ദില്ലി ഒരിക്കല്‍ കൂടി കര്‍ഷകരെ കൊണ്ട് നിറയുമ്പോള്‍

കേന്ദ്രം ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു വര്‍ഷമായിട്ടും പ്രാവര്‍ത്തികമാകാതിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി തങ്ങളുടെ ശക്തി തെളിയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരുകയാണ്. ചരിത്രം സൃഷ്ടിച്ച കര്‍ഷകസമരത്തിന്റെ വസ്തുതകളും വിശകലനവും.

Update: 2022-09-23 08:55 GMT

ദില്ലിയിലെ ജന്തര്‍ മന്ദിര്‍ ഒരിക്കല്‍ കൂടി കര്‍ഷകരെ കൊണ്ട് നിറയുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് കര്‍ഷകര്‍ ജന്തര്‍ മന്ദിറിലേക്കൊഴുകുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക സമരത്തിന് ഒരിക്കല്‍ കൂടി രാജ്യം സാക്ഷിയാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണണം. 2020 സെപ്റ്റംബറില്‍ ആരംഭിച്ച് കൃത്യം ഒരു വര്‍ഷത്തിന് ശേഷം 2021 ല്‍ അവസാനിച്ച ദില്ലിയേയും കേന്ദ്ര സര്‍ക്കാരിനെയും അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കിയ കര്‍ഷക സമരത്തിന് ശേഷം ഒരിക്കല്‍ കൂടി രാജ്യമൊരു കര്‍ഷക മഹാപഞ്ചായത്തിന് സാക്ഷ്യം വഴിക്കുകയാണിന്ന്. കേന്ദ്രം ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും ഒരു വര്‍ഷമായിട്ടും പ്രാവര്‍ത്തികമാക്കാതിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി തങ്ങളുടെ ശക്തി തെളിയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരുകയാണ്.

2020 ല്‍ ആരംഭിച്ച കര്‍ഷക സമരം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍ലിച്ചതോടെ 2021 ല്‍ ആണ് കര്‍ഷകര്‍ അവസാനിപ്പിച്ചത്. സമരമവാസിപ്പിച്ച് ഒരു വര്‍ഷത്തോട് അടക്കുമ്പോഴും കര്‍ഷകര്‍ക്ക് കേന്ദ്രം ഉറപ്പ് നല്‍കിയ കര്‍ഷകരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്ന വിളകളുടെ താങ്ങുവിലയില്‍ പോലും ഇത് വരെ തീരുമാനമായിട്ടില്ല. താങ്ങുവില പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ പ്രധാനപ്പെട്ട കര്‍ഷക സംഘടനകള്‍ക്കൊന്നും വിശ്വാസം ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. താങ്ങുവിലയില്‍ തുടരുന്ന ഈ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ കര്‍ഷകരെ വീണ്ടുമൊരു സമരത്തിലേക്ക് നയിക്കാനുള്ള കാരണമാകും എന്നിരിക്കെയാണ് ഇന്ന് വീണ്ടും കര്‍ഷകര്‍ ദില്ലിയില്‍ മഹാ പഞ്ചായത്ത് ആരംഭിച്ചിരിക്കുന്നത്.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ട് വരിക, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കിക്കൊണ്ട് ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതിയുറപ്പാക്കുക, വൈദ്യുതി വിതരണ മേഖലയെ സ്വകാര്യവത്കരിക്കാന്‍ കാരണമാകുന്ന വൈദ്യുത ഭേദഗതി ബില്‍ റദ്ദാക്കുക, ഇന്ത്യ WTO യില്‍ നിന്നും പുറത്ത് വരുന്നതിനോടൊപ്പം സര്‍ക്കാര്‍ എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക, പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന പ്രകാരം രാജ്യത്തെ കര്‍ഷകര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാര കുടിശ്ശികയും അനുവദിക്കുക, കഴിഞ്ഞ കര്‍ഷക സമരകാലത്ത് വിവിധ കര്‍ഷകര്‍ക്കും നേതാക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളുക, കരിമ്പിന്റെ താങ്ങുവില വര്‍ധിപ്പിക്കുക, അഗ്‌നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക തുടങ്ങിയ ഒന്‍പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഇന്ന് (ആഗസ്റ്റ് 22) ദില്ലിയിലെ ജന്തര്‍ മന്ദിറില്‍ മഹാപഞ്ചായത്ത് ചേരുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.

വിവിധ സംസ്ഥാനങ്ങലില്‍നിന്നായി പതിനയ്യായിരത്തിലേറെ കര്‍ഷകര്‍ ഇതിനോടകം ദില്ലിയില്‍ സംഘടിച്ചിട്ടുണ്ട്. കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്ന് സൂചനയുള്ളതിനാല്‍ ആദ്യ ഘട്ടത്തിലൊന്നും മഹാപഞ്ചായത്തിന് ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ദില്ലി അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും, മഹാപഞ്ചായത്ത് നടക്കാനിരിരുന്ന ജന്ദര്‍ മന്ദറില്‍ കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കുകയും ചെയ്തുകൊണ്ടാണ് കേന്ദ്രം കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സമരക്കാരെ സ്വീകരിച്ചത്. സിങ്കു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയതും കര്‍ഷകരും ദില്ലി പൊലീസും തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നതും, ജന്തര്‍മന്ദിറിന് പകരം മറ്റൊരു പ്രതിഷേധ സ്ഥലം തരാമെന്ന് പൊലീസ് ആദ്യം മുതല്‍ കര്‍ഷകരോട് പറഞ്ഞു കൊണ്ടേയിരുന്നതുമൊക്കെ അതിന്റെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍.

താങ്ങ് വില ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സമിതി സമരമാവസാനിപ്പിച്ചിട്ട് ഒരു വര്‍ഷം ആകുമ്പോഴും ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ആ സമിതിയുടെ ആദ്യ യോഗം ചേരാനിരിക്കുന്നതേയുള്ളൂ.

ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കഴിഞ്ഞ കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരില്‍ കൃത്യമായ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരങ്ങള്‍ക്ക് കാരണമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്. അന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാനുള്ള ആവശ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും വിളകളുടെ താങ്ങുവില അടക്കമുള്ള വിഷയത്തില്‍ അടിയന്തിര പരിഹാരം കണ്ടെത്തുമെന്നും കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടെങ്കിലും വിളകളുടെ താങ്ങ് വിലയില്‍ ഇപ്പോഴും വലിയ പ്രതിസന്ധി തുടരുകയാണെന്നത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിക്ക് കാരണമാകുന്ന ഘടകമാണെന്നിരിക്കെയാണ് ദില്ലി ഒരിക്കല്‍ കൂടി കര്‍ഷക മഹാപഞ്ചായത്തിന് വേദി ആകുന്നത്.

താങ്ങ് വില ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക സമിതി സമരമാവസാനിപ്പിച്ചിട്ട് ഒരു വര്‍ഷം ആകുമ്പോഴും ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ആ സമിതിയുടെ ആദ്യ യോഗം  ചേരാനിരിക്കുന്നതേയുള്ളൂ. നിലവില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച എം.എസ്.പി സമിതിയിലെ 26 അംഗങ്ങളില്‍ വെറും മൂന്ന് അംഗങ്ങളാണ് കര്‍ഷക സംഘടാന പ്രതിനിധികളായി ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നത് കൊണ്ടും, മറ്റ് സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണെന്നും ആരോപിച്ചു കൊണ്ട് സംയ്കുത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ പല കര്‍ഷക സംഘടനകളും സമിതിയെ തള്ളികളഞ്ഞിട്ടുണ്ട്. താങ്ങുവില നിമയമമാക്കുമെന്ന ഒരു ഉറപ്പും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് സമരം അവസാനിപ്പിച്ച കര്‍ഷകരെ പ്രകോപിതാരാക്കിയിട്ടുണ്ട്. താങ്ങുവില നിയമമാക്കാതെ ഉറപ്പുകള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്ന കര്‍ഷകരുടേയും സംഘടനകളുടെയും നിലപാടില്‍ മാറ്റമില്ലെന്നിരിക്കെ ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മഹാപഞ്ചായത്ത്.


രാജ്യം വീണ്ടുമൊരു കര്‍ഷക സമരത്തിന് സാക്ഷ്യം വഹിക്കുമോ ഇല്ലയോ എന്ന് ഉറ്റു നോക്കുന്ന ഈ സന്ദര്‍ഭത്തില്‍ കഴിഞ്ഞ കര്‍ഷക സമരത്തിന്റെ നാള്‍ വഴികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

കര്‍ഷക സമരത്തിന്റെ ആരംഭം

2020 സെപ്റ്റംബര്‍ 14 നാണ് കാര്‍ഷിക വിള വിപണന വാണിജ്യ പ്രോത്സാഹനവും നടപ്പാക്കലും നിയമം 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക ശാക്തീകരണ-സംരക്ഷണ കരാര്‍ 2020, അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിങ്ങനെ മൂന്ന് വിവാദമായ നിയമങ്ങളുടെ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17 ന് ഈ ഓര്‍ഡിനന്‍സ് ലോക്‌സഭയിലും, സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാര്‍ലമെന്റിലെ നടപടി. ഈ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 2020 ല്‍ കര്‍ഷക സമരത്തിന്റെ ആരംഭം.

കര്‍ഷക നിയമങ്ങള്‍ പാസാക്കിയതിന് തൊട്ട് പിന്നാലെ 2020 സെപ്റ്റംബര്‍ 24 ന് പഞ്ചാബില്‍ നിന്നാണ് ഈ നിയമങ്ങള്‍ക്കെതിരെ ആദ്യ സമരമുണ്ടാകുന്നത്. അത് പിന്നീട് ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. കാര്‍ഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് തന്നെ 2020 സെപ്റ്റംബര്‍ 25 ന് കര്‍ഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. എന്നാല്‍, ഈ പ്രതിഷേധങ്ങളെ ഒന്നും വകവയ്ക്കാതെ, കര്‍ഷകരുമായോ സംസ്ഥാന സര്‍ക്കാരുകളുമായോ ഒരു ചര്‍ച്ചയും നടത്താതെ കേന്ദ്രം പുറപ്പെടുവിച്ച നിയമത്തിന് 2020 സെപ്റ്റംബര്‍ 27 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നതതും നവംബര്‍ 25 ന് കര്‍ഷകരുടെ റോഡ് ഉപരോധ സമരം നടക്കുന്നതും.


നവംബര്‍ 26 ന് 'ദില്ലി ചലോ' മാര്‍ച്ചില്‍ പങ്കെടുക്കാനായി പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ അടങ്ങുന്ന കര്‍ഷകര്‍ എത്തിച്ചേരുന്നതോടെയാണ് സമരത്തിന്റെ രീതിയും മുഖവും മാറിയത്. അന്ന് കര്‍ഷകരുടെ മാര്‍ച്ച് ദില്ലി അതിര്‍ത്തിയില്‍ തടയപ്പെട്ടു.

വിവാദ നിയമങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദില്ലിയിലേക്ക് സമരം നയിച്ചപ്പോള്‍, ദില്ലി പൊലീസ് കര്‍ഷകരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലയെന്ന് മാത്രമല്ല, രാജ്യത്തിലെ പ്രധാന അതിര്‍ത്തി പ്രദേശങ്ങളായ ഗാസിപ്പൂര്‍, സിംഘു, തിക്രിത് എന്നീ അതിര്‍ത്തികളിലെ റോഡുകള്‍ കോണ്‍ക്രിറ്റ് ചെയ്ത് അടക്കുകയും, കമ്പി വേലിയും കോണ്‍ക്രിറ്റ് പില്ലറുകളുമടക്കമുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ടാണ് നേരിട്ടത്. ഇവ നീക്കി അതിര്‍ത്തി കടക്കാന്‍ തന്നെ ആണ് ആദ്യം കര്‍ഷകര്‍ ശ്രമിച്ചത്. എന്നാല്‍, സമര നേതാക്കള്‍ ഇടപെട്ട് സമരക്കാരെ ശാന്തരാക്കുകയും, ദില്ലിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് മുന്നില്‍ പ്രതിസന്ധിയിലാകുന്നത്. അത്തരമൊരു സമരമാര്‍ഗം ഒരിക്കലും കര്‍ഷകരില്‍ നിന്ന് കേന്ദ്രം പ്രതീക്ഷിച്ചിരുന്നില്ല.

സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളേയും പ്രതിരോധിച്ചു കൊണ്ട് കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം തുടങ്ങിയതോടെ പൊലീസ് കര്‍ഷകരെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. സമരത്തിന്റെ ആദ്യ ദിനം തന്നെ കര്‍ഷക സംഘടനാ നേതാക്കളായ കൃഷ്ണപ്രസാദിനെയും ജിതേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത് രാജ്യം ലൈവ് ആയി കണ്ടു. കര്‍ഷകരുടെ മാര്‍ച്ചിന്റെ രണ്ടാം ദിവസം സംസ്ഥാനത്തെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ അറസ്റ്റ് ചെയ്യുന്ന കര്‍ഷകരെ പാര്‍പ്പിക്കാനായി താത്ക്കാലിക ജയിലുകളാക്കാന്‍ അനുവദിക്കണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. ഇത് പല ദിവസങ്ങളിലും സമരക്കാരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ എത്തുന്നതിന് വഴി തെളിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകരെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയങ്ങള്‍ തുറന്ന് നല്‍കണമെന്ന ദില്ലി പൊലീസിന്റെ ആവശ്യം ദില്ലി സംസ്ഥാന സര്‍ക്കാര്‍ തള്ളിയതോടെ അറസ്റ്റ് ചെയ്ത നൂറോളം കര്‍ഷകരെ പല സ്ഥലത്തായി പാര്‍പ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ദില്ലി സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് ഇതിനോടകം സമരവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ വ്യാപിച്ചു. ജന്തര്‍മന്ദിറിലോ രാംലീലാ മൈതാനിയിലോ തങ്ങളെ സമരം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കര്‍ഷകര്‍ ആദ്യം മുതല്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, സംഘര്‍ഷങ്ങളും അറസ്റ്റുകളും നടന്നു കൊണ്ടിരിക്കുന്ന ഘട്ടങ്ങളില്‍ എല്ലാം കര്‍ഷകരുടെ ആവശ്യം നിരാകരിക്കപ്പെട്ടു തന്നെ കിടന്നു. ഇതേ തുടര്‍ന്ന് ദില്ലി സംസ്ഥാന അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ വഴിയരികില്‍ റോഡിനോട് ചേര്‍ന്ന് തന്നെ കുടില്‍ കെട്ടി സമരം ശക്തമാക്കി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു. അപ്പോഴും, അന്നം തരുന്ന കര്‍ഷകരോടുള്ള നിഷേധാത്മക സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായതെ ഇല്ല.

ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളുമായാണ് തങ്ങള്‍ സമരത്തിനെത്തിയതെന്ന് സമര സമിതി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. അതോടെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ ഒഴിഞ്ഞു പോകുമെന്ന കേന്ദ്രത്തിന്റെ പ്രതീക്ഷ ഇല്ലാതായി. കര്‍ഷക സമരനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകളാരംഭിക്കാന്‍ തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്.

കര്‍ഷകരുടെ ഈ നീക്കം ദില്ലി സംസ്ഥാനാതിര്‍ത്തികള്‍ അടഞ്ഞു പോകാന്‍ കാരണമായതോടെ, സമരക്കാരായ കര്‍ഷകര്‍ ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറണമെന്നും അവിടെയിരുന്ന് സമരം ചെയ്യാന്‍ അനുവദിക്കാമെന്നുമുള്ള പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ സമീപിച്ചു. എന്നാല്‍, കര്‍ഷകര്‍ അതിന് വഴങ്ങികൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടയിലെല്ലാം ദില്ലി പൊലീസുമായും സി.ആര്‍.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളുമായും കര്‍ഷകര്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ സമര വേദിയില്‍ ഒറ്റയ്ക്കും കൂട്ടായും സമരത്തെ ആഘോഷമാക്കാന്‍ ആരംഭിച്ചിരുന്നു.

ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളുമായാണ് തങ്ങള്‍ സമരത്തിനെത്തിയതെന്ന് സമര സമിതി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. അതോടെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ ഒഴിഞ്ഞു പോകുമെന്ന കേന്ദ്രത്തിന്റെ പ്രതീക്ഷ ഇല്ലാതായി. കര്‍ഷക സമരനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകളാരംഭിക്കാന്‍ തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ നടന്ന ചര്‍ച്ചകള്‍ ഒന്നും ഫലം കണ്ടില്ല. വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതൊഴിച്ച് മറ്റെന്തിനും തയ്യാറാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ എപ്പോഴത്തേയും നിലപാട്. ഇവ മൂന്നും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നിന്നതോടെ ചര്‍ച്ചകളെല്ലാം അമ്പേ പരാജയപ്പെട്ടു.


വരും ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൂടി ദില്ലിയിലെത്തുമെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചതോടെ കേന്ദ്രം കുറെ കൂടി സമ്മര്‍ദത്തിലായി. ഇതിനെ പ്രതിരോധിക്കാന്‍ ജന്തര്‍ മന്ദിര്‍, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചു കൊണ്ടായിരുന്നു കേന്ദ്രം കര്‍ഷകരോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചത്. നവംബര്‍ 30 ആകുമ്പോഴേക്കും രണ്ടര ലക്ഷം കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരത്തിലാണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ഇതോടെ സമരം തങ്ങളുടെ കയ്യില്‍ അല്ലെന്നും, കര്‍ഷകരെ ഭിന്നിപ്പിക്കുക എന്നത് മാത്രമാണ് ഇനി ഈ സമരം പൊളിക്കാനുള്ള ഏക വഴി എന്നും ബി.ജെ.പി സര്‍ക്കാരും മനസ്സിലാക്കി. അതിനായുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തു നിന്നും അവര്‍ ആരംഭിച്ചു.

ഈ ദിവസങ്ങളില്‍ ഒന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിവ് മന്‍കി ബാത്ത് പരിപാടിയില്‍ വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഇത് കര്‍ഷകരെ ചെറുതല്ലാത്ത രീതിയില്‍ പ്രകോപിപ്പിക്കുന്നതിന് കാരണമായി. കര്‍ഷകരുമായി ആലോചിച്ച് കര്‍ഷകര്‍ക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിതെന്നും, കര്‍ഷകര്‍ക്ക് ഈ നിയമം മൂലം അതിക വരുമാനം ഉണ്ടാവുകയാണ് ചെയ്യുന്നതെന്നുമാണ് ആ ഘട്ടത്തിലും മോദി രാജ്യത്തോട് പറഞ്ഞുകൊണ്ടിരുന്നത്. ഇത് കര്‍ഷകരെ ചൊടിപ്പിച്ചു. കാരണ,ം നിയമം കൊണ്ട് വരുന്നതിന് മുമ്പ് ഒരു ഘട്ടത്തിലും കേന്ദ്രം രാജ്യത്തെ കര്‍ഷകരുമായോ കര്‍ഷക സംഘടനകളുമായോ ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല.


ഇതിനിടയിലാണ് കര്‍ഷക സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം എന്ന നിലയ്ക്ക് 'കാര്‍ഷിക നിയമം, കര്‍ഷക സൗഹൃദ' മെന്നമട്ടില്‍ താഴെ തട്ടിലെ ജനങ്ങളില്‍ നിന്ന് തുടങ്ങി നിയമങ്ങളെ അനുകൂലിക്കുന്ന തരത്തിലുള്ള ഒരു പ്രചരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകളും മറ്റും പുറത്ത് വന്നിരുന്നു എങ്കിലും, രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന വിദ്യാര്‍ഥികളും അവരുടെ സംഘടനകളും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു രംഗത്ത് വന്നു.

രാജ്യത്തെ അഞ്ചൂറില്‍ അധികം വരുന്ന കര്‍ഷക സംഘടനകള്‍ പങ്കാളികള്‍ ആയിരുന്ന കര്‍ഷക സമരത്തില്‍ നിന്ന് വെറും 36 സംഘടനകളെ മാത്രം തെരഞ്ഞെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഓരോ ചര്‍ച്ചയും നടത്തിയത്. സമരം തുടങ്ങി ആറ് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, അമിത് ഷായുടെ ആവശ്യം ആദ്യമേ തള്ളിയ കര്‍ഷകര്‍, അമിത് ഷാ പറയുന്നിടത്തു ഞങ്ങള്‍ വരില്ലെന്നും, തങ്ങള്‍ പറയുന്നിടത്ത് ഷാ എത്തണമെന്നുമുള്ള ആവശ്യം പരസ്യമായി ഉന്നയിച്ചു. ഇത് ഷായില്‍ കര്‍ഷകരോടുള്ള അതൃപ്തി വര്‍ധിക്കാന്‍ കാരണമായി.


ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി പിന്നീട് നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന തരത്തില്‍ കര്‍ഷക നിയമ ഭേദഗതികളില്‍ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി. എന്നാല്‍, പുതിയ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിള സംഭരണത്തിലും, താങ്ങുവിലയിലും, വിപണിവില ഉറപ്പ് നല്‍കുന്നതിലുമടക്കമുള്ള വിഷയങ്ങളിലെ വിട്ടുവീഴ്ചകള്‍ കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശവും കേന്ദ്രകൃഷിമന്ത്രിക്കോ കര്‍ഷകവിദഗ്ധര്‍ക്കോ മുന്നോട്ടുവയ്ക്കാന്‍ സാധിച്ചില്ല. ഇതോടെ ആ ചര്‍ച്ചയും പരാജയപ്പെട്ടതായി അറിയിച്ചു കൊണ്ട് കര്‍ഷകര്‍ വീണ്ടും സമരം തുടര്‍ന്നു.

ഡിസംബര്‍ മാസത്തിലേക്ക് കര്‍ഷക സമരം കടന്നതോടെ രാജ്യത്തിന് പുറത്തേക്ക് കൂടി ഇന്ത്യയിലെ സമരത്തിന്റെ വാര്‍ത്തകള്‍ എത്തി തുടങ്ങി. അതോടെ രാജ്യാന്തര തലത്തില്‍ വിവാദ നിയമത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ഏറ്റവുമാദ്യം ഇന്ത്യയിലെ വിവാദ കാര്‍ഷിക ബില്ലിനെതിരെ രംഗത്തെത്തിയത് അമേരിക്ക ആയിരുന്നു എങ്കിലും, കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് ആധിപത്യത്തിന് കളമൊരുക്കുന്ന ബില്ലാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടാകണം പിന്നീട് അമേരിക്ക ഇതിനെ നിശബ്ദമായി പിന്തുണയ്ക്കാന്‍ തുടങ്ങി. എന്നാല്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യു.കെ പാര്‍ലമെന്റിലെ 36 എംപിമാര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് പരസ്യമായി രംഗത്തെത്തി. ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്പ്‌മെന്റ് സെക്രട്ടറി ഡൊമനിക് റാബിന് യു.കെ പാര്‍ലമെന്റിലെ 36 എംപിമാര്‍ ചേര്‍ന്ന് കത്തുകള്‍ എഴുതുന്നത് വരെ കാര്യങ്ങള്‍ നീങ്ങി. പുതിയ കാര്‍ഷിക ബില്ലിനെ 'മരണ വാറന്റ്' എന്നാണ് അവര്‍ ആ കത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ പുറത്ത് നിന്നുള്ള ശക്തികളുടെ സഹായം ആവശ്യമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നത്. ഇന്ത്യയ്ക്കകത്തെ ചില പ്രമുഖരും ഈ നയം തന്നെ സ്വീകരിച്ചത് വിവാദമായി.


സമരം ശക്തമായതോടെ ദില്ലി അതിര്‍ത്തികളിലേക്ക് പഞ്ചാബില്‍ നിന്നുള്ള നിഹാംഗുകള്‍ എന്നറിയപ്പെടുന്ന ആളുകള്‍ കൂടി എത്തിചേര്‍ന്നു. അകാലികള്‍ അഥവാ നിഹാംഗുകള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. ഗുരു ഹര്‍ഗോബിന്ദ് ആരംഭിച്ച 'അകാലി ദള്‍' ല്‍ നിന്നുമുണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകള്‍ എന്നാണ് പറയപ്പെടുന്നത്. വേഷത്തിലും നടത്തത്തിലും ഉപയോഗിക്കുന്ന വസ്തുക്കളിലും ഏറെ പ്രത്യേകതയുള്ള ഈ മനുഷ്യര്‍ സമരഭൂമിയില്‍ കുതിരപ്പുറത്ത് എത്തിയത് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഈ ഘട്ടത്തിലാണ് സമരഭൂമിയില്‍ നിന്നും പിന്‍വാങ്ങിയാല്‍ കോടികള്‍ തരാമെന്ന വാഗ്ദാനം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ നിഹാംഗുകള്‍ക്ക് മുന്നില്‍ വച്ചത്. അവരത് നിരസിക്കുകയും പരസ്യമായി പറയുകയും ചെയ്തതോടെ സമരം പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഒരു നീക്കം കൂടി പരസ്യമായി പാളി.

സമരഭൂമിയില്‍ നിന്നുള്ള മത സൗഹാര്‍ദ്ദത്തിന്റെ കഥകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. മുസ്‌ലിം-സിഖ് സമുദായങ്ങള്‍ പരസ്പര സഹകരണത്തോടെ സമരഭൂമിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ രാജ്യമെങ്ങും പ്രചരിച്ചു.സമരം ശക്തമായതോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം പൊളിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം. കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ കര്‍ഷക നേതാവ് അയ്യാകണ്ണിന്റെ വീടിന് ചുറ്റും കൂടുതല്‍ പൊലീസിനെ സംസ്ഥാന സര്‍ക്കാര്‍ വിന്യസിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും കരുതല്‍ തടങ്കലിലാവുകയും ചെയ്തു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലാണെന്ന അഭ്യൂഹവും ഈ ഘട്ടത്തില്‍ ഉയര്‍ന്നു. ഇങ്ങനെ രാജ്യവ്യാപകമായി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുകയും തടങ്കലില്‍ ആക്കപ്പെടുകയും ചെയ്തുവെങ്കിലും സമരത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോകാന്‍ കര്‍ഷകര്‍ തയ്യാറായില്ല.

സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെ മൂന്ന് അതിര്‍ത്തികളില്‍ മാത്രമൊതുങ്ങിയിരുന്ന സമരക്കാര്‍ എല്ലാ അതിര്‍ത്തി റോഡുളിലേക്കും വ്യാപിക്കുവാനും ട്രെയിനുകള്‍ തടയാനും ആഹ്വാനം പുറപ്പെടുവിച്ചു. ദില്ലി അതിര്‍ത്തിയിലെ സിംഘു അടക്കമുള്ള മൂന്ന് ദേശീയ പാതകള്‍ കര്‍ഷക സംഘടനകള്‍ ഒറ്റ ദിവസം കൊണ്ട് അടച്ചു. ഇതിനിടെ കാര്‍ഷിക നിയമം കര്‍ഷകരുടെ ഗുണത്തിന് വേണ്ടിയാണെന്ന് വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി മോദി തന്നെ, രാജ്യദോഹ പ്രവര്‍ത്തകര്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞ് കയറിയതായി ആരോപിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ ഇറക്കി കര്‍ഷക സമരത്തെ വര്‍ഗീയ കലാപത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ആസൂത്രിത ആരോപണങ്ങളുമായി രംഗത്ത് വന്നത് മറ്റൊരു പ്രധാന സംഭവമായി. 'രാജ്യത്തിന്റെ പരമാധികാരം ഉള്‍പ്പടെ ചോദ്യം ചെയ്യുന്നവര്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നായിരുന്നു' പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം. ഇടത് മാവോയിസ്റ്റ് ശക്തികള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞു കയറിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആ ഘട്ടത്തില്‍ ആരോപിച്ചു.

സമരം 20-ാം ദിവസത്തിലേക്ക് കടന്നതോടെ, സമരം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് ചോദിച്ചു. സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ദില്ലി, രാജസ്ഥാന്‍, ഹരിയാന അതിര്‍ത്തികളും കര്‍ഷക സംഘടനകള്‍ ഉപരോധിച്ചു തുടങ്ങി. ഇതോടെ സംസ്ഥാനങ്ങളിലേക്കുള്ള അവശ്യ സാധനങ്ങളുടെ ലഭ്യതയില്‍ പോലും കുറവ് നേരിട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. പ്രധാനമായും ദില്ലി നിവാസികളുടെ ദൈനംദിന ജീവിതത്തെ സമരം ബാധിച്ചുവെന്ന് മനസ്സിലാക്കിയ സമരക്കാര്‍ ജനങ്ങളോട് നിരുപാധികം ക്ഷമ ചോദിച്ചു കൊണ്ട് രംഗത്തെത്തുന്നത് ഈ ഘട്ടത്തിലാണ്. സമരവുമായി ജനങ്ങള്‍ സഹകരിക്കണമെന്നും, ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ സമരത്തിലേക്ക് നീങ്ങുന്നതെന്നും കര്‍ഷകര്‍ ജനങ്ങളോട് പറഞ്ഞു. 'ഞങ്ങള്‍ കര്‍ഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത്. ഈ പുതിയ നിയമങ്ങള്‍ ഞങ്ങള്‍ക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങള്‍ക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ക്ക് സമ്മാനം നല്‍കണമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കൃത്യമായ വില നല്‍കൂ.' എന്നാണ് കര്‍ഷകര്‍ അന്ന് ഡല്‍ഹിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടത്.

സമരം 42 ദിവസം പിന്നിടുന്നതിനിടയില്‍ സമരത്തില്‍ പങ്കെടുത്ത എണ്‍പതോളം കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ മരിച്ചു വീണു. ഇവര്‍ സമരത്തിന്റെ രക്തസാക്ഷികളാണെന്നും, നടന്നതെല്ലാം കൊലപാതകങ്ങള്‍ ആണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പത്രകുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചു. അതൊരു യാഥാര്‍ഥ്യമായിരുന്നു. ഭരണകൂടം കൊലപ്പെടുത്തിയ കര്‍ഷകരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു.

സമരം 23-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചെറിയ ഭൂമി കുലുക്കം ദില്ലിയില്‍ രേഖപ്പെടുത്തി. അതിനിടയില്‍ സമരത്തിന് കേന്ദ്രം പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചും, കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക സമീപനത്തില്‍ പ്രതിഷേധിച്ചും സിംഗുവിലെ സമരസ്ഥലത്തിനോട് ചേര്‍ന്ന് സ്വയം വെടിവെച്ച് മരണം വരിച്ച സിഖ് പുരോഹിതനായ ബാബ രാംസിങിന്റെന്റെ മൃതദേഹം കര്‍ഷക സമരം തീരാതെ സംസ്‌കരിക്കില്ലെന്ന നിലപാട് കര്‍ഷക സംഘടനകള്‍ പരസ്യമായി കേന്ദ്രത്തെ അറിയിച്ചു. സമരത്തിനിടെ കടുത്ത തണുപ്പിലും മറ്റ് അപകടങ്ങളിലുമായി സമരം 23 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ 29 കര്‍ഷകരുടെ മരണം അതിനോടകം വേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സമരം 27-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സിംഘു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തില്‍ ആരോപിച്ചു. ആരുടെയെങ്കിലും അവകാശങ്ങളെ ഇല്ലാതാക്കുന്നത് പാപമാണെന്നാണ് ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളതെന്നും സിഖ് ഗുരുദ്വാര സന്ദര്‍ശിച്ചിട്ടും പ്രധാനമന്ത്രിക്കത് മനസസ്സിലായില്ലേയെന്നും കര്‍ഷകര്‍ തുറന്ന കത്തിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചു.ഇതിനിടെ കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ആറോളം ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാറിന്റെ പിടിവാശിയെ തുടര്‍ന്ന് മാത്രം പരാജയപ്പെടുന്ന സാഹചര്യവും രാജ്യം കണ്ടു. ഈ കാലയളവില്‍ ദില്ലി അതിര്‍ത്തികളിലെ സമര പന്തലുകളില്‍11 പേര്‍ 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. ഓരോ 24 മണിക്കൂറും കര്‍ഷക നേതാക്കള്‍ മാറി മാറി സമരം തുടരാനും സമര സമിതി അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനമായി. ഡിസംബര്‍ 23 ന് ബുധനാഴ്ച കര്‍ഷകരുടെ റിലേ സത്യാഗ്രഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു നേരത്തെ ഭക്ഷണമൊഴിവാക്കാന്‍ കര്‍ഷകര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. അതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദ്വാര സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നത്. ഇത് കര്‍ഷകരെ പ്രത്യേകിച്ചും പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പ്രകോപിപ്പിച്ചു. ഇത് പ്രകാരം മന്‍ കി ബാത്തിന്റെ സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

സമരം ആരംഭിച്ച് 42 ദിവസങ്ങള്‍ കഴിഞ്ഞതോടെ കേന്ദ്രസര്‍ക്കാറിന് മാറ്റമില്ലെന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍ പതിനായിരക്കണക്കിന് കര്‍ഷകരെ അണിചേര്‍ത്തു കൊണ്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറ് കണക്കിന് ട്രാക്ക്ടറുകളുമായി ദില്ലിക്ക് മാര്‍ച്ച് നടത്തി. ഏതാണ്ട് 3,500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു എന്നും അതിന് മുന്നോടിയായ റിഹേഴ്‌സലാണ് ഇപ്പോള്‍ നടക്കുന്ന റാലിയെന്നുമാണ് കര്‍ഷക സംഘടനകള്‍ ജനങ്ങളെ അറിയിച്ചത്. അതിനിടെ ദില്ലി അതിര്‍ത്തികളിലെ മഴയും മഞ്ഞും കാരണം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന അവസ്ഥയിലേക്ക് പോയി. എന്നാല്‍, മൈനസ് ഡിഗ്രി തണുപ്പിനും കര്‍ഷകരുടെ സമരവീര്യത്തെ ചോര്‍ത്തി കളയാന്‍ സാധിച്ചില്ല.

സമരം 42 ദിവസം പിന്നിടുന്നതിനിടയില്‍ സമരത്തില്‍ പങ്കെടുത്ത എണ്‍പതോളം കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ മരിച്ചു വീണു. ഇവര്‍ സമരത്തിന്റെ രക്തസാക്ഷികളാണെന്നും, നടന്നതെല്ലാം കൊലപാതകങ്ങള്‍ ആണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പത്രകുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചു. അതൊരു യാഥാര്‍ഥ്യമായിരുന്നു. ഭരണകൂടം കൊലപ്പെടുത്തിയ കര്‍ഷകരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു.


കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടപ്പോഴും നയങ്ങള്‍ മാറ്റില്ലെന്ന തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരും, പിന്‍വലിക്കും വരെ സമരം തുടരുമെന്ന കാര്യത്തില്‍ കര്‍ഷകരും ഉറച്ചു നിന്നു. നവംബര്‍ 26 ന് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സമരത്തിന്റെ 46 ാം ദിവസം പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍കൂടി ദില്ലി അതിര്‍ത്തികളിലേക്ക് എത്തിയതോടെ സമരം ചെയ്യുന്ന കര്‍ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. എട്ട് തവണകളിലായി നടന്ന ചര്‍ച്ചകളില്‍ എല്ലാം 'ഭേദഗതി മാത്രം' എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ എട്ടാം വട്ട ചര്‍ച്ചയിലും കര്‍ഷകര്‍ സമവായത്തിന് തയ്യാറാകുന്നില്ല എന്ന് മനസ്സിലാക്കിയതോടെ നിങ്ങള്‍ കോടതിയെ സമീപിച്ചോളൂ എന്ന നയം വ്യക്തമാക്കി. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് തന്നെ നേരിടാന്‍ തീരുമാനിച്ചിറങ്ങിയ കര്‍ഷകര്‍ പക്ഷെ കോടതിയിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍, ഇതിനോടകം തന്നെ രാജ്യത്തു നടക്കുന്ന കര്‍ഷക സമരത്തില്‍ നേരിട്ട് ഇടപെട്ട സുപ്രീംകോടതി വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തില്ലെങ്കില്‍, കോടതി നേരിട്ട് സ്റ്റേ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാറിനോട് കട്ടായം പറഞ്ഞിരുന്നു. കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ നിയമ ഭേദഗതി വഴി സുപ്രീംകോടതിക്ക് തന്നെ വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പരസ്യമായി പ്രസ്താവിക്കുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ നാല്‍പത്തിയാറ് ദിവസം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ദേഭഗതി മാത്രം എന്ന് പറഞ്ഞ് കര്‍ഷകരെ കൊടും തണുപ്പില്‍ പെരുവഴിയില്‍ നിര്‍ത്തിയ കേന്ദ്രസര്‍ക്കാറിന് കോടതിയുടെ ഈ നിര്‍ദേശം വന്‍ തിരിച്ചടിയായി. സുപ്രീംകോടതി നിയമം സ്റ്റേ ചെയ്യരുതെന്ന നിലപാടില്‍ കേന്ദ്രം ഉറച്ച് നിന്നെങ്കിലും കോടതി കര്‍ഷകര്‍ക്കൊപ്പമാണെന്ന നിലപാടെടുത്തതോടെ കേന്ദ്രം ചെറുതല്ലാത്ത വിധം പ്രതിരോധത്തിലായി. സമരത്തിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ ആദ്യ പരാജയമായി അത് മാറി.

വിവാദമായ കര്‍ഷക നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് പറഞ്ഞ സുപ്രീം കോടതി പുതിയ നിയമത്തെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിര്‍ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയത് തന്നെ. ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാട്ടി, അനില്‍ ഖനാവത്ത് എന്നിവരാണ് സുപ്രീംകോടതി നിര്‍ദേശിച്ച ഈ നാലംഗ വിദഗ്ധ സമിതി. ഇവരോട് വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി അന്ന് തന്നെ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, സുപ്രീം കോടതി നിശ്ചയിച്ച സമിതിക്കെതിരെ കോണ്‍ഗ്രസും കര്‍ഷക സംഘടനകളും പരസ്യമായി രംഗത്തെത്തി. ഈ വിദഗ്ധ സമിതിയുമായി തങ്ങള്‍ സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ കോടതിയെ അറിയിച്ചു. സമിതിയിലുള്ളത് കേന്ദ്ര സര്‍ക്കാരിന് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘമാണെന്നതായിരുന്നു കര്‍ഷകരുടെ പ്രധാന ആരോപണം.

സമരം 59 ദിവസം പിന്നിട്ടപ്പോള്‍ സമര ഭൂമിയില്‍ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷക നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നാല് കര്‍ഷക നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കിയത്. സംഭവം വിശദീകരിച്ച നേതാക്കള്‍ അക്രമിക്കാനെത്തിയ ആളെ കയ്യോടെ പിടികൂടി അര്‍ധരാത്രി തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി തങ്ങളുടെ വാദം കൃത്യമാണെന്ന് തെളിയിക്കുകയും ചെയ്തു. കര്‍ഷക നേതാക്കളെ വധിക്കാനും ട്രാക്ടര്‍ റാലി തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടെത്തിയ ആളാണെന്ന് ഇയാള്‍ സ്വമേധയാ മാധ്യമങ്ങളോട് തുറന്നു പറഞ്ഞതോടെ സംഭവം കുറെ കൂടി ഗൗരവമായി രാജ്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. താന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിര്‍ദ്ദേശം കിട്ടിയതാണെന്നും, ഇതിന് ഹരിയാനാ പൊലീസിലെ ചിലരുടെ സഹായമുണ്ടെന്നും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറ്റുപറഞ്ഞു. ആക്രമിയെ പിന്നീട് കര്‍ഷക നേതാക്കള്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു എങ്കിലും ഇവരുടെ വിവരങ്ങള്‍ ഒന്നും പിന്നീട് പുറത്തു വന്നില്ല. കര്‍ഷക സമരം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഇതിനോടകം തന്നെ കര്‍ഷക നേതാക്കള്‍ ഗൗരവമായി ഉന്നയിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഈ സംഭവത്തോടും, കര്‍ഷകരുടെ ആരോപണത്തിനോടും പ്രതികരിക്കാന്‍ ഹരിയാന-ദില്ലി പൊലീസോ കേന്ദ്രസര്‍ക്കാരോ അന്നും ഇന്നും തയ്യാറായിട്ടില്ല.

റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തുമെന്ന് നേരത്തെ തന്നെ കര്‍ഷക സംഘടനകള്‍ അറിയിച്ചതായിരുന്നു. ഇതിന്‍ പ്രകാരം ദില്ലി പോലീസിന്റെ 32 നിബന്ധനകള്‍ അംഗീകരിച്ചു കൊണ്ട് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിക്കുകയും ചെയ്തു. ആയിരക്കണക്കിന് അര്‍ധസൈനീക വിഭാഗങ്ങള്‍ റോഡുകള്‍ക്കിരുവശവും നിരന്ന് നില്‍ക്കുന്നതിനിടയിലൂടെയാണ് കര്‍ഷകര്‍ ദില്ലിയുടെ ഹൃദയത്തിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.62 ദിവസങ്ങള്‍ക്കിടെ 11 തവണ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടന്നുവെങ്കിലും ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സഹചര്യത്തിന് ശേഷമായിരുന്നു ദില്ലി മാര്‍ച്ച് തുടങ്ങിയത് തന്നെ. എന്നാല്‍, റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന മാര്‍ച്ചിനിടയില്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആളുകള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയും ചെങ്കോട്ടയില്‍ പാറിയിരുന്ന ദേശീയ പതാകയ്ക്ക് പകരം സിഖ് പതാക ഉയര്‍ത്തുകയും ചെയ്തു. ഈ സംഭവത്തില്‍ രാജ്യം മൊത്തം ഞെട്ടല്‍ രേഖപ്പെടുത്തി. എന്നാല്‍, അത്തരമൊരു ആശയം തങ്ങളുടെതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സമരം തകര്‍ക്കാന്‍ ഉണ്ടാക്കിയ ഗൂഢാലോചനയാണ് ഇതെന്നും കര്‍ഷക നേതാക്കളും മറ്റും ആരോപിച്ചതോടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ കുറെ കൂടി വ്യക്തമായി. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ദീപ് സിദ്ദു അമിത് ഷായ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പിന്നീട് പ്രചരിപ്പിക്കപ്പെട്ടു. ഇദ്ദേഹം ബി.ജെ.പി അനുഭാവി തന്നെ ആണെന്നും കര്‍ഷക സമരം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തന്നെ ആയിരുന്നു ഇതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ആ ശ്രമവും അതോടെ പാളി.

ചെങ്കോട്ട സംഭവത്തിന് പിന്നാലെ ദില്ലി പൊലീസ് കര്‍ഷക സമര തേതാക്കളെ പരിശോധിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശക്തമാക്കി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ 25 കേസുകള്‍ കൂടി ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 35 കര്‍ഷക നേതാക്കളെ കലാപത്തിന് പ്രേരിപ്പിച്ച കുറ്റം ചുമത്തി ജയിലിലടക്കാന്‍ ശ്രമിച്ചു. രാത്രിയില്‍ സമര ഭൂമിയിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് സായുധ പൊലീസ് സംഘത്തോടൊപ്പം ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ളവര്‍ സമരഭൂമിക്ക് സമീപം ക്യാമ്പ് ചെയ്തത് സംഘര്‍ഷ സാധ്യത സജീവമാക്കി.

ഒരിടവേളകള്‍ക്ക് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെതിരെ ഇടത് എം.പിമാരടക്കമുള്ള നേതാക്കള്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് നടത്തി. സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രസംഗം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങി.

സമരം 70 ദിവസം പിന്നിട്ടതോടെ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ പരാമാവധി സമയം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതിനുള്ളില്‍ നിയമം പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി നടത്തുമെന്നും രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ദില്ലിക്ക് ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകളില്‍ കമ്പിയില്‍ തീര്‍ത്ത അള്ളുകളും ബാരിക്കേഡും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയും കിടങ്ങുകള്‍ കുഴിച്ചും മീറ്ററുകളോളം പ്രതിരോധം തീര്‍ത്ത് ദില്ലി പൊലീസ് നിലയുറപ്പിച്ചപ്പോഴാണ് രാജ്യവ്യാപകമായി ട്രാക്ടറുകള്‍ നിരത്തിലിറക്കുമെന്ന് ടിക്കായത്ത് പ്രഖ്യാപിക്കുന്നത്. ഇത് കേന്ദ്രത്തെ ഒരിക്കല്‍ കൂടി പ്രതിരോധത്തിലാക്കി.

ഇതിനിടെ സമരം 71 -ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ട്വിറ്റര്‍ ഹാഷ്ടാഗിലൂടെ ഇന്ത്യയിലെ കര്‍ഷക സമരം അന്താരാഷ്ട്രാ തലത്തില്‍ തന്നെ ശ്രദ്ധേയാകര്‍ഷിച്ചു. പോപ് ഗായികയായ റിഹാനയുടെ 'why aren't we talking about this?! #FarmersProtest' എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാറില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമായിരുന്നില്ല. ഇവര്‍ക്ക് ശേഷം അന്താരാഷ്ട്രാ തലത്തില്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന ഗ്രേറ്റാ തുംബര്‍ഗ എന്ന പെണ്‍കുട്ടി ഈ സമയതാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപനം നടത്തിയാണ് അമിത് ഷായും കേന്ദ്ര സര്‍ക്കാരും അതിനെ നേരിട്ടത്. #IndiaTogether, #IndiaAgainstPropagandaഎന്നീ ഹാഷ്ടാഗുകള്‍ക്ക് ഇതോടെയാണ് തുടക്കം കുറിക്കപ്പെട്ടത്. ഇതോടെ സച്ചിന്‍ ടെന്റുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളില്‍ ഒരു വിഭാഗം കേന്ദ്രസര്‍ക്കാറിന് പിന്നില്‍ അണിനിരക്കുകയും 'ഇന്ത്യയുടെ ഐക്യത്തിന് പുറത്തുനിന്നുള്ള താങ്ങ് ആവശ്യമില്ലെന്ന' ശക്തമായ സന്ദേശം പങ്കുവെക്കാന്‍ ആരംഭിക്കുകയും ചെയ്തു. അപ്പോഴും ഇന്ത്യയിലെ ജനാധിപത്യ വാദികള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് കര്‍ഷകര്‍ക്കൊപ്പം ശക്തമായി നിലകൊണ്ടു.

സമര വേദികളെ ഒറ്റപ്പെടുത്തുന്ന ദില്ലി പൊലീസ് തന്ത്രങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി ദേശീയ പാതകളും സംസ്ഥാന പാതകളുംഫെബ്രുവരി ആറിന് ഉപരോധിക്കുമെന്ന് കര്‍ഷകര്‍ കേന്ദ്രത്തെ അറിയിച്ചു. ഉപരോധത്തിനിടെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ അതിര്‍ത്തി കടന്ന് ദില്ലിയിലേക്ക് കടക്കാതിരിക്കാനായി 50,000 സായുധ സൈനീകരെ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ വിന്യസിച്ചു. ദില്ലി അതിര്‍ത്തിയില്‍ നിന്നും മൂന്നും നാലും കിലോമീറ്റര്‍ ഉള്ളിലേക്ക് മാറി പോലും ബാരിക്കേടുകളും കോണ്‍ക്രീറ്റ് ബീമുകളും നിരത്തി അതിസുരക്ഷയാണ് ദില്ലി പൊലീസ് കര്‍ഷകര്‍ക്ക് എതിരെ അവിടെ ഒരുക്കിയത്.

പാര്‍ലമെന്റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടതിനൊപ്പം, സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം വരെ ഞങ്ങള്‍ സമരഭൂമിയില്‍ തന്നെ തുടരുമെന്നും കര്‍ഷക സംഘടനകള്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. അവരത് പാലിക്കുക്കുകയും ചെയ്തു.

സമരത്തിന്റെ 85 ാം ദിവസം രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍ രംഗത്തെത്തി. രാജ്യത്തെറെയില്‍വേ ഗതാഗതം പൂര്‍ണ്ണമായും സമരക്കാര്‍ നിശ്ചലമായി. ഒരു മാസം വരെ സമരം ചെയ്യേണ്ടി വന്നാലും പിന്‍മാറില്ലെന്ന് പറഞ്ഞ് എത്തിയ കര്‍ഷകര്‍ 100 ദിവസം ദില്ലി അതിര്‍ത്തികളില്‍ ടെന്റ് കെട്ടി താമസിച്ചു സമരം ചെയ്തു. കുടുംബവുമായി എത്തിയ കര്‍ഷകര്‍ ഇതിനിടെ കുട്ടികളുടെ പഠനത്തിനും മറ്റും സമരസ്ഥലത്ത് തന്നെ സൗകര്യമൊരുക്കി സമരത്തെ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കുന്നത് രാജ്യം കണ്ടു. കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ കര്‍ഷകര്‍ തന്നെ സമരമുഖത്ത് ഒരുക്കി.റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്നും ഇവര്‍ വീടുകളിലെത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, ഇവര്‍ കസ്റ്റഡിയില്‍ ഇല്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച നിരവധി ആളുകളുടെ പേരില്‍ഇ.ഡിയും, എന്‍.ഐ.എ അടക്കമുള്ള ഏജന്‍സികളും നോട്ടീസയച്ചു. അവരുടെ വീടുകളില്‍ പരിശോധന നടത്തി. ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകരായ സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപസി പന്നു എന്നിവരുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തി.

സമരം ഏഴ് മാസം പിന്നിട്ടപ്പോള്‍ സമരഭൂമിയില്‍ 502 കര്‍ഷകര്‍ കൊല്ലപ്പെട്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. എല്ലാ ദിവസവും തിരുത്തി എഴുതാന്‍ കഴിയുന്ന സെക്കന്റുകളും, മിനുട്ടുകളും, മണിക്കൂറുകളും, മരണ കണക്കുകളും രേഖപ്പെടുത്തുന്ന സമര വേദിയിലെ ബോര്‍ഡില്‍ ഓരോ ദിവസവും കണക്കുകള്‍ രേഖപ്പെടുത്തപ്പെട്ടു. അപ്പോഴും കര്‍ഷകരുടെ മരണത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം.അതിനിടെ ഹരിയാന രാജ്ഭവനിലേക്ക് നടന്ന കര്‍ഷകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാവുകയും കര്‍ഷകരും പൊലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ചെയ്തത് വലിയ വിഷയമായി. 12 ാം തവണ കേന്ദ്രസര്‍ക്കാരും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടപ്പോള്‍ ചര്‍ച്ചകളിലെല്ലാം സര്‍ക്കാര്‍ ഭക്ഷണം പോലും നിഷേധിച്ച കാര്യം കര്‍ഷക സംഘടനാ പ്രതിനിധികള്‍ ജനങ്ങളോട് തുറന്ന് പറഞ്ഞു. ഗുരുദ്വാരകളില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് ചര്‍ച്ചകള്‍ നടന്നിരുന്ന ദിവസങ്ങളില്‍ കഴിച്ചിരുന്നതെന്നുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതൊക്കെ ഈ ഘട്ടത്തില്‍ ആണ്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നിലപാടുകള്‍ക്ക് തെളിവായി ഇതൊക്കെ മാറി.

പിന്നീടാണ് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പരസ്യ പ്രസ്താവന ഇറക്കുന്നത്. അതിനായി എല്ലാ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ക്കുമെന്നും ശക്തമായ പ്രചാരണം ബി.െജ.പിക്കും നരേന്ദ്രമോദി സര്‍ക്കാരിനും എതിരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്തുകളില്‍ അഞ്ച് ലക്ഷം വരെയുള്ള കര്‍ഷകര്‍ പങ്കെടുത്തതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു. തെരഞ്ഞെടുപ്പില്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ബി.ജെ.പി ഈ ഘട്ടത്തില്‍ തിരിച്ചടിച്ചു എങ്കിലും അവര്‍ക്ക് സ്വയമതില്‍ സംശയം ഉണ്ടായിരുന്നതായി പിന്നീട് തെളിഞ്ഞു. എന്നാല്‍, ആദിത്യനാഥിന്റെ യു.പിയിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രാദേശികമായി ജനങ്ങള്‍ തിരിഞ്ഞെന്ന വാര്‍ത്തകള്‍ ഈ സമയത്തു പുറത്ത് വരികയും, പല പഞ്ചായത്തുകളിലും ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.

ലഖിംപൂര്‍ ഖേരിയില്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുക്കാനിരുന്ന പരിപാടിയിലേക്ക് കര്‍ഷകര്‍ ഇരച്ചെത്തിയത് വീണ്ടും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും കൂട്ടാളികളും ചേര്‍ന്ന് കര്‍ഷകര്‍ക്ക് നേരെ വണ്ടിയോടിച്ച് കയറ്റുകയും നാല് കര്‍ഷകര്‍ സംഭവ സ്ഥലത്ത് കൊലചെയ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ പ്രകോപിതരായ കര്‍ഷകര്‍ ബി.ജെ.പിക്കാര്‍ എത്തിചേര്‍ന്ന ഒരു വണ്ടിക്ക് തീയിട്ടതോടെ ആ വാഹനത്തില്‍ ഉണ്ടായിരുന്ന നാല് പേര്‍ മരണപ്പെട്ടു. ഇതേ സംഘര്‍ഷത്തിനിടയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തു വന്നു. ഇതോടെ ഒമ്പത് പേര്‍ ലഖിംപൂര്‍ ഖേരിയില്‍ മാത്രം ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു.സംഭവം അന്വേഷിക്കാന്‍ പോയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളെയെല്ലാം യു.പി സര്‍ക്കാര്‍ പല സ്ഥലത്ത് നിന്നായി അറസ്റ്റ് ചെയ്തു. പ്രിയങ്കാ ഗാന്ധിയെ വീട്ടുതടങ്കലിലാക്കി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴും കേന്ദ്രത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതനായിരുന്ന ആശിഷ് മിശ്രയെ ഒടുവില്‍ കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് യു.പി സര്‍ക്കാറിന് അറസ്റ്റ് ചെയ്യേണ്ടിവന്നു. പക്ഷെ, മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ല.

ലഖിംപൂര്‍ ഖേരിയിലെ സംഭവങ്ങളുടെ അലയൊലി അടങ്ങിത്തുടങ്ങിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വരുന്നത്. നവംബര്‍ 26 തികയാന്‍ ഒരാഴ്ച്ച മാത്രമുള്ളപ്പോള്‍ 'ദില്ലി ചലോ' മാര്‍ച്ച് തുടങ്ങിയിട്ട് 365 ദിവസങ്ങള്‍ പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, സിഖ് മതസ്ഥരുടെ പ്രധാന ആരാധനാ ദിവസമായ ഗുരു നാനാക്ക് ജയന്തി ദിവസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നത്. 'വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും ഈ നിയമങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നുമാണ്' പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്.എന്നാല്‍, ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രം മാത്രമാണെന്ന ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന യുപി, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ അത് ബി.ജെ.പിക്ക് പ്രത്യേകിച്ച് നരേന്ദ്രമോദിക്ക് വലിയ തിരിച്ചടിയാകുമെന്ന ഭയമാണ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണമെന്നും, അത് കൊണ്ട് തന്നെ അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നുമായിരുന്നു സമരം ചെയ്ത കര്‍ഷകരുടെ ആദ്യ പ്രതികരണം.വിവാദ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിച്ച ശേഷം മാത്രമേ സമരം നിര്‍ത്തൂവെന്ന് കര്‍ഷകര്‍ തീരുമാനിച്ചത് അത് കൊണ്ടാണ്. പാര്‍ലമെന്റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടതിനൊപ്പം, സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം വരെ ഞങ്ങള്‍ സമരഭൂമിയില്‍ തന്നെ തുടരുമെന്നും കര്‍ഷക സംഘടനകള്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. അവരത് പാലിക്കുക്കുകയും ചെയ്തു.


വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതായപ്പോള്‍ കര്‍ഷകര്‍ വീണ്ടും ഒത്തു ചേരുകയാണ്. വരും ദിവസങ്ങളില്‍ രാജ്യം വീണ്ടുമൊരു കര്‍ഷക സമരത്തിന് വേദിയാകുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശരണ്യ എം ചാരു

Free-lance Investigative journalist/reporter

Similar News