‍ സ്വാഭാവികമായും തെന്നിവീഴും. വീണതിന്റെയോ മറ്റോ ഒരു അടയാളവും അവിടെ ഉണ്ടായിരുന്നില്ല. രണ്ട് ചെരുപ്പുകള്‍ അവിടെയുണ്ടായിരുന്നു അവ അടുത്തടുത്താണ് കിടന്നത്. ഓടിയതാണെങ്കില്‍ ചെരിപ്പ് തെറിച്ച് ദൂരെ കിടക്കാനല്ലേ സാധ്യത? ഓടിയ ഒരു ലക്ഷണവും ആ ചെരുപ്പുകള്‍ കിടന്നിടത്ത് കാണാനുണ്ടായിരുന്നില്ല.
വിശ്വനാഥന്റെ പാത്രങ്ങള്‍ നിലത്തുവച്ചതുപോലെയാണ് ഉണ്ടായിരുന്നത്. ഒരാള്‍ എടുത്തുചാടിയാല്‍ കയ്യിലുള്ള പാത്രങ്ങള്‍ അങ്ങനെ ഭദ്രമായി അവിടെ ഇരിക്കാന്‍ സാധ്യതയില്ല. അത് നിലത്ത് തെറിച്ചുവീണിട്ടുണ്ടാവും. രണ്ട് കടകള്‍ക്കിടയില്‍ ഫൈബര്‍ കൊണ്ട് മറച്ച ഭാഗത്ത് കൂടി വിശ്വനാഥന്‍ പുറത്തേക്ക് ചാടി എന്നാണ് സെക്യൂരിറ്റിക്കാര്‍ പറഞ്ഞത്. പക്ഷേ, കടയിലെ പാത്രങ്ങളും ചൂല് പോലത്തെ സാധനങ്ങളും ഒക്കെ അതേപടി തന്നെ അവിടെയുണ്ടായിരുന്നു. മൊബൈല്‍ ഫോണും കാര്‍ഡും ആരാണ് തന്നതെന്ന് അറിയില്ല എന്ന് സെക്യൂരിറ്റിക്കാര്‍ പറഞ്ഞതും സംശയകരമാണ്. മൊബൈലും കാര്‍ഡും വിശ്വനാഥന്‍ അവിടെ വച്ചിട്ട് പോകാന്‍ സാധ്യതയില്ലല്ലോ. അങ്ങനെ ഒരാള്‍ മൊബൈലും ഹോസ്പിറ്റലിനകത്തു കയറാനുള്ള കാര്‍ഡും താമസിക്കുന്ന സ്ഥലത്ത്‌വെച്ചിട്ട് മാറാനും സാധ്യതയില്ല. പിന്നെ എങ്ങനെയാണ് സെക്യൂരിറ്റിക്കാര്‍ക്ക് മൊബൈലും കാര്‍ഡും അവന്റേതാണെന്ന് തിരിച്ചറിഞ്ഞതും എവിടെ നിന്നാണ് കിട്ടിയത് എന്ന് പോലും പറയാതെ അവന്റേതാണ് എന്ന് തീരുമാനിച്ചതും.
ഇളയ സഹോദരന്‍ വിനോദ് വിളിച്ചു പറഞ്ഞിട്ടാണ് സഹോദരങ്ങളും ബന്ധുക്കളും വെള്ളിയാഴ്ച മെഡിക്കല്‍ കോളജിലേക്ക് പോകുന്നത്. സഹോദരങ്ങളായ രാഘവനും വിനോദും അനുജനും ചേര്‍ന്നിട്ടാണ് പൊലീസ് സ്റ്റേഷനില്‍ പിറ്റേദിവസം കേസ് കൊടുക്കാനായി പോയത്. 12 മണിയോടുകൂടിയാണ് അവര്‍ മിസ്സിംഗ് കേസ് കൊടുക്കാനായി സ്റ്റേഷനിലേക്ക് എത്തിയത്. നിനക്ക് എഴുതാന്‍ അറിയുന്നതുപോലെ പരാതി എഴുതികൊടുക്കാനാണ് ഗോപി അനിയന്‍ വിനോദിനോട് പറഞ്ഞിരുന്നത്. പിന്നീട് എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ പൊലീസുകാര്‍ തിരുത്തുമല്ലോ എന്നും സൂചിപ്പിച്ചിരുന്നു. പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ തന്നെ വിശ്വനാഥന്റെ പേരില്‍ കളവ് കേസ് ഉണ്ടെന്ന് പൊലീസ് സഹോദരന്‍മാരോട് പറഞ്ഞു. അങ്ങനെ ഒരു കളവ് കേസ് ഉണ്ടെങ്കില്‍, പണം മോഷണം പോയിട്ടുണ്ടെങ്കില്‍ അത് അറിയണമെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അനുജന്‍ വിനോദ് അപ്പോള്‍ തന്നെ എസ്.ഐയോട് പറഞ്ഞു. വിശ്വനാഥനെതിരെ അങ്ങനെ ഒരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിയുണ്ട് എന്ന് പൊലീസ് പറയുക മാത്രമാണ് ചെയ്തത് എന്നാണ് ഗോപിയുടെ അഭിപ്രായം. പരാതി കൊടുക്കാന്‍ ഉച്ചക്ക് 12 മണിക്ക് ചെന്നപ്പോള്‍ പരാതി അപ്പോള്‍ എടുക്കാന്‍ കഴിയില്ല എന്നും മൂന്നുമണിക്ക് ശേഷംവരാനും സി.ഐ പറഞ്ഞിരുന്നു. പിന്നീട് മൂന്ന് മണിക്ക് ശേഷം സഹോദരങ്ങള്‍ ചെല്ലുമ്പോഴാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. മൂന്നുമണിക്ക് പരാതി കൊടുക്കാന്‍ അവിടെ എത്തുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരിക്കുകയാണ് എന്ന് പറയുകയും. അങ്ങനെ മൂന്നര വരെ അവര്‍ പുറത്ത് കാത്തുനില്‍ക്കുകയും ചെയ്തു.
പരാതിയുടെ ഒരു കോപ്പി വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് കോപ്പി ഫോണിലേക്ക് അയച്ചുതരാം എന്ന് പൊലീസുകാര്‍ പറഞ്ഞതായും അപ്പോള്‍ അവര്‍ പ്രതിഷേധിച്ചതായും പറഞ്ഞു. അതോടൊപ്പം പരാതിയുടെ കോപ്പി തരണമെങ്കില്‍ നിങ്ങളുടെ ഐഡികാര്‍ഡിന്റെ ഫോട്ടോകോപ്പി വേണം എന്നും പൊലീസ് ആവശ്യപ്പെട്ടു. അതും നല്‍കിയപ്പോള്‍ പരാതിയുടെ കോപ്പി നിങ്ങളുടെ ഫോണില്‍ ഫോട്ടോ എടുത്ത് പോയിക്കോളൂ എന്നും പറഞ്ഞു. ഫോണില്‍ പരാതിയുടെ വീഡിയോയും സഹോദരങ്ങള്‍ എടുത്തു. ആ സമയത്ത് മാനസിക പ്രയാസംകൊണ്ട് വീഡിയോയും ഫോട്ടോയും അത്ര ക്ലിയര്‍ ആയിട്ടല്ല എടുത്തിട്ടുള്ളത്.
പരാതിയുമായി സി.ഐയെ കാണാന്‍ ചെന്നപ്പോള്‍ കയ്യില്‍നിന്ന് പരാതി വാങ്ങിച്ചശേഷം സി.ഐ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞതിന്‌ശേഷം വയനാട്ടുകാര്‍ കോഴിക്കോട്ടേക്ക്‌വന്ന് മൊത്തം കട്ടെടുത്തു പൈസ ഉണ്ടാക്കി തിരിച്ചുപോവുകയാണ് എന്ന് പ്രതികരിച്ചു. വയനാട്ടുകാരൊക്കെ കള്ളന്മാര്‍ ആണെങ്കില്‍ വയനാട് ഒരുപാട് കൃഷിയുള്ള സ്ഥലമാണല്ലോ. കട്ടെടുത്ത് ഉണ്ടാക്കാന്‍ ആണെങ്കില്‍ ഇവിടെ തന്നെയുണ്ടല്ലോ. എന്തിനാണ് ഞങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് വരുന്നത് എന്നാണ് ഗോപി വസ്തുതാന്വേഷണ സംഘത്തോട് പ്രതികരിച്ചത്. ആറുമണിയോടുകൂടിയാണ് എഫ്‌ഐആര്‍ ഇട്ടത് എന്നാണ് പത്രങ്ങളില്‍ നിന്ന് അറിഞ്ഞത്. രാത്രിയോടെ സഹോദരങ്ങള്‍ വീട്ടിലേക്ക് മടങ്ങി. രാത്രിയാണ് ബോഡി കിട്ടിയതായ വിവരം അവരെ അറിയിക്കുന്നത്. വിശ്വനാഥന്റെ മൂത്ത സഹോദരന്റെ മകനും സഹോദരന്‍ ഗോപിയും ബോഡി കിട്ടിയെന്ന ് പറയപ്പെടുന്ന മരത്തിന്റെ ഭാഗമൊക്കെ വെള്ളിയാഴ്ച ദിവസം മുഴുവന്‍ പരിശോധിച്ചതാണ്. അവര്‍ അപ്പോഴൊന്നും വിശ്വനാഥനെ കാണുകയോ ചെയ്തിട്ടില്ല. അവര്‍ വിശദമായി പരിശോധിച്ചതിന് കാരണം ഒരു കടക്കാരന്‍ അവരോട് മരത്തിലൊക്കെ കാണും ശരിക്കും നോക്കിക്കോളൂ' എന്ന് പറഞ്ഞതായും സൂചിപ്പിച്ചു. അവിടെയുള്ള ഒരു വിഷ്ണുക്ഷേത്രം വരെ അവര്‍ പോയി നോക്കുകയും അവിടെയുള്ള എല്ലാ വഴികളിലും എല്ലാ മരങ്ങളിലും ഞങ്ങള്‍ വിശദമായിത്തന്നെ പരിശോധിച്ചതുമാണ് എന്നുമാണ് ഗോപി പറഞ്ഞത്.
പരിസരവാസികളായ ആളുകളോടും അവര്‍ വിശദമായി അന്വേഷിച്ചതാണ്. അവര്‍ ആരും തന്നെ പരിചയമില്ലാത്ത ഒരാള്‍ അതിലൂടെ പോയതായോ ഒന്നും പറഞ്ഞിട്ടില്ല. രാവിലെ ആറുമണിക്ക് തന്നെ പണിക്കിറങ്ങുന്ന അവരില്‍ ആരുംതന്നെ വിശ്വനാഥനെ കണ്ടിട്ടില്ല. ബോഡി അഴിച്ചു കിടത്തിയിരിക്കുന്നത് കണ്ട സഹോദരന്റെ മകന്‍ രാജേഷ് പരിക്കുകള്‍ കണ്ട് 'ഇതൊന്നും പഴയ മുറിവുകളുടെ പാടല്ലല്ലോ, ഇങ്ങനെയൊന്നും വിശ്വനാഥന്റെ ശരീരത്തില്‍ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുറിവുകളൊക്കെ ഉണ്ടായത്?' എന്ന് സംശയം പ്രകടിപ്പിച്ചതായും ഗോപി പറഞ്ഞു. ചുണ്ടിലും കണ്ണിന്റെ ഭാഗത്തും പരിക്കുകളുണ്ടായിരുന്നു. വലതു ചുമലിലും എന്തോ വലിച്ചതുപോലെയുള്ള മുറിവുകളും കാണാമായിരുന്നു. കഴുത്തില്‍ വിശ്വനാഥന്റെ ലുങ്കിയായിരുന്നു മുറുകി കിടന്നിരുന്നത്. തെങ്ങില്‍ കയറുന്നത്‌പോലെ തളപ്പില്ലാതെ കയറാന്‍ പറ്റാത്ത മരമാണ് അത്. മുകളിലേക്ക് ചവിട്ടിക്കയറാന്‍ കമ്പുകള്‍ ഒന്നും തന്നെയില്ല. വിശ്വനാഥന് മരം കയറ്റം അറിയില്ല എന്നും ഗോപി അറിയിച്ചു. കാല് താഴത്തെ മരക്കൊമ്പല്‍ ചവിട്ടിയ നിലയിലാണ് വിശ്വനാഥന്റെ ബോഡി കിടന്നത്. അതിലും ഗോപിക്ക് സംശയമുണ്ട്.
ഏതാണ്ട് നാല് മണിയോടെ നമുക്ക് പോസ്റ്റുമോര്‍ട്ടം ചെയ്യിക്കാം എന്ന് പറഞ്ഞു നില്‍ക്കുമ്പോഴാണ് സി.ഐയുടെ കൂടെ വന്ന പൊലീസുകാരന്‍ കുടുബക്കാരോട് പറയുന്നത് 'പോസ്റ്റ്‌മോര്‍ട്ടമൊക്കെ എപ്പോഴേ കഴിഞ്ഞു, നിങ്ങള്‍ക്ക് ഞങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കി തന്നതാണ്' എന്ന്. ആദ്യം ബോഡി പിറ്റേ ദിവസം കൊണ്ടുപോകാം എന്നായിരുന്നു സഹോദരന്‍മാര്‍ പറഞ്ഞത്. ഒരു ഫ്രീസര്‍ വാടകയ്ക്ക് എടുത്ത് ഈ വൈകിയ സമയത്ത് ബോഡി സൂക്ഷിക്കുക എന്നത് ഞങ്ങള്‍ക്ക് താങ്ങാവുന്ന ചെലവല്ല. അതുകൊണ്ട് നാളെ കൊണ്ടുപോകാം എന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യം സി.ഐ മറുത്തൊന്നും പറഞ്ഞില്ലെങ്കിലും 10 മിനിറ്റ് കഴിഞ്ഞ് മടങ്ങി വന്ന് 'മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ഉണ്ട് ഉടന്‍ തന്നെ ബോഡി ഇവിടെനിന്നുകൊണ്ടുപോകണം. കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനായി വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്' എന്ന് അദ്ധേഹം പറഞ്ഞു എന്നും ഗോപി ഞങ്ങളെ അറിയിച്ചു. സിഐയുടെ വണ്ടിയില്‍ തന്നെയാണ് അനുജന്‍ വിനോദ് ലക്കിടിവരെ വന്നത്. വരുന്ന യാത്രയില്‍ തന്നെ സി.ഐയുടെ നിര്‍ദ്ദേശമനുസരിച്ച് വിനോദ് സഞ്ചരിച്ച പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ സുഹൃത്ത് ഫാത്തിമ ഹോസ്പിറ്റലിലേക്ക് വേണ്ട പൈസ അടച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. മൂന്ന് സെക്യൂരിറ്റിജീവനക്കാര്‍ക്കും സി.ഐക്കും വിശ്വനാഥന്റെ മരണത്തില്‍ എന്തോ കൈയുണ്ട് എന്നാണ് ഗോപിയുടെ സംശയം.
വിശ്വനാഥന്റെ അമ്മ (പാറ്റ)
ചൊവ്വാഴ്ച ഹോസ്പിറ്റലില്‍ പോകുന്നതിനു മുമ്പ് വിശ്വനാഥന്‍ അമ്മയെ കാണാനായി വീട്ടില്‍ ചെന്നിരുന്നു. അഛനാകാന്‍ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍. ഹോസ്പിറ്റലിലേക്ക് അമ്മയും കൂടിവരട്ടെ എന്ന ചോദ്യത്തിന് സുഖമില്ലാത്ത അമ്മ ഇപ്പോഴങ്ങോട്ട് വരണ്ട എന്നാണ് വിശ്വനാഥന്‍ മറുപടി കൊടുത്തത്. ഫെബ്രുവരി 5 ഞായറാഴ്ച്ച വരെ ജോലി ചെയ്ത കൂലിയും വാങ്ങിയാണ് വിശ്വനാഥന്‍ ഹോസ്പിറ്റലിലേക്ക് പോയത്.
വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന്റെ അമ്മ (ലീല)
വിശ്വനാഥന്‍ പുറത്തേക്ക് വിളിക്കുന്നു എന്ന് ഹോസ്പിറ്റല്‍ നേഴ്‌സ് അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച രാത്രി 10 മണിയോടെലീല പുറത്തേക്ക് ചെല്ലുന്നത്. ലീലയെ കണ്ടപ്പോള്‍ 'ഈ മൂന്ന് സെക്യൂരിറ്റിക്കാര്‍ വിളിച്ചിട്ടാണോ അമ്മ ഇങ്ങോട്ട് വന്നത്?' എന്ന് വിശ്വനാഥന്‍ ചോദിച്ചു. നീ പണം മോഷ്ടിച്ചു എന്നാണ് സെക്യൂരിറ്റിക്കാര്‍ പറയുന്നത്. നീ അങ്ങനെ ചെയതോ എന്ന് ലീല ചോദിച്ചപ്പോള്‍ ഇല്ല എന്ന് വിശ്വനാഥന്‍ മറുപടി പറഞ്ഞു. മോഷണത്തിന്റെ കാര്യം മൈക്കിലൊക്കെ വിളിച്ചു പറഞ്ഞു എന്ന് മറ്റുള്ളവര്‍ പറഞ്ഞ് അറിഞ്ഞതായും ലീല പറഞ്ഞു.
വിശ്വനാഥിന്റെ കൈയില്‍നിന്ന് ഒരുപൈസയും അവര്‍ക്ക് കിട്ടിയിട്ടില്ല. അവര വെറുതെ മോഷ്ടിച്ചു എന്ന് പറയുന്നത് മാത്രമാണ് എന്നാണ് ലീലയുടെ അഭിപ്രായം. പാത്രവും ഡ്രസ്സും മാത്രമാണ് അവിടെ നിന്ന് കിട്ടിയത് എന്നും മൊബൈല്‍ ഫോണും ഹോസ്പിറ്റല്‍ കാര്‍ഡും മറ്റൊരാള്‍ കൊണ്ടുവന്ന് കൊടുത്തതാണ് എന്നുമാണ് സെക്യൂരറ്റിക്കാര്‍ പറഞ്ഞത്. ആ ആള്‍ ആരാണെന്ന് ആര്‍ക്കുമറിയില്ലെന്നാണ് ലീലയുടെ ചോദ്യത്തിന് മറുപടി കിട്ടിയത്. ഏതാണ്ട് രണ്ടുമണിയോടടുത്താണ് വിശ്വനാഥന്‍ പുറത്തേക്ക് പോയി എന്ന് ലീലയോട് നേഴ്‌സ് വന്ന് പറയുന്നത്. എന്തിനാണ് വിശ്വനാഥന്‍ പുറത്തുപോയി എന്ന് അവര്‍ ലീലയോട് പറഞ്ഞത് എന്ന് അവര്‍ക്കറിയില്ല. ''കൂട്ടിരിപ്പുകാര്‍ പുറത്തേക്ക് പോവുകയോ അകത്തേക്ക് വരികയോ പലകാര്യങ്ങള്‍ക്കും പുറത്തു പോവുകയോ ഒക്കെ ചെയ്യുന്നുണ്ടാകാം അതെന്തിനാണ് നേഴ്‌സ് എന്നെ അറിയിച്ചത് എന്നെനിക്കറിയില്ല. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ചെയ്തുതീര്‍ത്തിട്ടാണ് അവന്‍ കൂട്ടിരിപ്പുകാര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് പോയത്. പിന്നെ എന്തിനാണ് അവന്‍ ഹോസ്പിറ്റലില്‍ നിന്ന് പുറത്തേക്ക് പോയി എന്ന് നേഴ്‌സ് പറഞ്ഞത്?'' എന്ന് ലീല സംശയം പ്രകടിപ്പിച്ചു.
10 മണിക്ക് പൈസ മോഷ്ടിച്ചു എന്ന് പറഞ്ഞ വിശ്വനാഥന്‍ രാത്രി രണ്ടുമണിക്ക് എന്തിനാണ് ഓടിയത് എന്ന് ലീലക്കറിയില്ല. അവന്‍ വെറുതെ ഓടാന്‍ വഴിയില്ലല്ലോ. ആ സമയത്ത് ആരെങ്കിലും ഓടിച്ചിട്ടല്ലാതെ അവന് ഓടേണ്ട കാര്യമില്ലല്ലോ എന്നും ലീല ഞങ്ങളോട് ചോദിക്കുന്നു. പിന്നീട് സി.സി.ടി.വി കാണിച്ചപ്പോഴും വിശ്വനാഥന്‍ ഓടുന്നത് മാത്രമേ അവര്‍ കാണിച്ചിട്ടുള്ളൂ. ആരെങ്കിലും ഓടിച്ചിട്ടാണോ ഓടുന്നത് എന്നോ ഓടുന്നതിനുമുമ്പോ ശേഷമോ ഉള്ളത് അവരെ കാണിച്ചില്ല. അതിനുമുമ്പുള്ളത് കാണിക്കാന്‍ പറഞ്ഞപ്പോള്‍ അത് ഇവിടെയില്ല എന്നാണ് മറുപടി ലഭിച്ചതെന്നും പറഞ്ഞു. ''ഇത്രയും ദിവസമായി ഞാന്‍ പറഞ്ഞതും എനിക്കുണ്ടായ അനുഭവമൊക്കെ ഞാന്‍ പലരോടും പറഞ്ഞു. ആരെങ്കിലും ഒരാള്‍ ഏതാണ് ആ സെക്യൂരിറ്റിക്കാര്‍ എന്നന്വേഷിച്ചോ? അവരെന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചു നോക്കിയോ?
അവരെ പിടിച്ചാല്‍ ഇതിന്റെ എല്ലാ തെളിവും കിട്ടും'' ലീല തുടര്‍ന്നു. രാത്രി രണ്ടുമണിക്ക് തന്നെ ലീല പൊലീസ് സ്റ്റേഷനില്‍ വിശ്വനാഥനെ കാണാനില്ലെന്ന് പരാതി കൊടുക്കാനായി പോയിരുന്നു. അവിടെ കുറച്ചു പൊലീസുകാരും ഗുണ്ടകളെ പോലെയുള്ള കുറെ ആളുകളും ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. പൊലീസുകാരില്‍ ഒരാള്‍ ലീലയുടെ കൂടെ തിരയാന്‍ എന്നപോലെ ഹോസ്പിറ്റലിലേക്ക് വന്നു. എന്നാല്‍, തിരയാന്‍ ഒന്നും ശ്രമിച്ചില്ല. കയ്യില്‍ വെളിച്ചമോ ഒന്നും ഇല്ലാതെയാണ് ആ പൊലീസുകാരന്‍ വന്നത്. അതുകൊണ്ട് ഒന്ന് തിരയാന്‍ പോലും നില്‍ക്കാതെ പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് തിരിച്ചുപോയി എന്നും ലീല അറിയിച്ചു. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരങ്ങളോടൊപ്പം പരാതി പറയാന്‍ ചെന്നപ്പോള്‍ ലീലയുടെ മുന്നില്‍വെച്ച് തന്നെയാണ് സി.ഐ മോശമായി സഹോദരന്‍ വിനോദിനോട് സംസാരിച്ചതെന്ന് ലീല പറഞ്ഞു. ''വയനാട്ടുകാരെല്ലാം കട്ടെടുത്തുകൊണ്ടുപോവുകയാണ്' എന്ന് സി.ഐ പറയാന്‍ വയനാട്ടുകാര്‍ക്ക് കട്ടെടുക്കാന്‍ വയനാട്ടില്‍ നിന്ന് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലേക്ക് പോകേണ്ട കാര്യമൊന്നുമില്ലല്ലോ. ഇവിടെ നിന്ന് തന്നെ കട്ടെടുക്കാന്‍ പാടില്ലേ? ഞങ്ങള്‍ പോയപ്പോള്‍ പൈസയൊക്കെ എടുത്താണ് പോയത്. പൈസയൊന്നും കട്ടെടുക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല.'' എന്ന് ലീല ഞങ്ങളോട് പറഞ്ഞു. ഒരു തവണ മാത്രമാണ് വിശ്വനാഥന്‍ തന്റെ മകനെ കണ്ടത്. ആദ്യമായി മകനെ കണ്ടപ്പോള്‍ വിധൂബ് വിശ്വന്‍ എന്ന് വിശ്വനാഥന്‍ തന്റെ മകനെ പേരിട്ടു വിളിച്ചിരുന്നു.
വിശ്വനാഥന്റെ സഹോദരന്‍ (വിനോദ്)
പത്താം തീയതി പുലര്‍ച്ചെ രണ്ടുമണിക്ക് അമ്മായി ലീല ഹോസ്പിറ്റലില്‍ നിന്ന് വിളിച്ചതനുസരിച്ചാണ് രാവിലെ 10 മണിയോടുകൂടി വിനോദ് ഹോസ്പിറ്റലില്‍ എത്തിയത്. വിശ്വനാഥന്‍ മിസ്സിംഗ് ആണ് എന്നാണ് അമ്മായി വിനോദിനോട് പറഞ്ഞത്. 12 മണിയോടെ വിനോദും സഹോദരങ്ങളും പൊലീസ് സ്റ്റേഷനില്‍ അന്വേഷിക്കാനാനായി പോയി. രാത്രി തന്നെ ലീല പരാതി പറഞ്ഞെങ്കിലും പൊലീസ് പരാതി എടുക്കുകയോ എഴുതുകയോ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. പരാതി കൊടുക്കാന്‍ പോകുമ്പോള്‍ പരാതിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ എ.എസ്.എ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ഫോണും പൈസയും വിശ്വനാഥന്‍ കട്ടിട്ടുണ്ടെന്ന് പരാതി വന്നിട്ടുണ്ട് എന്ന് പറഞ്ഞു. എങ്കില്‍ നിങ്ങള്‍ ആ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യൂ എന്ന് വിനോദ് അവരോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് ചിരിച്ചുതള്ളി. പിന്നീട് വിനോദിന് അറിയുന്നതുപോലെ ഒരു മിസ്സിങ്ങിന്റെ പരാതി എഴുതി. 'മിസ്സിങ്ങിന്റെ പരാതി എടുക്കുമ്പോള്‍
മോഷണക്കുറ്റത്തിന് കൂടി ഞങ്ങള്‍ പരാതി എടുക്കും എന്ന് പൊലീസ് വിനോദിനോട് പറഞ്ഞു' 'മനുഷ്യന്റെ കാര്യമല്ലേ സാറേ എഫ്.ഐ.ആര്‍ ഇട്ടോളൂ' എന്ന് വിനോദ് പൊലീസിനോട് പറഞ്ഞു. 'ഇപ്പോള്‍ പരാതി എടുക്കാന്‍ പറ്റില്ല മൂന്ന് മണിയാവുമ്പോള്‍ പരാതി എടുക്കാം. അമ്മയെയും കൊച്ചിനെയും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമേ പരാതി എടുക്കാന്‍ പറ്റൂ' എന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. ''തലേദിവസം രാത്രി എന്റെ ചേട്ടനെ അവരുടെ കയ്യില്‍ കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ അവരെന്നെ അപ്പോള്‍ പരാതിയെടുക്കാതെ പറഞ്ഞു വിടേണ്ട കാര്യമൊന്നുമില്ല. ഡിസ്ചാര്‍ജ് ആയതിനുശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന് അവര്‍ക്ക് പറയേണ്ട എന്ത് കാര്യമാണ് ഉള്ളത്?''എന്നാണ് പോലീസ് പ്രതികരണത്തെക്കുറിച്ച് വിനോദ് സംശയം പ്രകടിപ്പിച്ചത്. മൂന്നുമണിക്ക് വിനോദും മറ്റ് കുടുംബക്കാരും വീണ്ടും സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയാണെന്ന് പറയുകയും മൂന്നര - മൂന്നേമുക്കാല്‍ വരെ അവരവിടെത്തന്നെ കാത്തുനില്‍ക്കുകയുമായിരുന്നു.
പരാതി നല്‍കിയതിന് ശേഷം പരാതിയുടെ കോപ്പി ചോദിച്ചപ്പോള്‍ നിന്റെ ആധാര്‍ കാര്‍ഡിന്റെയും ഐഡന്റിറ്റി കാര്‍ഡിന്റെയും ഫോട്ടോ കോപ്പി വേണം അത് തന്നാലേ പരാതിയുടെ കോപ്പി തരാന്‍ കഴിയൂ എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. അതും ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊണ്ടുവന്നു കൊടുത്തപ്പോള്‍ പരാതി കയ്യില്‍ കൊടുത്തതിന് ശേഷം സി.ഐയെ കാണാന്‍ പറഞ്ഞു. സി.ഐയുടെ അടുത്ത് ചെന്നപ്പോള്‍ പരാതി വാങ്ങിയിട്ട് അദ്ധേഹം മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു ''കള്ള്കുടിച്ച് കട്ടെടുക്കുന്ന കുറെ വയനാട്ടുകാര് വരും. കട്ടിട്ട് ഇതുപോലെത്തെ പരാതിയും കൊടുക്കും'' എന്ന് സി.ഐ പ്രതികരിച്ചതോടെ കേട്ടുനിന്ന വിനോദും കുടുംബക്കാരും വല്ലാത്ത അവസ്ഥയിലായി മാറി. ''എങ്കിലും ഞങ്ങള്‍ അവിടെ അത് കേട്ടുനിന്നു. ഞങ്ങളുടെ ആവശ്യമായി പോയല്ലോ.'' വിനോദ് പറഞ്ഞു. വിനോദ് സി.ഐയോട് ചോദിച്ചു ''കട്ടെടുക്കാന്‍ ആണെങ്കില്‍ ഞങ്ങള്‍ ഏഴു മക്കളാണ്. ഏഴുപേരും ഏഴ് വഴിക്ക് പോയാല്‍ ഞങ്ങള്‍ക്ക് ഒരുപാട് സമ്പാദിക്കാം. ഇത്രയും കാലം അധ്വാനിച്ചിട്ടും ഞങ്ങള്‍ എന്താണ് ഉണ്ടാക്കിയത് എന്ന് നിങ്ങള്‍ക്ക് ഞങ്ങളെ കണ്ടാല്‍ അറിയില്ലേ?. നിങ്ങള്‍ക്ക് വേണമെങ്കില്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ അന്വേഷിക്കാം. ഒരു സിഗരറ്റ് വലിച്ച പരാതി പോലും ഞങ്ങളെക്കുറിച്ച് ആര്‍ക്കും ഉണ്ടാവില്ല.'' പിന്നീട് മറ്റൊരു പോലീസുകാരന്‍ വന്ന് സി.ഐയെ കൊണ്ട് പരാതിയില്‍ ഒപ്പിട്ടു വാങ്ങിച്ചു. എന്നിട്ട് അദ്ദേഹം നിങ്ങള്‍ പേടിക്കേണ്ട അന്വേഷണം നടക്കും എന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. പിന്നീട് വിശ്വനാഥന്റെ ജ്യേഷ്ഠന്മാരായ രാഘവനും ഗോപിയും ജേഷ്ഠന്റെ മകന്‍ രാജേഷും കൂടി അവിടെയൊക്കെ വിശ്വനാഥനെ തിരഞ്ഞു. ഈ മരത്തിന്റെ ചുവട്ടില്‍ ഒക്കെ അവര്‍ തിരഞ്ഞതാണ് എന്നും വിനോദ് സംഘത്തോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ആണ് തൂങ്ങിമരിച്ചതെന്ന് പറയുന്നത്. ശനിയാഴ്ച കുടുംബക്കാര്‍ക്ക് കിട്ടുമ്പോഴേ ബോഡിക്ക് നല്ല സ്‌മെല്ല് ഉണ്ടായിരുന്നു. അത്ര പെട്ടെന്നൊക്കെ ബോഡിക്ക് സ്‌മെല്ല് ഉണ്ടാകുമോ? 10-15 അടിയുള്ള മരത്തില്‍ ഒന്നും കയറാന്‍ വിശ്വനാഥന് അറിയില്ല എന്നും ദേഹത്തുള്ള മുറിവുകള്‍ മരത്തില്‍ കയറിയപ്പോള്‍ പറ്റിയതാണ് എന്നാണ് പൊലീസുകാര്‍ പറഞ്ഞതെങ്കിലും നെഞ്ചിലൊന്നും ഒരു മുറിവും കാണാനില്ല എന്നും മരം കയറാന്‍ അറിയാത്ത ഒരാള്‍ കയറിയാല്‍ നെഞ്ചില്‍ മുറിവ് കാണില്ലേ? എന്നും വിനോദ് സംശയം പ്രകടിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് ബോഡി കിട്ടി എന്ന് വിനോദിനെ കുടുംബം അറിയിക്കുന്നത്. ബോഡി ആദ്യമായി കണ്ടത് സമീപവാസിയായ ഒരു റിട്ടയേഡ് എ.എസ്.ഐ ആണെന്നാണ് മനുഷ്യാവകാശ കമീഷന്റെ ഹിയറിങ്ങില്‍ പറഞ്ഞു കേട്ടത്. ഇത്ര വൈകീട്ട് ബോഡി കിട്ടിയിട്ട് ഞങ്ങള്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പിറ്റേന്ന് രാവിലെ ബോഡി കൊണ്ടുപോകാമെന്ന് ട്രൈബല്‍ പ്രൊമോട്ടറോട് കുടുംബക്കാര്‍ പറഞ്ഞതായും അപ്പോഴേക്കും സി.ഐ വന്ന് ആരാണ് 'നിങ്ങളുടെ കൂട്ടത്തില്‍ പരാതി തന്നത്' എന്ന്ചോ ദിച്ചതായും വിനോദ് മുന്നോട്ട് വന്നപ്പോള്‍ വിശ്വനാഥന്‍ പുറത്തേക്ക് ചാടി എന്നുപറയുന്ന സ്ഥലത്തേക്ക് വിനോദിനെകൊണ്ടുപോയി കാര്യങ്ങള്‍ സംസാരിച്ചതായും പറഞ്ഞു. സംസാരം തുടങ്ങിയപ്പോള്‍ തന്നെ വിനോദ് സി.ഐയോട് 'ഞാന്‍ ഇന്നലെ പരാതി പറയാന്‍ വന്നപ്പോള്‍ സാര്‍ ഇങ്ങനെയല്ലല്ലോ സംസാരിച്ചത്' എന്ന് ചോദിച്ചു. അതൊക്കെ അവിടെ നില്‍ക്കട്ടെ നമുക്ക് സി.സി.ടി.വി ഫൂട്ടേജ് നോക്കാം എന്ന് പറഞ്ഞ് വിനോദിനെയുംകൂട്ടി പൊലീസ് ഹോസ്പിറ്റലിനകത്തേക്ക് പോയി. സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിക്കാം എന്ന് പറഞ്ഞ് പക്ഷേ, കൊണ്ടുപോയത് നഴ്‌സുമാരുടെ അടുത്തേക്ക് ആയിരുന്നു. രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉള്ളത് ഏത് നഴ്‌സുമാരൊക്കെയാണ്, എത്ര സമയം വരെയായിരുന്നു ഡ്യൂട്ടി, വിശ്വനാഥനെ വിളിച്ചവര്‍ ആരാണ്, ഇതൊക്കെ അവരോട് ചോദിക്കുകയായിരുന്നു ചെയ്തത്. എന്നിട്ടും സി.സി.ടി.വി ഫൂട്ടേജ് വിനോദിന് കാണിച്ചു തന്നില്ല. എന്നിട്ട് താഴെ വന്ന് സി.ഐ കുടുംബക്കാരോടായി പറഞ്ഞു 'ബോഡി പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ട് അത് ഏറ്റുവാങ്ങി ഇപ്പത്തന്നെ വിട്ടോളൂ എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തുതരാം പേടിക്കുകയൊന്നും വേണ്ട' എന്ന്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് മുമ്പ് കുടുംബക്കാരോട് പറയുകയോ അവരെ അറിയിക്കുകയോപോലും ചെയ്തിട്ടുണ്ടായില്ല. ഈ ധൃതി കണ്ടപ്പോള്‍ വിനോദിന് വിശ്വനാഥന്റേത് കൊലപാതകമാണോയെന്ന് സംശയം തോന്നിയിരുന്നതായും പറഞ്ഞു. സെക്യൂരിറ്റിക്കാരല്ലാതെ രോഗിയുടെ കൂട്ടിരിപ്പുകാരില്‍ ചിലര്‍ പുറത്തുവച്ച് വിശ്വനാഥനെ മര്‍ദിച്ചു എന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. വിശ്വനാഥന് അവിടത്തെ വഴികളോ സി.സി.ടി.വി ക്യാമറകള്‍ എവിടെയാണെന്നോ പരിചയമുണ്ടാവില്ലല്ലോ. നാട്ടുകാര്‍ക്ക് അറിയാമല്ലോ സി.സിടിവി എവിടെയാണുള്ളതെന്നും എവിടെയൊക്കെയാണ് വഴികള്‍ ഉള്ളത് എന്നും. എവിടെയെങ്കിലും സി.സി.ടി.വി ഇല്ലാത്തിടത്ത് മാറ്റിക്കൊണ്ടുപോയി മര്‍ദിച്ചിട്ടുണ്ടെങ്കില്‍ സെക്യൂരിറ്റിക്കാര്‍ക്കും നാട്ടുകാര്‍ക്കും അല്ലേ അതിന് കഴിയൂ എന്നും വിനോദ് സംശയം പ്രകടിപ്പിച്ചു.
വസ്തുതാന്വേഷണത്തിലൂടെ സംഘം എത്തിച്ചേരുന്ന നിഗമനങ്ങള്‍
വിശ്വനാഥന്‍ കളവുനടത്തി എന്ന് ആരോപിച്ചുകൊണ്ട് ഹോസ്പിറ്റല്‍ സെക്യൂരിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായ കയ്യേറ്റ ശ്രമങ്ങളും അന്യായ ചോദ്യം ചെയ്യലും കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് വിശ്വനാഥനെ തള്ളിവിട്ടു എന്ന് കാണാനാകും. രാത്രി രണ്ടുമണിക്ക് ഒരു നഴ്‌സിംഗ് സ്റ്റാഫ് ഭാര്യാമാതാവിനോട് വിശ്വനാഥന്‍ താഴെനിന്നും ചാടിപ്പോയി എന്ന് സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം വിവരമറിയിച്ചത് വലിയ അളവില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. ആശുപത്രി വരാന്തയില്‍ ഇരിക്കുന്ന കൂട്ടിരിപ്പുകാരന്‍ ചാടിപ്പോയി എന്ന് അറിയിച്ചത് എന്ത് ആവശ്യത്തിനു വേണ്ടിയാണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിശ്വനാഥന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാരുടെ അസ്വാഭാവിക ഇടപെടലുകകള്‍ക്ക് പങ്കുണ്ട് എന്ന് സംഘം അനുമാനിക്കുന്നു. പൊലീസിന്റെ അന്വേഷണം ഹോസ്പിറ്റല്‍ സെക്യൂരിറ്റിയെ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുപോകണം എന്നു തന്നെയാണ് സംഘത്തിന്റെ അഭിപ്രായം. മാത്രവുമല്ല, മോഷണക്കുറ്റം ആരോപിച്ചുകൊണ്ട് ഒരു ആള്‍ക്കൂട്ട വിചാരണയും നടന്നിട്ടുള്ളതായി മനസ്സിലാകുന്ന സ്ഥിതിക്ക് അവിടെയുണ്ടായിരുന്നു മറ്റു കൂട്ടിരിപ്പുകാരുടെ പങ്ക് കൂടി സംശയിക്കാവുന്നതാണ്.
വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്ന് പറയപ്പെടുന്ന മരത്തിന് സമീപവും മറ്റും ബന്ധുക്കള്‍ പരാതി നല്‍കുന്ന സമയത്ത് തന്നെ പരിശോധന നടത്തിയിരുന്നെങ്കിലും യാതൊന്നും തന്നെ കാണപ്പെടുകയുണ്ടായില്ല. അടുത്ത ദിവസം രാവിലെ ആണ് വിശ്വനാഥനെ തൂങ്ങിയ നിലയില്‍ കാണപ്പെടുന്നത്. അതുകൊണ്ട് വിശ്വനാഥനെ മറ്റാരെങ്കിലും അപായപ്പെടുത്തിയ ശേഷം തൂക്കിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മൃതദേഹത്തില്‍ കാണപ്പെടുന്ന മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ സംഭവിച്ചത് ആകാനിടയില്ലാത്തതും, താഴെ ശിഖരങ്ങള്‍ ഇല്ലാത്ത മരത്തില്‍ ഒരാള്‍ക്ക് തനിച്ച് കയറാന്‍ കഴിയില്ല എന്നതും ഇത്തരം സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു.
പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ
വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഉടന്‍തന്നെ ഭാര്യമാതാവ് പൊലീസിനെ സമീപിച്ച് പരാതി നല്‍കിയെങ്കിലും അത് ശ്രദ്ധിക്കുവാനോ പരിഗണിക്കുവാനോ പൊലീസ് തയ്യാറാകാതിരുന്നത് വലിയ വീഴ്ചയായി സംഘം വിലയിരുത്തുന്നു. ഭാര്യ മാതാവിന്റെ പരാതിയില്‍ വേണ്ടത്ര ഗൗരവം കൊടുത്തുകൊണ്ട് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ വിശ്വനാഥനെ രക്ഷിക്കാന്‍ കഴിഞ്ഞേനെ. വെള്ളിയാഴ്ച രാവിലെ വിശ്വനാഥന്റെ സഹോദരന്‍ വിനോദ് നല്‍കിയ പരാതിയും തികച്ചും മുന്‍വിധിയോടെയും ധാര്‍ഷ്ഠ്യത്തോടെയും ആണ് പൊലീസ് നേരിട്ടത്. വിശ്വനാഥനെതിരെ കളവുനടത്തി എന്നുള്ള ആരോപണവും ഉണ്ടല്ലോ എന്ന് പരിഹസിച്ചുകൊണ്ട് പരാതിയെ അവഗണിച്ചത് ആദിവാസി സമൂഹത്തോടുള്ള പൊലീസിന്റെ നിലപാടിനെയും സൂചിപ്പിക്കുന്നതാണ്. മേലില്‍ ആദിവാസി സമൂഹത്തിന്റെ പരാതികള്‍ മാനുഷിക പരിഗണനയോടുകൂടിയും നിയമം അനുശാസിക്കുന്ന രീതിയിലും പരിഗണിക്കുകയും വേണ്ട ഗൗരവം നല്‍കിക്കൊണ്ട് അന്വേഷണം നടത്തേണ്ടതുമാണ്.
ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത
വയനാട് ഭാഗത്തുള്ളവര്‍ക്ക് ലഭ്യമായ ചികിത്സാ സൗകര്യങ്ങളുടെ കുറവിനെ സംബന്ധിച്ച് സംഘത്തിന് ലഭിച്ച പരാതികളും വിവരങ്ങളും ആണ് മറ്റൊരു പ്രധാന സംഗതി. ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നുള്ള പരാതി വ്യാപകമാണ്. കല്‍പ്പറ്റ താലൂക്ക് ആശുപത്രിയില്‍ അത്യാവശ്യ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍പോലും ഹോസ്പിറ്റല്‍ അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. അനാവശ്യമായ റഫറലുകള്‍ മൂലം ചുരമിറങ്ങി വന്നു ചികിത്സ തേടേണ്ട അവസ്ഥയാണ് പലര്‍ക്കും ഉള്ളത്. യാത്ര, ഭക്ഷണം തുടങ്ങിയവക്ക് തന്നെ വലിയ ചെലവ് ജനങ്ങള്‍ വഹിക്കേണ്ടിവരുന്നു. വയനാട് മെഡിക്കല്‍ കോളജിലും പേരിന് മാത്രമുള്ള ചികിത്സാ സൗകര്യങ്ങള്‍ ആണുള്ളത്. മെഡിക്കല്‍ കോളജ് എന്ന തലത്തിലുള്ള സൗകര്യങ്ങള്‍ അവിടെയും പൂര്‍ണ്ണമായും ലഭ്യമല്ല. വയനാട് ഭാഗത്തുനിന്നുള്ള പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളില്‍പെട്ട, വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് ഇത്തരം സമീപനങ്ങളും സൗകര്യക്കുറവുകളും തടസ്സമാകുന്നുണ്ട്. ഇത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ ഇടപെടല്‍ ഉണ്ടാവേണ്ടതാണ്.